Story written by Murali Ramachandran
“എന്താടി.. ഞാനൊന്ന് ഉറങ്ങി എണീറ്റപ്പോളെക്കും നിന്റെ മുഖത്ത് കടുന്നല് കുത്തിയോ..? മുഖം വീർപ്പിച്ചാണെല്ലോ ഇരിപ്പ്. കാര്യേന്ത..?”
ഇച്ചായൻ അത് പറഞ്ഞതും കട്ടിലിൽ നിന്നും എഴുന്നേറ്റ് ഞാൻ അടുക്കളയിലേക്ക് പോയി. കള്ളിന്റെ മയക്കത്തിൽ ഇരിക്കുന്ന ഇച്ചായനോട് ഞാൻ മറുപടി കൊടുത്തില്ല. ഉടനെ ശബ്ദം ഉയർത്തി ചോദിച്ചു.
“എടി.. നിന്നോടാ ചോദിച്ചത്. നീ അവിടെ നിന്നേ.. ചോദിച്ചതിന് മറുപടി പറഞ്ഞിട്ട് പോയാ മതി.”
മുറിയിൽ നിന്നും അടുക്കളയിലേക്ക് ഇച്ചായൻ കടന്നുവന്നു. എന്റെ കൈയിൽ കയറി പിടിച്ചിട്ട് ചോദിച്ചു.
“നിന്നോടല്ലേ ചോദിച്ചത്.. നിനക്ക് ചെവി കേൾക്കാൻ മേലെ..? “
എനിക്ക് നേരെയുള്ള ആ ചോദ്യത്തിന് മറുപടിയായി ഇച്ചായന്റെ മുഖത്തേക്ക് ഞാൻ തുറിച്ച് നോക്കി.
“നീയെന്താടി എന്നെ തുറിച്ചുനോക്കുന്നേ..?”
അത് പറഞ്ഞു കൊണ്ട്, ദേഷ്യത്തിൽ ഇച്ചായൻ എന്റെ കൈകളെ മുറുക്കി പിടിച്ചു. ആ വേദന സഹിക്കാതെ ആയപ്പോൾ ഞാൻ ഒരു തള്ള് വെച്ച് കൊടുത്തു. ഭിത്തി ചെന്ന് ചാരിയ ഇച്ചായൻ, കൂടുതൽ ദേഷ്യത്തോടെ എന്നെ അടിക്കാനായി കൈ ഓങ്ങി. ഞാൻ ഉടനെ അതിനെ തടുത്തു പിടിച്ചിട്ട് പറഞ്ഞു.
“എന്റെ ദേഹത്ത് ഇനി ഈ കൈ വീണാൽ, ഭർത്താവാന്ന് ഞാൻ നോക്കില്ല. അവനിട്ട് കൊടുത്തപ്പോലെ കരണം അടിച്ച് പൊളിക്കും. “
ദേഷ്യത്തിൽ ഞാൻ അത് പറഞ്ഞതും, ഇച്ചായന്റെ മുഖത്തെ ദേഷ്യഭാവം പെട്ടെന്ന് എങ്ങോട്ടേക്കോ പോയി.
“ആരാടി.. ആരെക്കുറിച്ചാ നീയിപ്പൊ പറഞ്ഞെ..? എനിക്ക് മനസിലായില്ല. “
“അല്ലേലും മനസിലാവില്ല. കണ്ടവനെയൊക്കെ കൂട്ടുകാരനാണെന്ന് പറഞ്ഞ് വീട്ടിലേക്ക് കൊണ്ട് വന്ന് കൂട്ടുകൂടി കുടിപ്പിക്കുമ്പോ ഓർക്കണം. ഇത് കള്ള് ഷാപ്പല്ല, സ്വന്തം വീടാന്ന ചിന്ത. നിങ്ങള് കള്ള് കുടിച്ച് ബോധമില്ലാണ്ട് ഇവിടെ കിടന്നപ്പൊ, അവനെന്നെ കേറി പിടിച്ചു.
കൊടുത്തു ഞാനവന്റെ ചെകിട് തീർത്ത് രണ്ടെണ്ണം. ഇനിയവൻ ഈ അയലോക്കത്ത് പോലും വരില്ല. അവനെയല്ല പറയേണ്ടത്, നിങ്ങളെയാ.. വളർന്ന് വരുന്ന ഒര് പെങ്കൊച്ചുണ്ട് ഈ വീട്ടിൽ. അവൾക്കെങ്ങാനും ഇത് സംഭവിച്ചിരുന്നെങ്കിൽ അവനെയും ഞാൻ കൊല്ലും, നിങ്ങളെയും ഞാൻ കൊല്ലും. ഓർത്തോ.. “
ഞാനത് പറഞ്ഞു തീർന്നതും, അത് കണ്ടുനിന്ന എന്റെ മകളെന്നെ വന്ന് കെട്ടി പിടിച്ചു. അവൾ ഉറക്കെ കരഞ്ഞു. മനസ്സിൽ ഇച്ചായനോടുള്ള ദേഷ്യമുണ്ടെങ്കിലും, അവൾക്ക് ഞാൻ എന്നും അമ്മയാണ്. എന്റെ വാക്കുകൾ കേട്ട് ഇച്ചായൻ തിണ്ണപ്പടിയിൽ തലകുമ്പിട്ട് ഇരുന്നു. ഞാൻ അവളോട് പറഞ്ഞു.
“ഒന്നുല്ല മോളെ.. ഇവിടെ ഒന്നുല്ല.. മോള് കരയണ്ട. “
അവളെ ആശ്വസിപ്പിച്ചുകൊണ്ട് മുറിയിലേക്ക് ഞാൻ കൊണ്ട് പോയി. അപ്പോളും എന്റെ മനസിലെ കള്ളിനോടുള്ള ദേഷ്യത്തിന്റെ തീ അണഞ്ഞിട്ടില്ല.
( മദ്യം വിഷമാണ്. അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്. )