ഇതിന് മുന്നേയുള്ള മെസേജുകൾ ഒക്കെയും ഡിലീറ്റിയിരുന്നു. അത് കൂടി കണ്ടതോടെ അവളുടെ സംശയം ഇരട്ടിയായ്. ഫോണിൽ നോക്കിയിരിക്കുമ്പോൾ ഒക്കെ കോളേജ് ഗ്രൂപ്പിൽ ആളെന്ന് തന്നോട് കള്ളം പറഞ്ഞ്…..

എഴുത്ത്:-ഷെർബിൻ ആൻ്റണി

പ്രാണന് തുല്യം സ്നേഹിക്കുന്ന സ്വന്തം ഭർത്താവ് മറ്റൊരു സ്ത്രീയുമായ് ബiന്ധം പുലർത്തുന്ന വിവരം അറിഞ്ഞാൽ ഏതൊരുവളും തകർന്ന് പോകും. പരിചയമില്ലാത്ത ഒരു പെണ്ണിനോട് മിണ്ടുന്നതോ നോക്കുന്നതോ കണ്ടാൽ പോലും സംശയം തലപൊക്കി തുടങ്ങും എന്നിരിക്കെ മറ്റൊരു സ്ത്രീയോട് തൻ്റെ ഭർത്താവ് പ്രേമ സല്ലാപം നടത്തിയാൽ കണ്ടില്ലെന്ന് നടിക്കാൻ ആരെക്കൊണ്ട് സാധിക്കും? അങ്ങനെയുള്ള ഒരു ഞെട്ടലിലാണ് ജ്യോതിയിപ്പോൾ!

അറേഞ്ച് മാര്യേജായിരുന്നു ജ്യോതിയുടേയും ശ്യാമിൻ്റേയും.വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തോളമായി, അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളും അവർക്കുണ്ട്.

ശ്യാം സർക്കാർ ജോലിക്കാരനാണ്, ജ്യോതി ഹൗസ് വൈഫും. നാളിത് വരെ എടുത്ത് പറയാൻ പറ്റിയ വഴക്കോ പരിഭവങ്ങളോ അവർക്കിടയിൽ ഉണ്ടായിട്ടില്ല. രണ്ട് പേരും കാണാൻ ഒന്നിനൊന്ന് മെച്ചമായിരുന്നു, രണ്ടാളും കൂടി നടന്ന് പോകുന്നത് കണ്ടാൽ ആരുമൊന്ന് നോക്കി പോകും, അത്രയ്ക്കും പെർഫെക്ട് മാച്ചിംഗായിരുന്നു.

ഇതു വരെ പരസ്പരം ഒന്നും ഒളിപ്പിച്ച് വെക്കാത്തവരായിരുന്നു, ഫോണിൻ്റെ പാസ് വേർഡ് പോലും പരസ്പരം അറിയാമായിരുന്നു.

കോളേജ് റീ യൂണിയന് ശേഷമാണ് ശ്യാം രാത്രി കാലങ്ങളിൽ അധിക നേരവും ഫോണിൽ തോണ്ടിയിരിക്കുന്നത് ജ്യോതിയുടെ ശ്രദ്ധയിൽപ്പെടുന്നത്. കോളേജ് ഗ്രൂപ്പിലാണ് ചാറ്റ് ചെയ്യുന്നത് എന്ന് പറഞ്ഞപ്പോൾ അവളത് കാര്യമാക്കിയില്ല.

ജ്യോതി ഫുൾ ടൈം വീട്ടിലെ കാര്യങ്ങളും പിള്ളേരുടെ പുറകേയും ഒക്കെയുമായ് ബിസിയായിരുന്നു. ചെടി നട്ട് വളർത്തുക, അല്പ സ്വല്പം പച്ചക്കറി നടുക എന്നീ കാര്യങ്ങളിലായിരുന്നു അവളുടെ താത്പര്യം. വാട്സപ്പ് ഗ്രൂപ്പ് എന്ന് പറയാൻ അവൾക്ക് ആകെ ഉണ്ടായിരുന്നത് ഫാമിലി ഗ്രൂപ്പാണ്, അതിലാവട്ടെ വല്ലപ്പോഴും ഒരിക്കൽ അതിൽ വരുന്ന ഫോട്ടോസ് എടുത്ത് നോക്കും അത്ര തന്നെ. ഗമയ്ക്ക് ഒരു ഫേസ് ബുക്ക് അകൗണ്ട് തുടങ്ങിയെങ്കിലും, ഇന്ന് വരെ ഒരു പോസ്റ്റ് പോലും അതിൽ ഇട്ടിട്ടില്ല. ഒരു ഗുഡ് മോണിംഗ് മെസേജ് പോലും അവൾ ആർക്കും അയക്കാറില്ലായിരുന്നു.

ഒരു രാത്രിയിൽ ശ്യാമിൻ്റെ ഫോണിലെ ഗ്യാലറിയിൽ ഫോട്ടോസ് നോക്കി കൊണ്ടിരുന്നപ്പോഴാണ് അതിലേക്ക് വന്ന മെസേജ് ജ്യോതി ശ്രദ്ധിച്ചത്.ശ്യാം നല്ല ഉറക്കം പിടിച്ചിരുന്നു അന്നേരം.

പ്രസിലി എന്നായിരുന്നു സേവ് ചെയ്തിരുന്നത്, ഹായ് ഹലോ എന്താ ഒന്നും മിണ്ടാത്തത്? എന്നിങ്ങനെ തുടരെ തുടരെയുള്ള മെസേജുകൾ കണ്ട ജ്യോതിയുടെ മനസ്സിൽ ചിന്തകൾ കാട് കയറാൻ തുടങ്ങി.

ഇതിന് മുന്നേയുള്ള മെസേജുകൾ ഒക്കെയും ഡിലീറ്റിയിരുന്നു. അത് കൂടി കണ്ടതോടെ അവളുടെ സംശയം ഇരട്ടിയായ്. ഫോണിൽ നോക്കിയിരിക്കുമ്പോൾ ഒക്കെ കോളേജ് ഗ്രൂപ്പിൽ ആളെന്ന് തന്നോട് കള്ളം പറഞ്ഞ് ഈ മനുഷ്യൻ ഇവളോടായിരുന്നു കഴിഞ്ഞ ദിവസങ്ങളിലൊക്കെ സല്ലപിച്ചിരുന്നത്. അതൊക്കെ ഓർത്തപ്പോൾ ജ്യോതിയുടെ കണ്ണിൽ ഇരുട്ട് കയറാൻ തുടങ്ങി….

പിറ്റേ ദിവസം രാവിലെ ശ്യാം പതിവ് പോലേ ജോലിക്ക് പോവാൻ റെഡിയാവുകയായിരുന്നു. പതിവ് പോലേ അയാൾക്കുള്ള ബ്രേക്ക്ഫാസ്റ്റ് ഡൈനിംഗ് ടേബിളിൽ എടുത്ത് വെച്ചിട്ട്, ശ്യാം ചായ കുടിക്കുന്ന സമയത്ത് ജ്യോതി മെല്ലെ റൂമിലെത്തി ചാർജിംഗിൽ ഇട്ടിരുന്ന മൊബൈലെടുത്ത് പ്രസിലിയുടെ മെസേജ് വല്ലതും വന്നോന്ന് നോക്കുകയായിരുന്നു. നോട്ടിഫിക്കേഷനിൽ പ്രസിലി എന്ന് കണ്ടതും ജ്യോതിയുടെ നെഞ്ച് പടപടാന്ന് ഇടിച്ചു.

ശ്യാം ഓഫീസിൽ പോയതിന് ശേഷവും ജ്യോതി ബെഡ്ഡിൽ തന്നെ ആയിരുന്നു. ഈ വിവരം ആരോടെങ്കിലും പറയാതേ അവൾക്ക് ഒരു മനസമാധാനവും ഇല്ലാതായി.

നെഞ്ചിലെ ഭാരം ഇറക്കി വെക്കാൻ അവൾ കണ്ടെത്തിയത് തൻ്റെ ഉറ്റ കൂട്ടുകാരിയായ മഹിമയെ ആയിരുന്നു. എന്തിനും ഏതിനും സൊല്യൂഷൻ കണ്ടെത്താൻ മഹിക്കുള്ള കഴിവ് ജ്യോതിക്ക് പലപ്പോഴും നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്.

ചെറുപ്പം മുതലുള്ള കൂട്ടായിരുന്നു ജ്യോതിയും മഹിമയും തമ്മിൽ. ജ്യോതിയെ പോലല്ലായിരുന്നു മഹി, ആരോടും എന്തും മുഖത്ത് നോക്കി ചോദിക്കാനും പറയാനുമുള്ള തൻ്റേടം അവൾക്കുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ജ്യോതിക്ക് അവളെ വല്യ കാര്യമായിരുന്നു. വല്ലപ്പോഴുമൊക്കെ മഹിമയെ വിളിക്കാറുമുണ്ടായിരുന്നു.പരസ്പരം തമാശകളൊക്കെ പങ്ക് വെക്കുകയും ചെയ്തിരുന്നു.

അധികം ആലോചിക്കാതേ അവൾ ഫോണെടുത്ത് മഹിമയെ വിളിച്ചു. കിട്ടാതായപ്പോൾ നിരാശയായ ജ്യോതി മഹിമയ്ക്ക് വാട്സപ്പിൽ ഒരു വോയ്സ് മെസേജ് അയച്ചു എന്തുവാടി ഈ ജീഡി എമഞ്ചീന്ന് വെച്ചാൽ?

അല്പനേരത്തിന് ശേഷം മഹിമയുടെ റിപ്ലൈ എത്തി.

ങേ…. വല്ല ചമ്മന്തിയും ആയിരിക്കുമെടി, അൽഫാമിൻ്റെ കൂടെ മയണൈസൊക്കെ കിട്ടൂല്ലേ അത് പോലേ എന്തേലും ആവും. അറിയില്ലാന്ന് പറഞ്ഞാൽ നാണക്കേടല്ലേന്ന് ഓർത്തിട്ട് മഹിമ തട്ടി വിട്ടു.

ഒന്ന് പോടി അവിടുന്ന് നിനക്കല്ലേലും തീറ്റേടേ വിചാരം മാത്രേ ഉള്ളൂ. വെറുതെയല്ല നാട്ടാര് നിന്നെ തീറ്റി പണ്ടാരമെന്ന് വിളിക്കുന്നത്, ജ്യോതി കെറുവിച്ചു. അല്ലെങ്കിലും മനുഷ്യൻ സീരിയസ്സായിട്ട് എന്തേലും ചോയ്ക്കുമ്പോൾ നിനക്കീ വക കളിയാക്കല് കുറച്ച് കൂടുന്നുണ്ട്.

നിനക്ക് എവിടുന്ന് കിട്ടിയെടി ഈ വാക്ക്? അതാദ്യം പറ എന്നാലല്ലേ കാര്യം മനസ്സിലാവൂ…
മഹി ചോദിച്ചു.

അതല്ലെടി മഹീ…,ഇത് എൻ്റെ കെട്ടിയോൻ്റെ ഫോണിലേക്ക് വന്ന മെസ്സേജാണെടി.

അത് കേട്ട മഹിമ തല ചൊറിഞ്ഞോണ്ട് പിറുപിറുത്തു… ജീഡി എമ്മഞ്ചീ ഇത് എന്ത് കുന്തമാന്ന്

ഒരു സ്ത്രീയാണ്‌ അതയച്ചത്…. വല്ല കോഡ് വാക്കും ആണോടി ഇതൊക്കെ.ജ്യോതി തൻ്റെ പരിഭ്രാന്തി മറച്ച് വെച്ചില്ല.

ഏത് പെണ്ണ്? മഹിയുടെ ചോദ്യത്തിൽ തന്നെ ഒരു ഞെട്ടലുണ്ടായിരുന്നു.

കോളേജ് ഗ്രൂപ്പ് തുടങ്ങിയതിൽ പിന്നെ അങ്ങേർക്കിച്ചിരി ഇളക്കം തുടങ്ങിയിട്ടുണ്ട്.കൂടേ പഠിച്ച ഒരുത്തിയാ പ്രസിലീന്നാ പേര്.

പ്രസിലി ആയാലും റോസിലി ആയാലും നീ ഒന്ന് സൂക്ഷിക്കണോട്ടോന്നുള്ള മഹിയുടെ പറച്ചിലും കൂടി ആയപ്പോൾ ജ്യോതിക്ക് ആധിയായ്.

അവരുടെ ചാറ്റുകളൊക്കെ നീ നോക്കാറുണ്ടോ?

ഇല്ലെടി മൂപ്പര് എല്ലാം ക്ലിയർ ചാറ്റ് ചെയ്യും, ചോയ്ച്ചപ്പോ പറയുവാ ഫോണ് ഹാംഗാവൂന്ന്. സങ്കടത്തോടേ ജ്യോതി പറഞ്ഞു.

അങ്ങേര് പഠിച്ച കള്ളനായിരുന്നല്ലേ, ഒന്നുമറിയാത്ത പൂച്ചേനേ പോലേ ഇരുന്നിട്ട് മറ്റേ കാര്യത്തിലൊക്കെ പുലിയാല്ലേ…. കിട്ടിയ അവസരം മഹി പാഴാക്കിയില്ല.നീ നേരത്തേ ഒരു ചമ്മന്തീടേ കാര്യം പറഞ്ഞില്ലേ അതവള് അയച്ചതാണോ…

ചമ്മന്തിയല്ലെടി ജീ ഡി എമ്മഞ്ചീന്നാ…

ശരിക്കും എങ്ങനെയാ അവള് എഴുതിയിരുന്നത്? മലയാളത്തിലാണോ അതോ ഇംഗ്ലീഷിലാണോ…?

ഇംഗ്ലീഷിലാടി ദേ ഇങ്ങനാ എഴുതിയത്…Gd mng

എടി കുരുത്തം കെട്ടവളേ… ഇത് ഗുഡ് മോണിംഗ് അയച്ചതാടി പ്രാന്തീ.

അതായിരുന്നോ…. എന്നാ ആ പിശാചിന് നേരേ ചൊവ്വേ പറഞ്ഞാ പോരായിരുന്നോ മനുഷ്യനെ ടെൻഷനടിപ്പിക്കാനായിട്ട്!

അവള് കാണാൻ എങ്ങനെ ഉണ്ടെടീ, Dp ഇട്ടിട്ടുണ്ടോ?

ഫോട്ടോ ഇട്ടിരിക്കുന്നത് ഒരു ചെറിയ പെൺകുട്ടിയുടേതാണ്… ചിലപ്പോൾ അതവളുടെ മകളാവാനാണ് സാധ്യത.

ജ്യോതീ… ഞാനൊരു ഐഡിയ പറഞ്ഞ് തരാം നീ അത് പോലേ ചെയ്താ മതി, അവളെ നമ്മുക്ക് കൈയ്യോടേ പൊക്കാം…

പറ…പറ വേഗം പറ.കേൾക്കാൻ ജ്യോതിക്ക് തിടുക്കമായി.

രാത്രി അങ്ങേര് ഉറങ്ങി കഴിഞ്ഞ് ഫോണെടുത്ത് നീ ആ മറ്റവളുമായ് ചാറ്റണം, അങ്ങേര് ചാറ്റുന്നത് പോലേ ആവണം അവൾക്ക് സംശയം തോന്നാത്ത രീതിയിലാവണം. അവളുടെ ഉള്ളിലിരുപ്പ് എന്താന്നറിയാമല്ലോ…

ആ… അത് കൊള്ളാം അക്കാര്യം ഞാനേറ്റു. ജ്യോതി ഹാപ്പിയായ് കള്ളനെ പിടിക്കാൻ മഫ്ടിയില് ഒളിച്ചിരിക്കുന്ന പോലീസിനെ പോലേ കെട്ടിയോൻ ഉറങ്ങാൻ കാത്തിരുന്നു.

പത്ത് പന്ത്രണ്ട് മണി കഴിഞ്ഞ് കാണും മൂപ്പരുടെ കൂർക്കം വലി കേട്ടതും ഓള് ഫോണെടുത്തു. പ്രസിലിയെ ഓൺലൈനിൽ കണ്ടപ്പോൾ മനസ്സില് പറഞ്ഞു ഈ പണ്ടാരത്തിന് ഉറക്കോമില്ലേന്ന്.

ഹായ് കൊടുത്തിട്ട് വെയ്റ്റ് ചെയ്തു. ബ്ലൂ ടിക് കണ്ടതും അവിടന്ന് റിപ്ലൈ വന്നു തിരിച്ചൊരു ഹായ് ആയിരുന്നു അത്.

ഇനി എന്ത് പറയും ആലോചിച്ചിട്ട് ജ്യോതി വീണ്ടും ഒരു ഹായ് കൂടി കൊടുത്തു.

ഇങ്ങനെ ഹായ് വിട്ടോണ്ടിരുന്നാ മതിയോ?പറ എന്തുണ്ട് വിശേഷം?

പാതിരാത്രി അവള് വിശേഷം തിരക്കാൻ വന്നേക്കുവാ…. ശര്യാക്കി തരാം ഞാൻ.

കുറേ ആയല്ലോ കണ്ടിട്ട് ഇനി എന്നാണൊന്ന് കാണുന്നത്? മഹിമ പറഞ്ഞ് തന്ന ഡയലോഗുകൾ ഓരോന്നായ് തൊടുത്ത് തുടങ്ങി അവൾ.

രണ്ടാഴ്ച മുമ്പ് കണ്ടത് മറന്ന് പോയോ ഇത്ര പെട്ടെന്ന്?

അത് കണ്ട് ഞെട്ടിപ്പോയ ജ്യോതി സ്വതസിദ്ധമായ ശൈലിയിൽ ചോദിച്ചു യെപ്പ?

ഓഹോ കറക്കവും കണ്ടുമുട്ടലുമൊക്കെ പതിവാണല്ലേ… എന്നിട്ട് ഒന്നും അറിയാത്ത പോലേ കൂർക്കം വലിച്ച് കിടക്കണ കിടപ്പ് കണ്ടില്ലേ…. ഞാനൊന്നും അറിയില്ലെന്ന് വെച്ചോ? കെട്ടിയോനെ നോക്കി ജ്യോതി പല്ലിറുമി

രണ്ടാഴ്ച മുമ്പ് അല്ലായിരുന്നോ റീ യൂണിയൻ,അത് ഇത്ര പെട്ടെന്ന് മറന്ന് പോയോ….?

ഹോ…. അതാര്ന്നോ ഒരു ദീർഘ നിശ്വാസം രണ്ട് മൂന്ന് കഷ്ണങ്ങളായ് മുറിച്ചിട്ട് ജ്യോതി പറഞ്ഞു, അത് ഞാൻ വിട്ട് പോയെന്ന്.

അടുത്താഴ്ച ഞാൻ എറണാകുളം വരുന്നുണ്ട് അപ്പോ വരണോട്ടോന്ന് പ്രസിലീം.

അതിനെന്താ… തീർച്ചയായിട്ടും എത്തിയിരിക്കും. പ്രസിലിയെ ഇംപ്രസ്സാക്കാനുള്ള റിപ്ലെ കൊടുക്കാൻ ജ്യോതിയും മടിച്ചില്ല.

കൊച്ചീല് എവിടെയാ വരുന്നത്?

മെഡി: ട്രസ്റ്റ് ഹോസ്പിറ്റലിൽ, അവിടെ നല്ലൊരു ഗൈനക്കോളജിസ്റ്റുണ്ട് അവരെ കാണാനാ….

ങേ…. ജ്യോതീടെ ഉള്ളില് തീയായി. ഇനി വല്ല അiബോർഷനുമാണോ ഇവളുടെ പ്ലാൻ? കരച്ചില് വന്നെങ്കിലും എല്ലാം ഉള്ളിലൊതുക്കി കൊണ്ട്, ബെഡ് ഷീറ്റ് എടുത്ത് കടിച്ച് പിടിച്ചോണ്ടാണ് അവള് പിന്നെ മെസ്സേജ് ടൈപ്പ് ചെയ്തത്. ഗൈനക്കോളജിനെ കാണാനും മാത്രം എന്താ വിശേഷം?

ഞാനന്ന് കണ്ടപ്പോ പറഞ്ഞില്ലേ, കുറേ നാളായ് കുട്ടികളില്ലാതിരുന്ന കാര്യമൊക്കെ വൈഫിന് വിശേഷമുണ്ട് അതാ മെഡിക്കൽ ട്രസ്റ്റില് തന്നെ കാണിക്കാൻ തീരുമാനിച്ചത്. അവിടെയാ ബെറ്റർ ഓപ്ഷനെന്ന് എല്ലാവരും പറയുന്നത്.

അത് കൂടി കേട്ടപ്പോഴാ ജ്യോതി ശരിക്കും ഞെട്ടി പോയത്. പ്രസിലി മൂപ്പരുടെ കൂട്ടുകാരൻ ആയിരുന്നു എന്ന വിവരം ഉൾകൊള്ളാൻ അവൾക്ക് നന്നേ ബുദ്ധിമുട്ടി….

ഇപ്പഴെങ്കിലും മനസ്സിലായത് നന്നായി അല്പനേരം മുന്നേ വരെ എന്തൊക്കെയാ ചിന്തിച്ച് കൂട്ടിയത്. കൂർക്കം വലിച്ച് ഉറങ്ങുന്ന ആ മനുഷ്യൻ്റെ നെഞ്ചത്ത് കേറീരുന്ന് ഇടിച്ചാലോന്ന് വരെ ആലോചിച്ചതാ. അതൊക്കെ ഓർത്തപ്പോൾ ജ്യോതിക്ക് തന്നെ ചിരി വന്ന് പോയി.

തലേ ദിവസത്തെ ഞെട്ടലിൽ ഉറക്കം പോലും നഷ്ട്ടപ്പെട്ട ജ്യോതി സമാധാനത്തോടേ കിടന്ന് ഉറങ്ങി.അവൾ ഗാഢ നിദ്രയിലാണെന്ന് മനസ്സിലാക്കിയ ശ്യാം ഉണർന്ന് മെല്ലെ മൊബൈലെടുത്തു.

പ്രസിലിയുടെ ചാറ്റുകൾ റീഡ് ചെയ്തേന് ശേഷം Thanks എന്ന് ടൈപ്പ് ചെയ്ത് അയാൾ അവളെ ബ്ലോക്ക് ചെയ്തു. കോണ്ടാക്ട് ലിസ്റ്റിൽ നിന്ന് ആ പേര് തന്നെ ഡിലീറ്റാക്കാനും അയാൾ മറന്നില്ല.

തലേ ദിവസം ജോലിക്ക് പോകും മുന്നേ ജ്യോതിയുടെ മുഖഭാവം ശ്യാം ശ്രദ്ധിച്ചിരുന്നു. എന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ച് തീരും വരെ ഒപ്പം കൂടേ ഇരുന്നിരുന്ന ജ്യോതിയുടെ പെരുമാറ്റത്തിൽ ശ്യാമിന് എന്തൊക്കെയോ പൊരുത്തക്കേടുകൾ തോന്നിയിരുന്നു.

ചായ കപ്പുമായ് കിച്ചണിലേക്ക് ചെന്നപ്പോൾ ജ്യോതി അവിടെ ഉണ്ടായിരുന്നില്ല. ബെഡ് റൂമിൽ തൻ്റെ ഫോണിൽ നോക്കിയിരുന്ന ജ്യോതിയുടെ മുഖഭാവത്തിൽ നിന്ന് ശ്യാമിന് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു.

ഓഫീസിലെത്തിയ ശ്യാം അന്ന് മുഴുവൻ തല പുകയ്ക്കുകയായിരുന്നു. മറ്റാർക്ക് വേണ്ടിയും ജ്യോതിയെ നഷ്ടപ്പെടുത്താൻ അയാൾ തയ്യാറായിരുന്നില്ല. ഒടുവിൽ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കാൻ അയാൾ തീരുമാനിക്കുകയായിരുന്നു.ശാന്തമായ് ഉറങ്ങുന്ന ജ്യോതിയുടെ അടുത്തേക്ക് അയാൾ ഒന്ന് കൂടി ചേർന്ന് കിടന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *