ആ പേര് കൂടെ പറഞ്ഞാൽ പിന്നെ എനിക്ക് ഇവരിൽ നിന്ന് ഒരിക്കലും മോചനം കിട്ടില്ലെന്ന്‌ എനിക്കറിയാമായിരുന്നു.പക്ഷെ വായിൽ നിന്ന് പേടിച്ചു വീണു പോയി…..

എഴുത്ത്:-വൈശാഖൻ

“വല്ല ഭക്ഷണ സാധനം ആണ് കട്ടതെങ്കിൽ പോട്ടെ വിശന്നിട്ടാണ് എന്നെങ്കിലും വെക്കാം.സോപ്പ് കട്ടെടുക്കണമെങ്കിൽ അവന്റെ കള്ളത്തരം ഒന്ന് നോക്കണേ.മൊട്ടേന്നു മര്യാദക്ക് വിരിഞ്ഞിട്ടു കൂടെ ഇല്ല.”

ഇത്രേം ചീത്ത കേട്ടിട്ടും ഒരു കൂസലും ഇല്ലാത്ത അവന്റെ നിൽപ്പ് കണ്ടില്ലേ..കോര മാപ്ല ഇങ്ങു വന്നോട്ടെ.ഇന്ന് നിന്റെ കഥ കഴിക്കും.അങ്ങേരുടെ മരുമോൻ പൊലീസിലെ വലിയ ആളാ.

കൂസലില്ലായ്മ്മയല്ല.എനിക്കൊന്നും ചെയ്യാൻ കഴിയുന്നുണ്ടായില്ല.ആകെ മരവിച്ച പോലെ.ആദ്യമായി ചെയ്ത മോഷണം പിടിക്കപ്പെട്ട അവസ്ഥയിൽ അതിനെ എങ്ങിനെ നേരിടണം എന്നൊന്നും അറിയില്ല.വീട്ടിൽ ‘അമ്മ അറിഞ്ഞാൽ ഉണ്ടാവുന്ന കാര്യം ഓർത്തപ്പോൾ.. അല്ലേ തന്നെ ആ പാവത്തിന്റെ ജീവിതം നശിച്ചിരിക്കുന്നതാ.പ്രതീക്ഷയോടെ വളർത്തിയ മോൻ ഇങ്ങനെ ആയി എന്നറിഞ്ഞാൽ….

നീ ഏതാടാ ? എവിടെയാ നിന്റെ വീട് ? ഇവിടെങ്ങും മുൻപ് കണ്ടിട്ടില്ലല്ലോ ?

ആളുകൾ മാറി മാറിയാണ് ചോദ്യ ശരങ്ങൾ എയ്യുന്നത്. കൂട്ടത്തിൽ ചിലർക്ക് അനുകമ്പ ഉണ്ടെന്നു തോന്നുന്നു.

ആ വിട്ടു കളയെന്ന്. ചെറിയ പയ്യൻ അല്ലേ .ഒരബദ്ധം പറ്റിയതാവും.

അങ്ങനെ വിട്ടു കളയുന്നെ എന്തിനാ.ഇവൻ കട്ടത് സോപ്പാണ്.അപ്പൊ തന്നെ അറിയാം പഠിച്ച കള്ളൻ ആണെന്ന്.കണ്ടില്ലേ മോന്ത ഇരിക്കുന്നത്.ഇത് കൊണ്ട് പോയി വല്ലയിടത്തും വിറ്റു അതും കൊണ്ട് കിട്ടുന്ന പൈസ കൊണ്ട് വേറെ എന്തെങ്കിലും വേലത്തരം ഒപ്പിക്കാൻ ആവും.ഇപ്പൊ പിള്ളേർക്കൊക്കെ പ്രിയം ക ഞ്ചാവും മhയക്കു മരുന്നുമൊക്കെ അല്ലേ..

പറയെടാ എവിടാ നിന്റെ വീട് ?

ഇനി കള്ളം പറഞ്ഞു പിടിച്ചു നിൽക്കാൻ എനിക്കാവില്ല. മടിച്ചു മടിച്ചു കുരിശു കവല എന്ന് പറഞ്ഞു.

ആ അവിടുത്തെ ആരുടെ മോനാ ? എന്താ നിന്റെ അച്ഛന്റെ പേര് ?

ആ പേര് കൂടെ പറഞ്ഞാൽ പിന്നെ എനിക്ക് ഇവരിൽ നിന്ന് ഒരിക്കലും മോചനം കിട്ടില്ലെന്ന്‌ എനിക്കറിയാമായിരുന്നു.പക്ഷെ വായിൽ നിന്ന് പേടിച്ചു വീണു പോയി.

പ്രഭാകരൻ.

ഉറക്കെ പറയെടാ.നിനക്കെന്താ പറയാൻ ഇത്ര മടി.

പ്രഭാകരൻ ..

ഞാൻ അൽപ്പം ഉറക്കെ പറഞ്ഞു.

കുരിശു കവലേൽ ആകെ രണ്ടു പ്രഭാകരൻ ഉള്ളു. ഒന്ന് പ്രഭാകരൻ മുതലാളി.മറ്റേത് കള്ളൻ പ്രഭ..ഇതിൽ ഏതാടാ നിന്റെ ? നീ ആ കള്ളന്റെ മോൻ അല്ലേടാ ?

ജനുസ്സിന്റെ കൊണം കാണിക്കാതെ ഇരിക്കോ.. വിളി പോലീസിനെ വിളി.തന്തയെ കണ്ടല്ലേ പഠിക്ക. വിത്തുഗുണം പത്തുഗുണം..

സ്ക്കൂൾ വിട്ട് നടന്നു വരുന്ന വഴി ഉള്ള കടയാണ്.ഉച്ചക്കുള്ള ഇന്റർവെൽ സമയത്തു ചോറുണ്ണാൻ എന്നും പറഞ്ഞു ഇറങ്ങി എല്ലാം നോക്കി വെച്ചു.
കടക്കാരൻ ഉണ്ണാൻ ഇറങ്ങുമ്പോൾ കട മുഴുവൻ പൂട്ടാതെയാണ് പോവുന്നത് .അന്നേരം പോയി സോപ്പ് എടുത്തു ഓടണം എന്നതായിരുന്നു പ്ലാൻ.

സോപ്പ് എടുത്തു പോക്കറ്റിൽ ഇട്ടു ഇറങ്ങാൻ നേരം എന്റെ മുഖത്തെ ഭാവം കണ്ടിട്ടാണോ എന്നറിയില്ല അവിടെ നിന്ന ഒരാൾ എന്നെ കയ്യോടെ പിടിച്ചു..

വെള്ളിയാഴ്ച ആയതു കൊണ്ട് ഉച്ചക്ക് കുറച്ചധികം സമയം ഇന്റർവെൽ കിട്ടും.സോപ്പ് എടുത്തു ഓടി വീട്ടിൽ കൊണ്ട് ചെന്ന് വെച്ചിട്ടു വരാനും ഉള്ള സമയം ഉണ്ട്.അടുത്ത രണ്ടു ദിവസം അവധിയായതു കൊണ്ട് ഇന്ന് തന്നെ എടുത്തേ മതിയാവുമായിരുന്നുള്ളൂ.

ആരോ പറഞ്ഞറിഞ്ഞു കോര മാപ്ല എത്തി.കുട്ടിക്കള്ളനെ കാണാൻ ഇപ്പൊ ആള് കൂടി തുടങ്ങി.

ആ ഇതാണോ ചെക്കൻ..നിങ്ങള് എല്ലാരും പൊയ്ക്കോ.ഇനി ഇവന്റെ കാര്യം ഞാൻ നോക്കിക്കോളാം.

അല്ല മാപ്ളേ..ഞങ്ങളും കൂടെ നിക്കാം.വിരുതനാണ്.പഠിച്ച കള്ളന്റെ മോനും.നിങ്ങളെ പറ്റിച്ചു അവൻ ഓടി പോകും..

ഹേയ്.എന്റെ അടുത്ത് നിന്ന് ആരും പോകില്ല.നിങ്ങള് പൊയ്ക്കോ.

ഒരു കിലോ പഞ്ചസാര തൂക്കുമ്പോ അതിൽ അഞ്ചു ഗ്രാം എങ്ങാനും കൂടി പോയാൽ അതും എടുത്തു തിരികെ ഇടുന്ന , അറുത്ത കൈക്കു ഉപ്പല്ല, അതിലും വലിയ പിശുക്കൻ ആണ് മാപ്ല.അയാളുടെ കയ്യിൽ ഈ ചെക്കനെ ഏൽപ്പിച്ചു പോണോ ?

ആരൊക്കെയോ പരസ്പ്പരം പറഞ്ഞു കൊണ്ട് പോകുന്നത് ഞാൻ കേട്ടു.

ഇവിടെ വേറെ എന്തൊക്കെ ഉണ്ടായിരുന്നു.എന്നിട്ടും നീ എന്തിനാ സോപ്പ് മോഷ്ടിച്ചത് ?

സത്യമായിട്ടും ഞാൻ ഇനി മോഷ്ടിക്കില്ല അപ്പൂപ്പാ.ആദ്യായിട്ടാ.എന്നെ ഒന്ന് വിടാമോ.ഞാൻ പൊയ്ക്കോളാം.

നീ ചോദിച്ചതിന് ഉത്തരം താ..

അയാളുടെ കണ്ണുകളിലെ ഭാവം മാറിത്തുടങ്ങുന്നത് ഞാൻ കണ്ടു.

ഇനിയും പറഞ്ഞില്ലെങ്കിൽ അയാൾ എന്നെ തല്ലുമോ എന്ന് വരെ ഞാൻ ഭയന്നു.

സ്‌കൂളിൽ പോകാൻ എനിക്ക് ആകെ ഈ നിക്കറും ഷർട്ടും ഉള്ളു.ചെളി ആയിട്ടും സോപ്പ് ഇട്ടു അലക്കാത്തതു കൊണ്ട് ഇത്രേം മുഷിഞ്ഞു പോയി.വീട്ടില് അരി വാങ്ങാൻ തന്നെ പൈസ ഇല്ലാത്തപ്പോ അമ്മയോട് സോപ്പ് എന്ന് പറയാൻ വയ്യാത്തോണ്ടാ.സോപ്പ് ഇട്ടു അലക്കിയാ വെളുക്കുമെന്നു കൂട്ടുകാരും പറഞ്ഞു.

അപ്പൊ അതാണ് കാര്യം.ശരി.സോപ്പ് ഇവിടെ വെച്ചിട്ടു നീ പൊയ്ക്കോ.ഇനി മേലാല് കക്കാൻ പോയാൽ നിന്നെ പിടിച്ചു പോലീസിൽ ഏൽപ്പിക്കും.എന്താ നിന്റെ പേര്.അതും കൂടെ പറഞ്ഞിട്ട് പോ.

ഉണ്ണികൃഷ്ണൻ..

സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞൊഴുകി.എങ്ങനെ ഓടി തിരിച്ചു സ്‌കൂളിൽ എത്തി എന്നത് ഓർമ്മയില്ല.

അടുത്ത രണ്ടു ദിവസങ്ങൾ അവധിയാണ്.അമ്മയുടെ കൂടെ തന്നെ ഇരുന്നു.പുറത്തു നിന്ന് ആര് അമ്മയോട് മിണ്ടാൻ വന്നാലും ഓടി പോയി കൂടെ തന്നെ നിൽക്കും.പ്രതീക്ഷിച്ചത് പോലെ ഒന്നുമുണ്ടായില്ല.അമ്മയറിഞ്ഞില്ല.

തിങ്കളാഴ്ച ക്‌ളാസിൽ ഇരിക്കുമ്പോഴാണ് ഗേറ്റ് കടന്നു വരുന്ന ആ രൂപം എന്റെ ശ്രദ്ധയിൽപെട്ടത്.പോക്ക് ഹെഡ്മാസ്റ്ററുടെ മുറിയിലേക്കാണെന്നറിഞ്ഞതും എന്റെ ജീവൻ പോയ പോലെ ആയി.ഒടുവിൽ ഞാൻ പേടിച്ചിരുന്ന കാര്യം സ്‌കൂളിലും ,നാട്ടിലും വീട്ടിലുമെല്ലാം അറിയാൻ പോകുന്നു.എന്റെ പഠനം ഇല്ലാതെയാവാൻ പോകുന്നു.കള്ളൻ എന്ന് ഞാൻ മുദ്ര ചേർക്കപെടാൻ പോകുന്നു.എന്റെ സപ്ത നാഡികളും തളരുന്നു.

പ്യൂൺ വന്നു ടീച്ചറോട് കാര്യം പറഞ്ഞു.

ഉണ്ണിയോട് ഓഫീസിലേക്ക് ചെല്ലാൻ പറയുന്നു.പോയിട്ട് വാ.

കൂട്ടുകാരൻ നിക്കറിൽ പിടിച്ചു എന്നോട് ന്താ കാര്യം എന്ന് ചോദിച്ചു.എനിക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല.ഞാൻ ആരെയും കാണുന്നുണ്ടായില്ല.പ്യൂൺ എന്നെ എടുത്തു കൊണ്ട് പോയോ ,അതോ ഞാൻ തനിയെ നടന്നു പോയോ ..ഒന്നും എനിക്ക് ഓർമ്മയില്ല.

