ഇങ്ങനെ നേരവും കാലവും നോക്കി നിന്നാൽ അവസാനത്തെ ആഗ്രഹം സാധിക്കാതെയാവും…….

ഉമ്മാടെഇഷ്ടം

Story written by Navas Amandoor

ഉമ്മാക്ക് ഒന്ന് കാണാൻ ആഗ്രഹം പറഞ്ഞപ്പോൾ ഇപ്പോൾ നാട്ടിൽ പോയാൽ ഉള്ള ചിലവുകളെ കുറിച്ചാണ് മുനീർ ചിന്തിച്ചത്.

കുറച്ചു ദിവസത്തിനകം പെരുന്നാളാണ്.അതുകൊണ്ട് വിമാനക്കമ്പനികൾ പരമാവധി ചാർജ്ജ് കൂട്ടി വാങ്ങിക്കുകയാണ്.ഇനി ഉമ്മ ആഗ്രഹം പറഞ്ഞത് കേട്ട് ടിക്കറ്റ് വില നോക്കാതെ നാട്ടിൽ പോയാൽ തന്നെ പെരുന്നാൾ ചിലവ് താങ്ങാൻ പറ്റിയെന്നു വരില്ല.

പലർക്കും നോമ്പ് ക്യാഷ് കൊടുക്കണം.

എല്ലാവർക്കും ഡ്രസ്സ്‌ എടുക്കണം.

പെരുന്നാളിന്റെ അന്നത്തെ ഒരു ദിവസത്തെ ചിലവ് ഒരു മാസത്തിന്റെ ശമ്പളം വേണ്ടി വരും.

“മുനീറെ എന്താക്കി പോകുന്നുണ്ടോ.. ഉമ്മയെ കാണാൻ…?”

“ഇല്ലിക്കാ.. ടിക്കറ്റ് ചാർജ് കൂടുതലാണ്.”

“അതൊന്നും നോക്കണ്ട.. ഉമ്മ വയ്യാണ്ടായി കിടക്കുവല്ലേ.. എന്തെങ്കിലും പറ്റിയാൽ തീരാ സങ്കടമാകും..”

“എന്റെ ഉമ്മയെ ഞാൻ നോക്കുന്നതിലും നന്നായിട്ട് സ്വന്തം മകൾ എന്നപോലെ എന്റെ ഭാര്യ നോക്കുന്നുണ്ട്..”

കണക്കുകൾ കൂട്ടിക്കിഴിച്ചു നോക്കിയ നേരം ഉമ്മയെ കാണാൻ പോകുന്നത് നഷ്ടമാണെന്ന് മനസ്സിലാക്കിയ മുനീർ തത്കാലം നാട്ടിൽ പോകേണ്ടെന്നു തന്നെ തീരുമാനിച്ചു.

“സീന.. എനിക്കിപ്പോ ലീവെടുക്കാൻ പറ്റില്ല..അറിയില്ലേ.. സീസൺ ആണെന്ന്.. എന്തെങ്കിലും കിട്ടുന്ന സമയം നാട്ടിൽ വന്നാൽ ശെരിയാവില്ല മോളെ..”

” ഇക്കാ സീസൺ പിന്നെയും വരും… ഉമ്മാടെ അവസ്ഥ…വേദന കൊണ്ട് പിടയുന്ന നേരത്തൊക്കെ ഇക്കയെ കാണാൻ ആശിക്കുന്ന ഉമ്മയുടെ മനസ്സ് ഞാൻ കാണുന്നുണ്ട്.”

“വരാൻ പറ്റാഞ്ഞിട്ടല്ലെ മോളെ..”

“ഇങ്ങനെ നേരവും കാലവും നോക്കി നിന്നാൽ അവസാനത്തെ ആഗ്രഹം സാധിക്കാതെയാവും ഉമ്മ പോവുക.”

മുറിയിൽ നിന്നും ഉമ്മ വിളിച്ചപ്പോൾ സീന കാൾ കട്ട്‌ ചെയ്തു.

“എന്താണ് ഉമ്മാ..”

“അവൻ വരോ… മോളെ.”

“വരും… ഇൻഷാ അള്ളാഹ്.”

ഉമ്മാക്ക് ക്യാൻസാറാണെന്ന് കുറച്ചു മാസങ്ങൾക്ക് മുൻപാണ് അറിഞ്ഞത്. ഒളിപ്പോരിൽ ശരീരത്തെ ആക്രമിച്ച ക്യാൻസർ സെല്ലുകളുടെ വ്യാപനം കൂടി.

ഓപ്പറേഷൻ ചെയ്തു ഗർഭപാത്രത്തെ നീക്കിയാലും ചെറിയൊരു ശതമാനം മാത്രമേ ചാൻസുള്ളൂ. ഈ പ്രായത്തിൽ ഇനി ഉമ്മാടെ ശരീരത്തിൽ കത്തി വെക്കേണ്ടെന്ന് ഡോക്ടർ പറഞ്ഞപ്പോൾ എല്ലാവരും അത് സമ്മതിച്ചു.

“മോൾക്ക് അറിയോ… അവനെ വളർത്താൻ ഞാനെന്തോരം കഷ്ടപ്പെട്ടെന്ന്.. എന്റെ മോനെ ഒന്ന് കാണാതെ കണ്ണടക്കേണ്ടി വരോ..?”

ഉമ്മ പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്. ഏത് സമയത്തും ചീട്ട് കളിച്ചു നടക്കുന്ന ഉപ്പ വീട്ടിലെ കാര്യങ്ങൾ നോക്കാതെ ആയപ്പോൾ ഉമ്മയും മോനും പട്ടിണിയായി.

മകന്റെ വിശപ്പിന്റെ മുൻപിൽ ഉമ്മയുടെ മനസ്സ് നൊന്തു. ഉമ്മ ജോലിക്കിറങ്ങി..

“മോളെ ഞാൻ ആദ്യം പോയത് കുളത്തിൽ നിന്നും മണ്ണ് ചോക്കാനാണ്.. പിന്നെ പിന്നെ ഓരോ പണികൾ വാർക്കപ്പണിക്ക് കല്ല് ചോക്കാൻ.. കയർ പിരിക്കാൻ.. അങ്ങനെ എന്തൊക്കെയോ.. എനിക്ക് ഏറ്റാൻ പറ്റാത്ത ഭാരം തലയിൽ വെച്ച് തരുമ്പോൾ ഞാൻ എന്റെ മോൻ വിശന്നു കരയുന്നത് ഓർക്കും.. അപ്പോൾ ഒന്നും ബുദ്ധിമുട്ടായി തോന്നില്ല.”

അവൻ വളർന്നു.അതിന്റെ ഇടയിൽ ഉപ്പ മരിച്ചു.പഠിക്കുന്ന സമയം മുതൽ അവനെക്കൊണ്ട് ചെയ്യാൻ പറ്റുന്ന ജോലികൾ ചെയ്തു.

കിട്ടുന്ന ക്യാഷിൽ ചിലവ് ചുരുക്കി ജീവിച്ചു പണം കൂട്ടി വെച്ചു.

പിന്നെ അവൻ ഗൾഫിൽ പോയി.നല്ല വീട് വെച്ചു.ഉമ്മാക്ക് വേണ്ടതൊക്കെ ചെയ്തു കൊടുത്തു.

പക്ഷെ എല്ലാത്തിലും എന്തിനേക്കാളും പണത്തിനെ സ്‌നേഹിച്ചു മുനീർ.

“കഷ്ടപ്പാടുകൾ കണ്ടും അറിഞ്ഞും അനുഭവിച്ചും വളർന്നത് കൊണ്ടാണ് എന്റെ മോൻ പിശുക്കനായത്.. അല്ലെ മോളെ..? “

ഉമ്മ വീണ്ടും പലവട്ടം സീനയോട് ചോദിച്ചു മുനീർ എന്നാണ് വരുന്നതെന്ന്.

വരുമെന്ന് പറഞ്ഞ് ഉമ്മയുടെ വേദനയെ കുറക്കാൻ അവൾ ഉമ്മയെ നോക്കി പുഞ്ചിരിക്കും.

അവൾക്കറിയാം മുനീറിനി സീസൺ കഴിയാതെ വരില്ലന്ന്.

“ഉമ്മാക്ക് ഒട്ടും വയ്യ ഇക്ക..”

“പെരുന്നാളിന്റെ അന്ന് രാത്രിയിൽ ടിക്കറ്റ് എടുത്തിട്ടുണ്ട്.കുറച്ചു കറങ്ങി ത്തിരിഞ്ഞ് പോകുന്ന ഫ്ലൈറ്റാണ്.. അതിലാകുമ്പോൾ ചാർജ് കുറവാണ് .”

“നിങ്ങൾ ഇങ്ങനെയൊക്കെ കണക്ക് കൂട്ടി ലാഭവും നഷ്ടവും എഴുതിച്ചേർത്ത മനസ്സിൽ പണത്തിന്റെ കണക്കിനെക്കാൾ ഒരിക്കലും വീട്ടാൻ പറ്റാത്ത ബന്ധങ്ങളുടെ നഷ്ടക്കണക്കുകൾ ഉണ്ടാവും.. മറക്കണ്ട.”

പെരുന്നാളിന്റെ അന്ന് മുനീറിന്റെ മുറിയിൽ എല്ലാവരും കൂടി ബിരിയാണി വെക്കുന്ന സമയത്ത് ഉമ്മ മരണ വേദന കൊണ്ട് പുളഞ്ഞു.

മരണ സമയമായി…വേദനയുടെ നിമിഷങ്ങൾ. കാലിലെ പെരുവിരലിൽ നിന്നും തുടങ്ങും മലക്ക് റൂഹിനെ പിടിക്കാൻ. ദാഹം കൊണ്ട് തൊണ്ട വരളും. ചെയ്തതെല്ലാം ആ സമയം കണ്മുന്നിൽ തെളിഞ്ഞു വരും. ഒന്നും മിണ്ടാൻ കഴിയില്ല. തുറന്ന കണ്ണുകളിൽ ഇരുൾ നിറയുന്ന നേരം റൂഹ് തൊണ്ടക്കുഴി വരെ എത്തും.

ഒരു അവസരം കൂടി ഈ ഭൂമിയിൽ കിട്ടിയിരുന്നെങ്കിലെന്ന് ചിന്തിക്കുന്ന മനുഷ്യൻ. മരണ വേദനയുടെ രുചിയറിയാതെ ഏതൊരു ശരീരത്തിൽ നിന്നാണ് ജീവൻ പോയിട്ടുള്ളത്.

സീന ഉമ്മയുടെ അരികിൽ തന്നെ ഉണ്ടായിരുന്നു. ടീസ്പൂണിൽ വായിലേക്ക് ഒഴിച്ചു കൊടുത്ത വെള്ളം ചുണ്ടിനെ നനച്ചു കൊണ്ടിരിക്കുന്ന നേരത്താണ് ഉമ്മയുടെ ജീവൻ ആ ശരീരത്തിൽ നിന്നും പോയത്.

സീന കണ്ണീരോടെ ഉമ്മയുടെ കണ്ണുകൾ അടച്ചപ്പോൾ കണ്ണുകൾ അല്പം തുറന്നു തന്നെ ഇരുന്നു.

അതുകണ്ടപ്പോൾ സീനയുടെ ചെവിയിൽ ഉമ്മയുടെ ചോദ്യം വീണ്ടും കേട്ടു.

“എപ്പോഴാ അവൻ വരുന്നത്.. അവനെ കാണാതെ കണ്ണടക്കേണ്ടി വരോ..?”

ബിരിയാണിച്ചെമ്പ് പൊട്ടിച്ചു എല്ലാവരും ചേർന്ന് വട്ടമിട്ട് ഇരുന്ന് ഭക്ഷണം കഴിച്ച നേരത്താണ് നാട്ടിൽ നിന്നും മുനീറിന്റെ ഉമ്മയുടെ മരണ വർത്ത എത്തിയത്

കറങ്ങിത്തിരിഞ്ഞു പോകുന്ന ഫ്ലൈറ്റ്. പലയിടത്തും ഒരുപാട് സമയം കാത്തിരിക്കണം…. ഒരു ദിവസം വേണ്ടി വരും മുനീർ വീട്ടിലെത്താൻ.

ആ സമയം വരെ ഉമ്മയുടെ മയ്യത്ത് വെള്ളത്തുണിയിൽ പൊതിഞ്ഞു ഫ്രീസറിൽ വീടിന്റെ ഹാളിൽ മകനെയും കാത്ത് കിടക്കും.

വേണ്ടപ്പെട്ടവരുടെ..സ്‌നേഹിക്കുന്നവരുടെ അന്ത്യകാഴ്ച മരിച്ചതിനു ശേഷമല്ല ജീവിച്ചിരിക്കുമ്പോളാവണം. ഒടുവിലായി ശ്വസിക്കുന്ന ശ്വാസകണികയിൽ ഉണ്ടാവണം ഇഷ്ടമുള്ളവരുടെ ഗന്ധം.

Leave a Reply

Your email address will not be published. Required fields are marked *