ആ അനുഭൂതി അനുഭവിക്കുന്നതിന് വേണ്ടിയാണ് ലോഹിതാക്ഷൻ മലക്കറിക്കടയിൽ നിന്നും നൂറു ഗ്രാം തക്കാളിയും, മിൽമ ബൂത്തിൽ നിന്നും ഒരു കവർ തൈരും വാങ്ങി വീട്ടിലേക്ക് ചെന്നത്…….

കുടുംബവഴക്കും കുട്ട്യോളും

എഴുത്ത്:- രാജീവ്‌ രാധാകൃഷ്ണപണിക്കർ

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

‘ഇളം ചൂടുള്ള തക്കാളി രസത്തിലേക്ക് മോരും ചേർത്ത് മൊത്തി മൊത്തി കുടിക്കുമ്പോഴുള്ള ആ അനുഭൂതിയുണ്ടല്ലോ അതൊന്നു വേറെയാ’

ആ അനുഭൂതി അനുഭവിക്കുന്നതിന് വേണ്ടിയാണ് ലോഹിതാക്ഷൻ മലക്കറിക്കടയിൽ നിന്നും നൂറു ഗ്രാം തക്കാളിയും, മിൽമ ബൂത്തിൽ നിന്നും ഒരു കവർ തൈരും വാങ്ങി വീട്ടിലേക്ക് ചെന്നത്.

വത്സല തുണിയലക്കുന്ന തിരക്കിലാണ്.

ഓള് അലക്കു കഴിഞ്ഞ് വരുമ്പോഴേക്കും ശടേന്ന് കുളികഴിഞ്ഞു വരാമെന്നു കരുതി തക്കാളിയും തൈരും അടുക്കളയിൽ വച്ച് കുറച്ച് പാമോയിൽ എടുത്തു തലയിൽ പൊത്തി തൊട്ടടുത്തുള്ള അമ്പലക്കുളത്തിലേക്ക് ചെന്നു.

അമ്പലക്കുളത്തിൽ വിശദമായ കുളിയും നടത്തി തേവരെ കണ്ട് വിലക്കയറ്റം മൂലം ജീവിച്ചു പോകുന്നതിനുള്ള ബുദ്ധിമുട്ടൊക്കെ ബോധിപ്പിച്ചു ശാന്തിക്കാരൻ തന്ന ചന്ദനം നെറ്റിയിലും പൂവ് ചെവിട്ടിലും തിരുകി പുറത്തേക്ക് കടന്നപ്പോൾ
ആൽത്തറയിലിരുന്ന് കേശുമ്മാവൻ മാടി വിളിച്ചു.

പുള്ളി അക്ഷരശ്ലോകത്തിന്റെ ആളാണ്.

ചെന്നില്ലെങ്കിൽ പുള്ളിക്കാരന് വിഷമാവൂല്ലോ എന്ന് കരുതി പുള്ളീടെ കൂടെക്കൂടി ഒന്നു പെരുപ്പിച്ച ശേഷം വീട്ടിലെത്തുമ്പോൾ വത്സല അടുക്കളയിൽ പാചകത്തിന്റെ തിരക്കിലാണ്.

“എട്യേ ഞാൻ ഇച്ചിരി തക്കാളി വാങ്ങിയിട്ടുണ്ട്. അതോണ്ട് നല്ല പൊളപ്പൻ രസം ഉണ്ടാക്ക്. രസത്തിൽ മോരൊഴിച്ചു കുടിക്കണം എന്നൊരാഗ്രഹം “

“അയ്യോ ഞാൻ ആ തക്കാളിയെടുത്ത് തേങ്ങാ അരച്ച് കറി വച്ചല്ലോ . കുറെ ദിവസമായി വിചാരിക്കുന്നു തക്കാളിക്കറി കൂട്ടണമെന്ന്. നിങ്ങക്ക് ഒരു വാക്ക് നേരത്തെ പറയാമായിരുന്നു.

ശരീരം വിറഞ്ഞു കയറി.
എന്തൊരു ചതിയാണവൾ ചെയ്തത്.

രസം വയ്ക്കാൻ കൊണ്ടുവന്ന തക്കാളി കൊണ്ട് തേങ്ങ അരച്ച് കറി വച്ചിരിക്കുന്നു. അതാണെങ്കിൽ തനിക്ക് കണ്ണിനു കണ്ടുകൂട.

ഇതനുവദിച്ചു കൂടാ.

അരിശം മൂത്ത ലോഹിതാക്ഷൻ കറിപ്പാത്രത്തിൽ കുറെ ഉപ്പ് കോരിയിട്ടു.

ഇതു കണ്ട വത്സല നെഞ്ചത്ത് രണ്ട് ഇടിയും കൊടുത്തു കറിപാത്രം സിങ്കിലേക്ക് കമഴ്ത്തി കിടപ്പു മുറിയിൽ കയറി വാതിലടച്ചു.

വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ലോഹിതാക്ഷൻ മുറിക്കു പുറത്ത് വിറളി പിടിച്ചു നടന്നു.

വൈകിട്ട് ട്യൂഷനെന്നും പറഞ്ഞു ഫുട്ബോൾ കളിക്കുവാൻ പോയിരുന്ന പിള്ളേർ മടങ്ങിയെത്തിയപ്പോൾ സീൻ ആകെ കോൺട്ര ആണ്.

അമ്മേ വിശക്കുന്നു എന്തെങ്കിലും കഴിക്കാൻ എടുക്കാൻ പറഞ്ഞു വാതിലിൽ മുട്ടിയിട്ടും വത്സല കതക് തുറന്നില്ല.

പിള്ളേർ അടുക്കളയിൽ പോയി പരതി നോക്കിയപ്പോൾ കുറച്ചു ചോറ് മാത്രം ഇരിപ്പുണ്ട്.

മോരു മാത്രം കൂട്ടി പിള്ളേർ കഴിക്കില്ല.

“അച്ഛാ ഞങ്ങക്ക് ബിരിയാണി മേടിച്ചു താന്നും” പറഞ്ഞു അതുങ്ങള് കലപില കൂട്ടുന്നത് കണ്ടപ്പോൾ ലോഹിതാക്ഷന്റെ മനസ്സ് നൊന്തു.

എന്നാ പിന്നെ പിള്ളേർക്ക് പുറത്തുനിന്നും ബിരിയാണി വാങ്ങി കൊടുക്കാമെന്ന മോഹത്തോടെ പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ കിടപ്പറയുടെ വാതിൽ തുറന്ന് വത്സല അണിഞ്ഞൊരുങ്ങി പുറത്തിറങ്ങിയിട്ടു പറയാ ഞാനും വരണു ബിരിയാണി കഴിക്കാനെന്ന്.

അപ്പൊ ഇളയ സന്തനം പറയാ “അച്ഛേമമ്മേം കൂടി ഇടയ്ക്കൊക്കെ വഴക്കിട്ടോ. ഞങ്ങക്ക് ബിരിയാണി തിന്നാമല്ലോന്ന് “

Related Posts

Leave a Reply

Your email address will not be published. Required fields are marked *