ഹെഡ്മാസ്റ്ററുടെ ശബ്ദം.ഉണ്ണി ഇങ്ങു കേറി വാ.

ഞാൻ ചെന്നു. കോര മാപ്ല അവിടെ ഇരിക്കുന്നുണ്ട്.ഞാൻ ആ മുഖത്തേക്ക് നോക്കിയില്ല.ഇത്ര നാളും കള്ളന്റെ മോൻ എന്നായിരുന്നു.ഇനി കള്ളൻ എന്ന് തന്നെ.

കോര തന്നെ അതങ്ങു കൊടുത്തോളു. സാറിന്റെ ശബ്ദം.

കയ്യിൽ ഒരു വലിയ പൊതിയുമായി കോര മാപ്ല.

ഇതിൽ മോനുള്ള യൂണിഫോം ഉണ്ട്.വേറെ കുറച്ചു ഉടുപ്പുകളും.പിന്നെ അതൊക്കെ അലക്കാൻ വേണ്ടി കുറെ സോപ്പുകളും ഉണ്ട്.അതും പറഞ്ഞു ഉറക്കെ ഉറക്കെ ചിരിക്കുന്നു.

ആ ചിരി എന്തിന്റെയാണെന്ന് സാറിനു അറിയില്ലെങ്കിലും എനിക്ക് അറിയാമായിരുന്നു.

ഈ തവണ എന്റെ കണ്ണ് നിറഞ്ഞത് സങ്കടം കൊണ്ടായിരുന്നില്ല.ഏങ്ങി ഏങ്ങി കരയുന്ന എന്നെ കണ്ടു സാറിനും അദ്ദേഹത്തിനും സങ്കടം വന്ന പോലെ..എന്നെ അടുത്തേക്ക് പിടിച്ചു ചേർത്ത് നിർത്തി എന്റെ നെറുകയിൽ തലോടി..

ഇത് ഞാൻ മോന് സൗജന്യമായി ചെയ്തു തന്നു എന്ന അഭിമാനകുറവൊന്നും വേണ്ട.കുറച്ചൂടെ പ്രായം ആവുമ്പൊ പറ്റും പോലെ, സമയം പോലെ കടയിൽ വന്നു നിന്ന് എന്നെ സഹായിക്ക്‌.കഷ്ടപ്പെട്ട് പഠിച്ചു വളരുന്നോർക്കു ജീവിത വിജയം ഉറപ്പാണ്..

അതും പറഞ്ഞു അദ്ദേഹം നടന്നകന്നു.കർത്താവു വേറെ രൂപം എടുത്തു വന്ന പോലെയാണ് എനിക്ക് തോന്നിയത്..ആകാശം നിറയെ മാലാഖമാർ ആൾക്ക് വഴി ഒരുക്കുന്നു.വഴി നിറയെ പഞ്ഞികെട്ടുകൾ….

ഇപ്പൊ മോൾക്ക് പിടി കിട്ടിയോ അച്ഛന്റെ സൂപ്പർ മാർക്കറ്റുകളുടെ പേര് എന്തിനാ “കോരാസ്” എന്നിട്ടിരിക്കുന്നതെന്നു. ഇത് മോള് മാത്രമല്ല എന്നോട് ഇതിനു മുൻപ് ഒരുപാടു പേര് ചോദിച്ചിട്ടുണ്ട് ഉണ്ണികൃഷ്ണൻ എന്ന ഹിന്ദു എങ്ങനെ കോരാസ് എന്ന പേരിട്ടു ബിസിനസ്സ് നടത്തുന്നു എന്നത്.

അവരോടൊക്കെ പറയാത്ത അച്ഛന്റെ ഈ കഥ മോൾ അറിയണമെന്ന് തോന്നി.അച്ഛൻ ഒരിക്കൽ മാത്രേ ദൈവത്തെ നേരിട്ട് കണ്ടിട്ടുള്ളു.അന്നത് കോര മാപ്ലയുടെ രൂപത്തിലായിരുന്നു.മനുഷ്യനും ദൈവമാവാം എന്ന് സ്വന്തം പ്രവർത്തിയിലൂടെ എന്നെ പഠിപ്പിച്ച മനുഷ്യൻ.

അപ്പൊ എനിക്കും ദൈവമാവാൻ പറ്റോ അച്ഛാ ?

പിന്നില്ലേ..എന്റെ മോൾക്കും പറ്റും, ആർക്കും പറ്റും ..മനുഷ്യനെ സ്നേഹിക്കുന്ന, സഹായിക്കുന്ന , നല്ല ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തുന്ന ദൈവമാകാൻ..

ശുഭം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *