ആവർക്കറിയാം അവളുടെ മനസ്സിൽ എന്താണെന്ന്. അതുകൊണ്ട് തന്നെ അല്പം ഭയവും….

എഴുത്ത്:- മഹാ ദേവൻ

“ഇങ്ങനെ നനഞ്ഞ പടക്കം പോലെ ഇരിക്കാതെ എന്തെങ്കിലും ഒന്ന് പറയെന്റെ രാധു.. നിന്റെ കല്യാണത്തെ കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത് എന്നുള്ള ബോധമെങ്കിലും നിനക്കുണ്ടോ..? വന്നവർക്ക് നിന്നെ ഇഷ്ട്ടമായി, അവർക്ക് വേറെ ഡിമാന്റും ഇല്ല. ചെക്കൻ ഗൾഫിലേക്ക് പോകുന്നതിനു മുന്നേ കല്യാണം നടത്തണം. അത്രേ ഉളളൂ.. ഇനി നിന്റെ തീരുമാനം കൂടി ഒന്ന് അറിഞ്ഞാൽ മതി. പക്ഷേ, നീ ഇങ്ങനെ ഒന്നും പറയാതെ ഇരുന്നാൽ എങ്ങനാ.. “

അച്ഛനും അമ്മയും മാമനുമെല്ലാം വട്ടം കൂടി അവളുടെ തീരുമാനത്തിനായി ആകാംഷയോടെ ഇരിക്കുമ്പോൾ രാധിവിന്റ മൗനം എല്ലാവരെയും ക്ഷമ നശിപ്പിക്കാൻ പോന്നതായിരുന്നു.

ആവർക്കറിയാം അവളുടെ മനസ്സിൽ എന്താണെന്ന്.. അതുകൊണ്ട് തന്നെ അല്പം ഭയവും എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നു.

” എന്താ മോളെ ഏത്.. നിന്റെ നല്ല ഭാവിക്ക് വേണ്ടിയല്ലേ ഞങ്ങൾ ഇത്രേം പറയുന്നത്. ഈ കല്യാണം നടക്കുന്നത് കൊണ്ട് മോൾക്ക് നാളെ ജീവിതം സുരക്ഷിതമേ ആകൂ . നിനക്ക് നല്ലതല്ലാത്ത എന്തെങ്കിലും ഞങ്ങൾ ചെയ്യോ?
അതുകൊണ്ട്…… “

അവളെ വരുതിയിലെത്തിക്കാനെന്ന പോലെ അവൾക്കരികിൽ ചേർന്നിരുന്നു കൊണ്ട് അമ്മാവൻ വാത്സല്യത്തോടെ പറയുമ്പോൾ അവൾ ആരുടേയും മുഖത്തുനോക്കാതെ പറയുന്നുണ്ടായിരുന്നു

” എന്റെ ഭാവിയുടെ നല്ല നാളുകൾ ആണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഇഷ്ട്ടത്തിനല്ലേ പ്രാധാന്യം നൽകേണ്ടത്. അല്ലാതെ വന്ന ആലോചന നിങ്ങൾ ക്കൊക്കെ ഇഷ്ട്ടപ്പെട്ടതിന്റെ പേരിൽ അയാളെ ഞാൻ കെട്ടണം എന്ന് വാശി പിടിക്കുന്നത് ശരിയാണോ?

ഒന്ന് ആലോചിക്കണം.. ചെക്കന്റെ വെളുപ്പും വീടിന്റ വലുപ്പവും പോക്കറ്റിലെ ഗാന്ധിയും കണ്ട് , സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാൽ അവർ എല്ലാം തികഞ്ഞവർ ആണെന്ന് കരുതി അവനെ തന്നെ കെട്ടാൻ നിർബന്ധിക്കുമ്പോൾ ഓർക്കണം, നാളെ അവനൊപ്പം ജീവിക്കേണ്ടത് ഞാൻ ആണെന്നത്. അവന് വേണ്ടി ശരീരം മാത്രം നൽകുന്ന ഒരു പാവയായി ജീവിക്കാൻ എനിക്ക് താല്പര്യം ഇല്ല. ഞാൻ മനസ്സ് കൊണ്ട് ഒരാളെ ഇഷ്ട്ടപ്പെടുന്നത് എല്ലാവർക്കും അറിയാം… എന്നിട്ടും പിന്നെയും…… “

പാതിയിൽ നിര്ത്തിയഅവളുടെ വാക്കുകളിൽ അല്പം ദേഷ്യവും നീരസവും ഉണ്ടായിരുന്നു.

