ഇക്കാ എന്തിനാ അങ്ങനെ പറയാൻ പോയത്. അവരെല്ലാവരും കൂടി ഇങ്ങോട്ട് വന്നാൽ പിന്നെ…

Story written by SAJI THAIPARAMBU

പാതിരാത്രിയിൽ അപ്രതീക്ഷിതമായി വന്ന നൗഷാദിൻ്റെ കോള് കണ്ട് , സാബിറ പരിഭ്രാന്തയായി.

ഒരു മണിക്കൂർ മുമ്പാണ്, ഏറെ നേരം സംസാരിച്ചിട്ട് രാവിലെ വിളിക്കാമെന്ന് പറഞ്ഞ്, പുള്ളിക്കാരൻ ഫോൺ വച്ചത്.

ജിജ്ഞാസയോടെയവൾ, ഫോൺ അറ്റൻറ് ചെയ്തു.

ങ്ഹാ, സാബീ.. അവിടെ നല്ല മഴയു ണ്ടോ ?

കുറച്ച് മുമ്പ് വരെ ഉണ്ടായിരുന്നിക്കാ, ഇപ്പോൾ ഇത്തിരി കുറവുണ്ട് ,എന്താ ഇക്കാ?

ഇല്ല ,കുറച്ച് മുമ്പ് ഹംസമാമയെ ഞാൻ വിളിച്ചിരുന്നു, കുട്ടനാട്ടിൽ പലയിടത്തും മട വീണിട്ടുണ്ട് ,മാമാടെ വീട്ടിലേക്കും വെള്ളം കയറിത്തുടങ്ങി ,ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാനുള ഒരുക്കത്തിലായിരുന്നവർ, പക്ഷേ ഞാൻ പറഞ്ഞു ,നമ്മുടെ വീട്ടിലേക്ക് വന്ന് നില്ക്കാൻ,അതാകുമ്പോൾ നിനക്കും കുട്ടികൾക്കുo ഒരു കുട്ടുമാകുമല്ലോ?

അത് കേട്ട സാബിറയുടെ മുഖം ചുളുങ്ങി.

ഇക്കാ എന്തിനാ അങ്ങനെ പറയാൻ പോയത് ,അവരെല്ലാവരും കൂടി ഇങ്ങോട്ട് വന്നാൽ, പിന്നെ എനിക്കൊന്ന് കുത്തിയിരിക്കാൻ നേരം കിട്ടില്ല, അത് മാത്രമോ? മാമായും അമ്മായിയും, മക്കളും മരുമക്കളും, ചെറുമക്കളുമൊക്കെയായി ഒരു ഡസനോളം അംഗങ്ങളുണ്ട്, എല്ലാവർക്കും കൂടി തിന്നാനും കുടിക്കാനുമായിട്ട് ,കുറെ കാശും ചെലവാകും ,നമ്മുടെ കുടുംബ ബഡ്ജറ്റ് മൊത്തം അവതാളത്തിലാകും

ഓഹ് ,കൂടി വന്നാൽ അവര് ഒരാഴ്ചയുണ്ടാവും, വെള്ളമിറങ്ങി കഴിയുമ്പോൾ, അവരങ്ങ് തിരിച്ച് പൊയ്ക്കോളും, അതിനുള്ളിൽ വരുന്ന ചിലവ് എത്രയാണെങ്കിലും, നമ്മള് സഹിച്ചേ പറ്റു, കാരണം സ്വന്തക്കാർക്ക് ഒരാപത്ത് വരുമ്പഴല്ലേ നമ്മള് സഹായിക്കേണ്ടത്

നിങ്ങൾക്കതൊക്കെ പറയാം, ഞാൻ നമ്മുടെ വീട് എത്ര അടുക്കും ചിട്ടയിലുമാണ് പരിപാലിച്ച് പോകുന്നതെന്നറിയാമോ? നമ്മുടെ മക്കളെ കൊണ്ട് പോലും, ഒന്നും അലങ്കോലമാക്കിയിടാൻ ഞാൻ സമ്മതിക്കാറില്ല,ഹംസ മാമാടെ ചെറുമക്കളുടെ കുസൃതി നിങ്ങൾക്കറിയാവുന്നതല്ലേ? അവൻമാരിങ്ങോട്ട് വന്നാൽ, കരിമ്പിൻകാട്ടിൽ ആന കയറിയത് പോലെ, ഈ വീടവർ തലകീഴായി വയ്ക്കും, അടുത്ത ലീവിന് നിങ്ങളിവിടെ വരുമ്പോൾ ചിലപ്പോൾ ഷോക്കേയ്സിൽവച്ചിരിക്കുന്ന അലങ്കാര വസ്തുക്കളൊന്നും കണ്ടെന്ന് വരില്ല, അപ്പോൾ പിന്നെ, എന്നോട് ചോദിച്ചേക്കരുത്, ഞാൻ പറഞ്ഞില്ലെന്ന് വേണ്ട, ഇനിയെല്ലാം നിങ്ങളുടെയിഷ്ടം

ഭാര്യയുടെ അനിഷ്ടത്തെ മറികടന്ന് ഒരു തീരുമാനമെടുക്കാൻ അയാൾക്ക് തോന്നിയില്ല കാരണം, ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റമെന്ന് പറഞ്ഞത് പോലെ, തൻ്റെ നിർബന്ധത്തിന് വഴങ്ങി അവൾ സമ്മതിച്ചാലും, ചിലപ്പോൾ അവരോട് നീരസം കാണിച്ചാൽ, അത് മാമായ്ക്കും അമ്മായിക്കും വേദനയുണ്ടാക്കും.

പക്ഷേ സാബീ .. ഞാനിനി എങ്ങനെ മാമയോട് വരേണ്ടന്ന് പറയും?

അയാൾ നിസ്സഹായതയോടെ ചോദിച്ചു.

അതിനാണോ പ്രയാസം, എൻ്റെ കുറെ ബന്ധുക്കളും കുട്ടനാട്ടിൽ താമസിക്കുന്നുണ്ടല്ലോ, അവരെ ഞാൻ ഇക്കയോട് പറയാതെ നേരത്തെ വീട്ടിലേക്ക് വിളിച്ച് നിർത്തിയിരുന്നെന്നും, അറിയാതെയാണ് ഇക്കാ അവരെ വിളിച്ചതെന്നും പറഞ്ഞാൽ മതി

മ്ഹും, കുരുട്ടു ബുദ്ധിയുടെ കാര്യത്തിൽ, തൻ്റെ ഭാര്യയെ തോല്പിക്കാൻ വേറെയാരുമില്ലെന്ന്, അയാൾ മനസ്സിൽ പറഞ്ഞു.

മനസ്സില്ലാ മനസ്സോടെ നാഷാദ് മാമയെ വിളിച്ച് ,സാബിറ പറഞ്ഞത് പോലെ കാര്യങ്ങൾ ബോധിപ്പിച്ചു.

അത് സാരമില്ല മോനേ… മാമയ്ക്കും അമ്മായിക്കും ഇതൊന്നും പുത്തരിയുള്ള കാര്യമല്ല ,പിന്നെ കുട്ടികളുടെ കാര്യത്തിലേ ഒരു ബേജാറുള്ളു

താൻ പറഞ്ഞത് മാമ വിശ്വസിച്ചിട്ടില്ലെന്ന് നൗഷാദിന് മനസ്സിലായി ,മാമയോട് അങ്ങനെ പറയേണ്ടി വന്നതിൽ അയാൾക്ക് കുറ്റബോധമുണ്ടായിരുന്നു.

ദിവസങ്ങൾ കടന്ന് പോയി.

മഴ ശമിച്ചു.

കുട്ടനാട്ട്കാരുടെ ജീവിതം സാധാരണ നിലയിലായി.

കൃഷിയിടങ്ങൾ ഹരിതാഭമായി, എല്ലാവർഷത്തെയും പോലെ വിളവെടുപ്പ് കഴിഞ്ഞപ്പോൾ, നെല്ല് കുത്തിയ അരിയും, പച്ചക്കറിയുമൊക്കെയായി ഹംസമാമ, സാബിറയുടെ വീട്ടിലേക്ക് വന്നു.

മാമയെ കണ്ടപ്പോഴും, ചായകൊടുക്കുമ്പോഴുമൊക്കെ, അവളുടെ മുഖത്ത് മ്ളാനത നിറഞ്ഞ് നിന്നത്, ഹംസ ശ്രദ്ധിച്ചു.

എന്താ മോളേ.. നിൻ്റെ മുഖത്തൊരു വാട്ടം, നൗഷാദിൻ്റെ വിശേഷമെന്നുണ്ട്?

ഒന്നുമില്ല മാമാ.. ഗൾഫിൽ നിന്നും എല്ലാവരും തിരിച്ച് വരുവാണ് ,അക്കൂട്ടത്തിൽ ഇക്കായ്ക്കും വരണമെന്നുണ്ട്, ഇവിടെയാണെങ്കിൽ ഇപ്പോൾ പ്രായമായ ഉമ്മയും കൂടെയുണ്ട് , അത് കൊണ്ട് ഇക്കാ വന്നാൽ, പതിനാല് ദിവസം കോറൻ്റയിനിൽ കഴിയേണ്ടത് കൊണ്ട്, ഞങ്ങളിവിടുന്ന് മാറി നില്ക്കണ്ടെ? മുകളിലൊരു നില കൂടി ഉണ്ടായിരുന്നെങ്കിൽ, കുഴപ്പമില്ലായിരുന്നു ,അത് കൊണ്ട് ഇക്കാ, തല്ക്കാലം വരുന്നില്ലെന്ന് വിളിച്ച് പറഞ്ഞു

അല്ല മോളേ .. നീയും കുട്ടികളും കൂടി, ഹലീമയിത്തയോടൊപ്പം തറവാട്ടിലേക്ക് തിരിച്ച് പോയാൽ പോരെ?

അത് ശരിയാവില്ല മാമാ.. എൻ്റെ ഇളയ നാത്തൂനുമായി വഴക്കായിട്ടാ ഞാൻ ഉമ്മയെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത് ,ഇനി അങ്ങോട്ട് വലിഞ്ഞ് കയറി ചെല്ലുമ്പോൾ, അവളുടെ ഭർത്താവിൻ്റെ ചിലവിലാണ് ഞങ്ങള് കഴിയുന്നതെന്ന തോന്നല്, അവൾക്കുണ്ടാവില്ലേ?അപ്പോൾ പിന്നെ അവളുടെ മട്ടും ഭാവവും ഞാൻ കാണണ്ടേ?

അല്ല, അതും ശരിയാ ,എന്ന് വച്ച് നീ വിഷമിക്കണ്ടാ.. മോള് ഉമ്മയെയും മക്കളെയും കൊണ്ട് എൻ്റെ വീട്ടിലേക്ക് വന്ന് നില്ക്ക്, അവിടെ ഏസിയും ആധുനിക അടുക്കളയൊന്നുമില്ലെങ്കിലും, വിഷമില്ലാത്ത നാടൻ ഭക്ഷണവും , നല്ല ശുദ്ധവായുവും ,സ്നേഹമുള്ള നിഷ്കളങ്കരായ ആൾക്കാരുമുണ്ട്, എത്ര ദിവസം വേണമെങ്കിലും നിങ്ങൾക്കവിടെ നില്ക്കാം, ആരും നിങ്ങളോട് മുഖം കറുപ്പിക്കില്ല, നീ നൗഷാദിനെ വിളിച്ച് പറ, ടിക്കറ്റ് ബുക്ക് ചെയ്തോളാൻ

ഹംസമാമയുടെ, ആ കറയറ്റ സ്നേഹവായ്പ് കണ്ടപ്പോൾ സാബിറയുടെ കണ്ണുകൾ നിറഞ്ഞു

തനിക്കൊരു വിഷമം വന്നപ്പോൾ, താൻ പണ്ട് കൈയ്യൊഴിഞ്ഞ മാമ തന്നെ വേണ്ടി വന്നു എന്നോർത്ത്, കുറ്റബോധം കൊണ്ടവൾ നീറിപ്പുകഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *