വിക്കി
എഴുത്ത്: ഗീതു അല്ലു
പ്രിയങ്ക എന്നാ ടീച്ചറുടെ ഉച്ചത്തിൽ ഉള്ള വിളി കേട്ടാണ് ഞാൻ ഞെട്ടി എഴുന്നേറ്റത്. “താൻ അവിടെ എന്ത് ആലോചിച്ചിരിക്കുവാ”.
ഞാൻ അവിടെ എഴുന്നേറ്റു നിന്നു ടീച്ചറുടെ മുഖത്തേക്ക് നോക്കി. “അ.. അ അത്”. നിന്നു വിക്കാതെ പറയെടോ. ടീച്ചറുടെ ശബ്ദം ആ ക്ലാസ്സ് മുറി മുഴുവൻ മുഴങ്ങി കേട്ടു.
എന്റെ കണ്ണുകൾ ചെറുതായി നനഞ്ഞു വന്നു. കുട്ടികൾ എല്ലാവരും ഏതോ വിചിത്ര ജീവിയെ കണക്കു എന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്നു.
ടീച്ചർ ദേഷ്യത്തോടെ എന്റെ എടുത്തു പറഞ്ഞു” ഞാൻ എന്താ ഇപ്പൊ പഠിപ്പിച്ചത്, വേഗം പറ “
അ.. അ.. അക്കൗണ്ടിംഗ് ഈസ് ദി ആ.. ആ.. എത്ര ശ്രമിച്ചിട്ടും ബാക്കി പറയാൻ എനിക്ക് കഴിഞ്ഞില്ല. ടീച്ചർ ശകാര വർഷം കൊണ്ട് എന്നെ പൊതിയാൻ തുടങ്ങി.
താൻ എന്താ വിക്കി വിക്കി എന്നെ കളിയാക്കുന്നോ എന്ന് ടീച്ചർ ചോദിച്ചപ്പോൾ ക്ലാസ്സിലെ ഏതോ ആൺകുട്ടിയാണ് ടീച്ചറെ അവൾ ശെരിക്കും വിക്കിയാണെന്ന് വിളിച്ചു പറഞ്ഞത്. അത് കേട്ടപ്പോൾ തന്നെ ക്ലാസ്സിൽ ഒരു കൂട്ട ചിരി ഉയർന്നു. കരഞ്ഞുകൊണ്ട് വെളിയിലേക്ക് ഓടി പോകുമ്പോൾ ഞാൻ ശ്രദ്ധിച്ചു ടീച്ചറുടെ മുഖത്തും കളിയാക്കിയുള്ള ചിരി.
ലൈബ്രറിയിൽ ചെന്നിരുന്നു മനസ്സ് തണുക്കുവോളം ഒന്ന് കരഞ്ഞു. പിന്നീട് സ്വയം ആശ്വസിക്കാൻ തുടങ്ങി. ഓർമ വച്ച നാളു മുതൽ കേൾക്കുന്നതാണ് വിക്കി എന്നുള്ള വിളി. ഇപ്പോൾ ഈ കോളേജിൽ പഠിക്കുന്ന പ്രായം എത്തിയിട്ടും അതിനു ഒരു കുറവുമില്ല.
ആരോടും ഇത്ര നാളും ഒരു പരിഭവമോ പരാതിയോ പറഞ്ഞിട്ടില്ല. എനിക്ക് ഇങ്ങനെ ഒരു അവസ്ഥ തന്ന ദൈവത്തിനെ പോലും കുറ്റം പറഞ്ഞിട്ടില്ല. പക്ഷെ ഇന്ന് ആദ്യമായിട്ട് ഇങ്ങനെ ഒരു ജന്മം തന്ന ദൈവത്തെ വെറുത്തു. മനസ്സിൽ ഒരു ഉറച്ച തീരുമാനമെടുത്തണ് അന്ന് വീട്ടിലേക്ക് പോയത്.
വീട്ടിൽ ചെന്ന് ബാഗ് വലിച്ചെറിഞ്ഞു കിടക്കയിലേക്ക് ചാഞ്ഞു കിടന്നു. അമ്മ വന്നു തലയിൽ തലോടി എന്ത് പറ്റി മോളെ എന്ന് ചോദിച്ചപ്പോൾ കരഞ്ഞു കൊണ്ട് അമ്മയെ കെട്ടിപിടിച്ചു എങ്ങനെയോ പറഞ്ഞോപ്പിച്ചു ഇനി ഞാൻ കോളേജിലേക്ക് പോകുന്നില്ല എന്ന്.
എന്ത് പറ്റി മോളെ എന്ന അമ്മയുടെ ചോദ്യത്തിന് അനുജത്തിയാണ് മറുപടി പറഞ്ഞത്. അവളെ ക്ലാസ്സിൽ വച്ചു കുട്ടികൾ എല്ലാവരും കൂടി വിക്കി എന്ന് വിളിച്ചൂന്നു. അതിന്റെ കരച്ചിലാ ഇത്. അതെയോ എന്നാ അർത്ഥത്തിൽ അമ്മ എന്നെ നോക്കി. അതെ എന്ന് ഞാൻ തലയാട്ടി.
ഇത് നീ എങ്ങനെ അറിഞ്ഞുവെന്ന് അമ്മ ചോദിച്ചപ്പോൾ അവൾ പറഞ്ഞു ഇവളുടെ കൂടെ പഠിക്കുന്ന ലക്ഷ്മി ചേച്ചി പറഞ്ഞതാണ്. അവൾ എന്നെ കളിയാക്കി കൊണ്ട് തുടർന്നു, ഇവൾ ഇങ്ങനെ കരയുന്നത് എന്തിനാണ്.വിക്ക് ഉള്ളത് കൊണ്ടല്ലേ വിക്കി എന്ന് വിളിക്കുന്നത്.
അമ്മ അവളെ തല്ലാൻ കൈ ഓങ്ങിയതും അവൾ അവിടെ നിന്നും ഓടി പോയി. അമ്മ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ആരുടെ മുന്നിലും തോറ്റു കൊടുക്കരുതെന്ന് ഉപദേശിച്ചു.തുടർന്ന് പഠിക്കണം എന്ന് പറഞ്ഞു.
പക്ഷെ ആ വാക്കുകൾ ഒന്നും എന്റെ തീരുമാനത്തെ മാറ്റിയില്ല. പിന്നീട് എന്റെ ലോകം ആ വീടും പബ്ലിക് ലൈബ്രറിയും മാത്രമായിട്ട് ഒതുങ്ങി. ആവശ്യത്തിന് മാത്രം വീട്ടുകാരോടു പോലും സംസാരിച്ചു തുടങ്ങി. എപ്പോഴും എന്റെ കുറവിനെ കളിയാക്കുന്ന അനിയത്തിയെ ഒരു പുഞ്ചിരി കൊണ്ട് തോൽപ്പിച്ചു.
അങ്ങനെയാണ് എനിക്ക് വീട്ടിൽ കല്യാണം ആലോചിക്കാൻ തീരുമാനം ആയതു. എന്റെ എതിർപ്പ് വക വയ്ക്കാതെ വീട്ടുകാർ ബ്രോക്കറിനെ കൊണ്ട് എനിക്കുള്ള ചെറുക്കനെ അന്വേഷിക്കാൻ തുടങ്ങി.
ഒരുപാട് പയ്യന്മാർ വന്നു പെണ്ണ് കണ്ടു. പക്ഷെ ആർക്കും വിക്ക് ഉള്ള പെണ്ണിനെ വിവാഹം ചെയ്യാൻ താല്പര്യം ഇല്ലായിരുന്നു. കുറെ പേർക്ക് ചായ സൽക്കാരം നടത്തി എനിക്കും മടുപ്പ് ആയിരുന്നു. വീട്ടുകാർക്കും മടുത്തതു കൊണ്ടാവും എന്റെ വിവാഹം വേണ്ട എന്ന തീരുമാനത്തെ അവരും അംഗീകരിച്ചതു.
പിന്നീട് ഊഴം അനുജത്തിയിലേക്ക് പോയി. അവൾക്കു കുറവുകൾ ഒന്നുമില്ലാതിരുന്നതിനാൽ അവളുടെ കല്യാണം പെട്ടെന്ന് നടക്കുമെന്ന് എല്ല്ലാവരും ആശിച്ചു. അവളെ ആദ്യമായി പെണ്ണുകാണാൻ വരുന്ന ദിവസമെത്തി. ചായ ട്രേ എടുത്ത് അവളുടെ കയ്യിൽ കൊടുത്തപ്പോൾ അമ്മയുടെ കണ്ണിന്റെ കോണിൽ ഒരു നനവ് പടർന്നു.
അമ്മയെ വഴക്ക് പറഞ്ഞു കൊണ്ട് ഞാനാണ് അവളെയും കൂട്ടി അവർക്കു മുന്നിലേക്ക് പോയത്. ചെറുക്കന്റെ മുഖത്തേക്ക് ഞാൻ ഒന്ന് പാളി നോക്കി. പക്വത നിറഞ്ഞ മുഖം. എന്റെ അനിയത്തി നല്ലൊരു കൈകളിലേക്കാണ് എത്താൻ പോകുന്നതെന്ന് എനിക്ക് തോന്നി.
പെട്ടന്നാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അയ്യാൾ അച്ഛനോട് ചോദിച്ചത് മൂത്ത മകളെ എനിക്ക് വിവാഹം ചെയ്ത് തരുമോ എന്ന്. ഞാനടക്കം എല്ലാവരും ഞെട്ടി. അച്ഛന് പക്ഷെ സന്തോഷമാണ് തോന്നിയത്. അമ്മയും സന്തോഷം കൊണ്ട് മതി മറന്നു. പക്ഷെ എന്റെ അനിയത്തി ആദ്യമായി കരഞ്ഞു.
അവളുടെ കണ്ണ് നിറഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ല. ഞാൻ സൗമ്യമായി അയ്യാളോട് പറഞ്ഞു ഞാൻ വിക്ക് ഉള്ള പെൺകുട്ടി ആണ്. നിങ്ങള്ക്ക് ചേരുന്നത് എന്റെ അനിയത്തി തന്നെയാണ് . അമ്മയുടെയും അച്ഛന്റെയും മുഖം പിന്നെയും വിഷമത്തിലായി.
അയ്യാൾ എന്നോട് പറഞ്ഞു ഞാൻ നിന്നെ കണ്ടു ഇഷ്ട്ടമായാണ് പെണ്ണുകാണാൻ ഇവിടെ വന്നതു. എന്നാൽ ഇവിടെ വന്നപ്പോഴാണ് ഞാൻ അറിഞ്ഞത് നിന്റെ അനിയത്തിക്കു വേണ്ടിയാണ് നിങ്ങൾ എന്നെ ആലോചിച്ചതെന്നു.
ഇപ്പോഴെങ്കിലും ഇത് ഞാൻ തുറന്നു പറഞ്ഞില്ലെങ്കിൽ ഞാൻ സ്നേഹിച്ച പെണ്ണിനെ എനിക്ക് നഷ്ട്ടമാകും. പിന്നെ നിന്റെ കുറവിനെ അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ സ്നേഹിച്ചതും.അതുകൊണ്ട് നിന്റെ വിക്ക് എനിക്ക് ഒരു പ്രശ്നം അല്ല.
കേട്ടതൊന്നും വിശ്വസിക്കാനാകാതെ നിൽക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് തോളിൽ ഒരു കൈ പതിഞ്ഞു. അനിയത്തിയാണ്. അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. അവൾ മുഖത്തു ഒരു ചിരി വരുത്തിക്കൊണ്ട് പറഞ്ഞു.
“ചേച്ചി കല്യാണത്തിന് സമ്മതിക്കണം. ചേച്ചിയെ സ്നേഹിക്കുന്ന ആളെ ഞാൻ വിവാഹം കഴിച്ചാൽ ദൈവം എന്നോട് പൊറുക്കില്ല. പൂർണ്ണ മനസ്സോടെയാണ് പറയുന്നത് “
ആദ്യമായി എന്റെ മനസ്സും സന്തോഷിച്ചു. എന്നോ ഉപേക്ഷിച്ച ദൈവങ്ങളെ ഒക്കെ ഞാൻ മനസ്സുരുകി വിളിച്ചു. നാണത്തോടെ അദ്ദേഹത്തിന്റെ മുഖത്തു നോക്കി പറഞ്ഞു എങ്കിൽ എനിക്കും വിവാഹത്തിന് സമ്മതമാണ്.
എല്ലാവരും സന്തോഷിച്ചു കൊണ്ട് നിന്നപ്പോൾ അദ്ദേഹം പറഞ്ഞു അല്ലേലും ഏറ്റവും നല്ല കുടുംബ ജീവിതത്തിനു അധികം സംസാരിക്കാത്ത പെണ്ണ് തന്നെയാണ് നല്ലത്. അവിടെ ഒരു കൂട്ട ചിരി ഉയർന്നു.