ആ രാമുണ്ണിയാ ..ആ ചെക്കൻ പറമ്പിൽ പണിക്കു വന്നതാണെങ്കിലും ഏതു നേരോം ഇവടെ പിന്നാലെയാ……,

Story written by Nitya Dilshe

കാരണവർക്ക് മുന്നിൽ സാവിത്രി തല കുനിച്ചു നിന്നു ..

“”നീയ്യ് ഗർഭിണി ആണോ ??””പതിഞ്ഞതെങ്കിലും കനത്ത ശബ്ദം ..മുഖം ചുവന്നിരിക്കുന്നു ..

“”തലവെട്ടം കണ്ടപ്പഴേ തള്ള പോയി ..ജനിച്ചു അമ്പത്താറാം പക്കം അവനും .. കുടുംബത്തെ നശിപ്പിക്കാനുണ്ടായ സന്താനം ..ആരാടി ഇനി ഇതിനുത്തരവാദി ??””

സാവിത്രി പതിയെ തലയുയർത്തിയതും തൂണിനു പിന്നിലേക്ക് ഭീതിയോടെ മറയുന്ന അനന്തനെ കണ്ടു ..

അവളെന്തെങ്കിലും പറയുന്നതിന് മുൻപേ അനന്തന്റെ അമ്മ .. സാവിത്രിയുടെ അമ്മായി .. ചാടി വീണു ..

“”ആ രാമുണ്ണിയാ ..ആ ചെക്കൻ പറമ്പിൽ പണിക്കു വന്നതാണെങ്കിലും ഏതു നേരോം ഇവടെ പിന്നാലെയാ ..അല്ലാതെ വേറാരാ ഇങ്ങനെ ദോഷം ഉള്ളോൾടെ പിറകെ വരാ ..””

അവൾ കൂർപ്പിച്ചു നോക്കിയതും അവര്ടെ മുഖത്തൊരു പതർച്ച കണ്ടു ..

“”കുടുംബത്തിന് മാനക്കേടുണ്ടാക്കിയ ഇതിനെ ഇനിപ്പോ എന്താ ചെയ്യാ ..”” കാരണവർ തലയ്ക്കു കൊടുത്തു കസേരയിലേക്കു ചാഞ്ഞു ..

“”ആ ചെക്കനെ കൊണ്ട് തന്നെ കെട്ടിയ്ക്കാ ..അധികനാൾ ഒളിപ്പിച്ചു വക്കാൻ പറ്റില്യാലോ ..ഇനീപ്പൊ സമ്പത്തും കുലമഹിമേം ഒന്നും നോക്കണ്ട .. അല്ലാണ്ടെ ദോഷജാതക്കാര്യേ ആരാപ്പോ കെട്ടാ ..””. അമ്മായിയും കാരണവർടെ കസേരക്കരികിലായി നിലത്തിരുന്നു ..

രാമുണ്ണി സാവിത്രിയെ കെട്ടിയപ്പോൾ ആ നാട് മുഴുവൻ അമ്പരന്നു ..ആണുങ്ങൾ അല്പം അസൂയയോടെയും ഭയത്തോടെയും രാമുണ്ണിയെ നോക്കി .. പെണ്ണുങ്ങൾ മൂക്കത്ത് വിരൽ വച്ചു …

അവർക്കിടയിലൂടെ നെഞ്ച് വിരിച്ചു തലയുയർത്തി സാവിത്രിയുടെ കയ്യും പിടിച്ച് രാമുണ്ണി നടന്നു ..

തുരുമ്പ് എടുത്ത കപ്പിയിൽ കയർ ഉരയുന്ന ശബ്ദം കേട്ടാണ് സാവിത്രി പിറ്റേന്ന് ഉറക്കമുണർന്നത് ..തലേന്ന് രാത്രി മുഴുവൻ മഴയായിരുന്നു ..ഇപ്പോഴും ചിണുങ്ങി ചാറി മേൽക്കൂരയിലേക്കു വീഴുന്ന ശബ്ദം കേൾക്കാം .. ഗര്ഭത്തിന്റെ ആലസ്യമുണ്ട് .. പതിയെ എഴുന്നേറ്റു …

അടുക്കളയിൽ അടുപ്പു കത്തുന്നുണ്ട് .. പുറത്തു നിന്നും അടുക്കളയിലേക്കു വന്ന രാമുണ്ണി സാവിത്രിയെ കണ്ടതും നിന്നു ..

“”തണുപ്പാണ് .. ചൂട് വെള്ളംണ്ട് ..അതില് കുളിച്ചാ മതി .. മറപ്പുരേക്ക് വെക്കാം ..”” സാവിത്രി അഴയിൽ കിടന്ന കരിമ്പനടിച്ച തോർത്തെടുത്തതും രാമുണ്ണി വന്നു പിടിച്ചു വാങ്ങി ..

“”അതെന്റയാ ..എണ്ണടെ മണണ്ടാവും .. വേറെ തരാം …””

അകത്തു പോയി തെളിച്ചമുള്ളൊരു തോർത്തെടുത്ത് സാവിത്രിക്കു നേരെ നീട്ടി ..

“”അമ്മേടയാ .. ‘അമ്മ പോയിച്ചാലും ഒക്കെ എടുത്ത് സൂക്ഷിച്ചു വച്ച് ണ്ട് ..ആരൂല്ലേന്നു തോന്നുന്നുമ്പോ എടുത്തു നോക്കും ..””

ശബ്ദം ചെറുതായി ഇടറി ..കണ്ണ് നനഞ്ഞു ..പിന്നെ സാവിത്രിയുടെ മുഖത്തേക്ക് നോക്കാതെ അകത്തേക്ക് കയറിപ്പോയി …

കുളികഴിഞ്ഞു വരുമ്പോൾ കഞ്ഞി പാത്രത്തിൽ ഒഴിച്ച് വെച്ചിട്ടുണ്ടായിരുന്നു …മുളക് ചുട്ടരച്ച ചമ്മന്തിയും …രണ്ടുപേർക്കിടയിലും മൗനം തളം കെട്ടി നിന്നു ..

“”ഉച്ചക്കത്തേക്കുള്ള ചോറും കറിയും അടുപ്പിനരികത്തുണ്ട് ..”” അഴയിൽ കിടന്ന കുപ്പായമെടുത്തിടുമ്പോൾ രാമുണ്ണി ഓർമിപ്പിച്ചു ..

മറുപടി കിട്ടാതായപ്പോൾ രാമുണ്ണി സാവിത്രിയെ തിരിഞ്ഞു നോക്കി ..പുറത്തേക്കു നോക്കിയിരിപ്പാണ് ..

“”രാമുണ്ണിക്കെന്നോട് ദേഷ്യോ പേട്യോ വെറുപ്പോ ഒന്നൂല്ല്യേ .. ഞാനൊരു ദോഷക്കാരീം കൂടിയാ ..”” പുറത്തേക്കു നോക്കിയാണ് പറഞ്ഞതെങ്കിലും അവളുടെ കണ്ണ് നിറഞ്ഞിരുന്നു ….കരഞ്ഞു മുഖം ചുവന്നിരുന്നു…

അത് കണ്ടപ്പോൾ രാമുണ്ണിയുടെ നെഞ്ചും വിങ്ങി ..മനസ്സ് നീറി ..അവളെ നെഞ്ചോടു ചേർത്ത് ആശ്വസിപ്പിക്കണം എന്ന് തോന്നി ..

ഒരു നിമിഷം ശങ്കിച്ച് നിന്നു ..പിന്നെ രണ്ടും കല്പിച്ചു സാവിത്രിയുടെ ഇരുകരങ്ങളും പിടിച്ചു നെഞ്ചോടു ചേർത്തു പറഞ്ഞു ..

“”ന്തിന് ..നിക്കൊരു ദോഷോം വരില്ല ..പിന്നെ ഈ വയറ്റിലുള്ളത് ന്റെ തന്നെയാ ..ആരൂല്ല്യാത്ത നിക്ക് കിട്ടിയ ഭാഗ്യം ..””

ഒതുക്കുകളിറങ്ങിയ രാമുണ്ണിയെ സാവിത്രി വിളിച്ചു …

“”തറവാടിന്റെ വടക്കെ പുറത്തെ തെങ്ങിൻതോപ്പും അതിനോട് ചേർന്ന നിലോം മ്മടെയാ .. രാമുണ്ണി ഇനി അതുമാത്രം നോക്ക്യ മതി .. ദോഷക്കാരിടെ സ്ഥലം നോക്കി അവർക്കു ദോഷം വരണ്ട ..””

അവൾടെ മുഖത്തൊരു ഗൂഢമായ ചിരി വിരിഞ്ഞു ..അത് കണ്ട രാമുണ്ണിടെ മുഖത്തും ചിരി പടർന്നു …

വിതച്ചതെല്ലാം നൂറുമേനി വിളവ് എന്ന തോതിൽ രാമുണ്ണി വളർന്നു …അസൂയ മൂത്ത അമ്മായി സാവിത്രിയുടെ ജാതകവുമായി വീണ്ടും ജാതകമെഴുതിയ നമ്പീശനെ കണ്ടു ..

നമ്പീശൻ പലകമേൽ രാശി നിരത്തി ..ജാതകം വാങ്ങി നോക്കി ..

“”ദോഷജാതകം തന്ന്യാ .. സംശയല്യാ .. പിന്നെ ദോഷം അച്ഛനമ്മമാർക്കാ ..കെട്ടുന്നോന് രാജയോഗാ ..””

Related Posts

Leave a Reply

Your email address will not be published. Required fields are marked *