ഇതെങ്ങനാ അപ്പു ഇത്ര കൃത്യമായി പാസ്സ് മാർക്കു മാത്രം വാങ്ങിക്കുന്നെ? പരീക്ഷ പേപ്പർ അവനു നേരെ നീട്ടിക്കൊണ്ടു സ്റ്റാഫ് റൂമിൽ വിളിച്ചു വരുത്തിയ ബിൻസി ടീച്ചർ ചോദിച്ചു………….

story written by Atharv Kannan

” ടീച്ചറെ അപ്പൂനെ എന്റെ ഗ്രൂപ്പിന്നു മാറ്റുവോ? ” ക്ലാസ്സിൽ ടേബിളിനു അരികിൽ വന്നു നിന്നുകൊണ്ട് മിന്നു അത് ചോദിക്കുമ്പോൾ അറിയാതെ ബിൻസി ടീച്ചർ അപ്പുവിന്റെ മുഖത്തേക്ക് നോക്കി പോയി. തന്റെ നോട്ടം പ്രതീക്ഷിച്ചെന്നാവണം ഒന്നും അറിയാത്തതു പോലെ അവൻ മുഖം വെട്ടിച്ചു.

” എന്തെ? ആപ്പും കുട്ടിയും ആയി എന്തേലും പ്രശ്‌നിണ്ടോ? “

” ഇല്ല “

” പിന്നെ? “

” അത് ” തന്റെ മുഖം താഴ്ത്തിക്കൊണ്ട് അവൾ പറയാൻ മടിച്ചു നിന്നു

” എന്താണെന്ന് പറഞ്ഞാലല്ലേ എനിക്ക് മനസ്സിലാവു മോളേ “

” അപ്പുന്റെ കൂടെ കൂട്ടു കൂടിയാൽ പിന്നെ മറ്റു കുട്ടികൾ ഒന്നും എന്നോട് മിണ്ടില്ല “

പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ ബാലിശമായ വാക്കുകൾ സ്കൂൾ മാറി വന്ന ബിൻസി ടീച്ചറിന് അത്ഭുതമായി തോന്നി.

” അതെന്താ? “

” അപ്പൂനെ ആർക്കും ഇഷ്ടല്ല! “

ഇടി വെട്ടുന്ന പോലെ ആ വാക്കുകൾ ബിൻസി ടീച്ചറിന്റെ ഉള്ളിൽ പതിച്ചു.

” ഉം… മോളു പോയിരുന്നോ… “

അവൾ തന്റെ സീറ്റിലേക്ക് മടങ്ങി വന്നിരുന്നു… ബിൻസി ടീച്ചർ അപ്പുവിനെ നോക്കി

” അപ്പു ഇവിടെ വരൂ “

അവൻ മെല്ലെ എണീറ്റു… ആ ആജ്ഞ കേട്ടു മറ്റു കുട്ടികൾ നിശ്ശബ്ദരായി… മിന്നു വന്നപ്പോൾ അനങ്ങാതിരുന്ന കുട്ടികൾ അപ്പുവിന്റെ പേര് കേട്ടപ്പോൾ ജാഗരൂഗരാവുന്നത് കണ്ട ബിൻസി ടീച്ചർക്ക് അതിശയം വിട്ടു മാറിയില്ല.

അവൻ അടുത്തു വന്നതും ഒരു തരം ദുർഗന്ധം അവരുടെ മൂക്കിൽ പതിച്ചു.

” അപ്പു എന്താ തുണി ഒന്നും അളക്കാറില്ലേ? എന്താ ഒരു മണം? ഇങ്ങനാണോ ക്ലാസ്സിലേക്ക് വരുന്നേ? “

അവൻ ഒന്നും മിണ്ടാതെ നിന്നു

” അസ്സൈഗ്ന്മെന്റ് ഒറ്റയ്ക്ക് ചെയ്യുവോ? “

അവൻ തലയാട്ടി

” ഉം… എന്നാ പൊയ്ക്കോ “

അവൻ തിരിച്ചു നടന്നു…

” അതെ പത്ത് ബി യിലെ അപ്പുവിന് എന്തേലും കുഴപ്പുണ്ടോ? ” സ്റ്റാഫ് റൂമിലെ ഇടവേളയിൽ ബിൻസി ടീച്ചർ സഹ അദ്ധ്യാപികയോട് ചോദിച്ചു.

” ഹോ! ഒന്നും പറയണ്ട.. അതൊരു വൃത്തികെട്ട ചെറുക്കാനാ ടീച്ചറെ… സർക്കാർ സ്കൂൾ അല്ലേ നമുക്ക് പറഞ്ഞു വിടാനൊന്നും പറ്റില്ലാലോ! “

” വൃത്തികെട്ട ചെറുക്കൻ എന്ന് പറഞ്ഞാൽ? ആരേലും ഉപദ്രവിക്കുമോ മറ്റോ? “

” ഏയ്‌ അങ്ങനൊന്നും ഇല്ല. ആരോടും ഒന്നും മിണ്ടില്ല.. ചോദിച്ചാലും മിണ്ടില്ല. കുളിയും നനയും ഒന്നും ഇല്ല. എക്‌സൈമിന് കൃത്യം അമ്പതിൽ പതിനെട്ടു മേടിച്ചു ജയിക്കും.. എങ്ങനാണെന്നു ദൈവത്തിനു മാത്രമേ അറിയൂ! “

” വീട്ടുകാരോട് പറഞ്ഞൂടെ? “

” ഓഹ്! ആകെ ഉണ്ടായിരുന്നത് ഒരു തള്ളയാ.. ഇവനെ സഹിക്കാൻ പറ്റാഞ്ഞിട്ടാണോ എന്തോ രണ്ട് കൊല്ലം മുന്നേ അവരും ആത്മഹത്യ ചെയ്തു “

” അപ്പൊ ഈ പഠിപ്പും കാര്യങ്ങളും ഒക്കെ? “

” ആ അറിയില്ല… അവനെയൊണ്ട് ഞങ്ങൾ ആരും കൂടുതൽ നോക്കാനൊന്നും പോയില്ല “.

ബിൻസി ടീച്ചരുടെ മനസ്സിൽ അപ്പു ഒരു ചോദ്യമായി അവശേഷിച്ചു. പിറന്നാൾ ദിനത്തിൽ മറ്റു കുട്ടികൾക്ക് ചോക്ലേറ്റ് കൊടുക്കുന്നവർ പോലും പരസ്യമായി അവനെ മാറ്റി നിര്ത്തുന്നു. സാറുമാർ മനപ്പൂർവം ചോദ്യം ചോദിച്ചു അവനെ നാണം കെടുത്തുന്നതിൽ ആനന്ദം കണ്ടെത്തുന്നു.

സാധാരണ കുട്ടികൾ പഠിക്കാൻ പിന്നോട്ടാണെങ്കിൽ കളികളിലോ കലകളിലോ മുന്നിൽ ആവാറുണ്ട്. പക്ഷെ അപ്പുവിനെ ഗ്രൗണ്ടിന്റെ പരിസരങ്ങളിൽ പോലും കാണാൻ കിട്ടാറില്ല.

” ഇതെങ്ങനാ അപ്പു ഇത്ര കൃത്യമായി പാസ്സ് മാർക്കു മാത്രം വാങ്ങിക്കുന്നെ? ” പരീക്ഷ പേപ്പർ അവനു നേരെ നീട്ടിക്കൊണ്ടു സ്റ്റാഫ് റൂമിൽ വിളിച്ചു വരുത്തിയ ബിൻസി ടീച്ചർ ചോദിച്ചു.

” ഞാൻ ഒരു പാഠമേ പഠിക്കാറുള്ളു “

” മനസ്സിലായില്ല “

” മുഴുവൻ ഭാഗങ്ങളും നാല് പാഠങ്ങൾ ആക്കും അതിൽ ഒരു ഭാഗം പഠിക്കും. ജയിക്കാൻ അത് മതി “

ടീച്ചറിന്റെ കണ്ണുകൾ തള്ളി

” ബാക്കി കൂടി പഠിച്ചാൽ എന്താ? “

” സമയം കിട്ടാറില്ല “

” അതെന്ന രാത്രി നീ വല്ല കോഴി പിടിക്കാനും പോവണ്ടോ?”

” ആം ഉണ്ട്! “

” ദേ.. എന്നോട് തർക്കുത്തരം പറഞ്ഞാൽ ഉണ്ടല്ലോ.. അടിച്ചു നിന്റെ മോന്ത ഞാൻ പൊളിക്കും ” അവന്റെ എടുത്തടിച്ചുള്ള മറുപടിയിൽ കലിയോടെ ബിൻസി ടീച്ചർ പറഞ്ഞു

” തർക്കുത്തരം അല്ലാ. കോഴി പിടിക്കാൻ പോവും ബാബു ഏട്ടന്റെ കൂടെ.. വരുമ്പോ വെളുപ്പിനാവും “

” നീ എന്തൊക്കെയാ ഈ പറയുന്നേ? എനിക്കൊന്നും മനസ്സിലാവുന്നില്ല “

” കോഴി ഫാമിലേക്കു രാത്രി ആണ് കോഴി വണ്ടികൾ വരാറ്… മിക്കപ്പോഴും പണി ഇണ്ടാവും. ബാബു ഏട്ടന്റെ കൂടെ പോയ 600 രൂപ വെച്ചു കിട്ടും “

കുറച്ചു നേരം ബിൻസി ഒന്നും മിണ്ടാതെ ഇരുന്നു.

” എന്നിട്ടു ഈ കാശൊക്കെ നീ എന്ത് ചെയ്യുവാ? നന്നായി പഠിച്ചാൽ നല്ല ജോലി ചെയ്തു ഇഷ്ടം പോലെ സമ്പാദിക്കാൻ പാടില്ലേ? “

” ലോൺ ഇണ്ട്. അച്ഛൻ മരിക്കും മുന്നേ എടുത്തതാ.. അമ്മയും പോയി.. ഇപ്പോ വീടും സ്ഥലവും പോവാറായി “

ബിൻസിക്ക് എന്ത് പറയണം എന്നറിയാതെ ആയി.

” സ്വന്തക്കാർ ആരും ഇല്ലേ? “

” ഒണ്ടു.. അടുപ്പിക്കില്ല “

” ഏഹ് “

” ഞാൻ ചെകുത്താന്റെ കുഞ്ഞാണെന്ന പറയുന്നേ… ഞാൻ കാരണാ അച്ഛനും അമ്മേം മരിച്ചെന്നു “

” ശരി . നിനക്കൊന്നു വൃത്തി ആയി നടന്നൂടെ? “

” ശ്രമിക്കാം “

ബിൻസി ദീർഘമായി ഒന്ന് നിശ്വസിച്ചു.

” അവനെ പകൽ ഇവിടൊന്നും കാണാറില്ല ടീച്ചറെ… രാവിലേ പത്രം ഇടാൻ പോവും.. വൈന്നേരം കുഞ്ഞാപ്പന്റെ പീടികെല് വിറകു കീറലും പാത്രം കഴുകലും ഒക്കെ ആണെന്ന കേട്ടത്.. പിന്നെ രാത്രി മണല് വാരാനോ കോഴി പിടിക്കാനോ ഒക്കെ പോണ്ടെന്ന് കേട്ടു.. നേരാണോ… ആ അറിയില്ല! ” അപ്പുന്റെ വീടിനു അപ്പുറത്തെ വീട്ടിലെ അമ്മിണി പറഞ്ഞു.

” ഈ വീടിനു വാതിലൊന്നും നേരത്തെ ഇല്ലാത്തയാണോ? ” മുഷിഞ്ഞു കിടക്കുന്ന വീടിനെ നോക്കി ബിൻസി ടീച്ചർ ചോദിച്ചു.

” അത് പണ്ടേ അങ്ങനാ… സ്ഥലം പണയം വെച്ചു ലോൺ എടുത്തതാ വീട് പണിയാൻ ആണെന്നും പറഞ്ഞ്.. അവന്റെ അപ്പനെ.. കുടിച്ചു കുടിച്ചു കൂട്ടുകാരു കാശ് മൊത്തം കൊണ്ടോയി.. അതോടെ അവളുമായി എന്നും വഴക്കായി… പിന്നെ ഒരു ദിവസം അവനങ്ങു കേറി കടുംകൈ ചെയ്തു… അവൾക്കെങ്കിലും ആ ചെറുക്കന്റെ കാര്യം ചിന്തിക്കായിരുന്നു… കഴിഞ്ഞ മാസം ബാങ്കുകരൊക്കെ വന്നു ഒരുപാട് ഒച്ചപ്പാടും ബഹളോം ഒക്കെ ആയതാ.. പ്രസിഡന്റ്‌ ഇടപെട്ടാ ഒരു വിധത്തിൽ ഒത്തു തീർപ്പാക്കിയേ “

ടീച്ചർ വീടിന്റെ അകത്തേക്ക് കയറി.. എല്ലാം വലിച്ചു വാരി ഇട്ടിരുന്നു… കൂട്ടി ഇട്ടിരുന്ന തുണികളിൽ നിന്നും നന്നേ ദുർഗന്ധം പറക്കുന്നുണ്ടായിരുന്നു. അടുക്കള കണ്ടാൽ അറിയാം പാചകം ചെയ്തിട്ട് നാളുകൾ ആയെന്നു. പക്ഷെ അവരെ അതിശയിപ്പിച്ചത് മറ്റൊന്നായിരുന്നു.. പുസ്തകങ്ങൾ.. അവ മാത്രം മുറിയുടെ ഒരു കോണിൽ പേപ്പറിന്മേൽ അടുക്കി വെച്ചിരുന്നു. അതിനരികിൽ അമ്മയുടെ ഒരു ഫോട്ടോയും.

അന്ന് രാത്രി ബിൻസി ടീച്ചർ ഉറങ്ങിയില്ല… അവഗണന ആണ് ലോകത്തിലെ ഏറ്റവും വലിയ വേദന.. അത് ഒരാളിൽ നിന്നും അനുഭവിച്ച വിഷമം തനിക്കറിയാം. അപ്പൊ ഒരു സ്കൂൾ മുഴുവൻ ഒരു വിദ്യാർത്ഥിയെ അവഗണിക്കുമ്പോൾ എന്താവും അവന്റെ മനോനില! ഊഹിക്കാവുന്നതേ ഉളളൂ.. നാളെ അവൻ വളർന്നു ഒരു വിപത്തായി മാറും.അവന്റെ ഉള്ളിൽ എല്ലാവരോടും പകയാവും.ഈ ലോകത്തെ തന്നെ അവൻ വെറുക്കും.ഒരുപക്ഷെ ഈ ലോകത്തിലെ ഏറ്റവും സ്വാർത്ഥനായ മനുഷ്യനായി അവൻ മാറും.ഉറങ്ങാതെ ആ രാത്രി ടീച്ചർ പോം വഴിയേ പറ്റി ചിന്തിച്ചുകൊണ്ടേ ഇരുന്നു.

പിറ്റേന്ന് രാവിലെ പതിവ് പോലെ എല്ലാവരും ക്ലാസ്സിൽ വന്നിരുന്നു. ലാസ്റ്റ് ബെഞ്ചിൽ തനിയെ അപ്പുവും.

” എല്ലാവരും പുസ്തകങ്ങൾ ഒക്കെ ഒന്ന് അടച്ചു വെക്ക് ” ടീച്ചറിന്റെ വാക്കുകൾ കേട്ടു കുട്ടികൾ പരസ്പരം നോക്കി

” ഇന്നിവിടെ ഞാനൊരു വിഷയം എഴുതും ബോർഡിൽ… നിങ്ങൾ ഓരോരുത്തരും വന്നു അതിനെ കുറിച്ച് പ്രസംഗിക്കണം..”

കുട്ടികൾ വിഷയത്തിനായി ബോർഡിലേക്ക് ഉറ്റു നോക്കി.

” വിശപ്പ് ” ടീച്ചർ ബോർഡിൽ എഴുതി ഇട്ടു.

” ഏറ്റവും നന്നായി പറയുന്ന ആൾക്ക് ഞാനൊരു സമ്മാനം തരും… പ്രസംഗം തന്നെ വേണമെന്നില്ല.. നിങ്ങളുടെ അനുഭവങ്ങളും പറയാം “

കുട്ടികൾ ഓരോരുത്തരായി തങ്ങളുടെ പ്രസംഗങ്ങൾ പറഞ്ഞു തുടങ്ങി.

” വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ വികാരം… “

” എന്തൊക്കെ ബുദ്ധിമുട്ടുകൾ വന്നാലും എന്റെ അച്ഛനും അമ്മയും എന്നെ പട്ടിണിക്കു ഇട്ടിട്ടില്ല… “

” എനിക്ക് വിശന്നു തുടങ്ങും മുന്നേ അമ്മ അടുത്ത ഭക്ഷണം തയ്യാറാക്കിയിട്ടുണ്ടാവും…. “

” അച്ഛന്റെ ഓഫീസിന് നോർത്ത് ഇന്ത്യയിലേക്ക് ട്രിപ്പ്‌ പോയപ്പോ ആയിരുന്നു ഞാൻ ആദ്യമായി പട്ടിണി കിടക്കുന്നവരെ കാണുന്നതു.. അതൊരു പ്രത്യേക അനുഭവമായിരുന്നു “

” കാശിക്കു പോയി വരും വഴിയാണ് ഒരു പാലത്തിനു കീഴിൽ വൃദ്ധൻ ഇരുന്നു മല വിസർജനം നടത്തി തന്റെ സ്വന്തം മലം ഭക്ഷിക്കുന്നത് കണ്ടത്… കുറച്ചു ദിവസത്തേക്ക് എനിക്ക് ഉറങ്ങാനെ കഴിഞ്ഞില്ല! “

അപ്പുവിന്റെ ഊഴം എത്തി.. അവൻ മടിച്ചു മടിച്ചു മുന്നിലേക്ക് വന്നു…അപ്പു ടീച്ചറെ നോക്കി…

” നീ അഞ്ചാം ക്ലാസിൽ അല്ല പ്ലസ്‌ടുവിനാണ് പഠിക്കുന്നത് അപ്പു ” ബിൻസി ടീച്ചർ മനസ്സിൽ പറഞ്ഞു.

” അച്ഛൻ കള്ള് കുടിക്കാൻ തുടങ്ങിയപ്പോ ആണ് ആദ്യമായി വിശപ്പ് എന്താണെന്നു അറിയുന്നത്.എന്നും കുടിച്ചിട്ട് വന്നു കഞ്ഞി കലം തല്ലി പൊട്ടിക്കും. അല്ലെങ്കിൽ കഞ്ഞിയിലേക്ക് മൂത്രം ഒഴിച്ച് വെക്കും.അമ്മ കൂലിപ്പണിക്ക് പോവുന്ന പൈസയും പിടിച്ചു വലിച്ചു മേടിച്ചോണ്ടു പോവും. ഒടുവിൽ അമ്മ പണിക്കു പോവുന്ന വീടുകളിൽ ചെന്നു അവിടുത്തെ വീട്ടുകാരോട് പൈസ ചോദിച്ചു ശല്യമായതോടെ ആരും അമ്മയെ പണിക്കു വിളിക്കാതായി.അതോടെ മുഴു പട്ടിണി ആയി.”

അതുവരെ ഗൗനിക്കാതിരുന്ന കുട്ടികൾ ഓരോരുത്തർ ആയി ശ്രദ്ധിച്ചു തുടങ്ങിയിരുന്നു .

” വിശപ്പ് സഹിക്കാനാവാതെ അമ്മ കരയുന്ന കണ്ടപ്പോ ആണ് ആദ്യമായി മോഷ്ടിക്കുന്നത്.”

കുട്ടികൾ ഞെട്ടലോടെ അവനെ നോക്കി.

” പിന്നീട് പല ദിവസങ്ങളിലും അടുത്ത വീടുകളിലെ അടുക്കളയിൽ നിന്നും മോഷ്ടിക്കാൻ തുടങ്ങി.ഒരു ദിവസം പിടിച്ചു.അന്ന് എന്റെ കഥ കഴിയും എന്ന് വിചാരിച്ചു… പക്ഷെ കുഞ്ഞപ്പൻ ചേട്ടൻ കടയിൽ ഒഴിവു സമയങ്ങളിൽ പണിയെടുത്തോളാൻ പറഞ്ഞു. വിറകു കീറി, പാത്രങ്ങൾ കഴുകി കടയും കഴുകി വെച്ചാൽ കഴിക്കാനുള്ള ഭക്ഷണം തരും. അന്ന് കടയിൽ ബാക്കി വന്നതെല്ലാം മാറ്റി വെച്ചിട്ടുണ്ടാകും. അതുമായി ഞാൻ ചെല്ലുന്നതും കാത്തു അമ്മ ഉമ്മറ പടിയിൽ ഇരിക്കുന്നുണ്ടാവും. അച്ഛൻ പോയേപ്പിന്നെ അമ്മേടെ മാനസിക നില ആകെ തെറ്റിയിരുന്നു. ഒരു ദിവസം അമ്മയെ ഉമ്മറത്ത് കണ്ടില്ല… “

അപ്പു നിശബ്ദനായി…. മൗനം നിറഞ്ഞു നിന്നു.. കുട്ടികളും ടീച്ചറും അവനെ ഉറ്റു നോക്കി…

” പഴകിയ സാരിത്തുമ്പിൽ അമ്മയും ജീവിതം അവസാനിപ്പിച്ചു… എല്ലാം മറക്കാൻ കിട്ടുന്ന സമയം മുഴുവൻ പണി എടുക്കാൻ തുടങ്ങി… വിയർപ്പു കൂടുംതോറും അതിന്റെ മണവും ഞാൻ ഇഷ്ട്ടപ്പെട്ടു തുടങ്ങി.. പിന്നെ അതില്ലാതെ പറ്റില്ലാന്നായി… ഒരു ദിവസം ഒക്കെ പിടിച്ചു നിക്കാം.. പക്ഷെ ഒന്നര ദിവസം കഴിയുമ്പോ അടിവയറിൽ നിന്നും കാട്ടു തീ പോലെ ഏരിയാൻ തുടങ്ങും… അത് സഹിക്കാൻ പറ്റില്ല.. അതെ വിശപ്പാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വികാരം.. “

പറഞ്ഞു നിർത്തിയതും കനത്ത നിശബ്ദത നിറഞ്ഞു നിന്നു…. അതുവരെ അവനെ അറപ്പോടെ കണ്ടിരുന്ന പലരുടെയും കണ്ണുകൾ അറിയാതെ നിറഞ്ഞു.

നിശബ്ദതയെ ഭേദിച്ച് കൊണ്ടു ആദ്യം മിന്നുവിന്റെ കൈകൾ തമ്മിൽ കൂട്ടി അടിച്ചു.. അത് കാട്ടു തീ പോലെ പടർന്നു. തനിക്കു വേണ്ടി ആദ്യമായി ഒരു ക്ലാസ് മുഴുവൻ കയ്യടിക്കുന്നത് കണ്ടു അവൻ അതിശയത്തോടെ നിന്നു. കുട്ടികൾ ഓരോരുത്തർക്കും ഇട്ട മാർക്കുകൾ വാങ്ങി ടീച്ചർ കൂട്ടി നോക്കി. സംശയ ഭേദമന്യേ അപ്പു ഒന്നാമനായി.

ടീച്ചർ ഒരു പുസ്തകം അപ്പുവിന് നേരെ നീട്ടി ” ഇതാണ് എന്റെ സമ്മാനം… ഹൗ ടു വിൻ ഫ്രണ്ട്സ ആൻഡ് ഇൻഫ്ലുൻസ് പീപ്പിൾ… ഇത് നിന്റെ ജീവിതത്തിൽ വലിയൊരു മാറ്റം വരുത്തും.. മാറാൻ നീ തയ്യാറാണെങ്കിൽ മാത്രം.. ഒരു മരുന്ന് പോലെ ഈ പുസ്തകം എല്ലാ ദിവസവും വായിക്കു… ഈ ക്ലാസ്ല്ല്ല ഒരുനാൾ ഈ ലോകം മുഴുവൻ നിനക്ക് വേണ്ടി കയ്യടിക്കും “

വെള്ള ഷർട്ടും വെള്ള മുണ്ടും ധരിച്ചു അവൻ വേദിയിൽ പ്രൗഢിയോടെ നിന്ന ആ നിമിഷം തന്റെ ടീച്ചറെ ഓർത്തു.

” അപ്പു ആയ ഞാൻ, നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നും, ഞാൻ ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുമെന്നും, ഞാൻ കേരള സംസ്ഥാനത്തെ മന്ത്രിയെന്ന നിലയിൽ എന്റെ കർത്തവ്യങ്ങൾ വിശ്വസ്തതയോടും മനഃസാക്ഷിയെ മുൻനിർത്തിയും നിർവഹിയ്ക്കുമെന്നും, ഭരണഘടനയും നിയമവും അനുശാസിയ്ക്കും വിധം, ഭീതിയോ പക്ഷപാതമോ, പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ ജനങ്ങൾക്കും നീതി നടപ്പാക്കുമെന്നും സഗൗരവം/ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു. – “

മുന്നിൽ നിന്നും കയ്യടികൾ ഉയർന്നു… അത് ഒരു സംസ്ഥാനം മുഴുവൻ പടർന്നു പിടിക്കുന്നതായിരുന്നു… ആ കൂട്ടത്തിൽ എവിടേയോ തന്നെ ആദ്യമായി അംഗീകരിച്ച ടീച്ചറും ഉണ്ടന്നു അവനു അറിയാമായിരുന്നു. അടുത്ത യാത്ര അവരെ തേടിയാണ്.. ഈ ലോകത്തു ഏതൊരു മനുഷ്യനും അംഗീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നു.. പ്രശംസിക്കപ്പെടാൻ കൊതിക്കുന്നു. ആത്മാർത്ഥമായ പ്രശംസയും അംഗീകാരവും ഒരാളുടെ ജീവിതം തന്ന മാറ്റി മറിക്കും. അപ്പു മനസ്സിൽ ഓർമിച്ചു. ഇന്ന് അവന്റെ വിജയത്തിൽ ഏറ്റവും സന്തോഷിക്കുന്നതും അപ്പു എന്റെ സഹപാഠി ആണെന്ന് അഭിമാനത്തോടെ പറയുന്നതും ഒരുനാൾ അവനെ മാറ്റി നിർത്തിയവർ തന്നെ ആയിരിക്കും.. ജീവിതം അങ്ങനാണ്.

Leave a Reply

Your email address will not be published. Required fields are marked *