ആ സ്ത്രീമായുള്ള തർക്കത്തിനിടയിൽ അവർ എനിക്ക് നേരെ കൈ വീശി. പെട്ടെന്നുള്ള പ്രതികരണം ആയതിനാൽ എന്റെ മുഖത്തേക്കാണത്…..

story written by Murali Ramachandran

“എടി സാവിത്രി, ഏതോ ഒരു പെണ്ണ് കേസില് നിന്റെ മോനെ പോലീസ് പിടിച്ചൂന്നു കേട്ടല്ലൊ.. സത്യാണോ..? അല്ല, എന്താ സംഭവം..? ഇനി അവനെങ്ങാനും വെല്ലോം ഒപ്പിച്ചോ, കാലം അതാണെല്ലോ..?”

അടുക്കള വാതിൽ വരെ എത്തിയ ആ സംഭാഷണം എന്റെ ചെവിയിലേക്ക് എത്താൻ അധികം സമയം വേണ്ടിവന്നില്ല. വത്സല ചേച്ചിക്ക് ചൂടുള്ള വാർത്ത കിട്ടാൻ രാവിലെ പോന്നതാണെന്ന കാര്യം അമ്മക്ക് മനസിലായിട്ടുണ്ടാവും.

“ദേ ചേച്ചി.. കാലം അതായിരിക്കും. എന്നാലേ.. അവനെന്റെ മോനാ..! ഞാനവനെ അങ്ങനല്ല വളർത്തിയത്. തന്ത പോയെന്നു കരുതി അവന്റെ തോന്നിവാസത്തിനൊന്നും ഞാൻ വിട്ടില്ല. ചേച്ചിയൊന്ന് പോയേ.. രാവിലെ തന്നെ എന്റെ വായിന്നു നല്ലത് കേൾക്കരുത്.”

അമ്മയുടെ ആ മറുപടി കൂടി പോയതുകൊണ്ടോയെന്തൊ, വത്സല ചേച്ചിയുടെ സംസാരം പിന്നെ കേട്ടില്ല. പെട്ടെന്നാണ് അടുക്കളയിലെ ഏതോ പാത്രം താഴത്തേക്ക് വീഴുന്ന ശബ്ദം കേട്ടത്. അത് വീണതാണോ.. അതോ, അമ്മ എടുത്തു എറിഞ്ഞതാണോ എന്നറിയില്ല. ഞാനതു നോക്കാനും പോയിട്ടില്ല. നിശബ്ദത പരന്ന എന്റെ ഈ മുറിയിൽ ലൈറ്റ് ഇടാതെ ഞാൻ വെറുതെ കിടന്നു. അപ്പോഴും ഞാനാ ക്ലോക്കിലേക്ക് തന്നേ നോക്കികൊണ്ടിരുന്നു, അതിൽ സമയം ശരിയാണ്. എന്നാൽ, എന്റെ സമയമാണ് ഒട്ടും ശരിയാവാത്തത് എന്നൊരു തോന്നൽ മനസ്സിൽ ബാക്കി നിന്നു. ഞാനീ മുറിയടച്ചു കിടക്കുന്നതു മറ്റൊന്നും കൊണ്ടല്ല. വീടിന് വെളിയിലേക്ക് ഇറങ്ങിയാലും ഇതുപോലുള്ള ഒരുപാട് ചോദ്യങ്ങൾ എനിക്ക് നേരെ ഉണ്ടാവും, അത് തീർച്ചയാണ്..!

ഞാൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ആ വാർത്ത എന്നെ തേടി വന്നത്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് എന്നെ കൂട്ടികൊണ്ട് വേഗം ചെല്ലാനായി ഒരു ചേട്ടൻ സ്കൂളിലേക്ക് വന്നു. ഉച്ച ഊണ്ണിന് വീട്ടിലേക്ക് വരുന്ന വഴി അച്ഛനെ ഒരു ബസ്സ് ഇടിച്ചു. ആ ഇടിയിൽ അച്ഛന്റെ ബൈക്ക് പൂർണമായും തകർന്നു. കൂടി നിന്നവർ ആരൊക്കെയോ അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കുന്ന കാര്യം പ്രയാസമാണെന്നാണ് അന്ന് ഡോക്ടർ പറഞ്ഞത്. അതിൽ പിന്നെ അധികമൊന്നും അച്ഛനെ നേരിട്ട് കാണാൻ ഞങ്ങൾക്കായില്ല. ഇടക്ക് രണ്ടുമൂന്നു തവണ കാണാൻ സമ്മതിച്ചെങ്കിലും രണ്ടു ആഴ്ചത്തേക്കെ അച്ഛൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നുള്ളു. ആ രണ്ടാഴ്ച എനിക്കും, അമ്മയ്ക്കും ഒരിക്കലും മറക്കാനാവില്ല. അച്ഛനും, ആ ആശുപത്രി ജീവിതവും ഞാൻ ഇന്നും ഓർക്കുന്നു.

അച്ഛൻ മരിച്ചേപ്പിന്നെ ഞാനും അമ്മയും മാത്രാ ഈ വീട്ടിൽ. പിന്നിടുള്ള ആ രണ്ടു വർഷം അമ്മ ഒരുപാട് ബുദ്ധിമുട്ടുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അച്ഛന്റെ ചികിത്സക്കായി ഒരുപാട് ചിലവുണ്ടായിരുന്നു. പലരോടും കടം വാങ്ങിക്കാനും പലിശക്കെടുക്കാനും അമ്മക്കൊപ്പം ഞാനും പോയിരുന്നു. വീട്ടുജോലിക്കും തൊഴിലുറപ്പിനും പോയി കിട്ടുന്ന പൈസ കൊണ്ടൊക്കെ അമ്മയെന്നെ പഠിപ്പിച്ചു. അച്ഛൻ ഗവണ്മെന്റ് ആശുപത്രിയിലെ പ്യൂണായിരുന്നതു കൊണ്ടു അമ്മയ്ക്കും ആ ജോലി കിട്ടാൻ രണ്ടു കൊല്ലത്തിനു മീതെ കാത്തിരിക്കേണ്ടിയതായി വന്നു.

അമ്മ ഓരോ ദിവസവും ജോലിക്ക് പോകുന്നതിനു മുൻപ് അച്ഛന്റെ ഫോട്ടോക്ക് മുന്നിൽ നിന്നും പ്രാർത്ഥിക്കും. അതുകാണുമ്പോൾ അച്ഛൻ ഇല്ലെന്നുള്ള സങ്കടം മനസ്സിൽ ഉണ്ടെങ്കിലും അച്ഛന്റെ ജോലി കാരണമാണ് ഞങ്ങൾ ഇപ്പോളും ജീവിക്കുന്നത് എന്നോർക്കും. ഞാൻ ഒരുപാട് നാളായി ഒരു വണ്ടി വാങ്ങി തരണമെന്ന് ആഗ്രഹം അമ്മയോട് പറയുന്നു. ഇന്നാവട്ടെ.. നാളെയാവട്ടെ.. എന്നു നീട്ടിനീട്ടി രണ്ടു വർഷം ആവാറായി.

എന്റെ മോഹം ഒരു ബുള്ളറ്റ് ആണെന്ന് പറയുമ്പോൾ അമ്മ ആദ്യമൊന്നും സമ്മതിച്ചില്ല. പിന്നെ എന്റെ വാശി കൂടിക്കൂടി വന്നതും അച്ഛൻ ഞങ്ങളെ വിട്ടു പോയത് ആക്‌സിഡന്റിൽ ആയിരുന്നെന്നും, ഞാനും അമ്മയെ വിട്ടുപോകുമോ എന്ന പേടി അമ്മയുടെ വാക്കുകളിൽ ഉണ്ടായിരുന്നു. അതിൽ പിന്നെ ഞാൻ ബുള്ളറ്റിന്റെ കാര്യത്തെക്കുറിച്ചു അമ്മയോട് ചോദിക്കാൻ പോയിട്ടില്ല. കൂട്ടുകാര് പലരും ഓരോ വണ്ടിയിലും വീട്ടിലേക്ക് എന്നെ കാണാൻ വരുമ്പോൾ ഞാനും അമ്മയെ ഒന്നു നോക്കും. അവരെ നോക്കിയെച്ചും അമ്മ അകത്തേക്ക് കേറി പോകും.

രണ്ടു മാസം മുന്നേ അമ്മക്ക് ഒരു ചിട്ടി വീണിരുന്നു. പിന്നെ എന്ത് തോന്നിയെ ന്നറിയില്ല, അമ്മ എന്നോട് വന്നു ചോദിച്ചു. ‘ബുള്ളറ്റ് വേണോ..? എന്നു, പിന്നീടുള്ള കാര്യങ്ങൾ എളുപ്പത്തിൽ ആയിരുന്നു. ബുള്ളറ്റ് ബുക്ക് ചെയ്തതും വാങ്ങിയതുമൊക്കെ.. അമ്മയെ ജോലിക്ക് വിടുന്നതും കൂട്ടികൊണ്ട് വരുന്നതുമെല്ലാം പിന്നെ ഞാൻ അതിലായി.

ഈ കഴിഞ്ഞ ദിവസം അമ്മയെ കൊണ്ടുവരാനായി പോകുമ്പോൾ ഒരു പരിചയമില്ലാത്ത കാർ എനിക്ക് നേരെ വേഗത്തിൽ വന്നു. പേടിച്ചു ഞാൻ നിർത്തിയതും നിയന്ത്രണം വിട്ടു താഴേക്ക് മറിഞ്ഞു വീണു. ആ വീഴ്ചയിൽ എന്റെ കാലൊന്നു മുറിഞ്ഞു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ആ കാറു ഓടിച്ചിരുന്നത് ഒരു പെണ്ണായിരുന്നെന്ന കാര്യം. അവർ വേഗത്തിൽ കാറിൽ നിന്നും ഇറങ്ങി വന്നിട്ട് എന്നോട് ദേഷ്യത്തിൽ ചോദിച്ചു.

“നീ എങ്ങോട്ട് നോക്കി വണ്ടി ഓടിക്കുവാടാ ചെക്കാ..? എന്റെ കണ്ണു തെറ്റിയിരുന്നേൽ ഇപ്പോ നീ തീർന്നേനെല്ലൊ..”

“ഓഹോ.. ഞാനല്ലല്ലോ, നിങ്ങളല്ലേ റോങ് സൈഡ് കേറിവന്നെ.. നിങ്ങൾക്കൊന്നു ഹോൺ അടിച്ചിട്ട് വന്നൂടെ..? ഞാൻ ഹോണടിച്ചത് നിങ്ങള് കേട്ടില്ലേ..?”

“എടാ ചള്ള് ചെക്കാ.. നീയെന്നെ നിയമം പഠിപ്പിക്കുന്നോ..? ഞാൻ മര്യാദക്കാ ഓടിച്ചത്. അതു നിന്നെ ബോധിപ്പിക്കണ്ട കാര്യമൊന്നും എനിക്കില്ല.”

വീഴ്ചയിൽ എനിക്ക് എന്ത് പറ്റിയെന്ന് ചോദിക്കാതെ അവർ എനിക്ക് നേരെ ചീറി അടുത്തു. ഞങ്ങളുടെ ആ വാക്കു തർക്കം ഒരുപാട് നേരം നീണ്ടു. കാല് വേദന സഹിച്ചുപിടിച്ചു കൊണ്ടു ഞാൻ അവരോട് വാദിച്ചു. കണ്ടു നിന്നവർ പലരും പലപല അഭിപ്രായം പറഞ്ഞു തുടങ്ങി. എന്നെ കാണാത്തതുകൊണ്ടോ എന്തൊ അമ്മ ഒരു ഓട്ടോ പിടിച്ചു വരുന്നുണ്ടായിരുന്നു. എന്നെ കണ്ടതും ഓട്ടോയിൽ നിന്നും അമ്മ ഇറങ്ങി.

