ഇച്ഛൻ
Story written by Bindhya Balan
“കൊച്ച് പോയി സാധങ്ങൾ എന്താന്നു വച്ചാ എടുത്തോ.. ഇച്ഛൻ വണ്ടി വച്ചിട്ട് വരാം.. “
ഇച്ഛൻ പറഞ്ഞത് കേട്ട് തലകുലുക്കി ഞാൻ സൂപ്പർ മാർക്കറ്റിലേക്ക് കയറി .. ഓടി നടന്ന് സാധങ്ങൾ എടുത്തു . ബുള്ളറ്റ് പാർക്ക് ചെയ്തിട്ട് അകത്തേക്ക് വന്ന ഇച്ചായൻ ഞാൻ എടുത്ത് വച്ച സാധങ്ങൾ ഓരോന്നായി നോക്കി.
“കൊച്ചേ സോപ്പ് പൊടി ഇത് വേണ്ട. ഇതിന് വില കൂടുതൽ ആണ്.. നമുക്ക് ഉജാല മതി അത് ഒരു കിലോ വാങ്ങാം “
അതും പറഞ്ഞ് ഞാൻ എടുത്ത് വച്ച അരകിലോയുടെ സർഫ്എക്സെൽ തിരികെ വച്ചു.
“ദേ വെളിച്ചെണ്ണ ഒരു കിലോ മതി… തീരുമ്പോ വന്ന് വാങ്ങിക്കാം “
എടുത്ത് വച്ച കേരയുടെ വെളിച്ചെണ്ണപ്പായ്ക്കറ്റുകളിൽ നിന്നൊരെണ്ണമെടുത്തു അതും തിരികെ വച്ചു.
“കുളിക്കുന്ന സോപ് ഇപ്പൊ നാലെണ്ണം മതീല്ലേ.. നമ്മൾ രണ്ടുപേരല്ലേ ഉള്ളൂ.. പിന്നെന്തിനാ ആറെണ്ണം.. “
ദേ അതും നേരെയെടുത്ത് എടുത്തിടത്ത് തന്നെ വച്ചു . അങ്ങനെ ഞാൻ നാലെണ്ണമെടുത്തതും രണ്ടെണ്ണമെടുത്തതുമായ സകല സാധന സാമഗ്രികളും നേരെ പതിയാക്കി വെട്ടിക്കുറച്ച് എന്നെ നോക്കി “ദേ ഇങ്ങനെ വേണം സാധനങ്ങൾ വാങ്ങാൻ ” എന്ന് പറഞ്ഞിട്ട് ചിരിക്കുന്ന ഇച്ഛന്റെയടുത്തേക്ക് ചേർന്ന് നിന്ന് ഞാൻ ചോദിച്ചു
“അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ “
ചെറുതായിട്ട് കരച്ചിൽ വരുന്നുണ്ട്.. ഇതൊക്കെ കണ്ട് നിന്ന് ചിരിക്കുന്ന സെയിൽസ് ഗേളിന്റെ ചിരി ചെറുതായി എന്റെ ടെംപർ തെറ്റിക്കുന്നുണ്ടോ എന്നൊരു സംശയം.
“അയ്യേ.. എന്റെ കൊച്ചിന് ദേഷ്യം വന്നോ “
എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ഇച്ഛന്റെ ചോദ്യം..
“ആ വരുന്നുണ്ട്. പിന്നെന്തിനാ ഇച്ഛനെന്നോട് സാധനം എടുത്തോളാൻ പറഞ്ഞത്.. അതല്ലേ ഞാൻ ആവശ്യമുള്ളതൊക്കെ എടുത്തത്. എന്നിട്ടിപ്പോ… ഞാൻ പോകുവാ.. ഇച്ചായൻ സാധനം വാങ്ങീട്ട് വന്നാ മതി. ഞാൻ പുറത്ത് ഉണ്ടാവും “
മുഖം വീർപ്പിച്ച് പോകാൻ ഒരുങ്ങിയ എന്റെ കയ്യില് പിടിച്ച് നിർത്തി ചിരിച്ചു കൊണ്ട് ഇച്ഛൻ പറഞ്ഞു
“അയ്യേ.. അങ്ങനെ പിണങ്ങിപ്പോകാതെ. ദേ എല്ലാരും കാണും.. . അവരൊക്കെ കരുതും ഇച്ഛന്റെ കൊച്ച് ഒരു ബാഡ് ഗേൾ ആണെന്ന്.. “
“ആ അങ്ങനെ കരുതിക്കോട്ടെ. ഇച്ഛനല്ലേ ന്നെ ബാഡ് ആക്കിയത്… “
ഞാനും കട്ടയ്ക്ക് കട്ട നിന്നു.
“അതിന് ഇച്ഛനെന്നാ ചെയ്തത്. നമ്മൾ രണ്ട് പേരല്ലേ വീട്ടിൽ ഉള്ളൂ. അപ്പൊ എന്തിനാണ് ഒത്തിരി സാധനം.. അതല്ലേ ഇച്ചായൻ പറഞ്ഞുള്ളൂ.നമ്മുടെ ആവശ്യവും വിലയും നോക്കി വേണ്ടേ സാധനം വാങ്ങാൻ “
“ആവശ്യമുള്ളതൊക്കെയാ എടുത്തേ.. അനാവശ്യമായിട്ടൊന്നും എടുത്തില്ലല്ലോ ഞാൻ. പിന്നെ ഞാൻ സാധനം വാങ്ങാൻ പോയാല് അധികമൊന്നും വില നോക്കി എടുക്കാറില്ലാരുന്നു ഇച്ഛാ.. ആവശ്യമുള്ളതല്ലെന്നോർത്ത് വാങ്ങിച്ചോണ്ടു പോരും. “
ഇച്ഛൻ ഇച്ഛന്റെ എക്കണോമിക്സ് പറഞ്ഞപ്പോൾ ഞാൻ എന്റെയും പറഞ്ഞു.
“ആ അതെന്റെ കൊച്ച് കഷ്ടപ്പാട് അറിയാതെ വളർന്നതോണ്ടാ… ഇച്ഛന്റെ കുഞ്ഞിലേ ഒക്കെ നൂറ് ഗ്രാം വെളിച്ചെണ്ണ മൂന്ന് ദിവസം വരെ യൂസ് ചെയ്തിട്ടുണ്ട്.. ഒരു സോപ്പ് വാങ്ങി പകുതി മുറിച്ച് അതോണ്ടാ കുളി.. അങ്ങനെയൊക്കെ ജീവിച്ച് വന്നതോണ്ടാ ഇച്ഛനു ഇങ്ങനൊക്കെ തോന്നണത്… “
ഇച്ഛൻ പറഞ്ഞത് കേട്ട് എന്റെ കണ്ണ് നിറഞ്ഞു.
“സോറി ഇച്ഛാ “
കുറ്റബോധത്തോടെ ഞാൻ തല കുനിച്ചു
“അതിനെന്തിനാ സോറി.. എപ്പോഴും ആവശ്യമുള്ള സാധനങ്ങൾ ആവശ്യമുള്ളത്ര മാത്രം വേണം വാങ്ങാൻ.. നമ്മുടെ വീട്ടിൽ ഒത്തിരിയാൾ ഇല്ലല്ലോ കൊച്ചേ. ഇച്ഛനും കൊച്ചും മാത്രല്ലേയുള്ളൂ.. അതോണ്ടാ ഇച്ഛനങ്ങനെ പറഞ്ഞത്.. “
ഇച്ഛനെന്നെ സമാധാനിപ്പിച്ചു
“ഞാൻ ഇച്ഛന്റെ കാശ് കളയുന്നുണ്ടല്ലേ ഒത്തിരി”
“അയ്യേ… അങ്ങനെ ആര് പറഞ്ഞു.. പിന്നെ ഇച്ഛനുണ്ടാക്കുന്ന കാശൊക്ക ആർക്കു വേണ്ടിയാണ്.. എനിക്കെന്റെ കൊച്ചല്ലേയുള്ളൂ.. ഇച്ചായൻ പറഞ്ഞത്, ആവശ്യം നോക്കി സാധനം വാങ്ങണമെന്നാ…അല്ലാതെ.. അതൊക്കെ പോട്ടെ അടുക്കളയിലേക്കുള്ള സാധനം മുഴുവൻ ആയില്ലേ.. ഇനി കൊച്ചിന്റെ ഫ്രിഡ്ജിലേക്കുള്ള ഐറ്റംസ് വാങ്ങാം നമുക്ക്.. വാ.. അല്ലേ അത് ഇവിടുന്ന് വാങ്ങണ്ട.. നമുക്ക് ആ ബേക്കറിയിൽ നിന്നൊരു ചോക്ലേറ്റ് ലാവ കേക്ക് വാങ്ങാം. കൊച്ച് പറഞ്ഞില്ലാരുന്നോ ഒരു മുഴുവൻ കേക്ക് വാങ്ങി ഫ്രിഡ്ജിൽ വച്ചിട്ട് കുറേശ്ശേ കഴിക്കണമെന്ന്.. വാ ഈ ബില്ല് സെറ്റിൽ ചെയ്തിട്ട് ഇറങ്ങാം നമുക്ക്.. “
ഒരു കള്ളച്ചിരിയോടെ എന്റെ കവിളത്ത് തട്ടി ഇച്ഛനങ്ങനെ പറഞ്ഞപ്പൊ, ഒരു കള്ള ഗൗരവത്തോടെ ഞാൻ ചോദിച്ചു
“അപ്പൊ ഇത് അധികച്ചിലവ് അല്ലേ ഇച്ഛാ… കേക്കിനൊക്കെ ഭയങ്കര വിലയല്ലേ “
“പോടീ മാക്രി.. നീയെന്നെ ആക്കല്ലേ അങ്ങനെ..എന്റെ കൊച്ചിനൊരു കേക്ക് വേണമെന്ന് തോന്നിയാ അത് വാങ്ങി തരാൻ ഞാൻ അല്ലാതെ വേറെ ആരാ… എന്റെ കൊച്ച് എന്നാ പറഞ്ഞാലും ഇച്ഛനത് വാങ്ങി തരും.. കൊച്ചിന്റെ ആവശ്യത്തിനുള്ളത് വാങ്ങി തരും. ആവശ്യത്തിൽ കൂടുതൽ ഒന്നും വാങ്ങിക്കൂട്ടരുത് എന്നെ ഇച്ചായൻ പറഞ്ഞുള്ളൂ.. ആവശ്യത്തിന് പോലും ഉണ്ണാനും ഉടുക്കാനുമില്ലാതെ എത്രപേരാ നമുക്ക് ചുറ്റും ജീവിക്കണേ.. അപ്പൊ നമ്മളൊക്കെ സ്വർഗത്തിൽ ആണ് ജീവിക്കുന്നത് അതൊക്കെ വച്ചു നോക്കിയാ.. “
എനിക്ക് വീണ്ടും സങ്കടം വന്നു. കണ്ണൊക്കെ നിറയുന്നത് പോലെ.
“ഇനി ഞാൻ നോക്കിക്കോളാം ഇച്ഛാ.. ജീവിച്ചു വന്ന ചുറ്റുപാട് അങ്ങനെ ആയതോണ്ടാവും കുറച്ചു എക്സ്പെൻസീവ് ആയിപ്പോയത്.. ഇനി ഇച്ഛനെക്കൊണ്ട് അനാവശ്യമായി ഞാൻ ഒന്നും വാങ്ങിപ്പിക്കൂല്ല. പ്രോമിസ് “
കുറ്റബോധത്തോടെയാണ് ഞാൻ പറഞ്ഞത്.
“അങ്ങനെയൊന്നും വേണ്ട.. നിന്റെയീ മൂന്ന് വയസ്സിന്റെ സ്വാഭാവമാണ് ഇച്ഛനിഷ്ട്ടം. നിന്നേം കൂട്ടി പുറത്ത് പോകുമ്പോ ഇച്ഛാ എനിക്കത് വേണം എനിക്കിത് വേണം എന്നൊക്കെ നീ പറയുന്നത് കേൾക്കാൻ വലിയ ഇഷ്ട്ടാണ്…നിനക്ക് വേണ്ടിയല്ലാതെ പിന്നേ ആർക്ക് വേണ്ടിയാടി ഞാൻ ജീവിക്കുന്നത് “
അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി ഇനി മുതൽ ഞാൻ ഇച്ഛനെ ബുദ്ധിമുട്ടിക്കില്ല എന്ന എന്റെ പ്രോമിസിനുള്ള മറുപടി ആയിരുന്നു ആ ഇത്തിരി വാക്കുകൾ.. തിരിച്ചൊന്നും പറയാനില്ലാതെ ഇച്ഛന്റെ വിരലിൽ തൂങ്ങി പുറത്തക്ക് നടക്കുമ്പോൾ, ഇത്തിരി ഇമ്മിണി വാക്കുകൾക്കുള്ളിൽ എപ്പോഴുമൊരു കടലോളം സ്നേഹവും കരുതലും നിറച്ചു വയ്ക്കുന്ന ഒരു മന്ത്രികനാണ് എന്റെ താന്തോന്നിയെന്ന് എനിക്ക് തോന്നി..
വാൽക്കഷ്ണം : ഇതൊക്കെ കഴിഞ്ഞു രാത്രിയിൽ, കുവൈറ്റിലുള്ള അമ്മ വീഡിയോ കോൾ ചെയ്തപ്പോ ഞാൻ പറഞ്ഞു “അമ്മേ ഈ ഇച്ഛനെന്നെ ഇന്ന് കളിയാക്കി ” കൂടെ കാരണവും പറഞ്ഞു .ഒക്കെ കേട്ട്,
ലേ അമ്മ : എന്റെ പൊന്ന് മോളെ ഇവന്റെ കൂടെ സാധനം വാങ്ങാൻ പോയാൽ ഇതാ അവസ്ഥ..ഒന്നും മര്യാദയ്ക്ക് വാങ്ങിപ്പിക്കൂല്ല. അതോണ്ട് മേലാൽ ഇനി അവനേം കൊണ്ട് കടയിൽ പോകരുത്…