നാല് പെണ്ണുങ്ങൾ
Story written by Saji Thaiparambu
ഞങ്ങളൊക്കെ ഡ്രസ്സ് മാറുന്നത് നിൻ്റെ മുമ്പിൽ നിന്നല്ലേ ?, പിന്നെ നീ മാത്രമെന്തിനാ ബാത്റൂമിൽ കയറുന്നത് ,ഞങ്ങൾ കാണാൻ പാടില്ലാത്തത് വല്ലതും, നീ ഉള്ളിൽ ഒളിപ്പിച്ച് വച്ചിട്ടുണ്ടോ?
റൂം മേറ്റായ ശില്പയത് ചോദിക്കുമ്പോൾ, സുഹറ മറുപടി പറയാനുള്ള ഉത്തരത്തിനായി പരതുകയായിരുന്നു.
അത് പിന്നേ, ഞാൻ വീട്ടിലും ഇങ്ങനെ തന്നെയാ, എൻ്റ ഉമ്മാൻ്റെ മുന്നിൽ നിന്ന് പോലും, കുപ്പായം മാറ്റാൻ എനിക്ക് നാണമാ
ഓഹ് പിന്നേ .. അവളുടെയൊരു നാണം ,ഒരു ദിവസം ഞങ്ങളെല്ലാവരും കൂടി നിന്നെ വ സ്ത്രാക്ഷേപം നടത്തും, അന്ന് നീ, നൂ ൽബന്ധമില്ലാതെ നില്ക്കുന്നത് ,ഫോട്ടോ എടുത്ത് വാട്സപ്പിലിട്ട് ,ഈ ഹോസ്റ്റലിൽ താമസിക്കുന്ന എല്ലാവർക്കും ഞങ്ങളയച്ച് കൊടുക്കും
ശാലിനിയാണ് ആ ഭീഷണി ഉയർത്തിയത്.
എൻ്റെ റബ്ബേ.. എനിക്ക് ഓർക്കാൻ കൂടിവയ്യ ,പ്ളീസ് ഞാൻ നിങ്ങടെ കാല് പിടിക്കാം, എന്നോട് നിങ്ങൾ അങ്ങനൊന്നും ചെയ്യരുത്
സുഹറ കൂട്ടുകാരികളുടെ നേരെ കൈകൂപ്പി കൊണ്ട് പറഞ്ഞു.
ശരി, ചെയ്യില്ല ,പക്ഷേ ഒരു ഡിമാൻറുണ്ട് , ഇനി മുതൽ തുണി കഴുകുമ്പോൾ, ഞങ്ങൾ മൂന്ന് പേരുടെയും കൂടി വസ്ത്രങ്ങൾ നീ അലക്കിത്തരണം, എന്താ സമ്മതമാണോ ?
മരിയയായിരുന്നു അങ്ങനൊരു ഡിമാൻ്റ് വച്ചത്.
ഓകെ സമ്മതിച്ചു,
വേറെ നിവൃത്തിയില്ലാതെ ,സുഹറയ്ക്ക് അത് സമ്മതിക്കേണ്ടി വന്നു.
കൂട്ടുകാരികൾ റൂമിൽ തന്നെ നിന്ന് വസ്ത്രം മാറിയപ്പോൾ സുഹറ, ബാത്റൂമിൽ കയറി പർദ്ദ മാറ്റി നീളൻ കൈയ്യുള്ള നൈറ്റി ഇട്ട് കൊണ്ട് വന്നു.
നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിലെ സെയിൽസ് വിഭാഗത്തിലെ സ്റ്റാഫാണ് സുഹറ ഒഴിച്ചുള്ള, ബാക്കി മൂന്ന് പേരും, കമ്പനിയുടെ തന്നെ ഹോസ്റ്റലാണത് ,ദൂരെ നിന്ന് വരുന്ന സ്ത്രീ ജീവനക്കാർക്ക് താമസിക്കാനുള്ളതാണത്.
കൂട്ടത്തിൽ സുഹറയാണ് അവസാനമായി, അവരോടൊപ്പം റൂമിൽ താമസത്തിന് വന്നത് ,അവൾക്ക് ടെക്സ്റ്റൈൽസിലെ സ്വീപ്പറുടെ ജോലിയും, കൂടെ ക്യാൻറീനിൻ്റെ ചുമതലയുമായിരുന്നു കൊടുത്തിരുന്നത് , ബാക്കിയുള്ളവർക്കൊക്കെ ടെക്സ്റ്റൈൽഷോപ്പിൽ, രണ്ടും മൂന്നും വർഷത്തെ എക്സ്പീരിയൻസ് ഉണ്ടെങ്കിലും, സുഹറയ്ക്ക് മാത്രം രണ്ടാഴ്ചത്തെ പരിചയമേ ആയിട്ടുള്ളു.
എന്നും രാവിലെ സുഹറയാണ് ആദ്യമെഴുന്നേൽക്കുന്നത്, മറ്റുള്ളവർ ഉണരുമ്പോഴേക്കും, അവളുടെ കുളിയും നനയുമൊക്കെ കഴിഞ്ഞിട്ടുണ്ടായിരിക്കുo, ചൂട് കട്ടൻ ചായയുമായി ചെന്ന്, കൂട്ടുകാരികളെ വിളിച്ചുണർത്തുന്നതോടെ, അവരുടെ ഒരുദിവസം ആരംഭിക്കും.
പാചകമൊക്കെ എല്ലാവരും ചേർന്നാണ് ചെയ്യുന്നത് ,കൂട്ടുകാരികളെപ്പോലെ സുഹറ, ഒരു പാട് ഭക്ഷണമൊന്നും കഴിക്കാറില്ല, മാത്രമല്ല ,ആഴ്‌ചയിലൊരിക്കൽ ഇറച്ചി വാങ്ങി കറിവച്ചാലും, സുഹറയത് കഴിക്കാറില്ല, മാങ്ങയരച്ച ചമ്മന്തിയും കൂട്ടി ചോറ് വാരി കഴിക്കുമ്പോൾ, കൂട്ടുകാരികൾ മൂക്കത്ത് വിരൽ വയ്ക്കും.
നീ വല്ല നമ്പൂതിരി ഇല്ലത്തിലും പിറക്കേണ്ടവളായിരുന്നു ,ഒരു മുസ്ലിമായ നീ ഇറച്ചി കഴിക്കില്ലെന്ന് പറഞ്ഞിട്ട്, ഞങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ല
ശില്പ, തമാശ രൂപേണ പറഞ്ഞത് കേട്ട് ,മറ്റുള്ളവർ പൊട്ടിച്ചിരിച്ചു.
സുഹറ അപ്പോഴും നിർവ്വികാരമായി ചിരിച്ചു.
സുഹറയുടെ പെരുമാറ്റത്തിലെ, അസ്വാഭാവികതയിൽ കൂട്ടുകാരികൾക്ക് നേരിയ സംശയം തോന്നി തുടങ്ങി.
അവരത്, സുഹറ കേൾക്കാതെ പരസ്പരം പങ്ക് വച്ചു ,
ഒരു ദിവസം സുഹറ കുളിക്കാൻ കയറിയ തക്കം നോക്കി, തങ്ങളുടെ മുന്നിൽ വച്ച് ഒരിക്കലും തുറക്കാതെ, കട്ടിലിനടയിൽ ഒളിപ്പിച്ച് വച്ചിരുന്ന ,സുഹറയുടെ ബാഗ്, കൂട്ടുകാരികൾ രഹസ്യമായി തുറന്ന് നോക്കി.
മുകളിലിരുന്ന അടിവസ്ത്രങ്ങൾ മാറ്റി നോക്കിയപ്പോൾ ,താഴെ കുറച്ച് ഗുളികകളും ,ഒരു ടോണിക്കും ,ഡോക്ടറുടെ പ്രിസ്ക്രിപ്ഷനുമിരിക്കുന്നത് കണ്ട്, അവരത് പുറത്തെടുത്ത് നോക്കി.
ഡോക്ടർ മോളി ജേക്കബ്ബ് ,എന്ന ഒരു ഗൈനക്കോളജിസ്റ്റിൻ്റെ ചീട്ടായിരുന്നു അത് ,ആ ഗുളികകളും ടോണിക്കും, ഗർഭിണികൾക്കുള്ള വൈറ്റമിൻ ടാബ് ലെറ്റും, അയൺ സിറപ്പുമാണെന്ന് വിവാഹിതരായ ആ കൂട്ടുകാരികൾ മനസ്സിലാക്കിയപ്പോൾ, അവർ ഒരുപോലെ ഞെട്ടി.
അപ്പോൾ ,അവൾ ഗർഭിണിയാണെന്ന് പുറത്തറിയുമെന്ന കാരണത്താലാണ്, ഈ ഒളിയും മറയുമൊക്കെ നടത്തിയത്, ചുമ്മാതാണോ? നമ്മുടെ മുന്നിൽ വസ്ത്രം മാറാൻ അവൾക്ക് നാണം വന്നത് ?
അല്ല, അവൾ സിംഗിളാണെന്നല്ലേ പറഞ്ഞത്, പിന്നെങ്ങനാടീ.. അവർക്ക് ഗർഭമുണ്ടായത്, ഇത് അവിഹിതം തന്നെ
അല്ല, അ വിഹിതമല്ല ,എൻ്റെ ഇക്കാൻ്റെ കുഞ്ഞിനെ തന്നെയാണ്, ഞാൻ ഗർഭം ധരിച്ചിരിക്കുന്നത്
കൂട്ടുകാരികൾ ഓരോന്ന് ഊഹിച്ച് പറയുന്നതിനിടയിൽ, സുഹറ പെട്ടെന്നാണ്, മറുപടിയുമായി അവരുടെ ഇടയിലേക്ക് കടന്ന് വന്നത്.
പിന്നെന്തിനാണ്, നീയത് എല്ലാവരിൽ നിന്നും മറച്ച് വച്ചത്?
പിന്നെയെന്ത് ചെയ്യണമായിരുന്നു ,ഞാൻ നാല് മാസം ഗർഭിണിയാണെന്ന് പറഞ്ഞാൽ, നമ്മുടെ കടയിൽ എനിക്ക് ജോലി കിട്ടുമായിരുന്നോ ? ഈ മഹാമാരി വന്നതിന് ശേഷം നിലവിൽ ഉണ്ടായിരുന്ന ഗർഭിണികളെ പോലും, ഷോപ്പുകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നുമൊക്കെ, പറഞ്ഞ് വിട്ടോണ്ടിരിക്കുമ്പോൾ, ഒരു ഗർഭിണിയാണെന്നറിഞ്ഞ് കൊണ്ട്, ആരുമെനിക്ക് ജോലി തരില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ്, നിങ്ങളിൽ നിന്ന് പോലും ഞാനത് മറച്ച് വച്ചത് ,അതിന് വേണ്ടിയാണ്, ഞാൻ ലൂസുള്ള നൈറ്റിയും, പർദ്ദയുമിട്ട് എല്ലാം മൂടിവച്ച് നടന്നത്, കാരണം അങ്ങനെ പോലും, എനിക്കീ ജോലി നഷ്ടപ്പെടുത്താൻ വയ്യായിരുന്നു ,എനിക്കിതിൽ നിന്ന് കിട്ടുന്ന വരുമാനം കൂടിയേ തീരു ,അതിന് വേണ്ടി പ്രസവവേദന തുടങ്ങുന്ന സമയം വരെ ,ആരെയും ഒന്നുമറിയിക്കാതെ, മുന്നോട്ട് പോകാനായിരുന്നു, എൻ്റെ തീരുമാനം ,പക്ഷേ, പടച്ചോൻ എന്നെ പിന്നെയും കൈയ്യൊഴിഞ്ഞു
അതും പറഞ്ഞ് സങ്കടത്തോടെയവൾ, കൂട്ടുകാരികളുടെ കൈയ്യിൽ നിന്നും തൻ്റെ ബാഗ് തട്ടിപ്പറിച്ച് വാങ്ങിച്ചു .
അല്ല, അപ്പോൾ നിന്നെ ഗർഭിണിയാക്കിയ ,നിൻ്റെ ഭർത്താവ് ഇതിന് സമ്മതിച്ചിട്ടാണോ, നീ വരുന്നത്?
മരിയ, അത്ഭുതത്തോടെ ചോദിച്ചു.
ഇല്ല ,അദ്ദേഹമുണ്ടായിരുന്നെങ്കിൽ ഒരിക്കലുമിത് സമ്മതിക്കില്ലെന്നെനിക്കറിയാം, എനിക്ക് ചൂണ്ടിക്കാണിക്കാൻ എൻ്റെ ഭർത്താവ് ഇപ്പോൾ ജീവനോടെയില്ല,
സ്വന്തക്കാരെയും ബന്ധുക്കളെയുമൊക്കെ വെറുപ്പിച്ചിട്ട്, ജാതിയും മതവും തിരിച്ചറിയാത്ത അനാഥയായ നിന്നെ കൂടെപ്പൊറുപ്പിച്ചത് കൊണ്ടാണ് ,എൻ്റെ മോന് ഈ ഗതി വന്നതെന്ന്, ആശുപത്രിയിൽ നിന്നും എന്നെയൊന്ന് കാണാൻ പോലും സമ്മതിക്കാതെ, അദ്ദേഹത്തിൻ്റെ ചേതനയറ്റ ശരീര മേറ്റ് വാങ്ങി കൊണ്ട് പോകുമ്പോൾ, ഇക്കയുടെ ഉപ്പ എന്നോട് പറഞ്ഞു ,
ഈ ഭൂമിയിൽ എന്നെ കുറിച്ച് ഓർക്കാനോ, ഞാൻ മരിച്ചാൽ ഒന്ന് കരയാനോ ഇനി ആരുമില്ലെന്ന് തോന്നിയ ആ നിമിഷം, ആത്മഹത്യയെക്കുറിച്ച് വരെ ഞാൻ ചിന്തിച്ചതാണ് ,പക്ഷേ അദ്ദേഹം എനിക്ക് കൂട്ടായി തന്നിട്ട് പോയ, എൻ്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ എനിക്ക് പ്രസവിച്ച് വളർത്തണമെന്ന് തോന്നി ,അത് കൊണ്ടാണ്, ഞാൻ മരിക്കാതിരുന്നതും, ജീവിക്കാൻ വേറെ മാർഗ്ഗമില്ലാത്തത് കൊണ്ട്, എല്ലാം മറച്ച് വച്ച്, ഞാനീ ജോലിക്ക് വന്നതും
സുഹറയുടെ സങ്കടം കണ്ടപ്പോൾ, കൂട്ടുകാരികളും കരഞ്ഞ് പോയി.
ഇതൊന്നുമറിയാതെ, ഞങ്ങൾ നിന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചു, നീ ഞങ്ങളോട് പൊറുക്ക് ,ആരു പറഞ്ഞു നിനക്കാരുമില്ലെന്ന്,ഇനി നീ ,ഞങ്ങൾക്ക് വെറുമൊരു റൂം മേറ്റല്ല, ഞങ്ങളുടെ കുഞ്ഞനുജത്തിയാണ്
ശാലിനി അവളുടെ തോളിൽ പിടിച്ച് പറഞ്ഞു.
അതെ, അത് കൊണ്ട് നീ ഇനി മുതൽ, കടയിൽ വരേണ്ട, ഇന്ന് മുതലുള്ള നിൻ്റെ സകല കാര്യങ്ങളും, ഇനി ഞങ്ങള് നോക്കിക്കൊള്ളാം, നിനക്ക് പ്രസവവേദന തുടങ്ങുന്നത് വരെ, നീ ഇവിടെ, ഇരുന്നും കിടന്നുമൊക്കെ റസ്റ്റെടുക്ക്
മരിയ പറഞ്ഞതാണ് കറക്റ്റ്, ഇന്ന് ഞങ്ങൾ വൈകിട്ട് തിരിച്ച് വരുമ്പോൾ ഫിഷും, മീറ്റുമൊക്കെ വാങ്ങിച്ചോണ്ട് വരാം, ഇനി അത് കഴിച്ചിട്ട്, ഒമിറ്റ് ചെയ്താൽ ഞങ്ങളറിയുമെന്ന പേടി വേണ്ടല്ലോ?
ശില്പയത് പറയുമ്പോൾ, സുഹറയും സന്തോഷം കൊണ്ട് അറിയാതെ ചിരിച്ച് പോയി .