ഇക്കാ..ഇതുവരെ ഫ്ളൈറ്റ് ലാൻഡ് ചെയ്തില്ലേ, മോൾ ഇവിടെ കിടന്നു കയറു പൊട്ടിക്കുവാ……

മരുഭൂമിയിലെ മെഴുക് തിരി

Story written by Saji Thaiparambu

ദുബായ് ഫ്ലൈറ്റിൽ, ലാൻഡിംഗിനായുള്ള അനൗൺസ്മെൻറ് വന്നപ്പോൾ, ബഷീറിൻ്റെ മനസ്സ് വെമ്പൽ കൊണ്ടു .

അഞ്ച് വർഷം കഴിഞ്ഞിരിക്കുന്നു, നാട്ടിലേക്ക് ഒന്ന്പോയിട്ട്, ഇടയ്ക്കൊന്നു പോവാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടോ, ലീവ്കിട്ടാഞ്ഞിട്ടോ അല്ല, പോകാതിരുന്നത്, ഏക മകളുടെ നിക്കാഹ് ഉറപ്പിച്ചത് കൊണ്ട് ,അവളുടെ കല്യാണത്തിന് വേണ്ടതെല്ലാം കരുതി വെക്കണമെന്നൊരു ചിന്ത വന്നപ്പോൾ, കടിച്ച് പിടിച്ച് നിന്നതാണ്.

കഴിഞ്ഞ പ്രാവശ്യം നാട്ടിലേക്ക് വന്നത്, സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായപ്പോഴാണ്.

പത്ത് വർഷത്തെ കഷ്ടപ്പാടുകൾക്ക് ഒടുവിലാണ്, ഉണ്ടായിരുന്ന കടങ്ങളൊക്കെ തീർത്ത് ,സ്വന്തമായി ഒരു കുഞ്ഞ് വീട് പണിതുയർത്തിയത്, അതുകൊണ്ടുതന്നെ ,ശേഷിച്ച കാലം നാട്ടിൽ സ്വന്തം വീട്ടിൽ ഭാര്യയോടും, മക്കളോടും ഒപ്പം കഴിയണ മെന്ന്, ഏറെ ആഗ്രഹമുണ്ടായിരുന്നു, അതുകൊണ്ടാണ് അന്ന് ഭാര്യയോട് പറഞ്ഞത് ,താനിനി തിരിച്ച് പോകുന്നില്ലെന്ന്

“എന്താ ഇക്കാ ഈ പറയുന്നത്, മോൾക്കിപ്പോൾ വയസ്സ് 13 ആയി, അഞ്ചുവർഷം കൂടി കഴിഞ്ഞാൽ, അവളെ ആരുടെയെങ്കിലും കയ്യിൽ പിടിച്ച് ഏൽപ്പിക്കണ്ടെ, അതിന് നമ്മുടെ കയ്യിൽ വല്ലതുമുണ്ടോ? നാട്ടിൽ നിന്ന് അഞ്ച് വർഷം കൊണ്ട് എന്ത് സമ്പാദിക്കാനാ “

സുഹറയുടെ ചോദ്യം ബഷീറിനെ ചിന്താകുലനാക്കി, ശരിയാണ് അവൾ പറഞ്ഞത്, ഇക്കാലത്ത് ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് അയക്കണമെങ്കിൽ രൂപ എത്രയാണ് വേണ്ടത്, തൻ്റെ ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി, ബഷീർ വീണ്ടും മണലാരണ്യത്തിലേക്ക് മനസ്സില്ലാമനസ്സോടെ യാത്രതിരിച്ചു.

അയാളുടെ ചിന്തകൾ അഞ്ച് വർഷം പുറകോട്ട് സഞ്ചരിക്കുകയായിരുന്നു..

ഫ്ലൈറ്റ് ലാൻഡ് ചെയ്യുമ്പോഴുള്ള വൈബ്രേഷൻ ,ബഷീറിനെ ഓർമ്മകളിൽ നിന്നുണർത്തി .

തന്നെ വിളിക്കാനായിട്ട് ആരും വരേണ്ടെന്ന്, നേരത്തെ വിളിച്ചു പറഞ്ഞിരുന്നു, ഭാര്യയുടെ ബന്ധുക്കളെ ,എയർപോർട്ട് കാണിക്കാനായി, എന്തിനാ വെറുതെ ഒരു പാഴ്ച്ചെലവ്, അതും തൻ്റെ പോക്കറ്റിൽ നിന്ന് തന്നെ എടുക്കണ്ടേ?

