ആ സന്തോഷത്തിന് ആയുസ്സധികമുണ്ടായിരുന്നില്ല കണാരൻ കണിയാൻ പ്രശ്നം വെച്ച് കവടി നിരത്തി ഭാവി ജീവിതം പ്രവചിച്ചതിനു ശേഷമങ്ങോട്ട് ജീവിതമാകെ താറുമാറായിപ്പോകുകയായിരുന്നു……

രണ്ടാം ഭാവം

Story written by Adarsh Mohanan

പത്താം ക്ലാസ്സിൽ നല്ല മാർക്കോടു കൂടി പാസ്സായപ്പോൾ മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടിയിരുന്നു, സ്വന്തം കാലിൽ നിൽക്കാൻ പാകത്തിലൊരു ജോലി അതെന്റെയൊരു ജീവിതാഭിലാഷമായിരുന്നു

ഉപരിപഠനത്തിനായി ഉള്ളം തുടിച്ചു നിന്നെങ്കിലും അമ്മായിയുടെ നിർബ്ബന്ധ പ്രകാരമാണ് അമ്മാവൻ എനിക്കുള്ള വിവാഹാലോചനയുമായെത്തുന്നത്. അച്ഛൻ മരിച്ചതിനു ശേഷം ആരോരുമില്ലാത്ത ഞാനും അമ്മയും അമ്മാവന്റെ ആശ്രയത്തിലാണ് ജീവിച്ചിരുന്നത്

ഞാനൊരു പെൺകുട്ടിയായിപ്പോയതിനാലാവാം അമ്മായിക്ക് വല്ലാത്ത ഭയമായിരുന്നു. ഞാനെന്ന ഭാരം അമ്മാവന്റെ ചുമലിൽ വന്നു ഭവിക്കും എന്നുള്ള ഭയം

പത്തു പൈസ സ്ത്രീധനം വാങ്ങാതെ ഇത്രയും നല്ലൊരാലോചനയിനി ജീവിതത്തിലുണ്ടാവില്ലെന്നമ്മായി കടുപ്പിച്ച് പറഞ്ഞപ്പോൾ അമ്മയുടെ മൗനം സമ്മതമായാണ് അമ്മാവനും എടുത്തത്

സ്വന്തമായി സ്വപ്നം കാണാൻ പോലും അവകാശമില്ലാതിരുന്ന ഈയുള്ളവളുടെ സമ്മതം ആർക്കും വേണ്ടിയിരുന്നില്ല

എനിക്കറിയാം അമ്മായിയുടെ ആട്ടും തുപ്പും കുരയും ആവോളം സഹിച്ചയെന്നെ അവിടെ നിന്നും രക്ഷപ്പെടുത്താൻ വേണ്ടിയായിരുന്നു അമ്മ അങ്ങനെ ചെയ്തത് എന്ന്

വരനെ കുറിച്ച് കൂടുതലൊന്നും ഞാനന്വേഷിച്ചിരുന്നില്ല . കൂടുതൽ പ്രതീക്ഷകളും ഉണ്ടായിരുന്നില്ല. ഒരു നേരത്തെ അന്നവും സുരക്ഷിതമായൊന്നു തല ചായ്ക്കാ നൊരിടവും അത്രയേ ഞാനും ആശിച്ചിരുന്നൊള്ളൂ.

വിവാഹം കഴിഞ്ഞ് പടിയിറങ്ങുമ്പോഴും അമ്മയെന്നെ ചേർത്തുനിർത്തിയൊന്നേ പറഞ്ഞുള്ളൂ , ഈ അമ്മയെ ഓർത്തൊരിക്കലും നീ സങ്കടപ്പെടെരുത് അമ്മക്കിവിടെ സുഖമായിരിക്കും എന്ന്

അമ്മയേപ്പോലെയെന്നെ സ്നേഹിക്കുന്നൊരമ്മായിയമ്മയെ കാട്ടിയപ്പോഴും, സ്നേഹ നിധിയായൊരു ഭർത്താവിന്റെ സംരക്ഷണത്തിൽ കഴിയുമ്പോഴും തെല്ലൊന്നുമല്ല ഞാൻ സന്തോഷിച്ചത്

ആ സന്തോഷത്തിന് ആയുസ്സധികമുണ്ടായിരുന്നില്ല കണാരൻ കണിയാൻ പ്രശ്നം വെച്ച് കവടി നിരത്തി ഭാവി ജീവിതം പ്രവചിച്ചതിനു ശേഷമങ്ങോട്ട് ജീവിതമാകെ താറുമാറായിപ്പോകുകയായിരുന്നു

എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞ് പെൺകുഞ്ഞാണെന്നും ആദ്യത്തെ കുഞ്ഞ് പെണ്ണായാൽ കുഞ്ഞിന്റെ അച്ഛനത് ദോഷമായി ഫലിക്കും എന്നയാൾ പറഞ്ഞപ്പോൾ മുതൽ ഉള്ളിൽ തീയായിരുന്നു

എന്നും സന്ധ്യക്ക് വിളക്കു കത്തിക്കുമ്പോൾ നിറവയറിൽ തൊട്ട് ഞാൻ പ്രാർത്ഥിക്കാറുണ്ട് ഈ വളരുന്നതൊരു ആൺകുഞ്ഞായിരിക്കണേ എന്ന്

അന്നു മുതലാണെന്റെ ഭർത്താവിന്റെ മുഖഭാവത്തുണ്ടായ ഭാവവ്യത്യാസത്തെ ആദ്യമായ് ഞാൻ ശ്രദ്ധിക്കുന്നത്, സ്വതവേ മദ്യപാനി തന്നെയായിരുന്ന അയാൾ അളവിൽക്കൂടുതൽ കുടിച്ച് വീട്ടിൽ വരുവാൻ തുടങ്ങി

പലതവണയെന്നോട് കെഞ്ചിപ്പറഞ്ഞു കുഞ്ഞിനെ നശിപ്പിക്കണം എന്ന്. അന്നും അവിടുത്തെയമ്മയതിനു മുടക്കം പറയാറുള്ളപ്പോൾ ഉള്ളിലൊരു ആശ്വാസ മായിരുന്നു, ഒപ്പം അതെനിക്കൊരു ധൈര്യവും കൂടെയായിരുന്നു എന്റെ കുഞ്ഞ് സുരക്ഷയിലാണ് എന്ന ധൈര്യം

മകളായി ഒരു പെൺകുട്ടിയില്ലാതിരുന്ന ആ അമ്മ എന്നെ സ്വന്തം മകളായി തന്നെയാണ് കണ്ടിരുന്നത്.

ദിനംപ്രതി അയാളുടെ മദ്യപാനത്തിന്റെ അളവും കൂടി വന്നു കൊണ്ടിരുന്നു, കെഞ്ചിക്കൊണ്ട് ആവശ്യങ്ങളുന്നയിക്കാറുള്ള എന്റെ ഭർത്താവിന്റെ യഥാർത്ഥ സ്വരൂപം അന്നു ഞാൻ കണ്ടു

അനുസരണക്കേട് കാണിച്ചാൽ കൊന്നുകളയുമെന്നു പറഞ്ഞെന്റെ നിറവയറിലേക്കയാൾ ഓങ്ങിയടിക്കാനയാൾ ശ്രമിച്ചു , ഒഴിഞ്ഞുമാറിയപ്പോൾ എന്റെ കരണത്തിലേക്കയാൾ അയാളുടെ ബലിഷ്ടമായ കൈകൾപ്പതിപ്പിച്ചു

വേദന കൊണ്ടു പുളഞ്ഞ് ഞാൻ നേരെ ചെന്നത് അമ്മയുടെ മുറിയിലേക്കാണ് , പ്രസവം കഴിയുന്നത് വരെ അവരുടെ അനിയത്തിയുടെ വീട്ടിലായിരുന്നു ഞങ്ങൾ രണ്ടാളും

ഭയന്നപടി ജനിച്ചത് ഒരു പെൺകുഞ്ഞ് തന്നെയായിരുന്നു. അന്നും എന്റെ മുഖത്തെ മങ്ങലിനു തെളിച്ചം തന്നത് അവിടുത്തെ അമ്മയായിരുന്നു , ഉള്ളിൽ ഭയപ്പാടോടെയാണ് വീണ്ടുമാവീട്ടിലേക്ക് ഞാൻ കടന്നു ചെന്നത് എന്റെ മാറിലൊട്ടിക്കിടന്ന സ്വന്തം ചോരയെ അയാൾ ഒന്നു നോക്കുക കൂടെ ചെയ്തില്ല

കുഞ്ഞിനെ കണ്ടിട്ടെങ്കിലും അയാളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കരുതി യതൊക്കെ വെറുതെയായിരുന്നു, പിന്നീടൊക്കെ എന്നിലെ കുറ്റങ്ങളോരോന്നും കണ്ടു പിടിച്ച് എന്നെ മർദ്ദിക്കുക എന്നത് അയാളുടെയൊരു വിനോദമായിരുന്നു. ഉറങ്ങിക്കിടക്കുന്നയെന്റെ കുഞ്ഞിനെ അപകടപ്പെടുത്താനയാൾ പല തവണ ശ്രമിച്ചിട്ടുമുണ്ട്.

പിന്നീടങ്ങോട്ട് ഉറക്കമെന്താണെന്നു തന്നെ ഞാനറിഞ്ഞിരുന്നില്ല. ചോദിക്കാനും പറയാനും ഒരു ആങ്ങളയില്ല ചേർത്തു പിടിക്കാൻ അച്ഛനില്ല എന്തിനേറെ കൈമുതലായിട്ടൊരു കൈത്തൊഴിൽ പോലുമില്ല സ്വന്തം കാലിൽ നിൽക്കാൻ ശേഷിയില്ലാത്ത ഞാൻ എല്ലാം മനപ്പൂർവ്വം സഹിച്ചു ക്ഷമിച്ചു എല്ലാമെന്റെ വിധിയാണെന്നോർത്തു സമാധാനിച്ചത് എന്റെ മകൾക്കു വേണ്ടിയായിരുന്നു

പതിവു തെറ്റാതെയെന്നും മദ്യപിച്ചു വന്നയയാളുടെ ഷർട്ടിൽ സിന്ദൂരക്കറ കണ്ടിട്ടുo കണ്ടില്ലെന്നു തന്നെയാണ് നടിച്ചത് കൂടെക്കിടക്കുമ്പോൾ മദ്യത്തോടൊപ്പം പരസ്ത്രീയുടെ ഗന്ധവും കൂടിയായപ്പോൾ താങ്ങാനായില്ലെനിക്ക്, എനിക്കെന്നല്ല ലോകത്തൊരു പെണ്ണിനും സഹിക്കാനാവില്ലത്

പിറ്റെ ദിവസം അമ്മയോടെല്ലാം ഞാൻ തുറന്നു പറഞ്ഞു , അമ്മയതിനെ ചോദ്യം ചെയ്തപ്പോൾ കൈകൾക്കൂട്ടി വലിച്ച് തളളി മാറ്റുകയായിരുന്നു അയാളമ്മയെ

പണ്ടെന്റെയമ്മ എന്നോട് പറഞ്ഞിട്ടുണ്ട് ഒരാണിന്റെ സ്നേഹം മനസ്സിലാക്കണമെങ്കിൽ അവൻ തന്റെ അമ്മയോട് എങ്ങിനെയാണ് പെരുമാറുന്നതെന്നൊന്നു വീക്ഷിച്ചാൽ മതി എന്ന്, അങ്ങിനേ നോക്കുമ്പോൾ ഇയാൾക്ക് ജീവിതത്തിലൊരിക്കലും എന്നെ സ്നേഹിക്കാൻ കഴിയില്ലെന്നെനിക്ക് മനസ്സിലായി

വർഷങ്ങൾക്കു ശേഷമാണ് ഞാനെന്റെ അമ്മയെക്കാണുന്നത് സുഖമാണോ എന്നുള്ള അമ്മയുടേ ചോദ്യത്തിന് എനിക്കിവിടെ പരമ സുഖമാണമ്മേ എന്നാണ് ഞാൻ മറുപടി കൊടുത്തത്

ആ മുഖത്ത് നോക്കി എനിക്കങ്ങിനെ പറയാനേ തോന്നിയുള്ളോ, എങ്കിലും പുഞ്ചിരിയുടെ ഭാവാഭിനയം കുത്തിക്കേറ്റി നിന്ന എന്റെ മുഖത്ത് നോക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു

അത്താഴത്തിനിരിക്കുമ്പോൾ അമ്മായി വെച്ചു നീട്ടാനുള്ള ബാക്കി വരുന്ന പഴങ്കഞ്ഞി എനിക്കു നേരെ നീട്ടിയിട്ട് അമ്മയ്ക്കു വിശക്കുന്നില്ല മോളെ എന്നു കള്ളം പറയാറുള്ള എന്റെയമ്മക്ക്

വീട്ടുജോലി കഴിഞ്ഞ് നടുവേദനകൊണ്ട് പുളഞ്ഞ് ഉറക്കം കിട്ടാതെയിരിക്കുമ്പോൾ സുഖമില്ലേയമ്മേ എന്ന എന്റെ ചോദ്യത്തിന് അമ്മക്കൊരു കുഴപ്പവുമില്ലെന്നെന്നോട് കള്ളം പറയാറുള്ള എന്റെയമ്മയ്ക്ക് എന്റെയീ കുഞ്ഞു കള്ളത്തെ മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ലായിരുന്നു

ഈയമ്മയോട് നിനക്ക് ദേഷ്യമുണ്ടോ എന്നമ്മ ചോദിച്ചപ്പോൾ പ്രാണനേക്കാളധികം എന്നെ സ്നേഹിക്കുന്ന അമ്മയേ ഞാനെങ്ങനെ വെറുക്കുമെന്നു ചോദിച്ച് ആ മാറിൽ തല വെയ്ച്ച് ഞാനാവോളം കരഞ്ഞു, വർഷങ്ങളായി കിട്ടാതിരുന്ന മനസമാധാനവും ആശ്വാസവും അമ്മയടുത്തുള്ളയാ ദിവസം എനിക്കു കിട്ടി

ദിനം പ്രതി അയാളുടെ ക്രൂരമായ നടപടികൾ കൂടി വന്നപ്പോഴാണ് സ്വന്തം കാലിൽ നിൽക്കണം അതിനൊരു ജോലി ആവശ്യമാണെന്നെനിക്ക് തോന്നിയത്

എന്റെ സ്വപ്നങ്ങളിലേക്കെന്നെ തിരിഞ്ഞു നോക്കാൻ പ്രേരിപ്പിച്ചത് അയാൾ എന്റെ മകൾക്കു നേരെ അക്രമം അഴിച്ചു വിട്ടു തുടങ്ങിയപ്പോഴാണ്

ആറുവയസ്സു തികയാത്തയവളെ ഓരോ കാരണങ്ങൾ കണ്ടെത്തി കാര വടിക്കടിക്കുമ്പോൾ മുക്കാലടിയും ഞാനേറ്റുവാങ്ങിയവളെ സംരക്ഷിക്കാറുണ്ട്

നാളെയെങ്കിലും അയാൾ മദ്യപിക്കാതെ വരണെയെന്ന് എന്നു ദിവസവുംപ്രാർത്ഥിക്കാറുള്ള ഞാൻ പിന്നീട് അയാൾ മദ്യപിച്ച് ബോധമില്ലാതെ വരണെ ദൈവമേ എന്നാണ് പ്രാർത്ഥിക്കാറ്, പി എസ് സിയെഴുതാൻ സ്വസ്ഥമായിരുന്നൊന്ന് പഠിക്കുവാൻ വേണ്ടിയായിരുന്നു അത്

ജീവിതത്തിലിന്നേവരെ ഒരു ബസ്സിൽ കയറിയിട്ടില്ലാത്ത എനിക്ക് കെ എസ് ആർ ടി സി യിൽ കണ്ടക്ടറായി ജോലി കിട്ടിയതിന്റെ അപ്പോയിൻമെന്റ് ലെറ്റർ വന്നപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു ഉണ്ടായത്

കുട്ടിക്കാലത്തൊക്കെ ബസ്സ് പോകുന്നത് ഒരു കൗതുകത്തോടെയാണ് ഞങ്ങൾ നോക്കി നിൽക്കാറ് ഇനി മുതൽ അതേ ബസ്സിൽ ആദ്യമായി ജോലിക്കു കയറാൻ സാധിക്കുമല്ലോ എന്നോർത്തപ്പോൾ ഉളളിലാകെ കുളിരു കോരിയിരുന്നു

മനസ്സിലുറപ്പിച്ചിരുന്ന പോലെ മോളെയും കൂട്ടി ഞാനാ പടിയിറങ്ങുമ്പോൾ അവിടുത്തെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു അരികിലേക്ക് നടന്നടുത്ത് പോരുന്നോ എന്റെ കൂടെയെന്ന് ഞാനാ മുഖത്തു നോക്കി ചോദിച്ചപ്പോൾ മറുവാക്കൊന്നും തന്നെയുണ്ടായിരുന്നില്ലയാ അമ്മയ്ക്ക്

നേരെ അമ്മാവന്റെ വീട്ടിൽച്ചെന്ന് എന്റെയമ്മയേയും കൂടെക്കൂട്ടുമ്പോൾ ഞാനറിയുകയായിരുന്നു എന്റെ സ്വപ്നത്തിന് ഒരു പൂർണത വന്നെന്നുള്ളത്

എന്റെ അധ്വാനത്തിൽ നിന്നുതിർന്ന ഒരു പിടി ചോറ് ഉരുളയൂട്ടി അമ്മയ്ക്കു വെച്ചു കൊടുക്കണമെന്നും മനസ്സമാധാനത്തോടു കൂടി ഒരു രാത്രിയിലെങ്കിലും തന്റെ മകളേയോർത്ത് അഭിമാനം കൊണ്ടുറങ്ങുന്ന അമ്മയെ ഇനിയെനിക്കു കാണാൻ സാധിക്കുമെന്നോർത്തപ്പോൾ നെഞ്ചുരുകി പ്രാർത്ഥിക്കാറുള്ള കുല ദേവതകൾക്ക് ആയിരം ആവർത്തി നന്ദി പറഞ്ഞു

അമ്മയെക്കൂട്ടി ഞാനാ പടിയിറങ്ങുമ്പോൾ പുച്ഛത്തോടെ നോക്കി നിന്ന അമ്മായിയുടെ മുഖത്തു നോക്കിയൊന്നു പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളു . ഒരു പരാതിയും ബോധിപ്പിക്കാതെ നിറകണ്ണുകളോടെ ഞാനമ്മാവന്റെ കാൽകളിൽ വീണനുഗ്രഹം വാങ്ങിക്കുകയാണ് ചെയ്ത്

ഉണ്ടചോറിനു നന്ദി വേണമെന്ന് പറഞ്ഞു പഠിപ്പിച്ച എന്റെയമ്മയുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞു തുളുമ്പിയിരുന്നു, ഒറ്റക്കായപ്പോൾ ഉണ്ണാനന്നവും ഉറങ്ങാനിടവും തന്ന ആ വലിയ മനുഷ്യനെന്നെ എഴുന്നേൽപ്പിച്ചിട്ടെന്നോടായ് പറഞ്ഞു നല്ലതു ഭവിക്കട്ടെയെന്ന്

പ്രതീക്ഷിച്ചതു പോലെത്തന്നെ വൈകിയാണെങ്കിലും അയാൾ ഞങ്ങളെത്തേടി വന്നു. വരില്ലെന്ന് ഞാനുറപ്പിച്ചു പറഞ്ഞപ്പോൾ എന്റെ മോളെയയാൾ തറയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയാണ് ചെയ്തത്

തനിക്കുണ്ടായ നഷ്ടങ്ങൾ ഇവളെ വച്ച് താൻ സമ്പാദിച്ചെടുക്കുമെന്നയാൾ പറഞ്ഞപ്പോൾ എന്റെ രക്തം തിളച്ചുകയറുകയാണുണ്ടായത്

ഞെരമ്പുകൾ വലിഞ്ഞുമുറുകുമ്പോഴും കോപം കൊണ്ട് തല പെരു പെരുത്തപ്പോഴും ഞാനറിയാതെത്തന്നെ എന്റെ വലതുകാലയാളുടെ നെഞ്ചിൻ കൂട്ടിൽപ്പതിക്കുകയായിരുന്നു.

തെറിച്ചു വീണയാൾ വീണ്ടും എണീക്കും മുൻപേ അടുത്ത അടി കാഞ്ഞിരവടി കൊണ്ടടിച്ചത് അവിടുത്തെ അമ്മയായിരുന്നു. ക്രോധം കൊണ്ടുറഞ്ഞു തുള്ളിയാ അമ്മ വീണ്ടും വീണ്ടും അയാളെ മർദ്ദിച്ചു കൊണ്ടുറക്കെ പറഞ്ഞു

” നീ പണ്ടേ മരിച്ചതാ എന്റെ മനസ്സിൽ പകരമായ് ഇപ്പോളെനിക്കൊരു മകളാണുള്ളത് , അവളെ നോവിക്കാനിനിയാരെങ്കിലും മുതിർന്നാൽ കൊന്നുകളയാനും മടിക്കില്ല ഞാൻ ” എന്ന്

മരിച്ചു പോയ എന്റെ അച്ഛനെയാണ് ഞാനവിടെ കണ്ടത് , എനിക്കുറപ്പാണ് ഇനിയുള്ള കാലം ഈ രണ്ടമ്മമാരുടെ കൂടെ കിട്ടുന്ന സ്നേഹവും സംരക്ഷണം മറ്റെവിടെയും എനിക്ക് കിട്ടില്ല എന്ന്

അന്നു രാത്രി പഠിക്കാനിരുന്ന എന്റെ മോളാകെ ഭയന്നു വിറച്ചിരുന്നു അക്ഷരങ്ങൾ വിറങ്ങലോടെ വിഴുങ്ങിക്കൊണ്ടിരുന്ന അവൾക്ക് ഓരോ പാOങ്ങളും ചൂണ്ടിപ്പടിപ്പിക്കുമ്പോഴും മനസ്സിൽ ഞാൻ ഉറപ്പിച്ചിരുന്നു

ഈ അമ്മയ്ക്കുണ്ടായ ഗതികേട് എന്റെ മകൾക്ക് വരുത്തില്ല എന്ന് . ചങ്കിലു തുടിപ്പുള്ള കാലത്തോളം ഞാനെന്റെ മോളെ പഠിപ്പിക്കും എന്ന് . ഒപ്പം സ്വന്തം കാലിൽ നിന്നതിനു ശേഷം കല്യാണം കഴിപ്പിച്ചു കൊടുക്കണം എന്ന്

NB : സ്ത്രീ ക്ഷമയുടെയും സഹനത്തിന്റേയും മൂർത്തീ ഭാവമാണ് ക്ഷമ നശിക്കുമ്പോൾ സഹിക്കാവുന്നതിമപ്പുറമാകുമ്പോൾ അവരിൽ പ്രകടമാകുന്നതാണീ രണ്ടാം ഭാവം അതു വരുത്താതെ നോക്കണം ഒരു ഭർത്താവെന്ന നിലയിൽ ഒരു സഹോദരനെന്ന നിലയിൽ ഒരു അച്ഛനെന്ന നിലയിൽ ഒരു സുഹൃത്തെന്ന നിലയിൽ അതിലുമുപരി ഒരു മകനെന്ന നിലയിൽ cv

Related Posts

Leave a Reply

Your email address will not be published. Required fields are marked *