ആ വായനയ്ക്ക് ശേഷമാണ് ശല്ല്യം ചെയ്യാതെ പിറകേ നടക്കുന്ന അശോകനുമായി സുലോചന ബ ന്ധത്തിൽ ഏർപ്പെടുന്നത്. പക്ഷേ, യാഥാർഥ്യ ജീവിതത്തിലെ……

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ

ശാന്തമ്മയുടെ മകൾ സുലോചന കവിതയെഴുതും. കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിക്കുന്ന പെണ്ണിന് വായന ശാലയിലാണ് ജോലി. തനിക്കു വേണ്ടി ക്രമീകരിച്ച് വെച്ചതാണ് അവിടെയുള്ള പുസ്തകങ്ങളെല്ലാമെന്നാണ് ആ സൂക്ഷിപ്പു കാരിയുടെ വിചാരം.

‘ആടത്തെ പുസ്തകെല്ലാം തിന്നതിന്റെ പിരാന്താണ് നിനക്ക്…!’

അശോകൻ പറഞ്ഞു. അങ്ങനെയെങ്കിൽ അങ്ങനെയെന്നും പറഞ്ഞ് സുലോചന നടന്നു. ഈ പെണ്ണിന് ഇതെന്ത് പറ്റിയെന്ന ചോദ്യവുമായി അയാൾ ആ വായനശാലയുടെ പിറകിലെ മൈതാനത്തിൽ തറച്ചുനിന്നു.

അല്ലെങ്കിലും സുലോചനയുടെയൊരു വട്ടിനും അയാൾ കൂട്ട് നിൽക്കാറില്ല. ഇതിപ്പോൾ ഏതോയൊരു കവിതയുടെ പശ്ചാത്തലത്തിൽ മുഖമുരസ്സുന്നത് പകർത്താൻ ഒപ്പം നിൽക്കാത്തതാണ് വിഷയം. സോഷ്യൽ മീഡിയിലേക്ക് എറിഞ്ഞുകൊടുക്കുന്ന ആ രംഗത്തിന്റെ ഭാഗമാകാൻ അയാൾക്ക് കഴിഞ്ഞില്ല.

സുലോചനയുമായി സല്ലപിക്കാൻ ഇഷ്ട്ടമാണെങ്കിലും അവളുടെ മൊബൈൽ ക്യാമറ നോക്കി നിൽക്കുമ്പോൾ അശോകനൊരു നാണമാണ്. മൂവായിരം പേരോടെങ്കിലും പറയുമെന്ന് പറഞ്ഞ് മൂന്നാമത് ആരോ നോക്കി നിൽക്കുന്നത് പോലെയാണ് രഹസ്യങ്ങളിലേക്ക് തിരിയുന്ന ക്യാമറകൾ. ഉൾപ്പെടുന്ന ബന്ധത്തിന്റെ സ്വകാര്യതയിലാണ് ഊഷ്മളതയെന്ന് അയാൾ കരുതുന്നു.

അശോകന് വായന അലർജിയാണ്. മൂന്ന് കടലാസ് താണ്ടുമ്പോഴേക്കും അയാളുടെ കണ്ണുകൾ തുമ്മും. ഉറക്കവും വരും. എല്ലാത്തിനും അപ്പുറം എന്തൊക്കെ വട്ടുകളാണ് ഓരോർത്തരും എഴുതി വച്ചിരിക്കുന്നുവെന്ന് പിറുപിറുക്കും. സുലോചനയാണെങ്കിൽ താൻ ലയിച്ച പുസ്തകങ്ങളിൽ മുഖം പൂഴ്ത്തിയുറങ്ങുന്നയൊരു കിനാപക്ഷിയും.

അശോകന് മരമില്ലിലാണ് പണി. ഈർച്ച വാളിന്റെ താളവും പേറി നടക്കുന്ന അയാളുടെയുള്ളിലെ പ്രേമ പാട്ടാണ് സുലോചന. തുടക്കത്തിൽ അവൾക്കും അങ്ങനെ തന്നെയായിരുന്നു. പക്ഷേ, ആഗ്രഹിക്കുന്നത് പോലെ സ്നേഹിക്കപ്പെടാതിരിക്കുന്നതിന്റെ നിരാശ അവളിൽ ഉറവ പൊട്ടിയിരിക്കുന്നു.

ഒരു നോവലാണ് എല്ലാത്തിനും കാരണം. തെങ്ങുകയറ്റക്കാരനെ പ്രേമിച്ചയൊരു അംഗനവാടി ടീച്ചറുടെ കഥയായിരുന്നുവതിൽ. കുഞ്ഞുങ്ങളുടെ കുട്ടിക്കൂറ മണവുമായി വരുന്ന ടീച്ചർക്ക് ഇഷ്ട്ടം തെങ്ങിന്റെ ചൂരുള്ള നായകന്റെ മാ റിൽ തല ചായ്ച്ച് കിടക്കുന്നതായിരുന്നു. മിക്ക വൈകുന്നേരങ്ങളിലും ഒത്തുകൂടുന്ന അവർ ഒരിക്കൽ സന്ധ്യ മയങ്ങുന്നത് വരെയൊരു പാടത്ത് കിടന്നു. സ്ഥലകാല ബോധമില്ലാതെ പരസ്പരം കെട്ടിപുണരുന്ന വേളയിൽ ടീച്ചർ കുതറി എഴുന്നേറ്റു. വിളയിറാക്കാത്ത മണ്ണിൽ നിന്നുമൊരു തവള ചാടി വയറിൽ ഇരുന്നതായിരുന്നു കാരണം. ആ കഥാരംഗമോർത്ത് സുലോചന വെറുതേ ചിരിക്കും.

ആ വായനയ്ക്ക് ശേഷമാണ് ശല്ല്യം ചെയ്യാതെ പിറകേ നടക്കുന്ന അശോകനുമായി സുലോചന ബ ന്ധത്തിൽ ഏർപ്പെടുന്നത്. പക്ഷേ, യാഥാർഥ്യ ജീവിതത്തിലെ ചില വൈകുന്നേരങ്ങളിൽ തന്റെ മരപ്പണിക്കാരൻ നായകനെ കണ്ടുമുട്ടുമ്പോൾ അവൾ വല്ലാതെ പ്രതീക്ഷിക്കും. തന്റെ കണ്ണുകളെ വിടർത്താൻ പാകമൊരു സമ്മാനവും നാൾ ഇതുവരെയായി അശോകൻ സുലോചനക്ക് കൊടുത്തിട്ടുണ്ടായിരുന്നില്ല. തന്റെ മുഖം കോരിയെടുത്ത് ഒരു കുന്നിക്കുരു പോലും അയാൾ തനിക്ക് തന്നിരുന്നുവെങ്കിലെന്ന് അവൾ വെറുതേ ആശിക്കാറുണ്ട്.

സുലോചനയുമായുള്ള ബന്ധം തുടങ്ങിയതിൽ പിന്നെ അശോകൻ എന്നും ജോലിക്കുപോകും. തന്റെ അമ്മ, പെണ്ണ് എന്നതിനപ്പുറം അയാൾക്ക് ഇപ്പോൾ യാതൊരു ചിന്തയുമില്ല. എഴുന്നേൽക്കുക. അമ്മയുണ്ടാക്കി തരുന്ന എന്തെങ്കിലും കഴിച്ച് മില്ലിൽ പോയി വിയർക്കുക. ശേഷം അവിടുത്തെ കിണറിൽ നിന്ന് കുളിച്ച് സുലോചനയെ കാണാനായി മൈതാനത്തേക്ക് നടക്കുകയെന്നതാണ് ശീലം.

അവളെ മതിവരുവോളം തൊടുകയും ഉമ്മവെക്കുകയും ചെയ്തതിന് ശേഷം തന്റെ വരവും കാത്തിരിക്കുന്ന അമ്മയുടെ അടുത്തേക്ക് തന്നെ തിരിച്ചു പോകും. അത്രേയുള്ളൂ അശോകൻ..

പോകെ പോകെ തന്റെ ലോകവുമായി പൊരുത്തപ്പെട്ട് പോകാൻ അയാളെ ക്കൊണ്ട് പറ്റില്ലെന്ന് സുലോചനയ്ക്ക് തോന്നി. എത്രയെത്രയോ എഴുത്തുകാർ നിറച്ച പ്രേമസങ്കൽപ്പങ്ങളിൽ തളിരിടുന്ന തനിക്ക് അയാൾ ചേരില്ലെന്നും അവൾ കരുതി. എതിരിൽ ഇരുന്ന് വെറുതേ പരസ്പരം നോക്കാനോ വിരലുകളിൽ സ്പർശിക്കാനോ അശോകനെ കിട്ടാത്തത് തന്നെയാണ് ഇങ്ങനെയൊക്കെ ചിന്തിക്കാനുള്ള അവളുടെ പ്രധാന കാരണം.

അമ്മയുമായി പെണ്ണ് ചോദിക്കാൻ സുലോചനയുടെ ചേച്ചിയുടെ വിവാഹം കഴിയാൻ കാത്തിരിക്കുകയാണ് അശോകൻ. ആ നേരം വരും മുമ്പേ സാമ്പത്തിക നില മെച്ചപ്പെടത്തണമെന്നും അയാൾ കരുതിക്കാണണം. അല്ലെങ്കിൽ ഉഴപ്പി നടന്ന അശോകൻ എല്ലാ നാളും പണിക്ക് പോകേണ്ട ദിശയിലേക്ക് തിരിയില്ലായിരുന്നു.

താൻ പ്രേമിക്കുന്നയാൾ തന്നെയൊരു ഹിമകണം പോലെ താലോലിക്കണ മെന്നാണ് സുലോചനയുടെ ഉള്ളിൽ. തന്റെ സന്തോഷങ്ങളിൽ ആനന്ദം കണ്ടെത്തുകയും, താൻ പിണങ്ങുമ്പോൾ കൊഞ്ചി പിറകേ വരുകയും ചെയ്യുന്ന ഒരാളാകാൻ അശോകന് സാധിച്ചില്ല. അയാളുടെ മണം മരത്തിന്റേതും തന്റേത് മഷിയുടേതുമാണെന്ന് അവൾ ചിന്തിച്ചുവെച്ചു.

ഇതൊക്കെ പറഞ്ഞ് നമുക്ക് പിരിയാമെന്ന് സുലോചന പറയുമ്പോഴാണ് നിനക്ക് പുസ്തകം തിന്നുതിന്റെ പ്രാന്താണെന്ന് അശോകൻ പറയാറുള്ളത്.

അന്നും മൈതാനത്തിന്റെ ആളൊഴിഞ്ഞ മരച്ചുവട്ടിൽ വെച്ച് അവർ തമ്മിൽ കണ്ടു. കാത്തിരുന്നത് അശോകനായിരുന്നു. രണ്ടിൽ ഒന്ന് അറിയണം. വേണ്ടായെന്നാണെങ്കിൽ വേർപിരിയാൻ ഒരുക്കിയ മനസ്സുമായി തന്നെയാണ് അയാൾ വന്നിരിക്കുന്നത്..

‘എന്നെ നിനക്ക് വേണ്ടേ സുലൂ…?’

സുലോചന യാതൊന്നും പറയാതെ കൊഴിഞ്ഞുവീണ ഇലകൾ പൊടിഞ്ഞുപോയ മണ്ണിലേക്ക് നോക്കി നിന്നു. ചോദ്യം ആവർത്തിച്ചപ്പോൾ തനിക്ക് പ്രാന്താണെന്നല്ലേ നിങ്ങള് പറഞ്ഞതെന്ന് അവൾ ചോദിച്ചു. അശോകൻ ആ മരച്ചില്ലകളുടെ വിടവിലൂടെ മാനത്തേക്ക് നോക്കി തല ചൊറിഞ്ഞു.

‘ഇപ്പോഴെന്താണ് വേണ്ടത്…? ഞാനിനി മുന്നിൽ വരരുത്.. അത്രയല്ലേയുള്ളൂ…!’

സുലോചനയ്ക്ക് ആ നേരം ജോർജ്ജ് മാഷിന്റെ അകലുന്തോറും അടുക്കുന്നുവെന്ന കഥയാണ് ഓർമ്മ വന്നത്. ഇനിയൊരിക്കലും മുന്നിൽ വരില്ലായെന്ന് പറഞ്ഞ തോമസിനെ പോകാൻ അനുവദിക്കാത്ത സെറീനയായിരുന്നു. വ്യത്യസ്ത സ്വഭാവങ്ങളുള്ള രണ്ടുപേരുടെ തീവ്രമായ പ്രണയമായിരുന്നു ഉള്ളടക്കം. പിരിഞ്ഞുപോകുന്തോറും മുറുകിയടുക്കുന്ന രണ്ടുപേരുടെ ജീവിതം..

സെറീനയാകാൻ മഷിയുടെ മണമുള്ള മനസ്സുമായി സുലോചന വെമ്പിനിന്നു. മറുപടിയില്ലെന്ന് കണ്ടപ്പോൾ തിരിഞ്ഞുപോലും നോക്കാതെ നടന്നുതുടങ്ങിയ അശോകനെ പിന്നിൽ നിന്ന് പുണരാൻ അവളുടെ കാലുകൾക്ക് പിന്നെ വല്ലാത്തയൊരു ധൃതിയായിരുന്നു.

‘സുലൂ..!’

ഞെട്ടലോടെയാണ് അശോകൻ ആ പേര് ശബ്ദിച്ചത്. ഒന്നും പറയാതെ രണ്ടുപേരും മുറുക്കെ പുണർന്നു. ഒടുവിൽ അടർന്ന് മാറിയപ്പോൾ സന്തോഷത്തിന്റെ വിങ്ങലോടെ ഇതെന്താ പെട്ടെന്ന് ഇങ്ങനെയെന്ന് അയാൾ ചോദിച്ചു. തനിക്ക് സെറീനയെ ഓർമ്മ വന്നുവെന്ന് പറഞ്ഞ് സുലോചന ആ നേരം എങ്ങിയേങ്ങി കരയുകയായിരുന്നു.

കണ്ണീരൊലിക്കുന്ന ആ മുഖമുയർത്തി ആരാണ് സെറീനയെന്ന് അശോകൻ ചോദിച്ചു. മടിച്ചുകൊണ്ടാണെങ്കിലും ഒരു കുസൃതി ചിരിയോടെ അവളത് വ്യക്തമാക്കി. കേട്ടപ്പോൾ സുലോചനയെ ചൊടിപ്പിക്കുമെന്ന് അറിഞ്ഞിട്ടും അയാൾ അത് വീണ്ടും പറഞ്ഞു.

”പെണ്ണേ… ആടത്തെ പുസ്തകെല്ലാം തിന്നതിന്റെ പിരാന്താണ് നിനക്ക്…!!!’

Leave a Reply

Your email address will not be published. Required fields are marked *