ആ നഗരത്തിലെ പല തെരുവുകളിലും നിങ്ങൾ സുഖം തേടി പോയപ്പോൾ എന്നെയും മകനെയും മറന്നു…..

ക്ലൈമാക്സ്

Story written by Aneesha Sudhish

” ഒരു പാട് അലഞ്ഞു ദേവീ… നിന്നെയും മോനേയും തേടി…. ഒരു പാട് യാത്രകൾ.. അവസാനം മോക്ഷത്തിനായി ഗംഗയുടെ തീരത്ത് വരെ … എല്ലാം അവസാനിപ്പിക്കാൻ ശ്രമിച്ചതാണ്… ഏതോ ഒരു ആദ്യർശ്യ ശക്തി തിരിച്ചു വിളിക്കുന്നത് പോലെ …..പിന്നെ മടക്കം…” നര ബാധിച്ചു തുടങ്ങിയ മുടിയിഴകൾ വകഞ്ഞു മാറ്റി അയ്യാളത് പറഞ്ഞപ്പോൾ അശ്രദ്ധമായി ശ്രവിച്ചു കൊണ്ട് ദേവി കടൽ തിരകളെ നോക്കി നിൽക്കുകയായിരുന്നു…

“നിങ്ങൾ എവിടെയോ ഉള്ളത് പോലെ മനസ്സ് മന്ത്രിച്ചു…. തിരിച്ചറിയാൻ വൈകി എന്നിട്ടും തിരഞ്ഞ് ഇവിടെ എത്തുന്നത് വരെ നിങ്ങളെ കാണണേ എന്ന പ്രതീക്ഷ മാത്രമായിരുന്നു ഈ ജീവൻ ഇവിടെ വരെ എത്തിച്ചത്…”

പക്ഷേ ഈ തിരിച്ചു വരവ് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല രാഹുൽ ആഗ്രഹിച്ചില്ല എന്നു പറയുന്നതാകും കൂടുതൽ ശരി… എന്നെയും മോനേയും ആ നഗരത്തിൽ ഉപേക്ഷിച്ച് നിങ്ങൾ കടന്നു കളഞ്ഞപ്പോൾ ഇനിയൊരിക്കലും ഒരു കണ്ടുമുട്ടൽ ഉണ്ടാകല്ലേ എന്നു മാത്രമായിരുന്നു എന്റെ പ്രാർത്ഥന …”

” ദേവീ …. ഞാൻ …. എനിക്ക് …..” തൊണ്ടയിലുടക്കിയ അയ്യാളുടെ ശബ്ദങ്ങളെ വകവെയ്ക്കാതെ അവൾ പറഞ്ഞു…

“വേണ്ട ഒരു മാപ്പു പറയൽ ആണ് ഉദ്ദേശമെങ്കിൽ വേണ്ട… വർഷങ്ങൾക്ക് മുമ്പ് നിങ്ങളുടെ കൂടെ ഇറങ്ങി വരുമ്പോൾ ഒരു പ്രതീക്ഷയുണ്ടായിരുന്നു രാഹുൽ ….. ആർക്കും വേണ്ടാത്തവളുടെ ജീവിതത്തിന് ഒരു അർത്ഥമുണ്ടാകുമെന്ന് കരുതി… നല്ലൊരു ജീവിതം നിങ്ങളിലൂടെ ഞാൻ സ്വപ്നം കണ്ടു… നിങ്ങളോടൊത്തുള്ള ആദ്യ നാളുകളിൽ ഞാൻ സന്തോഷവതിയായിരുന്നു… നമ്മുടെ മകൻ ഉണ്ടാകും വാരെ….. പിന്നീട് നടന്നത് ഓർമ്മയുണ്ടോ നിങ്ങൾക്ക് സഹിക്കാവുന്നതിനപ്പുറം ഞാൻ സഹിച്ചു … ആ നഗരത്തിലെ പല തെരുവുകളിലും നിങ്ങൾ സുഖം തേടി പോയപ്പോൾ എന്നെയും മകനെയും മറന്നു …..ഞങ്ങൾ കഴിച്ചോ എന്നു പോലും നിങ്ങൾ അന്വേഷിച്ചില്ല…എന്നിട്ട് എന്ത് നേടി നിങ്ങൾ ….”

അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന തീപ്പൊരി തന്നെ ദഹിപ്പിക്കുന്നതാണെന്ന് അയ്യാൾക്ക് മനസിലായി…

തെറ്റാണ് ദേവീ ഞാൻ നിന്നോടും മോനോടും ചെയ്തത്… ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റ്…. പണത്തിന്റെ അഹങ്കാരത്തിൽ എല്ലാം ഞാൻ മറന്നു ഒടുവിൽ എല്ലാം നഷ്ടപ്പെട്ടപ്പോൾ … ഒന്നും ചെയ്യാനായില്ല…നിന്നെ അഭിമുഖീകരിക്കാൻ വയ്യാതായപ്പോൾ ആണ് മദ്യത്തിനു അടിമയായത്… എന്നിട്ടും പറ്റാതായപ്പോൾ പിന്നെ ഒളിച്ചോടുകയായിരുന്നു നിന്നിൽ നിന്നു മാത്രമല്ല ജീവിതത്തിൽ നിന്നും…”

“എത്ര നിസാരമായി നിങ്ങളത് പറഞ്ഞു … ആ മഹാ നഗരത്തിൽ എന്നെ പോലൊരു പെണ്ണിനു എത്ര നാൾ പിടിച്ചു നിൽക്കാനാകും ? അതു നിങ്ങൾ ചിന്തിച്ചോ? സഹായിക്കാൻ പലരും വന്നു പക്ഷേ, അവരിലൊക്കെ കാ മത്തിന്റെ മുഖം മാത്രമായിരുന്നു ഞാൻ കണ്ടത്… എന്നിട്ടും പിടിച്ചു നിന്നു ദാ ഇതു വരെ …. മരണം വരെ താലിയെ നെഞ്ചിൽ ചേർത്തു കഴിയണമെന്നായിരുന്നു ആഗ്രഹം പക്ഷേ അങ്ങനെ ചെയ്താൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന തെറ്റായിരിക്കും… നിങ്ങൾ ഉപേക്ഷിച്ച അന്ന് മായ്ച്ചതാണ് എന്റെ സീമന്തരേഖയിലെ സിന്ദൂരം… അന്ന് ഊരിയ താലി വിറ്റ് നാട്ടിലേക്ക് വണ്ടി കയറുമ്പോൾ ഒന്നു മാത്രമായിരുന്നു എന്റെ ചിന്ത മകനെ വളർത്തണം “

“ക്ഷമ പറയാനുള്ള അവകാശം പോലും ഇന്നെനിക്കില്ലാന്നറിയാം… എന്നാലും ക്ഷമിച്ചുടെ ദേവീ … ഇനിയും എത്ര നാൾ ഈ ജീവൻ ഉണ്ടാകുമെന്നറിയില്ല…. നമ്മുടെ മകനോടൊത്ത് കുറച്ച് നാളെങ്കിലും കഴിയുണമെന്നുണ്ട്…. അതിനുള്ള അവകാശം എനിക്കില്ലേ….”

“അവകാശം….. അതു പറയാനുള്ള യോഗ്യത നിങ്ങൾക്കുണ്ടോ?…. വളർത്താൻ പറ്റാത്തവൻ ആ പണിക്ക് നിൽക്കരുത്… അല്ലെങ്കിൽ അന്നു പോകും മുമ്പ് ഇത്തിരി വിഷം തന്നിട്ട് പോകാമായിരുന്നില്ലേ ഞങ്ങളത് സന്തോഷത്തോടെ സ്വീകരിച്ചേനെ…. നിങ്ങൾക്കറിയോ ജീവിതത്തിൽ എന്നും തോൽവിയായിരുന്നു നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ പോലും ഇനിയെങ്കിലും എനിക്ക് ജയിക്കണം… നിങ്ങളുടെ മുമ്പിലെങ്കിലും ജയിക്കണം…പിന്നെ മുമ്പ് പറഞ്ഞ ആ അവകാശം അതിനെ ഞാൻ തള്ളി പറയുന്നില്ല…. എത്രയൊക്കെ എതിർത്താലും അല്ലെന്നു പറഞ്ഞാലും നിങ്ങളിൽ നിന്നു ഉടലെടുത്തതാണ് എന്റെ മകൻ നിങ്ങൾ തീർച്ചയായും വരണം… അത് പക്ഷേ അച്ഛന്റെ സ്ഥാനത്ത് നിന്ന് കൂടെ ജീവിക്കാനോ അവനെ അനുഗ്രഹിക്കാനോ അല്ല .ദൂരെ നിന്ന് കാണണം അവൻ ഒരു കുടുംബം എങ്ങനെ നോക്കുന്നുവെന്ന് അവന്റെ ഭാര്യയെ എങ്ങനെ സ്നേഹിക്കുന്നു എന്ന് നിങ്ങൾ കണ്ടറിയണം … നിങ്ങളുടെ കുറവില്ലാതെ അവനെ വളർത്തി വലുതാക്കി ഇത്രത്തോളം ഞാൻ എത്തിച്ചത് നിങ്ങൾ കാണണം കണ്ട് ഹൃദയം വേദനിക്കണം …”

” ദേവീ, ഇത്രയും വർഷങ്ങൾ കഴിഞ്ഞില്ലേ ഇനിയും പ്രതികാരം മനസിൽ വെയ്ക്കാണോ ? വിയർപ്പുതുള്ളികൾ കൈയ്യാൽ ഒപ്പി കൊണ്ട് അയ്യാൾ ചോദിച്ചു …

“പ്രതികാരമോ പ്രതികാരമല്ല പുച്ഛമാണ് നിങ്ങളോടിപ്പോൾ ഇത്രയും വർഷ ങ്ങൾക്ക് ശേഷം ഞങ്ങളെ തേടി വന്നതിലുള്ള പുച്ഛം …..പിന്നെ ഒരു കാര്യത്തിൽ നന്ദിയുണ്ട് നിങ്ങളോടുള്ള വെറുപ്പ് മൂലമാണ് ഞാനിന്ന് ഈ നിലയിൽ എത്തിയത് എന്റെ മകനെ പഠിപ്പിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനാക്കിയത്…..” പുച്ഛത്തിലുള്ള അവളുടെ വാക്കുകൾ അയ്യാളുടെ ഹൃദയത്തെ പൊളളിക്കുന്നതായിരുന്നു….

“പിന്നെ ഒരു കാര്യം കൂടി ,നിങ്ങളെ കാണാനാ വരുന്നതെന്ന് അറിഞ്ഞപ്പോൾ എന്റെ മകൻ പറഞ്ഞ ഒരു കാര്യമുണ്ട് അമ്മയ്ക്ക് ദയ തോന്നി ഒരിക്കലും ആ മനുഷ്യനെ തിരികെ വിളിക്കരുതെന്ന് “…. ആ വാക്കുകൾ കേട്ട് അയ്യാൾ തേങ്ങി കരഞ്ഞു…

“കരയണം നെഞ്ച് തകർന്ന് കരയണം നിങ്ങൾ ഇതിലും ഉച്ചത്തിൽ ഞാനും എന്റെ മകനും കരഞ്ഞിട്ടുണ്ട് …. അവൻ പറഞ്ഞ വാക്കുകൾ കേട്ട് ഇപ്പോൾ നിങ്ങൾ കരയുന്നില്ലേ നാലു വയസു മാത്രം പ്രായമുള്ള അവനോട് നിങ്ങൾ അന്നു ചെയ്തതൊക്കെ അവനൊരിക്കലും മറന്നിട്ടില്ല …… അത്രയ്ക്ക് അവൻ നിങ്ങളെ വെറുക്കുന്നുണ്ട് ….

ചുളിവുകൾ വീണു തുടങ്ങിയ ആ മുഖം താഴ്ന്നു … നിറഞ്ഞു വീണ കണ്ണുനീർ ആ മണൽപരപ്പിലേക്ക് അലിഞ്ഞുചേർന്നു… ആ ഹൃദയം നിലച്ചു പോയെങ്കിൽ എന്നയ്യാൾ ആശിച്ചു .

ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോൾ താൻ അവരോട് ചെയ്ത തെറ്റിന്റെ ആഴം എത്രയുണ്ടെന്ന് അയ്യാൾക്ക് മനസിലായി…. കാലം എത്ര മാറി മറഞ്ഞാലും ചെയ്ത തെറ്റ് ഒരിക്കലും പൊറുക്കാനാവാത്തത് ആണ് … തീരം തൊട്ട തിരകൾ പോലും ആ സമയം അയ്യാളെ തഴുകാതെ കടന്നുപോയി…..

തന്റെ നെഞ്ചിലെ വലിയൊരു ഭാരമിറക്കിയ ആത്മ സംതൃപ്തിയോടെ ദേവി അസ്തമയ സൂര്യനെ നോക്കി …. മനസിൽ തെളിഞ്ഞ ശാന്തി ഒരു പുഞ്ചിരിയോടെ ആ മുഖത്ത് തെളിഞ്ഞു… ഈ അസ്തമയത്തോടെ പുതിയൊരു പുലരി അവൾക്കായി കാത്തിരിപ്പുണ്ട് …..

ശുഭം

സ്നേഹത്തോടെ അനു

സ്ഥിരം ശൈലി ആണ് . ആശയ ദാരിദ്ര്യം തന്നെ എന്നാലും …..

Related Posts

Leave a Reply

Your email address will not be published. Required fields are marked *