ആ സ്ത്രീമായുള്ള തർക്കത്തിനിടയിൽ അവർ എനിക്ക് നേരെ കൈ വീശി. പെട്ടെന്നുള്ള പ്രതികരണം ആയതിനാൽ എന്റെ മുഖത്തേക്കാണത് കൊണ്ടത്. പരിചയമില്ലാത്ത പെണ്ണിന്റെ കൈയ്യിൽ നിന്നും ചെവിക്കല്ലിന് അടി കിട്ടിയാൽ എന്ത് തോന്നും..? അതും, സ്വന്തം അമ്മയുടെ മുന്നിൽ വെച്ചു. ഞാനും ഒന്നും നോക്കിയില്ല, എന്റെ ഭാഗത്തു ന്യായം ഉള്ളതുകൊണ്ട് ഞാനും തിരിച്ചു ഒന്നു കൊടുത്തു. കണ്ടു നിന്നവർ എനിക്ക് പിന്തുണ തന്നു. ഉടനെ ആ പെണ്ണ് പോലീസിനെ വിളിച്ചു വരുത്തി. അവര് വന്നതും രണ്ടാളെയും വണ്ടി സഹിതം പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അവിടെ എത്തിയതും സംഗതി മൊത്തത്തിൽ മാറിമറിഞ്ഞു.

എനിക്ക് ഹെൽമറ്റ് ഇല്ല, ലൈസൻസ് ഇല്ല, സ്ത്രീയോട് അപമാര്യാദയോടെ പെരുമാറി, സ്ത്രീയെ കടന്നാക്രമിച്ചു, പൊതു നിരത്തിലെ വാഹന ഗതാഗതം തടസപ്പെടുത്തി. അങ്ങനെയങ്ങനെ ഞാൻ കേട്ടിട്ടുപോലുമില്ലാത്ത ഒരുപാട് വകുപ്പുകൾ വേറെയും.. പോരാത്തതിന് ആ സ്ത്രീ ഒരു അഡ്വക്കേറ്റ് കൂടിയായിരുന്നെന്നെ കാര്യം അപ്പോഴാണ് മനസിലായത്. പിന്നെ പറയണ്ടല്ലോ.. എനിക്ക് നേരെ പോലീസ് ഏമാന്റെ വക ഒരു വിരട്ടല് കൂടി. ആ സ്ത്രീ എന്നെ അടിച്ചതോ, അവര് നിയമം തെറ്റിച്ചതോ പിന്നെ ചർച്ചയായില്ല.

‘കേസ് ആക്കണോ മേഡം..?’

പോലീസുകാരൻ അവരോട് ആവർത്തിച്ചു ചോദിച്ചതും കരഞ്ഞുകൊണ്ട് ഇരിക്കുന്ന അമ്മയെ അവർ ഒന്നു നോക്കി. ഉടനെ അമ്മ ആ സ്ത്രീയോട് സംസാരിക്കണം എന്ന ആവശ്യം പോലീസുകാരനോട് അറിയിച്ചു. അമ്മയും അവരുമായി ഏറെ നേരത്തെ സംസാരത്തിന് ഒടുവിൽ അവർ പോലീസുകാരനോട് പറഞ്ഞു.

‘കേസ് ആക്കണ്ടാ, എനിക്ക് പരാതിയില്ല.’

എന്നെ ഒന്ന് തുറിച്ചു നോക്കിയെച്ചും അവർ കാറിൽ കേറി പോയി. എന്നാൽ, ഏതോ ഒരു വലിയ തുക അമ്മ പിഴയായി കൊടുക്കേണ്ടതായി വന്നു. പിന്നെ, വീണ്ടും പോലീസുകാരന്റെ വിരട്ടലും, ഉപദേശവും വേറെ..

വീട്ടിലേക്ക് ഞങ്ങൾ വരുന്നവരെ അമ്മ എന്നോട് മിണ്ടിട്ടില്ല. ഞാനും അമ്മയോട് അതിനെ കുറിച്ചു സംസാരിക്കാൻ പോയില്ല. അമ്മയുടെ ആ മൗനം എനിക്ക് മനസിലാകും, തെറ്റ് എന്റേതാണ്. ഞാൻ ആ സ്ത്രീയെ തല്ലാൻ പാടില്ലായിരുന്നു. എന്നാൽ, അവരെന്നെ അടിച്ചിട്ടല്ലേ..? ഞാൻ എന്ത് ചെയ്യാനാണ്..? ഒന്നും ഞാൻ വരുത്തിയതല്ലല്ലൊ.. എല്ലാം താനേ സംഭവിച്ചതല്ലെ..? എന്നാലും, അമ്മ പിഴ അടച്ചത് ഓർക്കുമ്പോൾ ദേഷ്യയും സങ്കടവും മാറിമാറി വരുന്നു.

“നീ എന്ത് കെടപ്പാ ഈ കിടക്കുന്നെ..? നേരം എത്രയായെന്നാ നിന്റെ വിചാരം..? എണീക്ക്, നിനക്ക് കോളേജിലേക്കൊന്നും പോവണ്ടേ..?”

മുറിയുടെ വാതിൽ തള്ളി തുറന്നു കൊണ്ടുള്ള അമ്മയുടെ ആ ചോദ്യം പെട്ടന്നായിരുന്നു. എനിക്ക് മറുപടി ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. ഞാൻ മൗനത്തോടെ അമ്മയെ ഒന്നു നോക്കി, അമ്മ എന്നെയും..

“എന്താ നീയൊന്നും മിണ്ടാത്തെ..? ഇന്നു നീ കോളേജിൽ പോകുന്നില്ലേ..? “

“പോണം..!”

അലസതയോടെ ഞാൻ അത് പറഞ്ഞു.

“ശരി, എണീറ്റു പോകാൻ നോക്ക്. പിന്നെ.. നീ ഇനി ബുള്ളറ്റ് എടുത്തോണ്ട് ഇറങ്ങണ്ട. ഇന്നുപോയി ആ ലൈസൻസിന്റെ കാര്യം തിരക്കിട്ടുവാ.. എന്നിട്ടു മതി നിന്റെ ഓടീരൊക്കെ.. നിന്റെ എടുത്തുചാട്ടവും മുൻകോപവും എവിടംവരെ കൊണ്ടു എത്തിച്ചുന്നു നീ കണ്ടോ..?”

അമ്മ എന്നോട് അത് പറഞ്ഞിട്ട് ദേഷ്യത്തോടെ ഒന്നു തുറിച്ചു നോക്കി. മറുപടി പറയാനാവാതെ മൗനത്തോടെ ഞാൻ ഇരുന്നു.

“മറ്റൊരു കാര്യം, നിന്നോട് ആരേലും എന്തെങ്കിലും പറഞ്ഞാൽ.. തക്ക മറുപടി കൊടുത്തോണം. അത് പെണ്ണാണെൽ സൂക്ഷിക്കണം, കേട്ടോ.. ഇനിയും ഇതുപോലെ ഒന്നുണ്ടാവെല്ല്. എനിക്ക് നീ മാത്രേ ഉള്ളു.”

“മ്മ്മ്..”

തലയാട്ടി കൊണ്ടുള്ള ഒരു മൂളിച്ച മാത്രമായിരുന്നു എന്റെ മറുപടി. അമ്മയുടെ ആ വാക്കുകൾക്ക് ആരുടെയൊക്കെയോ ചോദ്യങ്ങൾക്കുള്ള മുന്നറിയിപ്പ് ഉണ്ടായിരുന്നു. എന്റെ പക്വത വരാത്ത തീരുമാനങ്ങൾക്ക് വലിയ വില കൊടുക്കേണ്ട വരുമെന്ന സൂചനയും ഞാൻ മനസിലാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *