അമയ
Story written by Kannan Saju
” പരീക്ഷക്ക് തന്നെക്കാൾ മാർക്ക് വാങ്ങി എന്നും പറഞ്ഞു ആ കുട്ടിയുടെ കയ്യിൽ കൊമ്പസ് കുത്തി ഇറക്കുവാണോ ചെയ്യുന്നത് ? “
ഹെഡ് മാസ്റ്ററുടെ ചോദ്യത്തിന് മുന്നിൽ ഒന്നും മിണ്ടാനാവാതെ അമയയുടെ അമ്മ ഇരുന്നു.
” ആ കുട്ടിയുടെ അമ്മ പരാതി ഇല്ലെന്നു പറഞ്ഞതുകൊണ്ട് ഒതുങ്ങി പോയി. ഇല്ലെങ്കിലോ ഒന്ന് ആലോചിച്ചു നോക്ക്… സ്കൂളിന്റെ അഭിമാനം തന്നെ ചോദ്യം ചെയ്യപ്പെടില്ലേ? “
അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഇങ്ങനൊരു ക്രൂരതക്കു മുതിരും എന്ന് അമ്മ ഒരിക്കലും കരുതിയിരുന്നില്ല.
” എനിക്കറിയില്ല ടീച്ചർ… പരീക്ഷക്ക് എപ്പോഴും ഇവളല്ലായിരുന്നോ ഒന്നാമത്… ആദ്യമായി രണ്ടാമത് ആയപ്പോൾ മുതൽ ഇവൾ ഇങ്ങനാണ് “
” എന്നും പറഞ്ഞു… അതൊന്നും ഞങ്ങക്കറിയണ്ട കാര്യമല്ല.. ഞങ്ങടെ സ്കൂളിന്റെ അഭിമാനം
” ഒന്ന് നിർത്തുവോ? ” അവളുടെ അമ്മ പൊട്ടി തെറിച്ചു.
ഹെഡ്മാസ്റ്റർ ഞെട്ടി തരിച്ചുകൊണ്ട് അവരെ നോക്കി
” നിങ്ങടെ ഒരു അഭിമാനം ! പിള്ളേരെ നോക്കാൻ സമയം ഇല്ലെങ്കിൽ പിന്നെ ഇതും തുറന്നു വെച്ചോണ്ട് ഇരിക്കുന്ന എന്തിനാ? ക്യാഷ് ഉണ്ടാക്കാനോ? “
” അല്ല അത് “
” മതി… എന്റെ മോളു ചെയ്തത് തെറ്റ് തന്നാ പക്ഷെ അതിൽ നിന്നും കൈ കഴുകി രക്ഷപെടാൻ നിങ്ങള്ക്ക് ഒരിക്കലും കഴിയില്ല.. ഒരു ദിവസം എട്ടും പത്തും മണിക്കൂർ ഞങ്ങടെ കുട്ടികൾ ചിലവഴിക്കുന്നത് സ്കൂളിൽ ആണ്.നിങ്ങളോടുള്ള വിശ്വാസം കൊണ്ടല്ലേ അവരെ സ്കൂളിലേക്ക് അയക്കുന്നെ…”
ഹെഡ്മാസ്റ്റർ ഒന്നും മിണ്ടിയില്ല
” സോറി സർ…! ഒന്നാമതെ ജനിക്കുമ്പോൾ മുതൽ സ്മാർട്ട് ഫോണും പിടിച്ചു കളിച്ചു വളരുന്ന പിള്ളേരാണ്. ഒരുപാട് ഇൻഫർമേഷൻ കിട്ടാനുള്ള സോഴ്‌സുകൾ അവർക്കിന്നുണ്ട്. അതിൽ തെറ്റും ശരിയും തിരിച്ചറിയാനുള്ള പക്വത വരും മുന്നേ എല്ലാം തലയിൽ കയറും. അവൾ ചെയ്ത തെറ്റിന് ഞാൻ മാപ്പ് ചോദിക്കുന്നു. എനിക്കാ കുട്ടിയുടെ അഡ്രെസ് ഒന്ന് തരാമോ? അവളുടെ പേരെന്റ്സ് ഒരുപാട് ഇൻഫ്ലുൻസുള്ള ആരെങ്കിലും ആണോ? “
” ഏയ്! ആ കുട്ടിയെ സ്പോൺസർ ചെയ്തിരിക്കുന്നത് ഇവിടുത്തെ ഫാദർ ആണ്. പഠന ചിലവുകൾ ഒക്കെ അദ്ദേഹം ആണ് നോക്കുന്നത്. “
പള്ളി.
” ഇതിനു മുന്നേ അമയ ഇങ്ങനൊന്നും ചെയ്തിട്ടില്ല ഫാദർ.. കേട്ടപ്പോ തന്നെ എന്തോ പോലെ ആയി.. എനിക്കാ കുട്ടിയെ ഒന്ന് കാണാൻ പറ്റുമോ? “
” അതിനെന്ന ? കാണാലോ.. പക്ഷെ അതിനു മുന്നേ എനിക്ക് അമയയോട് മാത്രമായി കുറച്ചു നേരം സംസാരിക്കണം. “
അമയയും ഫാദറും മരച്ചുവട്ടിൽ ഇരുന്നു.
” മോളെന്തിനാ അപര്ണയെ ഉപദ്രവിച്ചത്? “
അയ്യാൾ അവളെ ചേർത്തു പിടിച്ചു തലയിൽ തലോടിക്കൊണ്ട് ചോദിച്ചു.
” അവൾ എന്നെക്കാളും മാർക്ക് വാങ്ങി “
” ആഹാ.. നല്ല മാർക്ക് വാങ്ങുന്നത് നല്ല കാര്യം അല്ലേ? അതിനു അഭിനന്ദിക്കുക അല്ലേ വേണ്ടത്? “
” പക്ഷെ അവൾ എന്നെക്കാളും മാർക്ക് വാങ്ങിയില്ലേ? അപ്പൊ എനിക്ക് വിഷമം ആവില്ലേ? “
” അതുകൊണ്ടാണോ മോളവളെ ഉപദ്രവിച്ചത്? അടുത്ത തവണ അവളെക്കാൾ മാർക്ക് കൂടുതൽ വാങ്ങുക അല്ലേ വേണ്ടത്? ഉപദ്രവിച്ചത് കൊണ്ടു പഠിക്കാനുള്ള അവളുടെ കഴിവ് ഇല്ലാതെ പോവുമോ? “
” പക്ഷെ ഫാദർ എനിക്ക് പഠിക്കാൻ പറ്റുന്നില്ല “
” അതെന്തേ മോൾക്ക് പഠിക്കാൻ പറ്റാത്തെ? “
” എപ്പോഴും ഒന്നാം റാങ്ക് വാങ്ങി വരുമ്പോ കെട്ടിപ്പിടിക്കുവോം ഉമ്മ വെക്കുവോം ഒക്കെ ചെയ്യാറുള്ള പപ്പ എന്നെ ഒരുപാട് തല്ലി… ഒരുപാട് സ്വീറ്റ്സും മറ്റും വാങ്ങി തരാറുള്ള അമ്മ എനിക്കന്നു ചോറും തന്നില്ല.. ക്ലാസ്സിൽ എപ്പോഴും എന്നോട് ഡൌട്ട് ചോദിക്കാറുള്ള കുട്ടികൾ അപർണ്ണയോടു കൂട്ടായി. എല്ലാവരും അവളാണ് മിടുക്കി എന്ന് പറയും. എന്നും പഠിക്കാൻ ഇരിക്കുമ്പോ പാല് കൊണ്ടൊരാറുള്ള അമ്മ വേണെങ്കിൽ എടുത്തു കുടിക്കാൻ പറഞ്ഞു. രണ്ടാമതും ഞാൻ രണ്ടാം റാങ്ക് കാരി ആയപ്പോ പപ്പ എന്നോട് മിണ്ടാറെ ഇല്ല. നൂറിൽ തൊണ്ണൂറ്റി എട്ടു മാർക്ക് കിട്ടിയപ്പോ ടീച്ചർ ബാക്കി രണ്ടെവിടെ എന്ന് ചോദിച്ചു. പിന്നെ പിന്നെ പഠിക്കാൻ ഇരിക്കുമ്പോ എനിക്ക് പറ്റുന്നില്ല ഫാദർ.. അപര്ണയുടെ മുഖം തെളിഞ്ഞു വരും “
” സാരില്ല… ഉം.. ” അവളെ ചേർത്തു പിടിച്ചു തലോടിക്കൊണ്ട് ഫാദർ പറഞ്ഞു..
അമയയുടെ കണ്ണുകൾ നിറഞ്ഞു..
” അയ്യേ.. ഈ പ്രായത്തിൽ പിള്ളേര് കരയുവോ? ഏഹ്! കണ്ണു തുടക്ക്.. മോളിപ്പോ ഇതൊക്കെ പറഞ്ഞില്ലേ.. അപർണ്ണയുടെ വീടിനെ പറ്റി അറിയുവോ? “
” ഇല്ല ” അവൾ ഫാദറിന്റെ മുഖത്തേക്ക് നോക്കി..
” അപര്ണക്കു അച്ഛൻ ഇല്ല.. വീടില്ല.. ആകെ ഉള്ളത് ഞാൻ മേടിച്ചു കൊടുത്തു കുഞ്ഞി ഉടുപ്പുകളും കുറച്ചു പുസ്തകങ്ങളും മാത്രമാണ്. അവൾക്കു ഒരു അമ്മ മാത്രമേ സ്വന്തം എന്ന് പറയാൻ ഉള്ളൂ.. അവരും പല വീടുകളിൽ ജോലിക്കു പോയിട്ടാണ് അപര്ണയെ പഠിപ്പിക്കുന്നത്. പുറംപോക്കിലെ ഒരു പറമ്പിൽ കുടിൽ കെട്ടിയാണ് അവര് ജീവിക്കുന്നത്. മോളാനുഭവിക്കുന്ന ഒന്നും അവക്ക് സ്വന്തം ആയിട്ടില്ല. ചോദിക്കുന്ന തൊന്നും മേടിച്ചു തരാൻ അച്ഛൻ ഇല്ല, അമ്മക്ക് പാല് വാങ്ങി കൊടുക്കണം എന്ന് തോന്നിയാലും എപ്പോഴും പൈസ ഉണ്ടായിന്നു വരില്ല.. അങ്ങനെ. ഞാനാണ് അപർണയുടെ സ്കൂളിലെ ചിലവുകൾ എല്ലാം നോക്കുന്നത്. അത്രയും കഷ്ട്ടപെട്ടു പഠിച്ചു ക്ലാസ്സിൽ ഒന്നാമതാവുമ്പോൾ അവളെ നമ്മൾ അഭിനന്ദിക്കണ്ടേ? മത്സരം വേണം.. പക്ഷെ അത് പഠിത്തത്തിൽ ആവണം.. അവളെക്കാൾ മാർക്ക് പഠിച്ചു മേടിക്കണം.
നമ്മൾ… ഒരിക്കലും ഒരാളെ അപായപ്പെടുത്തി അല്ല നമ്മള് വിജയിക്കാൻ ശ്രമിക്കേണ്ടത്. അങ്ങനെ ഉള്ളൂ വിജയങ്ങൾ ഒന്നും നില നിക്കില്ല.മോളു ലൈഫിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. ആദ്യമായി തോറ്റപ്പോ കൂടെ നിക്കേണ്ടവർ ആരും കൂടെ നിന്നില്ല… അന്നേരം അതിനെ എങ്ങനെ ഫേസ് ചെയ്യാണം എന്ന് മോൾക്ക് അറിയില്ലായിരുന്നു.. ഇപ്പോ മോളു പഠിക്കാൻ തുടങ്ങി. ജീവിതത്തിൽ വിജയങ്ങളും പരാജയങ്ങളും ഉണ്ടാവും മോളേ. പരിശ്രമിച്ചു കൊണ്ടേ ഇരിക്കുക മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്. നീ എത്ര ശ്രമിക്കുന്നുവോ അതിന്റെ ഫലം നിനക്കും അവൾ എത്ര ശ്രമിക്കുന്നുവോ അതിന്റെ ഫലം അവൾക്കും കിട്ടും. ആരുടേ ഉയർച്ചെയും ആരെക്കൊണ്ടും തടയാൻ കഴിയില്ല.”
” സോറി ഫാദർ… എനിക്ക്.. ഞാൻ അറിയാതെ… “
” സാരമില്ല..അപര്ണക്കു മോളോട് ദേഷ്യം ഒന്നും ഇല്ല “
” ഞാൻ അവളെ കുത്തിയിട്ടും? ” അമയ അത്ഭുദത്തോടെ ഫാദറിനെ നോക്കി..
” അതെ.. നമ്മളെ ഒരാൾ വേദനിപ്പിച്ചിട്ടും അവർക്കു നമ്മളോട് ക്ഷമിക്കാൻ പറ്റുന്നതാണ് മോളേ ഏറ്റവും വലിയ ശക്തി. “
” എനിക്ക് അവളെ കാണാൻ പറ്റുവോ? “
ഫാദർ അവളെ സിസ്റ്റർക്കൊപ്പം അപർണ്ണയുടെ അരികിലേക്ക് അയച്ചു.
” അവളെ അല്ല നിങ്ങളെ ആണ് ശിക്ഷിക്കേണ്ടത്.. ” ഫാദർ അമയയുടെ അമ്മയോടായി പറഞ്ഞു.
” ഞാൻ എന്ത് ചെയ്തു ഫാദർ? “
” ഒന്നോ രണ്ടോ മാർക്കോ റാങ്കോ കുറയുമ്പോഴേക്കും കൊലക്കുറ്റം ചെയ്ത പോലെ ആണോ നിങ്ങൾ കുട്ടികളോട് പെരുമാറുന്നത്? “
” അതവളു നന്നായി പഠിച്ചിട്ടു പെട്ടെന്ന് “
” നിങ്ങളെക്കാൾ പക്വത അവർക്കുണ്ടല്ലോ… കഷ്ടം! അല്ലേൽ തന്നെ മറക്കിൽ മാത്രമാണോ കാര്യം? എഞ്ചിനീയറിംഗ് പഠിച്ച അവളുടെ പപ്പ ഇപ്പൊ ചെയ്യുന്നത് അതുമായി എന്തെങ്കിലും ബന്ധം ഉള്ള ബിസിനസ് ആണോ? പോട്ടെ mba കഴിഞ്ഞ താൻ വെറുതെ വീട്ടിൽ കുത്തി ഇരിക്കുവല്ലേ നല്ല പണിയും കളഞ്ഞിട്ടു? “
അവൾക്കു മറുപടി ഇല്ലായിരുന്നു..
” പഠിത്തത്തേക്കാളും മാർക്കിനെക്കാളും ഒക്കെ ഇമ്പോര്ടന്റ്റ് ആണ് നമ്മുടെ കുട്ടികളുടെ മാനസികാരോഗ്യം. അത് മറക്കരുത്. കൂടുതൽ മാർക്ക് വാങ്ങുന്നതല്ല ജീവിത വിജയത്തിന്റെ അടിസ്ഥാനം. ഇന്ന് നമ്മളെക്കാൾ മാർക്ക് വാങ്ങിയവർക്ക് വേണ്ടി കയ്യടിക്കാനാ നിങ്ങൾ കുട്ടികളെ പഠിപ്പിക്കേണ്ടത്. ഒപ്പം അടുത്ത തവണ ഇന്ന് അവർ ആർക്കു വേണ്ടി കയ്യടിച്ചോ അവരെക്കൊണ്ട് തനിക്കു വേണ്ടി കയ്യടിപ്പിക്കാനും. അല്ലാതെ വിജയങ്ങളിൽ മാത്രം ചേർത്തു പിടിച്ചു നീ എന്റെ മകളായതിൽ ഞാൻ അഭിമാനിക്കുന്നു എന്ന് പറഞ്ഞിട്ട് പരാജയ പെടുമ്പോൾ മാത്രം അവരെ പഴിച്ചു മാറ്റി നിർത്തുന്നതല്ല ! കുട്ടികളാണ്.. ഒന്നും അറിയില്ല.. ആ മനസ്സിലേക്ക് നല്ലത് മാത്രം നിറച്ചു കൊടുക്കാൻ ശ്രമിക്കു.”
” സോറി ഫാദർ… “
” എന്നോട് സോറി പറഞ്ഞിട്ടു കാര്യമില്ല.. കുട്ടികളെ ഒരിക്കലും താരതമ്യ പെടുത്തുകയോ മാറ്റി നിർത്തുകയോ ചെയ്യരുത്. നമ്മുടെ ചിന്താശേഷിയും പക്വതയും വെച്ചു അവർ പെരുമാറും എന്നും വിചാരിക്കരുത്. അവരെ അവരായി കാണുക.. പ്രോത്സാഹിപ്പിക്കുക..നാളെ കൂടുതൽ മാർക്ക് വാങ്ങാൻ അവർക്കു തോന്നണം എങ്കിൽ ഇന്ന് കിട്ടിയതിൽ അവർക്കു സന്തോഷിക്കാനും കഴിയണം “.
” സോറി അപ്പു ” അവളുടെ കൈകളിൽ തൊട്ടു നോക്കിക്കൊണ്ടു അമയ പറഞ്ഞു
” സാരില്ല ” ചെറു ചിരിയോടെ അവൾ മറുപടി പറഞ്ഞു
” നിനക്കെന്നോട് ദേഷ്യല്ലേ? “
” എന്തിനു? “
അമയ മൗനം പാലിച്ചു…
” അടുത്ത തവണ നീ എന്നേക്കാൾ മാർക്ക് മേടിക്കു.. അപ്പൊ ഞാനും കുത്തും നിന്നെ “
അപർണ്ണയുടെ വാക്കുകൾ കേട്ടു അമയ അവളെ ചിരിയോടെ നോക്കി…
” ഫ്രണ്ട്സ്? “
അവൾ അപര്ണക്കു നേരെ കൈ നീട്ടി.. അപർണ്ണയും തന്റെ കൈ അതിൽ പതിയെ മുട്ടിച്ചു.
” കണ്ടോ അതാണ് സ്നേഹം.. അവളുടെ അമ്മക്ക് ഒന്നും പറഞ്ഞു കൊടുക്കാനുള്ള അറിവോ വിദ്യാഭ്യാസമോ ഇല്ല.. പണി കഴിഞ്ഞു അവര് വരുന്നത് വരെ അപ്പു പള്ളിയിലോ മഠത്തിലോ കാണും… അവളുടെ ചിന്തകൾ എല്ലാം അവൾ കണ്മുന്നിൽ കാണുന്നവരിൽ നിന്നും പകർന്നെടുക്കുന്നതാണ്.. ഈ ചുറ്റുപാടും പരിസരങ്ങളും ആണ് അത്രയും വേദന തീറ്റിച്ചിട്ടും നിങ്ങളുടെ മകളോട് ക്ഷമിക്കാൻ അവളെ പ്രേരിപ്പിച്ചത്. ക്ഷമിക്കാൻ കഴിയുന്ന മനുഷ്യനോളം വലുതായി ഈ ലോകത്തു ആരും ഇല്ല. കാരണം സ്വന്തം മനസ്സിന്റെ നിയന്ത്രണം കയ്യിൽ ഉള്ളവനെ ക്ഷമിക്കാൻ കഴിയു. അപ്പുവിന് അതുണ്ട്… അമയ്ക്ക് അതുണ്ടാവും.. അതിനുള്ള അവസരം നിങ്ങൾ ഒരുക്കി കൊടുക്കണം എന്ന് മാത്രം.
ഇരുവരും സംസാരിക്കുന്നതും നോക്കി അച്ഛന്റെ വാക്കുകളും കേട്ടു അമ്മ അങ്ങനെ നിന്നു.