കാത്തിരുന്നനിക്കാഹ്
Story written by Navas Amandoor
“നിന്റെ ഇക്കാക്ക് പെണ്ണ് കെട്ടാൻ പറ്റാത്ത എന്തെങ്കിലും അസുഖം ഉണ്ടോ..?”
“സുറുമി നീ എന്താണ് ഉന്നം വെച്ചത്..”?
“ഈ ഹോർമോൺ തകരാറ് പോലെ എന്തെങ്കിലും…?”
“അയ്യടി…. ഓരോ കണ്ടുപിടുത്തങ്ങൾ ഇടി കൊള്ളും. പെണ്ണെ.,.”
“നീ ഇക്ക കെട്ടുന്നതും നോക്കി ഇരുന്നോ.. അതിന്റെ ഇടയിൽ എന്നെ ആരെങ്കിലും കെട്ടിക്കൊണ്ടോവും…”
സുറുമി ചൂടിലാണ്.രണ്ട് വർഷമായി ഇക്കാടെ നിക്കാഹ് കഴിയട്ടെയെന്ന് പറഞ്ഞു അവളെ സമാധാനിപ്പിക്കുന്നത്.
ഇക്കയാണെങ്കിൽ കെട്ടാൻ ഒരു താല്പര്യവും കാണിക്കാതെ തെക്ക് വടക്ക് നടക്കുന്നു. അറിയുന്ന പലരോടും പറഞ്ഞു ഇക്കാക്ക് പറ്റിയ പെണ്ണ് നോക്കാൻ.. രണ്ടെണ്ണം ഓക്കെ ആയതുമാണ്. അതിന്റെ ഇടയിൽ ആലോചന ആരോ മുടക്കി.
സുറുമിയെ വേറെ ഒരുത്തൻ നിക്കാഹ് ചെയ്യുന്നത് ഓർക്കാൻ പോലും കഴിയാത്ത സമീർ ഇക്കാക്ക് വേണ്ടി പെണ്ണു തെരച്ചിൽ ഊർജ്ജിതമാക്കി.
സുറുമിയുടെ സഹായത്തോടെ അവൾ അറിയുന്ന ഒരു പെൺകുട്ടിയെ സമീർ ഇക്കാക്ക് വേണ്ടി ആലോചിച്ചു.
.ഇക്കാനോട് ആരാധനയുള്ള ഒരു മൊഞ്ചത്തിക്കുട്ടി.
“ഉമ്മ… ഇത് എന്തായാലും നടക്കും.. ഇക്ക കഥയെന്നും പറഞ്ഞു ഫേസ്ബുക്കിൽ ഇടുന്ന സകല ചളിയും വായിച്ചു ഇക്കാനോട് ആരാധനയുമായി നടക്കുന്ന പെണ്ണാണ്.. “
“ന്റെ മോൻ ഒരു ഇത്താത്തയെ കിട്ടാൻ ഒത്തിരി ബുദ്ധിമുട്ടുന്നുണ്ട്.. അല്ലെ..?”
“അതെ ഉമ്മ.”
“എല്ലാം സുറുമിക്ക് വേണ്ടിയാണല്ലോ എന്നോർ…….”
സമീർ ഉമ്മയുടെ വാ പൊത്തി.
“വേണ്ട… ഉമ്മ…ഉമ്മയും തുടങ്ങിയോ ഇക്കാനെ പോലെ ചളി.. ഹും.”
പെണ്ണ് കാണാൻ പോയി.
ചെക്കന് പെണ്ണിനെ ഇഷ്ടമായി.
പെണ്ണിന് ചെക്കനെയും ഇഷ്ടമായി.
എല്ലാവർക്കും സന്തോഷം.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഇക്കാക്ക് കാണാൻ പോയ പെണ്ണ് സമീറിന്റെ മൊബൈലിൽ വിളിച്ചു.
“എന്തെ ഇത്താത്ത…?”
അതു കേട്ടതും ആ കുട്ടി ഫോണിലൂടെ കരച്ചിൽ തുടങ്ങി.
“എന്തെ എന്തുപറ്റി..?”
“എന്നെ ഒരു പെണ്ണ് വിളിച്ചു.. നിന്റെ ഇക്കാനെ അവൾക്ക് വേണമെന്ന്.. ആർക്കും വിട്ട് കൊടുക്കില്ലെന്ന്.”
“അതേത് പെണ്ണ്..? ആ നമ്പർ ഒന്ന് വാട്സപ് ചെയ്യ്..”
മുൻപും കല്യാണം മുടങ്ങിയപ്പോൾ ഒരു പെണ്ണ് വിളിച്ച കാര്യം ആരോ പറഞ്ഞത് സമീർ ഓർത്തു.
വാട്സപ്പിൽ വന്ന നമ്പർ എടുത്തു സമീർ കാൾ ചെയ്തു.
“ഹെലോ…”
“ഹെലോ..”
“ഇത്.. ആരാണ്..?”
“ഞാൻ സീന..”
“ഏത് സീന..?”
“നിങ്ങൾ ആരാ…?”
“ഞാൻ സമീർ..”
പേര് കേട്ടപ്പോൾ തന്നെ കാൾ കട്ടായി.പിന്നെ പല തവണ വിളിച്ചിട്ടും സീന കാൾ എടുത്തില്ല.
സുറുമിയെ വേറെയൊരുത്തൻ നിക്കാഹ് ചെയുന്നത് ഓർത്തപ്പോൾ ആ കല്യാണം മുടക്കിയെ എത്രയും വേഗം കണ്ടുപിടിക്കാനുള്ള ശ്രമം സമീർ തുടങ്ങി.
കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ആളെ കണ്ടെത്തി.
“ഇക്കാ.. ഇക്കാടെ കല്യാണം മുടക്കിയെ ഞാൻ കണ്ടുപിടിച്ചു.എന്തിനാണ് ആ പെണ്ണ് ന്റെ ഇക്കാടെ കല്യാണം മുടുക്കുന്നത്..?”
“അവൾക്ക് എന്നോട് ഇഷ്ടം ഉണ്ടായിട്ട്.”
വിശ്വാസം വരാതെ സമീർ ഇക്കയെ നോക്കി. ഇക്കാനോടും പ്രണയമോയെന്ന് എന്റെ കൃഷ്ണമണികൾ ഇക്കയോട് ചോദിച്ചു.
“കുറച്ചു കാലമായിട്ടുള്ള ഇഷ്ടമാണ്…അവളെക്കൊണ്ട് ഞാൻ തന്നെയാ വിളിപ്പിച്ചത്.. മുൻപും അങ്ങനെ തന്നെയാ..”
“എന്നാപ്പിന്നെ അത് വീട്ടിൽ പറയായിരുന്നില്ലേ…?”
“രണ്ട് കാര്യമുണ്ട് തടസ്സമായി.. ഒന്ന് വാപ്പിച്ചി. രണ്ട്.. അറിയാലോ അവളുടെ ഒരു കാല് കുറച്ചു പ്രശ്നം ഉണ്ട്.. അതുകൊണ്ട് വേണ്ടെന്ന് പറഞ്ഞാലോ.. സങ്കടമാവില്ലേ സമീറേ..”
“വാപ്പാനെ കൊണ്ട് ഞാൻ സമ്മതിപ്പിക്കാം.”
പള്ളിക്കമ്മിറ്റിയുടെ ഇലക്ഷനിൽ വാപ്പാടെ എതിർ സ്ഥാനാർഥി ആയിരുന്നു സീനയുടെ വാപ്പ.സീനയുടെ വാപ്പ ഒരു വോട്ടിനു ജയിച്ചു മെമ്പറായി.അന്നുമുതൽ സമീറിന്റെ വാപ്പാക്ക് അയാളെ ഇഷ്ടമല്ല.കണ്ടാൽ മുഖത്ത് നോക്കില്ല.
ഉച്ചമയക്കത്തിനായി യേശുദാസിന്റെ “ആയിരം കാതമകലെയാണെങ്കിലും മായാതെ മക്കാ മനസ്സിൽ നിൽപ്പൂ..” എന്ന പാട്ടും കേട്ട് കിടക്കുന്ന വാപ്പയുടെ അടുത്ത് എത്തി സമീർ കാര്യം പറഞ്ഞു.
“അതൊന്നും പറ്റില്ല..എനിക്ക് താല്പര്യമില്ല. ഈ നാട്ടിൽ വേറെ പെൺകുട്ടികൾ ഇല്ലേ..?”
സുറുമിയെ മനസ്സിൽ ധ്യാനിച്ച് കണ്ണും പൂട്ടി സമീർ വാപ്പയോട് പറഞ്ഞു.
“ഒരു ഇലക്ഷനാകുമ്പോൾ തോൽവിയൊക്കെ സാധാരണമല്ലേ…? ഇലക്ഷൻ ഇനിയും വരും.. എന്നാലും ആ ഒരു വോട്ടിന്റെ പേരിൽ ഇക്കാടെ സന്തോഷം ഇല്ലാതാക്കാൻ വാപ്പാക്ക് കഴിയോ…?പറ വാപ്പ കഴിയോ..?”
സമീറിന്റെ ആ ഡയലോഗിൽ വാപ്പ വീണു.
പിന്നെ കാലിന്റെ കാര്യത്തിൽ ഒരു ചർച്ച ഉണ്ടായില്ല. കുറവുകൾ പടച്ചവൻ കൊടുക്കുന്നതല്ലേ…? കുറവുകൾ നോക്കാതെ അവളെ സ്വീകരിക്കപ്പെടുന്നത് പുണ്യമാണ്.
അടുത്ത ദിവസം തന്നെ എല്ലാവരും ചേർന്ന് സീനയെ കാണാൻ പോയി. ഒരു വോട്ടിന്റെ പ്രശ്നം ഉണ്ടെങ്കിലും കണ്ടപ്പോൾ തന്നെ രണ്ട് വാപ്പമാരും കൈ പിടിച്ച് സലാം പറഞ്ഞു കെട്ടിപ്പിടിച്ചു.
സീനയെ എല്ലാവർക്കും ഇഷ്ടമായി. കല്യാണം ഉറപ്പിച്ചു.
“സമീറേ.. ഞാനല്ല നീയാണ് എന്റെ ഇക്ക.”
“അത് എന്താണ് ഇക്കാ..?”
“ഇതൊന്നും ഇത്ര പെട്ടെന്ന് നടക്കുമെന്ന് ഞാൻ കരുതിയില്ല..താങ്ക്സ് ഡാ “
“ഇക്കയൊന്ന് പോയേ..എനിക്ക് വേണ്ട ഇങ്ങളെ താങ്ക്സ്.”
കല്യാണ ദിവസം മുറിയിൽ പുതിയ ഡ്രസ്സ് ധരിച്ചു പുതിയാപ്ല ഒരുങ്ങി. ഇക്കാക്ക് സ്പ്രേ അടിച്ചു കൊടുക്കാൻ ആരോ സമീറിനെ മുറിയിലേക്ക് വിളിച്ചു.
വീഡിയോ ക്യാമറയിൽ ഓരോ നിമിഷങ്ങളും റെക്കോർഡ് ചെയ്തു.
സമീർ സ്പ്രേ കുപ്പിയെടുത്തു ഇക്കാടെ ഡ്രസ്സിൽ സ്പ്രേ ചെയ്തു. ഇക്ക മണവാളനായി ഒരുങ്ങി നിൽക്കുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് സമീറിന്റെ കണ്ണുകൾ നിറഞ്ഞു.
സമീർ ഇക്കയെ കെട്ടിപിടിച്ച നേരം മുറിയിൽ ഉണ്ടായിരുന്ന ഇക്കയുടെ കൂട്ടുകാർ ഒരുമിച്ച് കോറസ്സായി ഒരു പാട്ട് പോലെ…
“ഇതൊക്കെ സുറുമിക്ക് വേണ്ടിയാണല്ലോ എന്ന് ഓർക്കുമ്പോളാണ് സമാധാനം..’
സമീർ ചെറിയൊരു ചമ്മലോടെ തുറന്നിട്ട വാതിലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഉമ്മയുടെ അരികിൽ തന്നെ പുഞ്ചിരിയോടെ സുറുമി നിൽക്കുന്നുണ്ടായിരുന്നു.