എയർപോർട്ടിന് പുറത്തിറങ്ങി, അയാൾ ഒരു ടാക്സി കാർ വിളിച്ചു.

ലഗേജുകൾ ഡിക്കിയിൽ വയ്ക്കാൻ ,ഡ്രൈവറും അയാളെ സഹായിച്ചു.

“കാലമെത്രകഴിഞ്ഞാലും, യാത്രാസുഖം ,നമ്മുടെ ഈ പഴയ അംബാസഡറിന് തന്നെയാണ് അല്ലേ?

ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ,മൗനിയായി കാറോടിച്ച് കൊണ്ടിരുന്ന ഡ്രൈവറെ ഒന്ന് സന്തോഷിപ്പിക്കാനായി ബഷീർ പറഞ്ഞു.

“അത് പിന്നെ പറയാനുണ്ടോ? മറ്റു കാറുകളെക്കാൾ വാടകയും കുറവാണ്”

ഡ്രൈവർ മറുപടി പറഞ്ഞപ്പോൾ, തൻ്റെ പിശുക്ക്, അയാൾക്ക് മനസ്സിലായോ എന്ന്, ബഷീർ ശങ്കിച്ചു.

കാറിൻ്റെ പിൻസീറ്റിൽ മലർന്നുകിടന്ന്, ഇടതു സൈഡിലെ വിൻഡോയിലൂടെ, പുറംകാഴ്ചകൾ കൗതുകത്തോടെ കണ്ടു കൊണ്ടിരിക്കുമ്പോൾ, മെസഞ്ചർ ടോൺ കേട്ടു.

“ഇക്കാ..ഇതുവരെ ഫ്ളൈറ്റ് ലാൻഡ് ചെയ്തില്ലേ, മോൾ ഇവിടെ കിടന്നു കയറു പൊട്ടിക്കുവാ, ഉപ്പായെ കാണണമെന്ന് പറഞ്ഞ്”

സുഹറയുടെ മെസ്സേജായിരുന്നു അത്.

“കയറു പൊട്ടിക്കുന്നത് മോളാണോ? അതോ നിൻ്റെ ഖൽബാണോ?

“അയ്യടാ.. വയസ്സുകാലത്ത് കൊഞ്ചാൻ വന്നിരിക്കുന്നു, രണ്ടുമാസം കഴിഞ്ഞ് മോൾടെ നിക്കാഹ് ആണ്, അതു വല്ലതും ഓർമ്മയുണ്ടോ മനുഷ്യ..

“എല്ലാം ഓർമയുണ്ടെടീ .. ഞാൻ ദേ എയർപോർട്ടിൽ നിന്നിറങ്ങി ,ടാക്സിയിലാണിപ്പോൾ, ഒരു മണിക്കൂറിനുള്ളിൽ അവിടെ എത്തും”

“ഉം ശരി”

പച്ച ലൈറ്റണഞ്ഞു.

മ്ഹും പാവം!, ഉള്ളിൽ തന്നോടുള്ള സ്നേഹം എത്ര നിറഞ്ഞൊഴുകിയാലും ,താനത് പിടിച്ചു വാങ്ങണം, അതാണ് അവൾക്കിഷ്ടം

ഭാര്യയുമൊത്തുള്ള , പ്രണയാർദ്ര നിമിഷങ്ങൾ ഓർത്തുകൊണ്ട്, അയാൾ വീണ്ടും, പുറത്തെ പച്ചപ്പിലേക്ക് കണ്ണ് നട്ടു.

20 വർഷങ്ങൾക്കു മുമ്പാണ്, തൻ്റെ വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന്, താൻ അവളെ സ്വന്തമാക്കിയത്,

പ്രമാണിയായിരുന്നു, തൻ്റെ ബാപ്പ, ഇഷ്ടംപോലെ ഭൂസ്വത്തുക്കൾ ഉണ്ടായിരുന്ന, മുണ്ടപറമ്പിൽ ഹസൈനാർ ഹാജിയുടെ , അഞ്ച് മക്കളിൽ രണ്ടാമനായിരുന്നു താൻ, താനും ജ്യേഷ്ടനും ഒഴിച്ച് ,മൂന്ന്പേരും പെൺമക്കൾ

“ഈ വീട്ടിലെ വാല്യക്കാരിയുടെ മകളെ നിനക്ക് മറക്കാൻ കഴിയില്ലെന്നുണ്ടെങ്കിൽ, അവളുമായി നീ ഈ നാട്ടിൽ നിന്ന് പൊയ്ക്കോണം, എൻ്റെ കൺമുന്നിൽ നിങ്ങളെ, മേലാൽ കണ്ടുപോകരുത്, ഇനി മുതൽ, എൻ്റെ സ്വത്തുവകകളിൽ , നിനക്ക് യാതൊരു അവകാശവും ഉണ്ടായിരിക്കില്ല ,ഓർത്തോ”

ബാപ്പയുടെ ആ കടുത്ത തീരുമാനത്തിന് മുന്നിൽ, എതിർത്ത് ഒന്നും പറയാതെ, താനന്ന് കുടുംബത്തിൽ നിന്നും ഇറങ്ങിപ്പോന്നു.

പിന്നീട് ഇതുവരെ, തനിക്ക് തറവാടുമായി യാതൊരു ബന്ധവും ഉണ്ടായിട്ടില്ല, ആദ്യമായി ഒരു മകൾ പിറന്നപ്പോൾ, അവളെ കാണാനെങ്കിലും, ഉമ്മയും ബാപ്പയും വരുമെന്ന് താൻ ആശിച്ചു ,പക്ഷേ, ഒന്നുമുണ്ടായില്ല

ഓരോന്നാലോചിച്ചിരുന്ന് വീട് എത്തിയതറിഞ്ഞില്ല, കാറിൽ നിന്നിറങ്ങിയപ്പോൾ, മോള് ഓടി വന്നു ഉപ്പയെ കെട്ടിപ്പിടിച്ചു, സുഹറയുടെ വീട്ടുകാര് അടുത്തു ണ്ടായിരുന്നത് കൊണ്ടാവാം, അവളുടെ സ്നേഹം ഒരു പുഞ്ചിരിയിൽ ഒതുക്കി അകത്തേക്ക് വലിഞ്ഞതെന്ന് ,ബഷീർ നീരസത്തോടെ ഓർത്തു.

വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ്, പെട്ടിപൊട്ടിക്കുമ്പോൾ വരാമെന്ന് പറഞ്ഞ് , ബന്ധുക്കളൊക്കെ അവരവരുടെ വീട്ടിലേക്ക് പോയി.

“മോൾ ഉറങ്ങിയോ സുഹ്റ”

രാത്രിയിൽ കുളി കഴിഞ്ഞു വന്നിട്ട് ,ഫോഗിൻ്റെ ബോഡി സ്പ്രേ എടുത്ത്, ശരീരമാസകലം അടിച്ച് കൊണ്ട്, ബഷീർ ഭാര്യയോട് ചോദിച്ചു.

“എന്താന്നറിയില്ല, അവൾ ഇന്ന് നേരത്തെ ഉറങ്ങാൻ കയറി”

“അവൾക്ക് വിവരമുണ്ടടീ.. അവൾക്കറിയാം, ബാപ്പാ നാലഞ്ചു കൊല്ലം കൂടിയിരുന്നാണ് ഉമ്മയെ കാണുന്നതെന്ന്”

“എന്തോ…. ബാപ്പയ്ക്ക് അങ്ങനെ ഒരു പൂതി ഉണ്ടെങ്കിൽ, മനസ്സിൽ വെച്ചേക്ക് ,ഞാനിന്ന് പു റത്താ”

ഫോഗ് സ്പ്രേ, ആവിയായി പോയത് പെട്ടെന്നായിരുന്നു.

“എന്തായാലും ഇത് വല്ലാത്ത ചതിയായിപ്പോയി, നിനക്ക് ഒന്ന് വിളിച്ച് പറയാമായിരുന്നില്ലേ? ഞാൻ ഒരാഴ്ച കഴിഞ്ഞ് വന്നാൽ മതിയാരുന്നല്ലോ?

“പിന്നെ ,അപ്പോൾ നിങ്ങൾ ഇതിനു വേണ്ടി മാത്രമാണോ ഇങ്ങോട്ട് വന്നത്, അതിനിനിയും സമയം അങ്ങ് കിടക്കുവല്ലേ ? ഏതായാലും ഇനി തിരിച്ച് പോകുന്നില്ലല്ലോ? മോളെ കെട്ടിച്ചു വിട്ടാൽ പിന്നെ, നമ്മൾ മാത്രമല്ലേയുള്ളൂ “

നിരാശ നിഴലിച്ച അയാളുടെ മുഖം, ഇരുകൈകൾകൊണ്ടും കോരിയെടുത്ത് ,കൊഞ്ചലോടെ അവൾ പറഞ്ഞു.

“നീയാ ജനലുകൾ തുറന്നിട്, നല്ല ചൂടുണ്ട്”

കൈയ്യെത്തിച്ച് ജാലകപ്പാളികൾ തുറന്നിട്ട് , സുഹറ വീണ്ടും അയാളുടെ നെഞ്ചിൽ മുഖം ചേർത്തു കിടന്നു.

തണുത്ത ഇളംകാറ്റ്, അകത്തേക്ക് കയറി വന്ന്, അയാളെ പൊതിഞ്ഞപ്പോൾ, ഇനി ഒരിക്കലും ആ മരുഭൂമിയിലെ ഉരുകിയൊലിക്കുന്ന വെയിലത്ത് ,നിൽക്കേണ്ടി വരില്ലല്ലോ എന്ന ആശ്വാസമായിരുന്നു അയാൾക്ക്.

“ഈ മാസം തന്നെ നിശ്ചയം നടത്തി, സ്ത്രീധനപണം അവർക്ക് കൊടുക്കണ്ടേ?

“ഉം വേണം, നാളെ തന്നെ നിൻ്റെ ബാപ്പയേയും കൂട്ടി, ഞാൻ അവിടം വരെ ഒന്ന് പോകാം, ഫോട്ടോയിൽ കണ്ടതല്ലാതെ, ചെക്കനെ ഞാൻ, നേരിട്ട് കണ്ടിട്ടില്ലല്ലോ?

“എൻ്റെ ഉപ്പയും, ആങ്ങളയും കണ്ടതല്ലേ ,മോശമാവില്ല”

സൂഹറ, അഭിമാനത്തോടെ പറഞ്ഞു.

“ഓ സമ്മതിച്ചു, എന്നാൽ പിന്നെ നമുക്ക് ഉറങ്ങാം ,രാവിലെ എഴുന്നേൽ ക്കേണ്ടതല്ലേ?

പിറ്റേന്ന്, ചെറുക്കൻ വീട്ടിലേക്ക് പോകാൻ ഒരുങ്ങി ഇറങ്ങുമ്പോഴാണ് ,ഗേറ്റ് തുറന്ന് പർദ്ദയിട്ട ഒരു സ്ത്രീ വരുന്നത് ബഷീർ കണ്ടത്.

അടുത്തെത്തിയപ്പോഴാണ്, അത് തൻ്റെ ഉമ്മയാണെന്ന്, അയാൾ തിരിച്ചറിഞ്ഞത്.

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ, അയാൾ അമ്പരന്നു പോയി.

“മോനെ ബഷീ.. ഉമ്മയെ മറന്ന് പോയോടാ നീ..”

വർഷങ്ങൾക്കുശേഷം, ഉമ്മയുടെ സ്നേഹത്തോടെയുള്ള ആ വിളികേട്ട് ,ബഷീറിൻ്റെ മനസ്സ് ആർദ്രമായി.

“എന്താ ഉമ്മാ.. ഈ ചോദിക്കുന്നത് ,എൻ്റുമ്മയെ എനിക്ക് മറക്കാൻ കഴിയുമോ ?കുറേ വർഷങ്ങൾ കഴിഞ്ഞ് കണ്ടപ്പോൾ, പെട്ടെന്ന് എനിക്ക് മനസ്സിലായില്ലന്നേയുള്ളൂ, ഉമ്മ വാ ,അകത്തേക്ക് കയറിയിരിക്ക്”

ശബ്ദം കേട്ട് അകത്തുനിന്ന് സുഹ്റയും, മകളും ഇറങ്ങിവന്നു.

ചെറുമകളെ കണ്ടപ്പോൾ ,അവർ അവളെ ചേർത്തു പിടിച്ചു നെറുകയിൽ ഉമ്മ വെച്ചു.

“എന്തൊക്കെയാ ഉമ്മ വിശേഷം, പറയ്, എല്ലാവരും സുഖമായിരിക്കുന്നോ? ഉമ്മയെന്താ ഇത്ര ക്ഷീണിച്ചു പോയത്”

“അതു മോനേ .. പറയാൻ ഒരുപാടുണ്ട് ,ഉമ്മ ഇപ്പോൾ വന്നത് ,മോൻ്റെ ഒരു സഹായത്തിനായിട്ടാണ്”

“എന്താ ഉമ്മാ.. ഞാൻ എന്താണ് ചെയ്യേണ്ടത്”

“മോനേ.. ഉപ്പയുടെ സ്വത്ത് പകുതിയും കൊടുത്താണ് ,നിൻ്റെ രണ്ട് പെങ്ങമ്മാരെ കെട്ടിച്ചു വിട്ടത്, അവരൊക്കെ അവരുടെ കാര്യവും നോക്കി പോയി, ബാക്കി യുള്ളത് ഇളയവളായ, ഷഹനയുടെ വിവാഹത്തിനായി കരുതിവച്ചിരുന്നതാണ്, പക്ഷേ ,നിൻ്റെ ജേഷ്ഠൻ ,ബാപ്പയെ പറ്റിച്ച് തറവാടും, അതിനോട് ചേർന്നുള്ള വസ്തുവകകളും ,സ്വന്തം പേരിൽ എഴുതി വാങ്ങിച്ചു, പിന്നെ അവൻ്റെ ഭരണമായിരുന്നു, കള്ളും കഞ്ചാവും പെണ്ണുമൊക്കെ ആയിട്ട് അവനതെല്ലാം വിറ്റ് തുലച്ചു.

ഇപ്പോൾ കഞ്ചാവ്കേസിൽ പെട്ട് അവൻ ജയിലിലാണ്, ഞാനും വാപ്പയും ,ഷഹനയും ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്, എന്നും രാവിലെ പ്രായമായ നിൻ്റെ ബാപ്പ, വണ്ടിയിൽ പഴക്കച്ചവടത്തിന് പോകുന്നത് കൊണ്ടാണ് ,ഞങ്ങൾ പട്ടിണി ഇല്ലാതെ കഴിയുന്നത് ,നിനക്കറിയാമോ ? ഷഹനയ്ക്ക് വയസ്സ് മുപ്പതായി ,ഞങ്ങളുടെ കാലശേഷം അവളുടെ ഭാവി എന്താകുമെന്ന് ഓർത്താണ്, ഉപ്പ യുടെയും ഉമ്മയുടെയും ആദി, നിൻ്റെ മുഖത്ത് നോക്കാൻ ധൈര്യമില്ലാത്തതു കൊണ്ടാണ്, ഉപ്പ ഇങ്ങോട്ട് വരാതിരുന്നത്, ഗതികേട് കൊണ്ടാണ് മോനേ.. നീ പഴയതൊന്നും മനസ്സിൽ വയ്ക്കരുത് , ഇനി നീ മാത്രമേയുള്ളൂ ,ഞങ്ങൾ ക്കൊരാശ്രയമായിട്ട്

അവർ മകൻ്റെ മുമ്പിൽ കൈകൂപ്പി കരഞ്ഞു.

“എന്താ ഉമ്മാ ഇത് , ഉമ്മ കരയല്ലേ, നമുക്ക് വഴിയുണ്ടാക്കാം ,ആദ്യം ഉമ്മ വന്ന്, വല്ലതും കഴിക്ക്”

ബഷീർ ഉമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് അകത്തേക്ക് പോയി.

ഉമ്മയ്ക്ക് കഴിക്കാനുള്ളത് , ടേബിളിനു മുകളിൽ വെച്ചു കൊടുത്തിട്ട് , സുഹറ മുറിയിലേക്ക് വന്നു.

ബഷീർ അപ്പോൾ, താൻ കൊണ്ടുവന്ന ലഗേജിൽ നിന്ന് ഉമ്മയുടെ കയ്യിൽ കൊടുത്തു വിടാനുള്ള , സാധനങ്ങൾ പായ്ക്ക് ചെയ്യുകയായിരുന്നു.

“അല്ല, എന്താ നിങ്ങളുടെ ഉദ്ദേശം, ഉമ്മയോട് എന്തിനാ വഴിയുണ്ടാക്കാം എന്ന് പറഞ്ഞത്, പെങ്ങളെ കെട്ടിച്ചു വിടാൻ ഉള്ള കാശ്, നിങ്ങളുടെ കയ്യിൽ ഉണ്ടോ?

സുഹ്റ അനിഷ്ടത്തോടെ അയാളോട് ചോദിച്ചു.

“അല്ലാതെ ഞാനെന്തു ചെയ്യും സുഹറ , എൻ്റെ കൂടപ്പിറപ്പല്ലേ അവൾ, 30 വയസ്സ് ആയിട്ടും വിവാഹം നടക്കാതെ നിൽക്കുന്ന പെങ്ങളെ കണ്ടില്ലെന്ന് നടിച്ച് , 18 വയസ്സ് തികയാൻ ഇനിയും ദിവസങ്ങൾ ബാക്കിയുള്ള ,എൻ്റെ മകളെ ഞാനെങ്ങനെ കല്യാണം കഴിച്ചയക്കും”

“അപ്പോൾ അവൾക്ക് വേണ്ടി കരുതി വെച്ചതെല്ലാം, പെങ്ങൾക്ക് കൊടുക്കാൻ പോകുവാണോ , അപ്പോൾ നമ്മുടെ മോളുടെ കല്യാണം എങ്ങനെ നടത്തും?

“എല്ലാം നടക്കും സുഹറ, ഒരു അങ്കത്തിനുള്ള ബാല്യം കൂടി, പടച്ചോൻ എനിക്ക് ബാക്കി വെച്ചിട്ടുണ്ട്, മനസ്സുകൊണ്ട് ഞാൻ ഉപേക്ഷിച്ചു വന്നതാണെങ്കിലും, ആ മരുഭൂമിയിലേക്ക് തിരിച്ചുപോകണമെന്നാണ് അള്ളാഹുവിൻ്റെ തീരുമാനം, പ്രവാസിയല്ലേ ഞാൻ, ഒന്നുകിൽ സ്വന്തം നാട്ടിൽ പ്രാരാബ്ദക്കാരനായി കഴിയണം ,ഇല്ലെങ്കിൽ കുടുംബത്തിലുള്ളവർക്കായി മരുഭൂമിയിൽ സ്വയം എരിഞ്ഞടങ്ങണം ,ഇതിൽ ഞാൻ നോക്കിയിട്ട് എല്ലാവർക്കുംനല്ലത്, രണ്ടാമത്തെ ഒപ്ഷനാണ് , അഞ്ചുവർഷം കൂടി കഴിയുമായിരിക്കും , സാരമില്ല , ഇപ്പോൾ അവൾ പഠിച്ചു കൊണ്ടിരിക്കുകയല്ലേ? അപ്പോഴേക്കും, അവളുടെ കോഴ്സും കംപ്ളീറ്റാവും”

എല്ലാം തീരുമാനിച്ചുറച്ച പോലെ അയാൾ പറഞ്ഞു.

“കുടുംബസ്വത്തിൽ നിന്ന് ഒരു നയാപൈസ പോലും തരാതെ, നിങ്ങളെ തറവാട്ടീന്ന് അടിച്ചിറക്കിയതല്ലേ? എന്നിട്ടും, എന്തിനാ നിങ്ങൾ അവരെ സഹായിക്കുന്നത്”

“അവർ എൻ്റെ സ്വന്തം, ഉമ്മയും ബാപ്പയും ആയതുകൊണ്ട് , സ്വത്തുക്കൾ ഒന്നും തന്നില്ലെങ്കിലും, നിന്നെ പോലെ ഒരു പെൺകുട്ടിയെ പോറ്റാനുള്ള ,നല്ല കഴിവുള്ള ആൺകുട്ടിയായി അവരെന്നെ വളർത്തിയെടുത്തില്ലേ? അതുമാത്രം മതിയല്ലോ? ഒരു മകന് ,സ്വന്തം മാതാപിതാക്കളോട് കടപ്പാട് ഉണ്ടാവാൻ”

ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലന്ന് , സുഹറയ്ക്ക് മനസ്സിലായി, വീണ്ടും ഭർത്താവിന് വേണ്ടി, വരുന്ന അഞ്ച് വർഷം കൂടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാൻ, അവളും സ്വന്തം മനസ്സിനെ പാകപ്പെടുത്തി കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *