ഇനി ഞാൻ നിന്നോട് മിണ്ടാൻ വരുമെന്ന് സ്വപ്നത്തിൽ പോലും നീ വിചാരിക്കണ്ട.അയാൾ വാശിയോടെ ഭാര്യയോട് പറഞ്ഞു.ഞാനൊട്ടും വരില്ല, നിങ്ങളോട് മിണ്ടാതെ, എനിക്ക് ജീവിക്കാൻ പറ്റുമോന്ന്, ഞാനുമൊന്ന് നോക്കട്ടെ……

Story written by Saji Thaiparambu

ഇനി ഞാൻ നിന്നോട് മിണ്ടാൻ വരുമെന്ന് സ്വപ്നത്തിൽ പോലും നീ വിചാരിക്കണ്ട ,,,

അയാൾ വാശിയോടെ ഭാര്യയോട് പറഞ്ഞു.

ഞാനൊട്ടും വരില്ല, നിങ്ങളോട് മിണ്ടാതെ, എനിക്ക് ജീവിക്കാൻ പറ്റുമോന്ന്, ഞാനുമൊന്ന് നോക്കട്ടെ,,,

അവളും മുടിഞ്ഞ വാശിയിലായിരുന്നു.

പരസ്പരം ആശ്രയിക്കാതെ, രണ്ട് ദിവസം, അവർ മുഖത്തോട് മുഖം നോക്കാതെ, ഒന്നുമുരിയാടാതെ മുന്നോട്ട് പോയി.

പക്ഷേ, മൂന്നാം ദിവസം, അന്നൊരു തിങ്കളാഴ്ചയായിരുന്നു , കുട്ടികളെ രാവിലെ സ്കൂളിലയച്ചിട്ട്, ഭർത്താവിന് ഓഫീസിൽ കൊടുത്ത് വിടാനുള്ള, ലഞ്ച് തയ്യാറാക്കുകയായിരുന്നവൾ

ആ സമയത്താണ്, അയാൾ കുളിക്കാൻ കയറിയത്,

ഷവറിൻ്റെ താഴെ നിന്ന് ദേഹമൊന്ന് നനച്ചിട്ട്, പുതിയ ചന്ദ്രിക സോപ്പിട്ട് അയാൾ ദേഹമാസകലം പതപ്പിച്ചു.

മുഖത്ത് തേച്ച സോപ്പിൻ്റെ പത, കണ്ണിലും മൂക്കിലും എരിവ് പടർത്തിയപ്പോൾ, അയാൾ ഷവറിൻ്റെ ടാപ്പ് തിരിച്ചു

പക്ഷേ, ഏതാനും തുള്ളികൾ മാത്രം മുഖത്ത് വീണതല്ലാതെ ,അതിൽ നിന്നും പിന്നീട് വെള്ളം വന്നില്ല.

ഛെ! ടാങ്കില് വെള്ളം തീരാൻ കണ്ട സമയം ,ഇനി മോട്ടോർ ഓൺ ചെയ്താലേ വെള്ളം വരു ,കുട്ടികളാണേൽ സ്കൂളിലും പോയി ,മോട്ടോറിൻ്റെ സ്വിച്ച് ഇരിക്കുന്നത് അടുക്കളയിലാണ് , ഈ കോലത്തിൽ, തപ്പിപിടിച്ച് അവിടെ വരെ ചെന്ന് സ്വിച്ചിടാമെന്ന് വച്ചാൽ ,ദേഹമാസകലം സോപ്പ് പത ആയത് കൊണ്ട്, അടുക്കളയിൽ എത്തുന്നതിന് മുമ്പ് തന്നെ, ടൈൽസിട്ട തറയിൽ തെന്നി വീണ് നടുവൊടിയുമെന്ന കാര്യം ഉറപ്പാണ്, ഇനിയെന്ത് ചെയ്യും ?അവളോടിനി മിണ്ടാൻ ചെല്ലില്ലന്ന് വെറുതെ വെല്ലുവിളിക്കുകയും ചെയ്തു,

അയാൾ ആകെ വിഷണ്ണനായി നിന്നു.

ഈ സമയം, അടുക്കളയിൽ അയാൾക്ക് കൊടുത്ത് വിടാനുള്ള മീൻകറി, സ്റ്റൗവ്വിലിരിക്കുമ്പോൾ, പെട്ടെന്ന് ഗ്യാസ് തീർന്ന്, സ്റ്റൗ ഓഫായി,

ഈശ്വരാ ,, ഇനി എന്ത് ചെയ്യും? സിലിണ്ടർ മാറ്റിവയ്ക്കണമെങ്കിൽ അഡീഷണൽ സിലിണ്ടറുണ്ട്, പക്ഷേ അത് പുറത്തെ ചായ്പ്പിലിരിക്കുവാ, ഒരാളുടെ സഹായ മില്ലാതെ തനിക്കൊറ്റയ്ക്ക് സിലിണ്ടർ എടുത്ത് , അടുക്കളയിൽ കൊണ്ട് വരാൻ കഴിയില്ല,,

ഛെ! ഇത്തവണയും താൻ തന്നെ ആദ്യം മിണ്ടണമല്ലോ?

അല്ലാതെ വേറെ നിവൃത്തിയില്ലല്ലോ?

ഒടുവിൽ നിസ്സഹായതയോടെ ,മനസ്സില്ലാ മനസ്സോടെ അവൾ ഉറക്കെ വിളിച്ചു

ഏട്ടാ ,,,

അതേ സെക്കൻ്റിൽ തന്നെ അയാളും അവളെ വിളിച്ചു

അയാളുടെ ശബ്ദം കേട്ടിടത്തേയ്ക്ക് അവൾ ഓടിയെത്തി.

എന്താ ചേട്ടാ,,? എന്തിനാ എന്നെ വിളിച്ചത്?

എടീ,, ടാങ്കില് വെള്ളം തീർന്നു, നീയാ മോട്ടോർ ഒന്ന് ഓൺ ചെയ്തേ,

ങ്ഹാ ശരി ഏട്ടാ,,,

അല്ലാ ,നീയെന്നെയും വിളിച്ചല്ലോ അതെന്തിനാ?

അത് പിന്നെ ഗ്യാസ് തീർന്നേട്ടാ,, സിലിണ്ടറ് പുറത്തിരിക്കുവല്ലേ? അതെടുത്തോണ്ട് വന്ന് ഫിറ്റ് ചെയ്യാനായിരുന്നു,,,

അത് കേട്ടയാൾ കുളിമുറിയിൽ നിന്ന് പൊട്ടിച്ചിരിച്ചു ,അതിൻ്റെ ബാക്കി യെന്നോണം അവളും ചിരിച്ചു കൊണ്ട് അടുക്കളയിലേക്കോടി.

NB :- ഇത്രേയുള്ളു ,ഭാര്യയും ഭർത്താവും തമ്മിലുള്ള സൗന്ദര്യപ്പിണക്കങ്ങൾ മാറാൻ അധിക സമയമൊന്നും വേണ്ട, കുളിക്കുമ്പോൾ ടാങ്കിലെ വെള്ളം തീരുകയോ, അടുക്കളയിൽ ഗ്യാസ് തീരുകയോ ചെയ്യുന്നത് വരെ നീളുന്ന ഇത്തരം സൗന്ദര്യപ്പിണക്കങ്ങളാണ് ദാമ്പത്യത്തിലെ രസകരമായ മുഹൂർത്തങ്ങൾ ,എല്ലാ പിണക്കങ്ങളും സൗന്ദര്യ പിണക്കങ്ങൾ മാത്രമാവട്ടെ,.ഡൈവോഴ്സുകൾ വെറും ചരിത്രമായി മാറട്ടെ,,,

Leave a Reply

Your email address will not be published. Required fields are marked *