ഇതൊന്നും ദൈവം തമ്പുരാന് പോലും മനസിലാവില്ല. ഇനി അവൾക്കു വല്ലോം മനസിലാകുന്നുണ്ടോ?ആർക്കറിയാം….

ധൃതംഗപുളകിതനായ ഞാൻ…

Story written by AMMU SANTHOSH

പെണ്ണ് കാണാൻ ചെന്നപ്പോൾ അവൾ ഒന്നേ പറഞ്ഞുള്ളു എഴുതാൻ അനുവദിക്കണം… അതിനെന്താ എഴുതിക്കോട്ടെ നല്ല കാര്യം അല്ലെ? അല്ലപ്പാ നീ എന്താ എഴുതുക? അവൾ ചിരിയോടെ പറഞ്ഞു “കവിത “..,

ഈശ്വര.. എനിക്ക് പുലബന്ധം പോലുമില്ലാത്ത സാധനം… ഞാൻ ചിന്തിക്കാറുണ്ട് ആൾക്കാർ ഈ കവിത എങ്ങനെ എഴുതുമെന്ന്.. സമ്മതിക്കണം..

“ദിവസം എത്ര എണ്ണം വെച്ചെഴുതും? “ഞാൻ തെല്ല് ബഹുമാനത്തോടെ.

“അയ്യോ ദിവസവും ഇല്ല.. മഴ പെയ്യുമ്പോൾ മാത്രം.. “

“ങേ “ഈശ്വര ഇവൾ തവള ആണോ?

മഴ പെയ്യുമ്പോൾ മാത്രേ ആക്റ്റീവ് ആകുവുള്ളോ?

കൃത്യം കല്യാണത്തിന് മഴ ആയിരുന്നു. താലി കെട്ടുമ്പോൾ സത്യത്തിൽ എന്റെ കൈ വിറച്ചു. വേറെ ഒന്നുമല്ല അവളുടെ നോട്ടം മഴയിലേക്ക്… കോഴിക്കൂട് കണ്ട കുറുക്കനെപ്പോലെ

പാലിന് പകരം പേപ്പറും പേനയുമായി അവൾ ആദ്യരാത്രി വന്നപ്പോളാണ് അസുഖം കടുത്തതാണെന്നു ഞാൻ അറിഞ്ഞത്. മിണ്ടാൻ പറ്റുമോ? സർഗസൃഷ്ടി അല്ലേ? ഒരു സുഗതകുമാരിയെയോ മാധവികുട്ടിയെയോ ആണോ ഇനി ഞാൻ കെട്ടിയതു ഭഗവാനെ !

സത്യം പറയാമല്ലോ അവൾ എഴുതുന്നത് ഒറ്റ തവണയേ ഞാൻ വായിച്ചുള്ളു. മലയാളത്തിൽ ഇത്രേം വാക്കുകൾ ഒക്കെ ഉണ്ടായിരുന്നോ? വായിച്ച എന്റെ നാക്കുളുക്കിപ്പോയി. ഇതൊന്നും ദൈവം തമ്പുരാന് പോലും മനസിലാവില്ല. ഇനി അവൾക്കു വല്ലോം മനസിലാകുന്നുണ്ടോ?ആർക്കറിയാം .. എന്തായാലും എനിക്കൊരു കുന്തവും മനസിലായില്ല

മഴ പെയ്യരുതേ എന്ന് പ്രാർത്ഥിച്ച ആദ്യത്തെ മലയാളി ഞാൻ ആയിരിക്കും. നിവൃത്തികേട്‌ കൊണ്ടാ…. മഴയെ വെറുപ്പിച്ച സാമദ്രോഹി

എഴുതി വെറുതെ ഇരിക്കുകയുമില്ല ഈണം കൊടുത്തു എന്നെ പാടി കേൾപ്പിക്കും
ദോഷം പറയരുതല്ലോ ഞാൻ എന്തെങ്കിലും പാപം അറിഞ്ഞോ അറിയാതെയോ ചെയ്തിട്ടുണ്ടെങ്കിൽ തീർന്ന്… ഞാൻ വിശുദ്ധനായി.

അങ്ങനെ ഇരിക്കെ പെരുമഴക്കാലം വന്നു. അവൾ പുന്നെല്ലു കണ്ട എലിയെ പോലെ മഴ നോക്കി എഴുത്ത് തുടങ്ങി.

മഴ നിൽക്കുന്ന കോളില്ല. അവൾ എഴുത്ത് നിർത്തുന്ന മട്ടുമില്ല

അവൾക്കു ..ആഹാരം വേണ്ട കുളിയില്ല, ജപമില്ല. മഴ തോർന്നിട്ടു വേണമല്ലോ അവൾ ഈ എഴുത്ത് നിർത്താൻ

ഒടുവിൽ എന്റെ ക്ഷമ കേട്ടു

“എടീ എഴുതിയത് മതി.. നീ അടുക്കളയിൽ കേറിക്കെ അമ്മ തന്നെയല്ലേ ഉള്ളു. എനിക്ക് വിശക്കുന്നു “

“ഞാൻ പറഞ്ഞിരുന്നതല്ലേ ചേട്ടാ മഴ വരുമ്പോൾ ഞാൻ എഴുതും ന്ന് ” (മണിച്ചിത്രത്താഴ് )

“നീ ഇനി ഉടനെ എഴുതണ്ട “ഞാൻ നകുലൻ

“അതെന്താ ഞാൻ എഴുതിയാല് “(ഗംഗേ… … ആ ഭാവമാറ്റം കണ്ടു ഞാൻ വടി വിഴുങ്ങിയ പോലെ നിന്നു ).

“എടാ നീ ഒരു ആണാണോ? “

കഷ്ടം.. എന്റെ സ്വന്തം അമ്മയാണ് ഈ ചോദ്യം ചോദിച്ചത്. കുറ്റം പറയാൻ പറ്റില്ല.

അമ്മ ഇല്ലാരുന്നേൽ പട്ടിണി കിടന്ന് ചത്ത ഭർത്താവിന്റെ അരികിലിരുന്നു കവിത എഴുതുന്ന ഭാര്യ എന്ന് പത്രത്തിൽ പടം വന്നേനെ.

ഇവളെ വല്ല ഡോക്ടർമാരേം കാണിച്ചാലോ… ഞാൻ തല പുകച്ചു. മഴ തീർന്നാൽ മാത്രേ ഇവള് വരൂ. ഒരു ഹോമം നടത്തിയാലോ?

വെള്ളം പൊങ്ങി വീടിന്റെ താഴത്തെ നില മുങ്ങിയപ്പോൾ അവൾ മുകളിൽ പോയിരുന്നു എഴുതിത്തുടങ്ങി…വീടിനടുത്തു താമസിക്കുന്ന ഇത് വരെ വീട്ടിലേക്ക് എത്തിപ്പോലും നോക്കാതിരുന്ന വാടകക്കാരൻ ഇളിഞ്ഞ ചിരിയോടെ അന്ന് വീട്ടിലെത്തി. സംസാരത്തിനിടയിൽ ഞാൻ ചോദിച്ചു

“എന്താ ജോലി? “

“എഴുത്ത് “അയാൾ ബുൾഗാൻ താടി തടവി. എഴുത്ത് ഒക്കെ ഒരു ജോലി ആയി തുടങ്ങിയോ?

“എന്ത് എഴുതും? ” ഞാൻ ചോദിച്ചു

“എന്തും.. എന്നാലും കവിത ആണ് പഥ്യം “

തമ്പുരാനെ ! പിടിച്ച പാമ്പിലും വലുതാണല്ലോ വന്നു കേറിയത്‌, ഈ പണ്ടാരങ്ങൾ എല്ലാം കൃത്യം എന്റെ നെഞ്ചത്തോട്ടു കേറുന്നതെന്തിനാ..

അയാളുടെ കവിതചൊല്ലൽ കേട്ട അവൾ ഓടി വന്നു

“അയ്യോ ശ്രീ.. ഓടനാവട്ടം ഓമനക്കുട്ടൻ സാർ അല്ലെ?

അയാളുടെ മുഖം വിജൃംഭിച്ചു.

“ഇവളും കവിത എഴുതും “ഞാൻ പറഞ്ഞു

അവൾ എഴുതിയത് അയാളെ കാണിക്കുന്നു ചൊല്ലി കേൾപ്പിക്കുന്നു.. ആകെ ഒരു കവിയരങ്ങിൽ പെട്ട പോലെ. സത്യായിട്ടും ഞാൻ ഗൾഫിൽ പോകാൻ ആ നിമിഷം ആലോചിച്ചു പോയി . മഴ കാണണ്ടല്ലോ ഇവളുടെ കവിതേം.

“ഇതെന്താ ഈ എഴുതി വെച്ചേക്കുന്നേ? “

“മഴപെയ്ത പകലിൽ സൂര്യന്റെ വെള്ളി വെളിച്ചം.. “

അയാൾ ഉറക്കെ ചിരിക്കുന്നു “

“മഴ പെയ്യുമ്പോൾ സൂര്യൻ ഉണ്ടോ കുട്ടി? ഉണ്ടെങ്കിൽ തന്നെ വെള്ളി വെളിച്ചം എങ്ങനെ വരും..?.. ഇതൊന്നും കവിത എന്ന ഗണത്തിൽ പെടുത്താൻ പോലും പറ്റില്ല. വെറുതെ കടലാസ് കളയാൻ…. “

സത്യത്തിൽ അപ്പോൾ അയാൾക്ക്‌ ഞാൻ ഒരു ഫുൾ ബോട്ടിൽ വാങ്ങി കൊടുക്കാൻ തീരുമാനിച്ചു. എനിക്ക് സാധിച്ചില്ലല്ലോ ഇത്?

അയാൾ വീണ്ടും കവിതയുടെ നൂലിഴ കീറി അവളെ ഭിത്തിയിൽ തേച്ചു ഒട്ടിക്കുന്നതു കണ്ടു ഞാൻ മഴ നോക്കിയിരുന്നു.

പിന്നീട് ഇത് വരെ അവൾ മഴ കവിതപോയിട്ടു ഒരു കവിതേം എഴുതിയിട്ടില്ല.. കാരണം എനിക്ക് മനസിലായി അങ്ങേരു പറഞ്ഞ പോലെ അതൊന്നും കവിത അല്ലായിരുന്നു. കൊല ആയിരുന്നു കൊല. പക്ഷെ ഒരു കാര്യം ഉണ്ട് കേട്ടോ പരസ്പരം ചെളി വാരിയെറിയാൻ ഈ എഴുത്തുകാരെ കഴിഞ്ഞിട്ടേ ഉള്ളു ബാക്കിയുള്ളൊരു. എല്ലാരുമല്ല കുറച്ചു പേര്.

സാഹിത്യകാരന്മാരോട് ഒരു ചോദ്യം. ഉത്തരം പോയിന്റ് ആയിട്ട് മതി. കവിത വേണ്ട. എനിക്കിപ്പോളും മനസിലാകാത്ത ഒരു പോയിന്റ് ഉണ്ട് ഒറ്റ പോയിന്റ്. ഈ മഴ എന്ത് തേങ്ങയാ ഉണ്ടാക്കുന്നെ? ഇത്രേം പൊക്കിപ്പറയാൻ… നനഞ്ഞു കുതിർന്നു തിണ്ണയിൽ ഇരുന്നു കട്ടൻ കാപ്പി കുടിക്കാൻ കൊള്ളാം… ഉണങ്ങിയ തുണി പോലും ഇല്ലാത്തപ്പോളാണ് കവിത…. വെറുതെ പറയ… ഈ സാഹിത്യകാരന്മാര്…

ഞങ്ങളെ പ്പോലുള്ള കെട്ടിടം പണിക്കാരോടോ എലെക്ട്രിഷൻ മാരോടോ, പറമ്പിൽ കിളയ്ക്കാൻ വരുന്ന ചേട്ടന്മാരോടോ, മീൻപിടുത്തം നടത്തി ജീവിക്കുന്നവരോടോ വീടായ വീടുതോറും കയറിയിറങ്ങി കച്ചവടം നടത്തി ജീവിക്കുന്നവരോടോ ഒന്ന് ചോദിച്ച് നോക്കണം മഴയിങ്ങനെ നിർത്താതെ പെയ്താൽ എന്താ ഉണ്ടാവുക എന്ന്.. വിവരമറിയും. അടുപ്പ് പുകയുകേല. മുഖപുസ്തകത്തിൽ പ്രണയകവിതയും മഴക്കവിതയും എഴുതുന്നവർക്കൊക്കെ നല്ല വരുമാനം ഉണ്ടാകും.,ലൈകും കമെന്റും കത്തിച്ചാൽ അരി വേവില്ലല്ലോ. നമ്മളെ പോലുള്ള പാവങ്ങൾക്ക് അന്നം മുട്ടിക്കുന്ന വില്ലനാണ് മഴ… അല്ല പിന്നെ

മഴ വേണം…ഇത് പോലെ അല്ല കാലാകാലങ്ങളിൽ പെയ്തത് പോലെ.. അതെങ്ങനെ മനുഷ്യൻ കുന്നും മലയുമൊക്ക ഇടിച്ചു കളഞ്ഞപ്പോ ഓർക്കണാർന്നു ഇനിയിപ്പോ അനുഭവിക്കുക തന്നെ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *