എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ചൂട്ട് കെടുത്തി ഞാനൊരു ബീ ഡി കത്തിച്ചു. അതുകണ്ടപ്പോൾ ഏതൊയൊരുത്തൻ തീപ്പട്ടിക്കായി എന്റെ മുന്നിൽ കൈനീട്ടി. അത് കൊടുക്കാൻ തിരിഞ്ഞപ്പോഴാണ് സുമിത്രയെ ഞാൻ കാണുന്നത്. ഒക്കത്തൊരു കുഞ്ഞുമുണ്ട്. അവളുടെ കല്ല്യാണമൊക്കെ കഴിഞ്ഞ കാര്യമൊക്കെ കഴിഞ്ഞ പ്രാവശ്യം ലീവിന് വന്നപ്പോൾ മമ്മദ് പറഞ്ഞതാണ്. അതിന് ശേഷം അച്യുതനെ താൻ കണ്ടിട്ടില്ലെന്നും അവൻ ചേർത്തിരുന്നു.
സുമിത്രയുടെ കൂടെ അച്യുതനെ കൂടി പറയാതിരിക്കുന്നത് എങ്ങനെയാണ്! അവൾ പോലും അറിയാതെ അവൻ അവളെ സ്നേഹിച്ചിരുന്നതല്ലേ.. അതുകൊണ്ട് മാത്രം പ്രത്യേകിച്ച് യാതൊരു ബന്ധമില്ലാതിരുന്നിട്ടും എന്റെ ജീവിതത്തിലും അവൾ ബാധിച്ചു. ഞാനും അച്യുതനും പിരിയാൻ താനാണ് കാരണമെന്ന് പോലും സുമിത്ര അറിഞ്ഞിരിക്കാൻ സാധ്യതയില്ല. അങ്ങനെ പരസ്പരം അറിയാത്തവരെ കണ്ണികളായി ചേർത്ത് വലിക്കുമ്പോൾ എത്രയെത്ര ജീവിതങ്ങളാണല്ലേ പൊട്ടിപോകുന്നത്..!
ഞാൻ കോയമ്പത്തൂരിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ആറുവർഷമായി. വർഷത്തിൽ ഒരിക്കലെങ്കിലും ചില നാളുകളിലേക്കായി നാട്ടിലേക്ക് ഞാൻ വരാറുണ്ട്. ഇത്തവണത്തെ വരവ് മമ്മദിന്റെ നിക്കാഹിനാണ്. എത്തിയ രാത്രി തന്നെ ചൂട്ടും കത്തിച്ച് ഇങ്ങോട്ട് പുറപ്പെടുകയായിരുന്നു.
കേറിവാടായെന്ന് മമ്മദിന്റെ ഉപ്പ പറഞ്ഞു. വലിയ ബഹളമില്ലാത്ത ആ മുറ്റത്തേക്ക് നടന്നപ്പോഴാണ് തീർത്തും അപ്രതീക്ഷിതമായി ഞാൻ അച്യുതനെ കാണുന്നത്. പരസ്പരം കണ്ടിട്ടും കണ്ടെന്ന് രണ്ടുപേരും കാട്ടിയില്ല. എങ്ങനെ കാട്ടും! ഒരിക്കൽ ഉറ്റസുഹൃത്തുക്കൾ ആയിരുന്ന ഞങ്ങൾ ഇപ്പോൾ വർഗ്ഗ ശത്രുക്കളായി പോയില്ലേ!
എല്ലാ കാലത്തും എല്ലാവരേയും ചേർത്ത് പിടിക്കുകയെന്നത് മനുഷ്യർക്ക് എളുപ്പമല്ല. അതൊരു കുറ്റമായി ഞാൻ കാണുന്നുമില്ല. സ്നേഹം കൂടിയാലും കുറഞ്ഞാലും ഏതെങ്കിലുമൊരു വിഷയത്തിൽ കൂട്ടുകൂടിയവരെല്ലാം പിരിഞ്ഞുപോകുക തന്നെ ചെയ്യും. മറിച്ചാണെങ്കിൽ ഭാഗ്യമെന്ന് പറയാം. മാറ്റത്തിൽ ആരും ആരേയും ബുദ്ധിമുട്ടിക്കാതിരിക്കാൻ ശ്രമിക്കുകയെന്നതേ ശ്രദ്ധിക്കാനുള്ളൂ..
മമ്മദും ഞാനും അച്യുതനും ഒരുമിച്ച് പഠിച്ചും കളിച്ചും വളർന്നവരാണ്. ആരാന്റെ പറമ്പിലെ കശുവണ്ടി പെറുക്കി ഞങ്ങൾ വിൽക്കാറുണ്ട്. കിട്ടിയ പണം വീതിച്ചെടുത്ത് ഇഷ്ടമുള്ളത് വാങ്ങി തിന്നും.
തോട്ടിൻ കരയിലിരുന്ന് ഞങ്ങൾ മീൻ പിടിക്കാറുണ്ട്. അതിൽ ഉപ്പും മുളകും പുരട്ടി മാറ്റിവെച്ച കശുവണ്ടിയുമായി ചുട്ടുതിന്നും. പൊള്ളിയടർന്ന ബ്രാലിന്റെ മാംസത്തിലൊക്കെ പൊടിച്ചുവെച്ച അണ്ടിപ്പരിപ്പ് തിരുകി തിന്നുമ്പോൾ വല്ലാത്ത രുചിയാണ്. എന്തിനും ഏതിനും കൂടെ നിൽക്കുന്ന ഞങ്ങളുടെ സൗഹൃദം പോലെ..
ഞാനും അച്യുതനും അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. മമ്മദിന്റെ വീട്ടിലേക്ക് പോകണമെങ്കിൽ കുറച്ച് ദൂരമുണ്ട്. സൈക്കിൾ ഉണ്ടെങ്കിൽ എളുപ്പമാണ്. അതിനേക്കാളും എളുപ്പം ഭാർഗവേട്ടന്റെ തെങ്ങിൻ പറമ്പിലൂടെ നടന്ന് മൃഗാശുപത്രിയുടെ കയ്യാല കയറി തുള്ളുന്നതാണ്. അങ്ങനെയെത്തുന്ന റോഡിൽ നിന്ന് നൂറുമീറ്റർ അകലമേ മമ്മദിന്റെ വീട്ടിലേക്കുള്ളൂ…
അങ്ങനെ ഞങ്ങൾ മൂന്നുപേരും കൂടി നിർമ്മിച്ച വഴിയിലൂടെ പലരും പോകുകയും അതൊരു പൊതുവായ നടവഴി ആകുകയും ചെയ്തു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പ്രായത്തിന്റെ ഓരോ വേളയിലും ഞങ്ങൾ അതിലൂടെ സഞ്ചരിച്ചു.
ഭാർഗവേട്ടന്റെ തെങ്ങിൻ പറമ്പ് തന്നെയായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന്റെ ഓരോ ഘട്ടത്തിന്റേയും സാക്ഷി. എനിക്ക് നല്ല ഓർമ്മയുണ്ട്. കപിൽ ദേവ് ലോക ക്രിക്കറ്റിന്റെ കപ്പ് രാജ്യത്തിന് വേണ്ടി ആദ്യമായി ഉയർത്തിയ നാളായിരുന്നുവത്. വിഷയം അതല്ലെങ്കിലും പോലും അന്നാണ് ഞാനും അച്യുതനും തമ്മിൽ പിരിഞ്ഞത്.
‘ഓൻ വന്നിട്ട് തുടങ്ങിയാൽ പോരേ…’
അന്ന് മമ്മദ് എന്നോട് ചോദിച്ചു. ഇന്ത്യ കപ്പടിച്ചത് കൊണ്ട് അവൻ വരാൻ വൈകുമെന്ന് ഞാൻ പറഞ്ഞു. അച്യുതന് ക്രിക്കറ്റെന്നാൽ ജീവനാണ്. പറഞ്ഞു തീരും മുമ്പേ ഞങ്ങളുടെ അടുത്തേക്കൊരു ചൂട്ടുവെളിച്ചം നടന്നുവന്നു. അത് അച്യുതനായിരുന്നു.
‘ഞാൻ വന്നിട്ട് തുടങ്ങിയാൽ മതിയെന്ന് പറഞ്ഞതല്ലേ…?’
മ ദ്യം അകത്ത് ചെന്നപ്പോൾ കുടഞ്ഞ എന്റെ തലയോടാണ് അവൻ അത് ചോദിച്ചത്. നീ വരാൻ വൈകുമെന്ന് കരുതിയതു കൊണ്ടാണെന്ന് പറഞ്ഞിട്ടും അവന്റെ പിണക്കം മാറിയില്ല. ഇത്രേം നിസ്സാരമായ വിഷയത്തിന് അച്യുതൻ ഒരിക്കലും വാശി കാണിക്കില്ലായെന്ന് എനിക്ക് അറിയാമായിരുന്നു.
‘എന്താണ് നിന്റെ പ്രശ്നം.. മറ്റെന്തെങ്കിലുമാണെങ്കിൽ നേരെ ചൊവ്വെ പറ.. ഇതാ.. ഇത് അടിച്ചിട്ട് പറ..’
ഒഴിച്ച മ ദ്യം അവന് നേരെ നീട്ടിക്കൊണ്ടാണ് ഞാനത് പറഞ്ഞത്. അവനത് വാങ്ങി ഞങ്ങളുടെ കൂടെ ഇരുന്നു. ഉണങ്ങിയ മടലുകളുടെ ചെറിയ ചീളുകൾ കൂട്ടി വെച്ച് മമ്മദ് തീ യിട്ടിട്ടുണ്ടായിരുന്നു. ആ വെളിച്ചത്തിൽ മൂന്നുപേരുടേയും മുഖങ്ങൾ വ്യക്തം.
‘ഇന്ന് രാവിലെ വായനശാലയിൽ നിന്റെ കൂടെയുണ്ടായിരുന്ന പെണ്ണേതാന്ന്…?’
ഞാൻ കൊടുത്തത് ഒറ്റവലിക്ക് കുടിച്ചതിനു ശേഷം അച്യുതൻ എന്നോട് ചോദിച്ചു. പറയാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. സുമിത്രയുടെ കാര്യമാണോയെന്ന് ഞാൻ ചോദിച്ചു. അതേയെന്നും പറഞ്ഞ് അവനൊരു വാശിപോലെ ഒന്നുകൂടി ഒഴിച്ച് കുടിച്ചു.
‘ഓള് അച്യുതന്റെ പെണ്ണാന്ന്ന്ന് നിനക്കറിയില്ലേ….?’
ആ ശബ്ദം എനിക്കൊരു പുതിയ അറിവായിരുന്നു. അറിയില്ലെന്ന് പറഞ്ഞിട്ടും അച്യുതൻ കേട്ടില്ല. മനഃപൂർവ്വം ഞാൻ അവന്റെ പെണ്ണിനെ അവനിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിക്കുകയാണ് പോലും..!
നീ ഉദ്ദേശിക്കുന്നത് പോലെ യാതൊരു ബന്ധവും സുമിത്രയുമായി എനിക്കില്ലെന്ന് പറഞ്ഞിട്ടും അച്യുതൻ വിശ്വസിച്ചില്ല. നീയിനി അവളെ കണ്ടുപോകരുതെന്ന് അവൻ ആഞ്ജാപിച്ചു. ആർക്കാണ് ആജ്ഞകൾ സ്വീകാര്യമാകുക! കാണുകയും മിണ്ടുകയും വേണ്ടി വന്നാൽ കെട്ടുകയും ചെയ്യുമെന്ന് ഒരു വാശിയിൽ ഞാൻ പറഞ്ഞുപോയി. അതുകേട്ടപ്പോൾ മ ദ്യത്തിൽ കുഴഞ്ഞ തലയുമായി അവൻ എഴുന്നേൽക്കുകയായിരുന്നു.
‘ഇത്രയൊക്കെയുള്ളൂ നിനക്ക് ഞാനല്ലേ…!’
എന്നും പറഞ്ഞ് കെടുത്തിയ ചൂട്ട് പോലും എടുക്കാതെ അച്യുതൻ തിരിച്ച് നടന്നു. പിറകേ ചെന്ന് വിളിച്ചിട്ടും അവൻ നിന്നില്ല. ന്യായം എന്റെ ഭാഗത്താണെന്ന തോന്നലിൽ യാതൊന്നും ബോധിപ്പിക്കാൻ ഞാൻ അവനെ തിരഞ്ഞതുമില്ല. ഒത്തു തീർപ്പാക്കാൻ മമ്മദ് പല വഴികളിലും ശ്രമിച്ചിരുന്നു. നാളുകളും മാസങ്ങളും കഴിഞ്ഞിട്ടും ഒത്തുതീർപ്പ് ആയില്ല. ആയിടക്ക് അളിയൻ കോയമ്പത്തൂരിൽ ഏർപ്പാടാക്കിയ ജോലിയിലേക്ക് ഞാൻ പ്രവേശിക്കുകയും ചെയ്തു.
എന്റെ ആദ്യ ജോലി!
നാടുമായുള്ള ബന്ധം കുറഞ്ഞപ്പോൾ ഊഹിക്കാവുന്നതിലും അപ്പുറത്തേക്ക് അച്യുതൻ അകന്നു. ലീവ് കിട്ടുമ്പോഴൊക്കെ നാട്ടിലേക്ക് ഞാൻ വരാറുണ്ട്. മമ്മദിനെ കാണുമെങ്കിലും അച്യുതൻ ജീവിതത്തിൽ നിന്ന് തന്നെ അപ്രത്യക്ഷ മായത് പോലെ.. ഫോൺ വിളിക്കാനുള്ള മാർഗമൊന്നും അന്ന് ഉണ്ടായിരുന്നില്ലായെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
തെറ്റി പിരിഞ്ഞ സഹൃദങ്ങളുടെ അപ്രതീക്ഷിതമായ കൂടിക്കാഴ്ച്ചകൾ ഒരു ശ്വാസ തടസ്സം തന്നെയാണ്. ഏത് ബന്ധങ്ങളിൽ ആയാലും കൂട്ടം ചേർന്ന് ജീവിക്കുന്നവരുടെ ജീവിതത്തിൽ ഇത്തരമൊരു സന്ദർഭം സർവ്വ സാധാരണമാണല്ലോ..! എന്നിരുന്നാലും ഉറ്റസുഹൃത്തുക്കളായി കണ്ടവരെ നഷ്ടപ്പെടുന്നയൊരു അവസ്ഥ വളരേ ദുഃഖകരമാണ്. അത് മറക്കാൻ എന്നോണം പിന്നീടൊരു മനുഷ്യനേയും നമുക്ക് കിട്ടിയെന്നും വരില്ല. അല്ലെങ്കിലും ആർക്കും ആരും പകരമാകില്ലല്ലോ..
മമ്മദിനോട് നാളെ വരാമെന്ന് പറഞ്ഞ് ഞാൻ ഇറങ്ങി. അതിനുമുമ്പേ മുമ്പേ ആ നിക്കാഹ് പുരയിൽ നിന്ന് അച്യുതൻ നടന്നുതുടങ്ങിയിരുന്നു. ഭാർഗവേട്ടന്റെ തെങ്ങിൻ പറമ്പിലൂടെ തന്നെ പോകാമെന്ന് കരുതി ആരോ കു ത്തി കെടുത്തിയ ചൂട്ട് ഞാൻ എടുത്തു. പുതുക്കി പണിത മൃഗാശുപത്രിയുടെ കല്ലുമതിൽ മറിഞ്ഞുകടന്ന് ഞാൻ ചൂട്ട് ക ത്തിക്കാൻ ഒരുങ്ങി. അപ്പോഴാണ് നിക്കാഹ് പുരയിൽ നിന്ന് ഒരാൾ എന്റെ തീപ്പട്ടി വാങ്ങി പോയത് ഞാൻ ഓർത്തത്.
ചൂട്ട് എങ്ങനെ കത്തിക്കും!
ഇഴജന്തുക്കൾ ഏറെയുള്ള ആ ഇരുട്ട് വഴിയിലേക്ക് ഇറങ്ങാൻ എനിക്ക് ഭയം തോന്നി. ആരുടെയൊക്കെയോ കാലനക്കങ്ങൾ അടുത്തേക്ക് വരുന്നത് പോലെ. ഞാൻ ശ്വാസം അടക്കി പിടിച്ച് ശ്രദ്ധിച്ചു. മെതിയുന്ന കരിയിലകൾ! ശ്വാസത്തിന്റെ കിതപ്പ്! ഒരു ആൾരൂപം എന്നെ ചുറ്റുന്നത് പോലെ….
ആരായെന്ന് ചോദിക്കും മുമ്പേ ആ ഇരുട്ടിൽ നിന്ന് ഒരു തീപ്പട്ടി കൊള്ളി കത്തി നിന്നു. ഞാൻ ചൂട്ട് നീട്ടി. ഉണങ്ങിയ ഓലയിൽ നിന്നും പതിയേ ആളിത്തുടങ്ങിയ ആ മഞ്ഞ വെളിച്ചത്തിൽ എതിരെ നിന്ന ആളുടെ മുഖം വ്യക്തമായി ഞാൻ കണ്ടു. കൂവി വിളിക്കാനുള്ള സന്തോഷം തോന്നിയിട്ടും എനിക്കതിന് സാധിച്ചില്ല. അതിനുമുമ്പേ എന്റെ കണ്ണുകൾ നിറഞ്ഞുപോയി. അത് ഇറ്റുവീണ ചുണ്ടുകൾ അറിയാതെ ആ പേര് മന്ത്രിച്ചു.
‘അച്യുതൻ…..!!!’