ചെല്ലപ്പനാശാരി
Story written by Murali Ramachandran
“എടാ മക്കളെ.. പെണ്ണെന്നു പറഞ്ഞാൽ വരാല് മീനേ പോലാ.. അത്ര പെട്ടെനൊന്നും ആണിന് പിടികൊടുക്കുവേലാ.. അതിനു ചില സൂത്ര പണികളൊക്കെ അറിയണം.”
അമ്പലപറമ്പിലെ ആൽ ചോട്ടിൽ ഇരിക്കുമ്പോളായിരുന്നു ചെല്ലപ്പനാശാരി പതിവില്ലാതെ ഞങ്ങളോട് അതു പറഞ്ഞത്. അതുവരെ ആൽത്തറയിൽ അയാൾ കിടന്നു ഉറങ്ങുവാണെന്ന് കരുതിയ ഞങ്ങൾക്ക് തെറ്റി. ഞങ്ങൾ പറഞ്ഞതൊക്കെ ഉറക്കം നടിച്ചു അയാൾ കേട്ടിരുന്നു. ഉള്ളിൽ ഒരു പേടിയോടെ ഞങ്ങൾ ചാടി ഇറങ്ങി.
“നിങ്ങൾക്കെന്താ മക്കളെ ഇപ്പോ അറിയേണ്ടേ..? ദേ എന്നോട് ചോദിക്ക്, ഞാൻ പറഞ്ഞു തരാം.”
അയാളുടെ ആ സംസാരത്തിൽ ഞങ്ങൾക്കുള്ള ഉത്തരം ഉണ്ടെന്ന് എന്റെ മനസു പറഞ്ഞു. ഞാൻ കണ്ണനെ ഒന്നു നോക്കി, അവൻ എന്നെയും.. ഉടനെ ഒന്നു ആലോചിക്കാതെ കണ്ണൻ അയാളോട് പറഞ്ഞു.
“അതു.. ആശാരി, ഞങ്ങൾക്ക്..”
“എന്താട മക്കളെ.. പറഞ്ഞോ..”
ഞാൻ കണ്ണനെ നോക്കിട്ട്, ചെല്ലപ്പനാശാരിയോട് പറഞ്ഞു.
“ആ വാസന്തി ചേച്ചിയില്ലെ..? തയ്യൽക്കടയൊക്കെ നടത്തുന്നെ.. അവരെ കുറിച്ചു ഒന്നു അറിയണം.”
അതു കേട്ടയുടനെ അയാൾ ഞങ്ങളെ നോക്കി ഒന്നു തല കുലുക്കി ചിരിച്ചു. പിന്നെ ഒരു രാക്ഷസ ചിരിയാണ് ഞങ്ങൾ കണ്ടത്. എന്നിട്ട് പതിയെ ആ ചിരി അടക്കികൊണ്ട് എന്നോട് ചോദിച്ചു.
“ഇപ്പോ എന്താ അറിയെണ്ടേ..? എവിടെ വരെയായി നിങ്ങളുടെ കാര്യങ്ങളൊക്കെ..? എപ്പോളാ നിങ്ങൾക്ക് അവളെ കുറിച്ചു അങ്ങനെയൊക്കെ തോന്നിയത്..?”
“അതുപിന്നെ.. ഞാൻ ഷർട്ടും, പാന്റും തയ്പ്പിക്കാൻ ചെന്നപ്പോ.. എന്നെ ഒന്നു അവര് അളവെടുത്തു. പിന്നെ, ഇന്നലെ വീണ്ടും അളവെടുക്കാൻ വിളിപ്പിച്ചു. ആ കടയിൽ ഞാനും അവരും മാത്രം. എന്നെ അളവ് എടുക്കുമ്പോൾ അവര് നല്ലോണം വിയർത്തിരുന്നു. എന്നെ തൊടുന്നതൊക്കെ കണ്ടപ്പൊ.. എനിക്ക് എന്തോപോലെ തോന്നി, അതാ..”
“എന്നിട്ട്, നിന്നെ അവള് വെല്ലോം ചെയ്തോടാ കൊച്ചനേ..?”
അതു കേട്ടയുടനെ ഞാൻ ഒന്നു നാണിച്ചു നിന്നു. എന്റെ നാണം കണ്ടതും അയാൾ വീണ്ടും ആകാംക്ഷയോടെ ചോദിച്ചു.
“എടാ.. നിന്നോടാ ചോദിച്ചത്, അവൾ വെല്ലോം ചെയ്തോന്നു. തൊടുവോ, മാന്തുവോ, പിച്ചുവോ.. അങ്ങനെ വെല്ലോം. അല്ലേലും അവൾക്കിപ്പോ കൊച്ചു പിള്ളേരെ മതിയായിരിക്കും. എന്നെ ഒരുപാട് വട്ടം കറക്കിച്ചതാ അവള്.. പണ്ട് ഒരു വണ്ടി ആക്‌സിഡന്റിൽ കെട്ടിയോൻ മരിച്ചേ പിന്നെ തയ്യൽക്കട നടത്തി ജീവിക്കുവാ.. ഒരു മോനുണ്ട്, അവനും ഇപ്പോ കൂടെയില്ല. എവിടെയോ പഠിക്കാൻ വിട്ടൂന്നാ കേട്ടെ.. ആാാ.. നിന്റെയൊക്കെ ഓരോ യോഗം. അനുഭവിക്കടാ.. അനുഭവിക്കു.. അതല്ലേ പ്രായം.”
“ആശാരി.. ഇനിയും അവര് വിളിക്കും, എന്റെ തയ്ച്ച തുണി തരാൻ. ഇന്ന് ചെല്ലാൻ പറഞ്ഞേക്കുവാ..”
“ആണോ.. അപ്പൊ നീ എന്തു ചെയ്യും..? അല്ലെ വേണ്ട, ബാക്കി നിന്നെ അവള് നോക്കിക്കോളും.. അതിൽ പണ്ടേ അവള് മിടുക്കിയാ.. നീയങ്ങു എല്ലാത്തിനും നിന്നുകൊടുത്ത മാത്രം മതി.”
ചെല്ലപ്പനാശാരി എന്നോട് അതു പറയുമ്പോൾ എനിക്ക് മേലാകെ എന്തൊ വല്ലാതെ കോരി തരിച്ചു. ഞാൻ ഒന്നു ചിരിച്ചു, നാണിച്ചൊരു ചിരിചിരിച്ചു. പെട്ടെന്നാണ് ഞാൻ ശ്രദ്ധിച്ചത്, ദൂരത്തൂന്ന് വാസന്തി ചേച്ചി നടന്നു വരുന്നത്. അമ്പലത്തിൽ പോയിട്ട് വരുന്ന വഴിയാന്നു തോന്നുന്നു. ഞങ്ങള് പതിയെ സംസാരം നിർത്തി, കൂടെ എന്റെ ചിരിയും നിന്നു. എന്നെ കണ്ടതും ഞങ്ങളുടെ അടുത്തേക്ക് വന്നിട്ട് എന്നോട് പറഞ്ഞു.
“നന്ദു.. നീ വീട്ടിലേക്ക് വാ.. ഞാനത് തയിപ്പിച്ചു വെച്ചിട്ടുണ്ട്, കൂടെ കണ്ണനെയും വിളിച്ചോ..”
“ഉം.. വരാം.”
ഞാൻ അതു വാസന്തി ചേച്ചിയോട് പറഞ്ഞിട്ട് ചെല്ലപ്പനാശാരിയെ ഒന്നു നോക്കി. എന്നെ കണ്ടതും അയാൾ ചിരിച്ചു കൊണ്ട് തലയാട്ടി. പെട്ടെന്ന് വാസന്തിചേച്ചി അയാളെ തുറിച്ചു നോക്കിട്ട് തറയിലേക്ക് ഒന്നു കാർക്കിച്ചു തുപ്പി. അയാൾ ദേഷ്യത്തിൽ അവരെ നോക്കി. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ വാസന്തി ചേച്ചി വേഗത്തിൽ മുന്നോട്ട് നടന്നു. ഞങ്ങൾ ആശാരിയെ ഒന്നൂടെ നോക്കിയിട്ട് അവരുടെ പിന്നാലെ ചെന്നു. അധികം ദൂരം ഇല്ലായിരുന്നു വാസന്തി ചേച്ചിയുടെ വീട്ടിലേക്ക്. എന്റെ മനസ്സിൽ ഒരു പേടി ഉണ്ടായിരുന്നു. കണ്ണൻ എന്റെ കൈയിൽ മുറുക്കെ പിടിച്ചു. ഇടക്കിടെ അവനെന്നെ നോക്കുന്നുണ്ട്. വീടിന്റെ മുറ്റത്തു എത്തിയതും ഞങ്ങൾ അവിടെ തന്നെ നിന്നു. അകത്തേക്ക് കേറാൻ ഒരു പേടി ഉണ്ടായിരുന്നു.
“എന്താ നിങ്ങള് മുറ്റത്തു തന്നെ നിന്നു കളഞ്ഞത്. ദാ, ആ കസേരയിൽ ഇരിക്കുന്നെ.. ഞാൻ ഇപ്പോ വരാം.”
ഞങ്ങളെ നോക്കി വാസന്തി ചേച്ചി അതു പറഞ്ഞിട്ട് അകത്തേക്ക് കേറി പോയി. പേടിയും, പരിഭ്രമവും ഉള്ളതുകൊണ്ട് മനസ്സില്ല മനസോടെ ഞങ്ങൾ വരാന്തയിലെ കസേരയിൽ കയറി ഇരുന്നു. വിരലുകളിലെ ഓരോ ഞൊട്ടയും ഞാൻ പേടിയോടെ ഇട്ടു. കണ്ണൻ അവന്റെ നഖം കടിക്കാനും തുടങ്ങി. അൽപം കഴിഞ്ഞതും വാസന്തി ചേച്ചി തയ്യിപ്പിച്ച ആ തുണി കൊണ്ടു വന്നു. എന്നിട്ട് രണ്ടു ഗ്ലാസ്സും ഞങ്ങൾക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു.
“ആദ്യം നിങ്ങൾ ഇത് കുടിക്കു. കൃഷ്ണന്റെ അമ്പലത്തിലെ പാൽ പായസവാ.. ഇന്നെന്റെ മോനു പിറന്നാളാ.. അവൻ ഇവിടെ ഇല്ല, പഠിക്കാൻ പോയി. അതാ നിങ്ങൾക്ക് കൊടുക്കാന്നു വെച്ചത്. നിങ്ങളും എനിക്കെന്റെ മക്കളെ പോലാ, അവന്റെ അതെ പ്രായം.”
ആ തണുത്ത പാൽപായസം വാങ്ങി കുടിക്കാൻ തുടങ്ങിയതും എന്റെ മനസൊന്നു പൊള്ളി. കനൽ വായിലൂടെ ഇറങ്ങി പോയത് പോലെ.. ആ പായസത്തിനു മധുരം ഉണ്ടായിരുന്നിരിക്കണം, ഞാൻ ആ സ്വാദ് അറിഞ്ഞിരുന്നുമില്ല. അതിനേക്കാൾ അധികം കയ്പ്പ് എന്റെ മനസ്സിൽ അപ്പോൾ ആയിരുന്നു. വീണ്ടും വാസന്തി ചേച്ചി തുടർന്നു.
“വീട്ടിൽ ചെന്നിട്ടു ഈ തുണി ഇട്ടുനോക്കണം. പാകം ആണേൽ പറയണം കെട്ടോ..? എന്നിട്ട് കാശ് തന്നാൽ മതി. പിന്നെ, ആ ചെല്ലപ്പനോട് അധികം കൂട്ടൊന്നും വേണ്ട.. നിങ്ങളുടെ പ്രായത്തിനു ഒത്തവരോട് കൂടാൻ നോക്കു മക്കളെ.. ആട്ടെ, പാൽ പായസം എങ്ങനെ ഉണ്ടെന്ന് പറഞ്ഞില്ലല്ലോ..”
“മ്മ്..”
മറുപടി പറയാനാവാതെ ഞാൻ ഒന്നു മൂളി. പായസം കുടിച്ചിട്ട് ആ ഗ്ലാസ്സ് മേശമേൽ വെച്ചു. കണ്ണൻ എന്നെ ഒന്നു നോക്കി. പോകാൻ തിടുക്കം കാട്ടുന്ന ഒരു നോട്ടം അവന്റെ കണ്ണിൽ ഉണ്ടായിരുന്നു. ഞങ്ങൾ മുറ്റത്തേക്ക് ഇറങ്ങിയതും വാസന്തി ചേച്ചി പറഞ്ഞു.
“സൂക്ഷിച്ചു പോണേ മക്കളെ.. വന്ന വഴിയാകെ മോശാ.. ഒന്നു വെട്ടി തെളിക്കാനുണ്ട്.”
വാസന്തി ചേച്ചിയുടെ ആ വാക്കുകൾ ഇന്നും ഞാൻ ഓർക്കുന്നു. പിന്നീട് ഞങ്ങൾ നടന്നതു വെട്ടി തെളിച്ച ആ വഴികളിലൂടെ മാത്രം ആയിരുന്നു.
( പി. പദ്മരാജൻ സർ തിരക്കഥയിൽ ഭരതൻ സർ സംവിധാനം ചെയ്ത തകര എന്ന സിനിമയിലെ കഥാപാത്രം ആണ് ചെല്ലപ്പനാശാരി. നടൻ നെടുമുടി വേണു സർ മികച്ച അഭിനയം കാഴ്ച വെച്ച ആ കഥാപാത്രം എന്നിൽ സ്വാധീനിച്ചതു കൊണ്ടാണ് ഈ രചന ഞാൻ എഴുതിയത്. )