അവൾ
എഴുത്ത്:-ഷെർബിൻ ആന്റണി
വെളുത്ത് കൊലുന്നനേ നീണ്ട മുടിയുള്ള അവളുടെ കണ്ണുകൾക്ക് എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു.റെയിൽവേ സ്റ്റേഷൻ്റെ പ്ലാറ്റ്ഫോമിലെ സിമൻ്റ് ബെഞ്ചിൽ ഇരു വശത്തുമായ് വനിതാ കോൺസ്റ്റബിളിൻ്റെ നടുക്കായ് ഇരുന്നിരുന്ന അവൾ ധരിച്ചിരുന്നത് ജീൻസും ടോപ്പുമായിരുന്നു. കൈകൾ പ്ലാസ്റ്റിക്ക് കയറുകൾ കൊണ്ട് വരിഞ്ഞിരിക്കുന്നത് എന്തിനായിരിണം?
ആൾക്കൂട്ടത്തിനിടയിൽ അവളുടെ മുഖത്ത് യാതൊരു കൂസലുമില്ലായിരുന്നു. ഒരിക്കൽ പോലും മുഖം കുനിച്ചിരുന്നില്ല, പക്ഷേ ആ നോട്ടം വിദൂരതയിലേക്കായിരുന്നു.
അവൾക്ക് എന്താണ് സംഭവിച്ചതെന്നറിയാൻ എൻ്റെ മനസ്സ് വെമ്പി.അല്പം മാറി നിന്ന് സിiഗരറ്റ് വലിച്ചുകൊണ്ടിരുന്ന പോലീസുകാരനോട് ഞാനവളെ പറ്റി തിരക്കി.
അദ്ദേഹം പറഞ്ഞതൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു കാരണം അതത്രയും ഭയാനകമായിരുന്നു.അതൊക്കെയും കേട്ട് കഴിഞ്ഞപ്പോൾ ഞാനവളുടെ മുഖത്തേക്ക് ഒരിക്കൽ കൂടി നോക്കി. അപ്പോഴും അവളുടെ കണ്ണിലെ തിളക്കത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല.
അവളുടെ കഥ കേട്ടതിന് ശേഷം എനിക്കവളോട് സംസാരിക്കണമെന്ന് തോന്നി.ആ തിളങ്ങുന്ന കണ്ണുകളിൽ നോക്കി കേട്ടതൊക്കെ സത്യമാണോന്ന് ചോദിക്കണമെന്നും.
ട്രെയിൻ വരാൻ ഇനിയും മുക്കാൽ മണിക്കൂറോളം ഉണ്ട്. എങ്ങനേങ്കിലും അവളുടെ അടുത്തെത്താൻ സംസാരിക്കാൻ മനസ്സ് വെമ്പി.
മറ്റൊരു ട്രെയിനിൻ്റെ ചൂളം വിളി കേട്ട അവൾ ആ ദിക്കിലേക്ക് ഉറ്റുനോക്കി.ആ ട്രെയിനിന് ഈ സ്റ്റേഷനിൽ സ്റ്റോപ്പില്ലെന്ന് തോന്നുന്നു അത്ര വേഗതയിലാണ് വന്നോണ്ടിരുന്നത്.
ട്രെയിൻ അടുത്ത് എത്താറായതും ഞൊടിയിടയിൽ അവൾ കുതിച്ചു. എന്താ സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലാക്കാൻ സാധിക്കും മുന്നേ പ്ലാറ്റ്ഫോമിൽ നിന്നും അവൾ ട്രെയിനിന് മുന്നിലേക്ക് കുതിച്ചിരുന്നു.
ആ കാഴ്ച കണ്ടു നിന്നവർ അക്ഷരാർത്ഥത്തിൽ നടുങ്ങിപ്പോയി!
അത്ര വേഗത്തിൽ വന്നത് കൊണ്ടാവാം മുൻഭാഗത്ത് തട്ടിയ അവളെ പ്ലാറ്റ്ഫോമിലേക്ക് തന്നെ തട്ടിതെറിപ്പിച്ച് ട്രെയിൻ കടന്ന് പോയി.
കുറേ ദൂരേ മാറി വീണ അവളുടെ അടുത്തേക്ക് ഞങ്ങളെല്ലാവരും പാഞ്ഞ് ചെന്നു. തലയിൽ നിന്നും രiക്തം വാർന്നിരുന്നു. ചലനശേഷി നഷ്ട്ട പ്പെട്ടിരുന്ന അവളുടെ കൈകളിലെ കെട്ടുകൾ അഴിഞ്ഞിരുന്നു. ആ മുഖത്തേക്ക് ഞാൻ ഒരിക്കൽ കൂടി നോക്കി.തുറന്നിരുന്ന ആ മിഴികൾ അപ്പോഴും തിളങ്ങി തന്നെ നിന്നിരുന്നു!
ശുഭം
ഇവിടെ കഥ അവസാനിപ്പിച്ചതായിരുന്നു കാരണം അവളെ പറ്റിയുള്ള ആ നിഗൂഢത ഒരു സസ്പെൻസായ് കിടക്കട്ടെ എന്ന് കരുതി. പക്ഷേ വായിച്ചവർക്കൊക്കെ ആ പോലീസുകാരൻ എന്താണ് എന്നോട് പറഞ്ഞതെന്ന് അറിയാനുള്ള ആകാംക്ഷ വളരെ വലുതാണെന്ന് മനസ്സിലായി.അതീ ശോക കഥയുടെ ഭംഗി പോകുമല്ലോ എന്നോർത്താണ് ചേർക്കാതിരുന്നത്, എന്തായാലും അത് കൂടി പറഞ്ഞേക്കാം.
ഞാനാ പോലീസുകാരനോട് ചോദിച്ചു സാറേ ആ പെൺകുട്ടി ചെയ്ത തെറ്റെന്താണെന്ന്?
അയാളെന്നെ അടിമുടിയൊന്ന് നോക്കിയിട്ട് സിiഗററ്റ് ആഞ്ഞ് വലിച്ചു.മുഖത്ത് പോലീസുകാരുടെ സ്ഥായീ ഭാവമായ പുച്ഛം വരുത്തിയിട്ട് എന്നോട് ചോദിച്ചു നീ ആരാണ്…?അതൊക്കെ അറിഞ്ഞിട്ട് നിനക്കെന്തിനാണെന്ന്.
അയാളുടെ മുന്നിൽ ഞാൻ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ വീണ്ടും ആ പോലീസുകാരൻ എന്നോട് ചോദിച്ചു സത്യം പറ നീ അവളുടെ കാമുകനല്ലേന്ന്. അവനേം കൂടി ഉടനെ ഞങ്ങൾ പൊക്കും…… പിന്നെയും എന്തൊക്കെയൊ പിറുപിറുത്തോണ്ടിരുന്നു.
ഇനി ഇവിടെ നിന്നാൽ പന്തികേടാവുമെന്ന് തോന്നിയ ഞാൻ പതുക്കെ അയാളുടെ അടുത്ത് നിന്ന് സ്കൂട്ടായി.
അതാണ് ഞാൻ നേരത്തേ പറഞ്ഞത് ആ തിളങ്ങുന്ന മിഴികളിൽ നോക്കി എനിക്കൊന്ന് ചോദിക്കണമെന്ന് തോന്നിയത് സത്യം പറ ഞാനാണോ നിൻ്റെ കാമുകനെന്ന്!