വിലകുറഞ്ഞ സമ്മാനം
Story written by Kannan Saju
” ഭർത്താവിന്റെ പിറന്നാൾ ആയിട്ട് ഭാര്യ ഗിഫ്ട് ഒന്നും വാങ്ങീലെന്നോ… ബെസ്റ്റ് ” നളിനി ആന്റി അതിശയത്തോടെ മൂക്കിൽ വിരല് വെച്ചു… ഹാളിൽ കൂടിയവർ എല്ലാം ഒരു നിമിഷം നിശ്ശബ്ദരായി… ഞെട്ടലോടെ നിന്ന ഗായത്രിയെ കണ്ണൻ ഇടക്കണ്ണിട്ടു ഒന്ന് നോക്കി…
” അവളെ പറഞ്ഞിട്ട് കാര്യമില്ല നളിനി ആന്റി… ആ ഓണം കേറാ മൂലയിൽ എവിടാ ആഘോഷം.. “ എല്ലാവരും ചിരിച്ചു… ഗായത്രി കണ്ണനെ ഒന്ന് നോക്കി…. അവനും ഒരു ചിരിയോടെ അത് തള്ളി.. കേക്ക് മുറിക്കലും ആഘോഷങ്ങളും ഒക്കെ ആയി എല്ലാവരും ആടി തിമിർത്തു.. കണ്ണന്റെ ഓഫീസ് സ്റ്റാഫ്‌സും സുഹൃത്തുക്കളും ബന്ധുക്കളും ആയിരുന്നു കൂടുതലും…
ഗായത്രി ചിന്തയിൽ ആയിരുന്നു… നാട്ടിൽ ഒരു പ്ലോട്ട് വാങ്ങാൻ വരുമ്പോൾ കണ്ടു ഇഷ്ട്ടപ്പെട്ടതാണ് അവളെ.. വീട്ടിൽ വന്നു കെട്ടിക്കൊണ്ടു പോരുകയും ചെയ്തു.. ബി. എ ഇംഗ്ലീഷ് പഠിച്ച അവളായിരുന്നു നാട്ടിലെ ഏറ്റവും വിദ്യാഭ്യാസം ഉള്ളവൾ അവർ പറഞ്ഞതിലും തെറ്റില്ല.. താനിന്നു വരെ ആരുടേയും പിറന്നാൾ ആഘോഷിച്ചിട്ടില്ല… പക്ഷെ അവർ പറഞ്ഞ ഒരു കാര്യം സത്യമല്ലായിരുന്നു… താൻ ഏട്ടന് ഗിഫ്ട് വാങ്ങിയില്ലെന്നുള്ളത്… പിറന്നാൾ ആണെന്ന് അറിഞ്ഞ അന്ന് മുതൽ ആലോചിക്കുന്നതാണു.. ഏട്ടന് എന്തെങ്കിലും വാങ്ങണം.. പക്ഷെ അതിനു ഏട്ടനോട് തന്നെ കൈ നീട്ടാനും വയ്യ..
ഒടുവിൽ അമ്മക്ക് വയ്യെന്നും പറഞ്ഞു ഒരു മാസ്സം നാട്ടിൽ പോയി നിന്നു.. അതിൽ പതിനഞ്ചു ദിവസം പണ്ട് തൈച്ചിരുന്ന ലത ചേച്ചിയുടെ കടയിൽ നിന്നും തുണി എടുത്തു പുറത്തു ആരും അറിയാതെ അമ്മയുടെ മിഷ്യനിൽ ഇരുന്നു തയ്ച്ചു കിട്ടിയ 2000 രൂപയിൽ 1000 അമ്മ അതും ഇതും പറഞ്ഞു വാങ്ങി.. ബാക്കി 1000 രൂപയും ആയി ആണ് തിരിച്ചു വണ്ടി കയറിയത്.. എന്ത് വാങ്ങണം എന്നറിയില്ല.. കണ്ണേട്ടന് ഇല്ലാത്തതു ഒന്നും ഇല്ല.. എങ്കിലും കൂടെ കൂടെ തന്നെ ഓർക്കുന്ന രീതിയിൽ എന്തെങ്കിലും വാങ്ങണം…
എന്ത് വാങ്ങും.. ഏട്ടന്റെ കൂടെ എപ്പോഴും ഉള്ളത് എന്തേലും വേണം.. ഒടുവിൽ വാച്ചു വാങ്ങാം എന്ന് കരുതി… ഇത്രയും വില കുറഞ്ഞ വാച്ച് ഏട്ടൻ കെട്ടുമോ?? അറിയില്ല… രണ്ടും കല്പിച്ചു കടയിൽ കയറി… ആ വിലയിൽ കുറച്ചു വാച്ചുകൾ മാത്രം ഉണ്ടായിരുന്നത് കൊണ്ട് അധികം സമയം വേണ്ടി വന്നില്ല… ചെറുതാണെങ്കിലും താൻ അധ്വാനിച്ചു ഉണ്ടാക്കിയതല്ലേ.. ഏട്ടന് സന്തോഷവും… ആവുമായിരിക്കും അല്ലേ…
വിവാഹം കഴിഞ്ഞു ഒരു വര്ഷം ആവുന്നതേ ഉളളൂ… ആ വീട്ടിൽ നിന്നും അധികം താൻ പുറത്തിറങ്ങിയിട്ടില്ല.. പണി എടുക്കണ്ട.. ഓരോ ജോലികൾക്കും ഓരോ ജോലിക്കാർ ഉണ്ട്… രാജ്ഞിയെ പോലൊരു ജീവിതം…. ആദ്യം കരുതി ആഘോഷം തുടങ്ങും മുന്നേ കൊടുക്കാം എന്ന്.. പക്ഷെ മനസ്സ് അനുവദിച്ചില്ല.. ഇപ്പൊ ദാ ഓരോരുത്തരായി വില കൂടിയ സമ്മാനങ്ങളുമായി വരുന്നു.. നളിനി ആന്റി കഴുത്തിൽ ഇട്ടു കൊടുത്തത് പത്തു പവന്റെ മാലയാണ്… എല്ലാ വർഷവും എന്തേലും ഗോൾഡ് കൊടുക്കുമത്രേ.. ആന്റി കൊടുത്ത ഗോൾഡ് വെക്കാൻ മാത്രം അലമാരിയിൽ ഒരു കള്ളി ഉണ്ട്…. ഗിഫ്ട് കൊടുത്തവർ ആരും കുറഞ്ഞത് ഇരുപതിനായിരം രൂപയുടെ എങ്കിലും കൊടുത്തിട്ടുണ്ട്… അതോടെ തനിക്കു ഭയമായി.. ഗിഫ്ട് മുറിയിൽ തന്നെ വെച്ചു…
” എന്താ മോളേ ഗിഫ്ട് ഒന്നും വാങ്ങാതിരുന്നേ ?? ” നളിനി ആന്റി പിന്നിൽ വന്നു ചോദിച്ചു…
” അത്… “
” എന്തെ കണ്ണൻ നിനക്ക് പൈസ ഒന്നും തരാറില്ല ??? “
” ഏട്ടൻ എനിക്ക് ഒരു എടിഎം കാർഡ് തന്നിട്ടുണ്ട് ആന്റി “
” ആഹാ.. എന്നിട്ടാണോ മോള് ഒന്നും വാങ്ങാതിരുന്നേ… ഇനിയാണേലും ഇതൊക്കെ ശ്രദ്ധിക്കുക കെട്ടോ… അവനാണെങ്കിലും എന്തെങ്കിലും നിന്നീന്നു പ്രതീക്ഷിക്കാതെ ഇരിക്കുവോ… അവനു സങ്കടായി കാണില്ലേ ?? ഒരു ചോക്ലേറ്റ് എങ്കിലും വാങ്ങി കൊടുക്കായിരുന്നു “ അതും പറഞ്ഞു നളിനി ആന്റി പോയതും അവൾക്കു തോന്നി വാച്ച് കൊടുക്കാമെന്നു.. അവൾ മുറിയിൽ ചെന്നു ഗിഫ്ട് പേപ്പറിൽ പൊതിഞ്ഞ വാച്ച് എടുത്തു സാരി തുമ്പിൽ മറച്ചു പിടിച്ചു ആരും ഇല്ലാത്ത സ്വിമ്മിംഗ് പൂളിന് അരികിൽ നിന്നു കൊണ്ട് കണ്ണനെ ഫോണിൽ വിളിച്ചു….
” ഒന്ന് വരാമോ… ഞാൻ സ്വിമ്മിംഗ് പൂളിന് അടുത്തുണ്ട് “ അന്ന് അലങ്കരിക്കാതെ പോയ കുറച്ചു ഇരുട്ടു നിറഞ്ഞ സ്ഥലം അത് മാത്രമേ ഉണ്ടായിരുന്നുള്ളു….
കണ്ണൻ വന്നു…
” എന്താ വിളിച്ചത്??? അവിടെ എല്ലാരും തന്നെ തിരക്കുന്നുണ്ട് ” അവൾ ഭയന്നു വിറച്ചു കൊണ്ട് അവനെ തല ഉയർത്തി നോക്കി..
” ഹാപ്പി ബര്ത്ഡേ കണ്ണേട്ടാ ” അവനു നേരെ ഗിഫ്ട് നീട്ടി.. അവനതു വാങ്ങി തിരിച്ചും മറിച്ചും നോക്കി..
” എന്താ ഇതില്??? “
” തുറന്നു നോക്കിക്കൂടെ ഏട്ടന്? “
” ഓഹ്.. അല്ലാതെ നീ പറയില്ലേ?? ” അവന്റെ സ്വരം കടുത്തു.
” ഈ കോപ്രായം കാണിക്കാനാണോ നീ എന്നെ ഇങ്ങോട് ഇപ്പൊ വിളിച്ചു വരുത്തിയെ? ” അവളുടെ കണ്ണുകൾ നിറഞ്ഞു.
” ദേ എന്തേലും പറയുമ്പഴേക്കും ഒള്ള നിന്റെ ഈ മൊതലക്കണ്ണീർ ഉണ്ടല്ലോ… കണ്ണ് തൊടക്കടി.. ഇനി ആരേലും കണ്ടിട്ട് വേണം ” അവൾ കണ്ണ് തുടച്ചു
” അതൊരു വാച്ച് ആണേട്ടാ… ഞാൻ ഞാൻ തൈച്ച പൈസേം കൊണ്ട് വാങ്ങിയതാ “
” എത്ര രൂപ??? “
” അത്..”
” എന്റെ സമയം കളയാതെ പറ പെണ്ണെ “
” എണ്ണൂറ് ” അവന്റെ മുഖം ചുവന്നു…
” ഞാനിടുന്ന ഇന്നറിന്റെ വില എത്രയാന്നു അറിയുമോ നിനക്ക്??? ” ഗായത്രി നിന്നു വിറക്കാൻ തുടങ്ങി
” വേണ്ട… നമ്മള് യൂസ് ചെയ്യുന്ന കോ ണ്ടത്തിന്റെ വില എത്രയാന്നു അറിയുവോ? ”
അവൾക്കു സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.. കണ്ണുകൾ നിറഞ്ഞൊഴുകി… അവൻ ആ ഗിഫ്ട് വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു.. അതുകണ്ടു അവളുടെ നെഞ്ചു തകർന്നു ..
” എണ്ണൂറ് ഉലുവ…. നാണമില്ലെടി നിനക്ക് ??? ഏഹ്?? ഞാൻ എടിഎം കാർഡ് ഒരെണ്ണം തന്നിട്ടുണ്ടല്ലോ… ഒരു രൂപ പോലും വലിച്ചിട്ടില്ല അതീന്നു അല്ലേ… നിനക്ക് വിലയുള്ള എന്തേലും വാങ്ങി കൂടായിരുന്നോ ? “
” ഞാൻ.. ഞാൻ… എനിക്ക്…. സ്വന്തം “
” എന്ത്… ” കരഞ്ഞുകൊണ്ട് അവൾ പറയുന്നത് കേട്ട അവൻ ചോദിച്ചു
” എന്റെ സ്വന്തം കാശിനു വാങ്ങണം ന്നു തോന്നി ഏട്ടാ.. എന്നോട് ക്ഷമിക്കണം “
” ഇതവണത്തേക്കു ക്ഷമിച്ചു… ഇനി മേലാൽ ഇതാവർത്തിക്കരുത്… “ അതും പറഞ്ഞുകൊണ്ട് അവൾക്കു നേരെ ചൂണ്ടിയ കൈകൾ അപ്പോഴാണ് അവൾ ശ്രദ്ധിക്കുന്നത്… താൻ വാങ്ങിയ വാച്ച് ആ കൈകളിൽ കെട്ടിയിരിക്കുന്നു.. ഞെട്ടലോടെ അവൾ വെള്ളത്തിലേക്ക് നോക്കി.. എറിഞ്ഞ പൊതി അവിടെ തന്നെ ഉണ്ടായിരുന്നു…. കണ്ണന്റെ മുഖത്തേക്ക് നോക്കി.. അവൻ പൊട്ടിച്ചിരിച്ചു…
” എന്റെ പെണ്ണെ ” ആ വിളിയിൽ അവൾ തകർന്നു പോയിരുന്നു.. ലൈറ്റുകൾ ഓരോന്നായി തെളിഞ്ഞു.. നളിനി ആന്റി പിന്നിൽ നിന്നും കയ്യടിച്ചു… ഒപ്പം മറ്റുള്ളവരും…
” നീ എന്ത് ചെയ്താലും ഞാൻ അറിയില്ലെന്ന നിന്റെ വിചാരം??? ഈ പിറന്നാൾ ദിവസം എനിക്ക് വേണ്ടി നീ അധ്വാനിച്ചു കൊണ്ട് വന്ന ഈ കൊച്ച് സമ്മാന ത്തെക്കാൾ പ്രിയപ്പെട്ടതായി ഈ ലോകത്തു പിന്നെ നീ മാത്രേ ഉള്ളെടി “
” അമ്പോ.. എന്താ റൊമാൻസ്.. ” നളിനി ആന്റി പിന്നിൽ നിന്നും കളിയാക്കി..
അവൾ കണ്ണനെ വാരി പുണർന്നു.. അവളുടെ തലയിൽ തലോടി കൊണ്ട് അവർ കാൺകെ അവളുടെ നിറുകയിൽ അവൻ ഒരു മുത്തം നൽകി.