ഇടനെഞ്ചിൽ എന്തോ ഒരു വിങ്ങൽ അതേ ആ പഴയ വേദന തന്നെ . മനസ്സിലെ അലസ്യം പുറത്ത് കാട്ടാതെ അവൻ നടന്നു നീങ്ങി….

പൊന്നാട

Story written by ADARSH MOHANAN

പുലരിയുടെ പൊൻകിരണങ്ങൾ പൊട്ടി വിരിഞ്ഞ പ്രഭാതം സമയം വല്ലാതെ അതിക്രമിച്ചെങ്കിലും പ്രഭാതകർമ്മങ്ങൾ ഇമവെട്ടും വേഗതയിൽ തീർത്തു അവൻ.

“എടി സന്ധ്യേ ഇതുവരെ നിന്റെ ചമക്കൽ തീർന്നില്ലേ “

നേർത്ത സ്വരത്തിൽ അൽപം പരിഭവത്തോടെ അവൾ മൊഴിഞ്ഞു ” കഴിച്ചിട്ട് പോയാ മതി രവിയേട്ടാ, 5 മിനിറ്റ് ദാ വന്നു “

ഇടനെഞ്ചിൽ എന്തോ ഒരു വിങ്ങൽ അതേ ആ പഴയ വേദന തന്നെ . മനസ്സിലെ അലസ്യം പുറത്ത് കാട്ടാതെ അവൻ നടന്നു നീങ്ങി. മകനുണരും മുൻപേ പോകണം പിറന്നാളിന് കൂടെയില്ലാത്തതിന്റെ പരിഭവം കേൾക്കേണ്ടി വരും സാരമില്ല. ഇന്നേക്ക് 12 വയസ്സ് തികയും എന്റെ അഭിമോന്, ഇന്നത്തെ ആഴ്ച്ചക്കൂലി കിട്ടിയിട്ട് വേണം അവന് സമ്മാനം വാങ്ങിക്കാൻ…നേരിയ തലകറക്കമുണ്ട് വെയിൽ പൊടിയുന്നതിന്റെയാകും (സ്വയം പിറുപിറുത്തു)…

ഇന്നു നേരത്തേയാലോ രവിയേ എന്ത് പറ്റി പിറകീന്ന് ശബ്ദം കേട്ട് രവി തിരിഞ്ഞു.

ഒന്നും പറയണ്ട രാഘവൻ മുതലാളീ ച്ചെക്കന്റെ പിറന്നാളാ നേരത്തേ പോകാൻ വേണ്ടിയാ സന്ധ്യമയങ്ങും മുൻപേ എത്തണം.

അതെന്താ രവീ മകന്റെ പിറന്നാളായിട്ട് നീ ഇന്ന് മടയിലോട്ട് വന്നത് അത്രക്ക് ഇഷ്ടമാണോ നിനക്ക് ഈ മടയെ (രവി ഒന്ന് പുഞ്ചിരിച്ചു )

എനിക്ക് ഈ മടയോട് അടങ്ങാത്ത പ്രണയമാണ് മുതലാളി. എട്ടും പൊട്ടും തിരിയാത്ത രണ്ട് പെങ്ങന്മാരെ തന്നിട്ട് അച്ഛൻ പോകുമ്പോൾ എനിക്ക് പ്രായം 16 ആയിരുന്നു, അമ്മയുടെ വീട്ടുജോലിയും വിഴിപ്പലക്കും കഴിഞ്ഞു കിട്ടുന്ന വരുമാനത്തിന് പട്ടിണിയെ നീക്കം ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ തന്നോളം പൊന്ന ഒരു കൂടം ചുറ്റികയുമായി ഇറങ്ങിയതാണ് ഞാനിങ്ങോട്ട് ഈ മടയുടെ 4 ചുവരിനോളം ഞാൻ എന്റെ സന്ധ്യയേ പോലും പ്രണയിച്ചിട്ടില്ല, എന്റെ വിയർപ്പിൽ കുതിർന്ന് പൊട്ടാത്ത ഒരു പാറ കഷ്ണം പോലുമുണ്ടാകില്ല ഇന്നീ മടയിൽ (പറഞ്ഞു നിർത്തി രവി ജോലി തുടർന്നു.)

ഓരോ കല്ലുകളും അവന്റെ കൂടത്തിന്റെ മർദ്ധനമേറ്റു ചിതറുമ്പോഴും അവന്റെ മനസ്സിലൂടെ ഭൂതകാലത്തിന്റെ നീറുന്ന സ്മരണകൾ ഓടിക്കളിച്ചു ചിന്നിച്ചിതറുന്ന കല്ലുകളെ നോക്കി അവൻ അട്ടഹസിച്ചു തന്റെ മനസ്സാകുന്ന കൂടം കൊണ്ട് വേദനകളാകുന്ന പാറക്കെട്ടുകളെ ആയിരമായിരം ആവൃത്തി ചിന്നിച്ചിതറിച്ച് കളഞ്ഞിട്ടുള്ളതാണ് താൻ . മനശാന്തിയിൽ നിന്നുടലെടുത്ത കുളിരുകാരണമായിരിക്കണം അന്നു കൊണ്ട വെയിലിന്റെ പൊള്ളൽ പൊടി പോലും എറ്റിരുന്നില്ല ദേഹത്തിൽ….

സന്ധ്യക്ക് കൂലി വാങ്ങി നേരേ പോയത് ശ്രീകൃഷ്ണ ടെക്സ്റ്റൈൽസ്ലേക്കാണ് മകന് വേണ്ടി സ്വർണ്ണക്കരയുള്ള കസവ് മുണ്ടുമായി അവൻ വീട്ടിലേക്ക് തിരിച്ചു. പ്രതീക്ഷിച്ചതു പോലെ തന്നെ അഭിപരിഭവത്തിലാണ് . ” അച്ഛനോട് ഞാൻ മിണ്ടില്ല എന്നെ അമ്പലത്തിൽ കൊണ്ടോവാം ഒരുമിച്ചിരുന്ന് പിറന്നാൾ സദ്യ കഴിക്കാം എന്നൊക്കെ പറഞ്ഞിട്ട് എന്നെ പറ്റിച്ചില്ലേ ” . അതൊക്കെ പോട്ടെ എന്റെ മുത്തിന് അച്ഛൻ കൊണ്ടുവന്ന സമ്മാനം നോക്കിക്കേ മോന് അച്ഛൻ വാങ്ങിച്ച പിറന്നാൾ സമ്മാനമാണിത്.

ഇതെന്തിനാ അച്ഛാ എനിക്കീ കസവ് മുണ്ട് അച്ഛൻ തന്നെ തലയിൽ ചുറ്റിയാൽ മതി തലപ്പാവ് പോലെ ,ഈ കഴിഞ്ഞ ഓണത്തിന് അച്ഛൻ തലയിൽ കസവു ചുറ്റിയപ്പോൾ കാണാൻ നല്ല ചേലായിരുന്നു അത് പോലെ ഇന്ന് അച്ഛൻ തന്നെ ഇന്ന് തലയിൽ കെട്ടിയാൽ മതി ഇത്. “

രവിയേട്ടാ കിന്നാരം പറച്ചിലൊക്കെ പിന്നെ പോയി കുളിച്ച് വന്ന് വല്ലതുമൊക്കെ കഴിക്ക് സന്ധ്യ പറഞ്ഞു.

നെഞ്ചിൽ കത്തി തറക്കുന്ന വേദന അനുഭവപ്പെട്ടു അത് മുഖത്ത് കാട്ടാതെ അവൻ മെല്ലെ പറഞ്ഞു കുളിയൊക്കെ കുറച്ച് കഴിഞ്ഞിട്ടാകാം ഇപ്പൊ എനിക്കൊന്ന് മയങ്ങണംനീ അപ്പോളേക്കും കുറച്ച് വെളളം ചൂടാക്ക് പെണ്ണെ. രവി നേരെ കട്ടിലിലേക്ക് ചാഞ്ഞു ഇരുടൾ മൂടുന്ന കൺപോളകൾക്ക് ചലനശേഷി കുറയുന്നത് പോലെ തോന്നി മനസ്സിൽ മാറി മറിഞ്ഞു വരുന്ന പല പല മുഖങ്ങൾ അതിൽ തന്റെ അച്ഛന്റെ മുഖം മാത്രം വ്യക്തതയിൽ കാണുന്നു .

ഇതേ കട്ടിലിൽ ഇതേ ചുവരുകൾക്ക് നടുവിൽ ഇതേ ത്രിസന്ധ്യയിലാണ് അച്ഛൻ മരിച്ചത്. ഇടനെഞ്ച് തകർന്നടിയുന്ന വേദന. നേർത്ത പഞ്ഞി മെത്ത നഖക്ഷതങ്ങളാൽ കീറുന്നുണ്ടായിരുന്നു കൂട്ടി കടിച്ച പല്ലുകൾക്ക് കൂടമേറ്റ് ചിതറുന്ന പാറ കല്ലുകളുടെ ശബ്ദമുണ്ടായിരുന്നു. പിന്നെ ഒരു ദീർഘനിശ്വാസം…………

മൃതശരീരം മരവിച്ചു വീട്ടിൽ ആകെ ജനപ്പെരുപ്പവും നിലവിളിയൊച്ചയും വെട്ടി വിരിച്ച മുഴുവൻ വാഴയിലയിൽ വെള്ളപുതച്ചവൻ നീണ്ടു നിവർന്ന് കിടക്കുമ്പോഴും തന്റെ മുഷ്ടി ചുരുണ്ട് തന്നെയായിരുന്നു. സന്ധ്യ തന്റെ വിയർത്തൊലിച്ച മുണ്ടും ഷർട്ടും മാറിൽ ചേർത്ത് വിതുമ്പുകയാണ്. അഭിയുടെ മുഖം വിളറി വിറക്കുകയാണ് എങ്ങിക്കരയാൻ പോലും ശേഷിയില്ലാത്തവണ്ണം…

വിറകൊണ്ട കയ്യിൽ അവൻ തന്റെ പിറന്നാൾ സമ്മാനവുമേന്തി അച്ഛന്റെ മൃത ശരീരത്തിനഭിമുഖീകരിച്ച് നിന്നു . അച്ഛന്റെ ശിരസ്സുയർത്തി കസവ് കൊണ്ട് തലയ്ക്ക് മീതെ പൊതിഞ്ഞു ഒരു ‘പൊന്നാട ‘ യെന്ന പോലെ….

അതെ സ്വന്തം കുടുംബത്തെ കണ്ണീരിന്റെ കൈപ്പ് രുചിയറിയിക്കാതെ വിയർപ്പൊഴുക്കുകയും, കഠിനാദ്ധ്വാനം ചെയ്യുകയും, കഴിക്കുന്ന ഭക്ഷണത്തിനേക്കാളേറെ വേദനയെ തിന്നുകയും ചെയ്ത ഗ്രഹന്നാഥന് സ്വന്തം മകൻ ‘പൊന്നാട ‘ അണിയിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *