ആ രാത്രിയിൽ ഉറക്കത്തിന് എന്നെ തീരേ വേണ്ടായിരുന്നു. തൊട്ടടുത്താണ് പ്രമീളയുടെ നാട്. അവൾ നഷ്ട്ടപ്പെട്ട് പോകുമോയെന്ന ഭയം വെളുപ്പാൻ കാലം വരെ എന്നെ തിരിഞ്ഞും മറിഞ്ഞും കിടത്തി…..

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

നാട്ടിലെ പോസ്റ്റോഫിസിൽ പ്രമീളയെന്ന പേരുള്ളയൊരു പെണ്ണുണ്ട്. ബ്രാഞ്ച് മാസ്റ്ററാണ്. എന്താണ് അവളുടെ പ്രത്യേകതയെന്ന് ചോദിച്ചാൽ സത്യമായിട്ടും എനിക്ക് അറിയില്ല. അവളുടെ ആകൃതിയിലും ശബ്ദത്തിലും നോട്ടത്തിലും ഏതോയൊരു നേരത്തിൽ ഞാൻ വീണുപോയി. അവളെ കാണാൻ വേണ്ടി മാത്രം കൂട്ടുകാർക്കൊക്കെ ഞാൻ കത്തുകൾ എഴുതുമായിരുന്നു.

ഈ കാലത്തിലും ഇങ്ങനെ കത്തുകൾ എഴുതുന്ന ഒരാളെ താൻ ആദ്യമായിട്ട് കാണുകയാണെന്ന് ഒരിക്കൽ പ്രമീള എന്നോട് പറഞ്ഞു. അതിന് മറുപടിയായി തന്നെ കാണാനാണ് ഞാൻ എപ്പോഴും ഇങ്ങനെ വരുന്നതെന്ന് എനിക്ക് പറയണമെന്ന് ഉണ്ടായിരുന്നു. സാധിച്ചില്ല. തുറന്ന് പറയുമ്പോൾ അവൾ എന്നെ തടഞ്ഞ് നിർത്തുമോയെന്ന് ഞാൻ ഭയപ്പെട്ടു.

‘ഇത്രയും കത്തുകൾ അയക്കുന്ന നിങ്ങൾക്കൊരു മറുപടിയും വരുന്നില്ലല്ലോ..!’

ഒരുനാൾ വളരേ അശ്ചര്യത്തോടെ പ്രമീള ചോദിച്ചു. അൽപ്പം പരുങ്ങിയെങ്കിലും കത്ത് കിട്ടിയവരെല്ലാം ഫോൺ ചെയ്യാറാണ് പതിവെന്ന് ഞാൻ പറഞ്ഞു.

‘അപ്പോൾ പിന്നെ നിങ്ങൾക്കും ഫോണിൽ പറഞ്ഞാൽ പോരെ..?’

എന്നും ചോദിച്ച് ചിരിച്ച് കൊണ്ടാണ് അവൾ എനിക്ക് രസീതിയും മിച്ച പണവും തന്നത്. അങ്ങനെ ചെയ്‌താൽ നിന്നെ എങ്ങനെയാണ് പെണ്ണേ എനിക്ക് ഇങ്ങനെ കാണാൻ സാധിക്കുകയെന്ന് ഉള്ളിൽ പറഞ്ഞ് കൊണ്ടാണ് അന്ന് ഞാൻ പോസ്റ്റ്‌ ഓഫീസിൽ നിന്ന് പോയത്.

‘എടാ… സുഖമാണോന്ന് ചോയിച്ച് കത്തയക്കാൻ നിനക്ക് പ്രാന്താണോ പ്രശാന്തേ…’

അന്ന് രാത്രിയിൽ എന്റെ കത്ത് കിട്ടിയ സുബൈറാണ് ഫോണിൽ വിളിച്ച് ചോദിച്ചത്. അവനെ കുറ്റം പറയാൻ പറ്റില്ല. മിക്കപ്പോഴും നേരിട്ട് കാണുകയും ചേർന്ന് സിനിമയ്ക്ക് പോകുകയും ചെയ്യുന്ന ഒരുത്തനാണ് സുബൈർ. അങ്ങനെയുള്ള ആൾക്ക് സുഖമാണോയെന്ന വാക്കുമാത്രം എഴുതി അയച്ചാൽ പിന്നെ എന്ത് ചോദിക്കുമല്ലേ..!

പ്രാന്ത് തന്നെയെന്ന് ഞാനും പറഞ്ഞു. എന്തുകൊണ്ടോ പ്രമീളയോടുള്ള പ്രേമമമാണ് അതിന് കാരണമെന്ന് എനിക്ക് അവനോട് പറയാൻ തോന്നിയില്ല. ആരോട് പറയുന്നതിനേക്കാളും മുമ്പ് അവളോടാണ് പറയേണ്ടതെന്ന് തോന്നുകയായിരുന്നു.

അങ്ങനെ ആരാരും അറിയാതെ പേറുന്ന ഒരു പ്രേമവുമായി വർഷമൊന്ന് ഞാൻ തികച്ചു. ഈ നീളത്തിൽ പ്രമീളയുമായി കൂടുതൽ അടുക്കുകയും ചിരിക്കുകയും ചെയ്തു. താൻ നല്ലയൊരു സുഹൃത്താണെന്ന് വരെ അവൾ എന്നോട് പറഞ്ഞു.

‘ഈയിടയായി കത്തുകൾ അയക്കുന്നത് കുറഞ്ഞല്ലോ.. എന്തുപറ്റി…?’

ഒരു രാത്രിയിൽ പരസ്പരം ഫോണിൽ സംസാരിക്കുമ്പോഴാണ് പ്രമീള അങ്ങനെ ചോദിച്ചത്. എനിക്ക് മറുപടി പറയാൻ പറ്റിയില്ല. വിഷയം മറ്റെന്തിലേക്കോ എടുത്തിട്ട് വിദഗ്ധമായി ആ ചോദ്യത്തിൽ നിന്നും ഞാൻ ഒഴിഞ്ഞുമാറി. നാളെ ഉച്ചക്ക് നാട്ടിലേക്ക് പോകുകയാണെന്ന് പ്രമീള പറഞ്ഞു. വീട്ടിലേക്ക് വരാൻ അച്ഛൻ പറഞ്ഞുപോലും. കാര്യം എന്തായിരിക്കുമെന്ന് ചോദിച്ചപ്പോൾ ഒരു പെണ്ണു കാണലിന്റെ സൂചന അവൾ എനിക്ക് തന്നു. അതൊരു സൂചിപോലെ എന്റെ കാതുകളിൽ കൊണ്ടു.

ആ രാത്രിയിൽ ഉറക്കത്തിന് എന്നെ തീരേ വേണ്ടായിരുന്നു. തൊട്ടടുത്താണ് പ്രമീളയുടെ നാട്. അവൾ നഷ്ട്ടപ്പെട്ട് പോകുമോയെന്ന ഭയം വെളുപ്പാൻ കാലം വരെ എന്നെ തിരിഞ്ഞും മറിഞ്ഞും കിടത്തി. അങ്ങനെയാണ് കടയിലെ കണക്കെഴുതുന്ന നോട്ടുബുക്കിൽ നിന്നൊരു കടലാസ്സുകീറി ഞാൻ എന്തൊക്കെയോ എഴുതി കൂട്ടിയത്. ഓരോ വരിയിലും പ്രമീളയോടുള്ള എന്റെ താൽപ്പര്യവും, മോഹവും, ഇഷ്ട്ടവുമെല്ലാം ഞാൻ കുiത്തി തിരികിയിരുന്നു. എന്താകുമെന്ന് ഇനി കണ്ടറിയാം…

രണ്ട് നാളുകൾക്ക് ശേഷമുള്ള കാലത്ത് തന്നെ ഞാൻ പോസ്റ്റോഫിസിലേക്ക് എത്തി. വൈകാതെ പ്രമീളയും വന്നു. എന്താണിത്ര നേരത്തേയെന്ന് ചോദിച്ചപ്പോൾ അയക്കാനൊരു കത്തുണ്ടെന്ന് ഞാൻ പറയുകയായിരുന്നു. സംശയത്തോടെ അവൾ എന്നെ നോക്കിക്കൊണ്ട് ഓഫീസ് തുറന്ന് അകത്തിരുന്നു.

‘ഇതിൽ വിലാസമില്ലല്ലോ..’

ഞാൻ കൊടുത്ത കവറിൽ നോക്കികൊണ്ട് അവൾ പറഞ്ഞതാണ്.

‘നിനക്കറിയുന്ന വിലാസം തന്നെയാണ്. ആളുടെ പേര് പ്രമീള…’

അപ്പോഴേക്കും അവിടെയുള്ള മറ്റുരണ്ട് ജീവനക്കാരും എത്തിച്ചേർന്നിരുന്നു. അവരെ കണ്ടപ്പോൾ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല. കൂടുതലൊന്നും പറയാതെ ഞാൻ ഇറങ്ങി നടന്നു. തിരിഞ്ഞ് നോക്കുമ്പോൾ അവൾ മറ്റെന്തോ തിരക്കിട്ട ജോലിയിൽ ആയിരുന്നു. ഞാൻ നേരെ എന്റെ കടയിലേക്ക് പോയി.

എന്തായിരിക്കും പ്രമീളയുടെ പ്രതികരണമെന്ന് ചിന്തിച്ച് കൊണ്ടാണ് ജോലി ചെയ്തത്. അവൾക്ക് എന്നെ സ്വീകരിക്കാൻ പറ്റുമോയെന്ന് ഓർത്തോർത്ത് കണക്കുകളെല്ലാം തെറ്റി. കെട്ടിക്കൊടുക്കുന്ന സാധനങ്ങളുടെ തൂക്കവും മാറി. ശരിയാകില്ലെന്ന് കണ്ടപ്പോൾ സഹായിയായ കണ്ണേട്ടനോട് നോക്കിക്കൊള്ളാൻ പറഞ്ഞ് ഞാൻ വീട്ടിലേക്ക് തിരിരിക്കുകയായിരുന്നു.

‘നിനക്കൊരു കത്ത്ണ്ടല്ലോ…. മേശപ്പുറത്ത് വെച്ചിട്ടുണ്ട്… ‘

അമ്മയാണ് അത് പറഞ്ഞത്. എത്രയോ കത്തുകൾ അയച്ച എന്നെ തേടി ആദ്യമായിട്ടാണ് ഒരെഴുത്ത് വന്നിരിക്കുന്നത്. വിലാസം നോക്കിയപ്പോൾ പരിചയമില്ല. ഞാനത് പൊട്ടിച്ച് വായിച്ചു.

നിനക്ക് പ്രാന്താന്ന് പ്രശാന്തായെന്ന് മാത്രമേ അതിൽ വായിക്കാൻ ഉണ്ടായിരുന്നുള്ളൂ.. ആരോ എന്നെ കളിയാക്കാൻ അയച്ചതാണെന്ന് എനിക്ക് തോന്നി. പ്രമീള ആയിരിക്കുമോയെന്ന സംശയം വന്നപ്പോൾ ഞാൻ അവളെ വിളിച്ചു.

‘എന്തായി…?’

മറുപടിയായി എന്താകാനാണെന്ന് അവളും ചോദിച്ചു.

‘വീട്ടിൽ പോയിട്ട് എന്തായെന്ന്..? നിന്നെ കാണാൻ ആരൊക്കെയോ വരുന്നുണ്ടെന്നല്ലേ പറഞ്ഞേ…’

എന്റെ ശബ്ദം വല്ലാതെ പതിഞ്ഞിരുന്നു. എന്തായിരിക്കും പ്രമീളയുടെ മറുപടിയെന്ന് ഓർത്ത് നെഞ്ച് വെപ്രാളപ്പെടുന്നത് ഞാൻ അറിയുന്നു. താൻ പോയില്ലെന്ന് പറഞ്ഞ് കൊണ്ട് അൽപ്പ നേരം അവൾ മിണ്ടാതെ നിന്നു. എന്തുകൊണ്ടാണ് പോകാതിരുന്നതെന്ന് ചോദിക്കാൻ എനിക്ക് തോന്നിയില്ല. അതുമാത്രമല്ല. ചോദിക്കാൻ കരുതിയതെല്ലാം തലയിൽ നിന്ന് വിട്ടുപോയത് പോലെ…

ഞങ്ങൾക്കിടയിൽ സുഖമുള്ളയൊരു മൗനം രൂപപ്പെടുന്നുവെന്ന് തോന്നിയപ്പോഴാണ് അവൾ ചിരിച്ചത്. കാതിനുള്ളിൽ ഒരു കുഞ്ഞ് പിഞ്ഞാണം വീണത് പോലെ ആ ശബ്ദം ഞാൻ ആസ്വദിച്ചു. തുടർന്ന് പ്രമീള പറഞ്ഞത് ആദ്യമായി എനിക്ക് വന്ന ആ കത്തിലും എന്റെ കാതിലുമുണ്ട്..

‘നിനക്ക് പ്രാന്താന്ന് പ്രശാന്താ…!!!’

ശരിയാണ്. പരസ്പരം ചേർന്നാലും പിരിഞ്ഞാലും പ്രാണന് പ്രേമമൊരു പ്രാന്ത് തന്നെയാണല്ലോ…!!!

Leave a Reply

Your email address will not be published. Required fields are marked *