” ഓഹ്.. അപ്പൊ അച്ഛനും അമ്മയും ഒന്നുമല്ല നിനക്ക് വലുത്. കൂടെ പഠിച്ചവന്റെ സ്നേഹം ആണ്.. ആരുടെയെങ്കിലും വെടികൊണ്ട് ചവാൻ ഉള്ളവാനാ. ഒരു പട്ടാളക്കാരൻ വന്നിരിക്കുന്നു. എന്ത് വിശ്വസിച്ചാടി ഞങ്ങൾ നിന്നെ അവനു പിടിച്ചുകൊടുക്കുക. നാളെ വെടികൊണ്ട് ചത്താൽ പിന്നെ നീ വിധവ. ആ സങ്കടം കൂടി പിന്നെ ഞങ്ങൾ കാണണം. അങ്ങനെ എവിടേലും പോയി തുലയട്ടെ എന്ന് കരുതാൻ അല്ല നിന്നെ ഇത്രേം കാലം വളർത്തിയത്. നാളെ തിരിച്ചുവരുമോ ഇല്ലായോ എന്ന് പോലും ഉറപ്പില്ലാത്ത ഒരുത്തനെ ആണ് അവൾക്ക് പ്രേമിക്കാൻ കണ്ടുള്ളൂ…. “

അച്ഛന്റെ വാക്കുകൾ അവളെ വല്ലാതെ പിടിച്ചുലച്ചു. സ്നേഹിക്കുന്നവനെ കുറിച്ച് പറയുന്നതിൽ അല്ല, രാജ്യം കാക്കുന്ന ഒരു പട്ടാളക്കാരന്റ ജീവനെ കുറിച്ചാണ് ഇത്ര നിസ്സാരമായി അച്ഛൻ പറയുന്നത് എന്നോർത്തപ്പോൾ എന്തോ അച്ഛനോട് ആദ്യമായി മനസ്സിൽ വെറുപ്പോ പുച്ഛമോ എന്തെല്ലാമോ ആയിരുന്നു.

” മകളുടെ ഭാവിക്ക് വേണ്ടി വാദിക്കാൻ ആണെങ്കിൽ കൂടി ഇത്തരം വാക്കുകൾ ഇത്ര നിസ്സാരമായി പറയാൻ അച്ഛന് എങ്ങനെ കഴിയുന്നു? പുച്ഛം തോനുന്നു.. ഇത്രേം വിദ്യാഭ്യാസം ഉള്ള അച്ഛൻ ……. ശരിയാണ് അച്ഛൻ പറഞ്ഞത്, ഇവിടെ നിന്ന് പുഞ്ചിരിച്ചു കൊണ്ട് ഇറങ്ങി പോയവൻ ചിലപ്പോൾ നാളെ വരുന്നത് ദേശീയ പതാകയിൽ പൊതിഞ്ഞ പെട്ടിയിൽ ആകും. അത്‌ അറിഞ്ഞുകൊണ്ടു തന്നെ ആണ് ഓരോ പട്ടാളക്കാരനും പടിയിറങ്ങിപോകുന്നത്. മനസ്സ് കല്ലാക്കി, പുഞ്ചിരിച്ച് , പിന്നിൽ കരയുന്നവരെ നോക്കി കൈ വീശികാണിച്ച് കണ്ണിൽ നിന്നും മറയുമ്പോൾ അവനറിയാം നാളെ എന്നത് മറ്റുള്ളവരുടെ ഉറപ്പില്ലാത്ത ആഗ്രഹം മാത്രമാണെന്ന്.. പക്ഷേ, അവൻ കരയില്ല… അതെന്താണെന്ന് അറിയോ.. അവനെ പോലുള്ള ആയിരം പട്ടാളക്കാർ കണ്ണുനീരിനെ കനലാക്കി നിൽക്കുന്നത് കൊണ്ടാണ് നമ്മളൊക്കെ സമാധാനത്തോടെ ഉറങ്ങുന്നത് എന്ന അറിയാവുന്നത് കൊണ്ട്. മരണം മുന്നിൽ വന്ന് നിൽക്കുമ്പോൾ പോലും അവന്റെ ഹൃദയം മിടിക്കുന്നത് സ്വന്തം ജീവന്റെ കരുതലിനു വേണ്ടി അല്ലായിരിക്കും. നമ്മുടെ രാജ്യത്തിന് വേണ്ടി ആയിരിക്കും. പക്ഷേ, അവരെ ഇത്ര നിസ്സാരമായ വാക്ക് കൊണ്ട് പുച്ഛത്തോടെ സംസാരിക്കുമ്പോൾ…..

ശരിയാണ്… ഞാൻ സ്നേഹിച്ചത് ഒരു പട്ടാളക്കാരനെയാ.. അതിൽ എനിക്ക് അഭിമാനമേ ഉളളൂ.. ഒരു ദിവസമെങ്കിൽ ഒരു ദിവസം, അത്‌ അവന്റ പത്നിയായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു പെണ്ണാണ് ഞാൻ. നാളെ എന്ത് സംഭവിച്ചാലും അഭിമാനത്തോടെ പറയും ഞാൻ ഒരു പട്ടാളക്കാരന്റ ഭാര്യ ആണെന്ന്. അച്ഛൻ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഇനി എന്റെ തീരുമാനം ഞാൻ പറയാം….

ഞാൻ ഒരാൾക്ക് മുന്നിൽ തല കുനിക്കുന്നെങ്കിൽ അത്‌ ആ പട്ടാളക്കാരന്റെ മുന്നിൽ ആയിരിക്കും. ഇപ്പോൾ വന്ന പുതുപ്പണക്കാരന്റെ ഭാര്യ ആകുന്നതി നേക്കാൾ എനിക്ക് വലുത് അച്ഛൻ പറഞ്ഞപോലെ നാളെ ഒരു വെടിയുണ്ടയിൽ പൊലിഞ്ഞുപോയാൽ ആ പട്ടാളക്കാരന്റെ വിധവയെന്ന പദവിയിൽ അഭിമാനത്തോടെ ജീവിക്കാൻ ആണ്. “

അതും പറഞ്ഞവൾ ഉള്ളിലേക്ക് പോകുമ്പോൾ അവൾക്കടുത്തിരുന്ന അമ്മാവനും പോവാനായി എഴുനേറ്റു.

പിന്നെ സാവധാനം പുറത്തേക്ക് നടക്കുമ്പോൾ തിരിഞ്ഞുനിന്ന് പറയുന്നു ണ്ടായിരുന്നു

” അളിയാ… അളിയൻ മകളുടെ ഭാവിയോർത് അറിയാതെ പറഞ്ഞതാണെങ്കിൽ കൂടി മോശമായിപ്പോയി. പട്ടാളക്കാരനെ പുച്ഛിക്കുമ്പോൾ ഓർത്താൽ നല്ലത് , അവരൊക്കെ ഉണർന്നിരിക്കുന്നത് കൊണ്ടാ നമ്മളൊക്കെ സമാധാനത്തോടെ ഉറങ്ങുന്നത്.അവരുടെ ജീവന്റെ വിലയാ ഓരോ ഇന്ത്യക്കാരന്റെയും ജീവിതം ” എന്ന്.

അതും പറഞ്ഞയാൾ പുറത്തേക്ക് പോകുമ്പോൾ മകളുടെ ഇഷ്ട്ടം അംഗീകരിക്കാ തിരിക്കാൻ ആണെങ്കിൽ പോലും അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചതിൽ അയാൾക്ക് വല്ലത്ത കുറ്റബോധം തോന്നിത്തുടങ്ങിയിരുന്നു. പൊറുക്കാൻ കഴിയാത്ത തെറ്റാണ് പറഞ്ഞതെന്ന് ഓർക്കുമ്പോൾ മനസ്സിൽ മാപ്പ് പറയുന്നു ണ്ടായിരുന്നു അയാൾ ഓരോ പട്ടാളക്കാരനോടും !!!!

Leave a Reply

Your email address will not be published. Required fields are marked *