ഇന്നു മുതൽ ഈ പെങ്ങളെ ഈ ആങ്ങള സ്വന്തംപെങ്ങളായി ഏറ്റെടുത്തിരിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ…..

Story written by DHANYA SHAMJITH

“എനിക്കുറപ്പാ അവൾ ഇഷ്ടപ്പെടുന്നത് എന്നെ തന്നെയായിരിക്കും..”

ഉണ്ണിയുടെ വാക്കു കേട്ട് ഉറക്കെച്ചിരിച്ച്, ആൽത്തറയിൽ അവനരികിലേക്ക് ഇരുന്നു കണ്ണൻ.

“എത്ര മനോഹരമായ നടക്കാത്ത സ്വപ്നം ദാസാ……. അവൾക്കെന്നോടാ ഒരിത്തിരി ഇഷ്ടക്കൂടുതൽ, എന്നെ കാണുമ്പോ അവളുടെ മുഖത്തൊരു നാണം നീ ശ്രദ്ധിച്ചിട്ടില്ലേ ” അവൻ വീണ്ടും ചിരിച്ചു.

പിന്നേ….. തേങ്ങയാണ്….. നീ നോക്കിക്കോ അവളെന്നെയേ ഇഷ്ടപ്പെടൂ… ഉണ്ണിയും വിട്ടുകൊടുത്തില്ല.

നമുക്ക് കാണാം…. കണ്ണൻ അവനെ രൂക്ഷമായൊന്ന് നോക്കി..

ആ….. കാണാൻ തന്നാ പോണത്, ഉണ്ണിയും അതേ നാണയത്തിൽ തിരിച്ചടിച്ചു.

ഒരു നിമിഷം രണ്ടു പേരുടേയും കണ്ണുകൾ തമ്മിലൊരു വടംവലി നടന്നു….പെട്ടന്നൊരു പൊട്ടിച്ചിരിയോടെ അവർ പരസ്പരം കെട്ടിപ്പിടിച്ചു.

നമ്മളിൽ ഒരാളെ അവൾക്കെന്തായാലും ഇഷ്ടമാണ്, അതിന്നവൾ തുറന്നു പറയുകയും ചെയ്യും… പക്ഷേ അതിനു ശേഷം മറ്റേയാൾക്ക് അതാരായാലും അവൾ സ്വന്തം പെങ്ങളെപ്പോലെ ആയിരിക്കണം.

മറ്റുള്ളവരെപ്പോലെ ഒരു പെണ്ണിന്റെ പേരിൽ തല്ല് കൂടാൻ പാടില്ല….

ഉണ്ണി ഗൗരവത്തിലായി…

അതങ്ങനെ തന്നെയായിരിക്കും ടാ….കണ്ണൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.

ദേ, അവൾ…… ഉണ്ണികൈചൂണ്ടിയിടത്തേക്ക് കണ്ണന്റെ മിഴികൾ പാഞ്ഞു.

ചന്ദനക്കരയുള്ള സെറ്റുമുണ്ടുടുത്ത് കൈയ്യിലൊരു ഇലക്കീറുമായി അമ്പലത്തിന്റെ പടിയിറങ്ങി വരുന്ന അവളെ കണ്ണുചിമ്മാതെ നോക്കി നിന്നു രണ്ടാളും. അവരെ കണ്ടതും അവളുടെ മുഖത്തൊരു പരിഭ്രമം കലർന്നു.. വിറയാർന ചുവടുകളോടെ അവൾ അവർക്കു മുന്നിലെത്തി..

പ്രസാദം….. പതിഞ്ഞ സ്വരത്തിൽ അവൾ ഇലക്കീറിലെ മഞ്ഞൾ നീട്ടി.

ഞങ്ങളുടെ ചോദ്യത്തിന് ആദ്യം ഉത്തരം താ, എന്നിട്ടാവാം ബാക്കി… ഉണ്ണി അക്ഷമനായി.

ഞാൻ….. എനിക്ക്….. അവൾക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.

പറയാൻ ബുദ്ധിമുട്ടാണെങ്കി ഒരു കാര്യം ചെയ്യാം, ഞങ്ങളിൽ ആരെയാണോ ഇഷ്ടം അയാൾടെ നെറ്റിയിൽ പ്രസാദം തൊട്ടു കൊടുക്കൂ….. കണ്ണൻ ഉണ്ണിയേയും വലിച്ച് അടുത്ത് നിർത്തി.

അവളുടെ മിഴികളൊന്ന് വെട്ടിപ്പിടഞ്ഞു, തന്റെ കൈവിരലുകളിലേക്ക് നോക്കി നിൽക്കുന്ന ഉണ്ണിയുടേയും കണ്ണന്റേയും മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ട് അവൾ പതിയെ കൈയുയർത്തി ഒരു നുള്ളു മഞ്ഞൾ അവന്റെ നെറ്റിയിൽ തൊട്ടു.

ടാ…. അളിയാ… ദയനീയമായിരുന്നു ആ വിളി.

ഉണ്ണിയുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു. മുഖം കുനിച്ചു നിന്ന അവളെ വലിച്ച് തന്റെ ദേഹത്തേക്ക് ചേർത്ത് അവൻ കണ്ണനെ നോക്കി.

ഒന്നും മിണ്ടാതെ അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു കണ്ണൻ.

എടാ….. കണ്ണാ… ഉണ്ണി വിളിച്ചതും അവൻ കൈ ഉയർത്തി .

മതി… അവന്റെ വാക്കുകൾ ഉറച്ചിരുന്നു.

വെപ്രാളത്തോടെ ഉണ്ണി അവളെ വിട്ട് അവനരികിലെത്തി.

അളിയാ, അവള്…. ഉണ്ണിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.

ഇന്നു മുതൽ ഈ പെങ്ങളെ ഈ ആങ്ങള സ്വന്തംപെങ്ങളായി ഏറ്റെടുത്തിരിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ…..

നാടകീയതയോടെ കണ്ണനത് പറഞ്ഞ് അവരെ നോക്കി നിറഞ്ഞു ചിരിച്ചു.

ഒരു പക്ഷേ എന്റെ സ്വാർത്ഥതയാവാം കണ്ണാ ഇവളെ നീ പെങ്ങളായി കാണണം എന്ന വാക്ക് വാങ്ങിയത്.ഞാൻ….

നിർത്ത്……

ഉണ്ണി പറയുന്നതിന്റെ ഇടയിൽ കയറി കണ്ണൻ.

നീ എനിക്കാരാ? എന്റെ ചങ്ങാതിമാത്രമല്ല കൂടപ്പിറപ്പും കൂടിയാ.. ഓർമ്മ തെളിഞ്ഞ നാൾ മുതൽ എന്തും അന്യോന്യം പങ്കു വയ്ച്ചിട്ടേ ഉള്ളൂ ,ഇതു പക്ഷേ അങ്ങനെയല്ല. നിനക്ക് നല്ലത് കിട്ടുന്നതിൽ എന്നും ഞാൻ സന്തോഷിച്ചിട്ടേ ഉള്ളൂ ഇതും അങ്ങനെ തന്നെയാ….

ഇതെന്റെ വാക്കാ…. മരിയ്ക്കും വരെ ഇവളെന്റെ പെങ്ങൾ തന്നെയായിരിക്കും. അതിനൊരു മാറ്റവുമില്ല..

കണ്ണന്റെ ഉറച്ച വാക്കുകൾ കേട്ട് മിഴിയും മനസ്സും നിറയുകയായിരുന്നു ഉണ്ണിയ്ക്കും.

കണ്ണാ…. അവൻ വിളിച്ചു.

കണ്ണാ…….. ടാ……

വിളി കേട്ട് കണ്ണൻ ഞെട്ടി കണ്ണുകൾ തുറന്നു. മുൻപിൽ അമ്മയാണ്. ഉണ്ണി,, അവൻ? അവനല്ലേ അപ്പോ വിളിച്ചത്.

ഇതെന്ത് ഉറക്കാ കുട്ട്യേ, ദേ താഴെ അവരൊക്കെ വന്നിട്ട് നേരം കുറേയായി.

അമ്മയുടെ വാക്കുകളാണ് കണ്ണനെ ബോധത്തിലെത്തിച്ചത്.. താൻ കണ്ടതൊക്കെ സ്വപ്നമായിരുന്നു, കഴിഞ്ഞു പോയ കാര്യങ്ങൾ ഒരിക്കൽ കൂടി ഓർമ്മയിലേക്ക്.. കണ്ണന്നൊന്ന് ദീർഘമായി നിശ്വസിച്ചു.

നീയൊന്ന് താഴേക്കു വാ ന്നിട്ട് എന്താന്ന് വച്ചാ ഒന്ന് തീരുമാനിക്ക്, ഇനീം ഇത് നീട്ടിക്കൊണ്ട് പോവാൻ കഴിയില്ല..

ഉം… അമ്മ പൊയ്ക്കോളൂ ഞാൻ വരാം… കണ്ണന്റ മിഴികൾ ചുമരിലെ മാല ചാർത്തിയ ചിത്രത്തിലേക്കായിരുന്നു.

ഉണ്ണി…… ആ ഫോട്ടോ യിൽ ഇരുന്നു കൊണ്ട് അവൻ ചിരിക്കുകയാണ്.

അന്ന് അവൾ ഇഷ്ടം പറഞ്ഞതിനു ശേഷം വല്ലാത്തൊരു ഉത്സാഹമായിരുന്നവന്, അതേ പ്രസരിപ്പിലാണ് കാത്തിരിപ്പുകളില്ലാതെ അവളെ സ്വന്തമാക്കിയതും. അന്നും എന്തിനും താൻ വേണമായിരുന്നു അവന്. താലികെട്ടുമ്പോൾ പോലും കൈവിറയ്ക്കുന്നോ എന്നറിയാൻ തന്നെ കൊണ്ട് കൈ പിടിപ്പിച്ചവനാ… പിന്നീട് ആദ്യമായി അച്ഛനാവുന്നതിന്റെ സന്തോഷവും, സംശയങ്ങളും ടെൻഷനുകളും എല്ലാം ഒപ്പം നിന്ന് പങ്കു വയ്ക്കുകയായിരുന്നു തങ്ങൾ..

മോളുടെ നൂലുകെട്ടിന് വലം പിരി തന്നെ വേണമെന്ന നിർബന്ധത്തിലാണ് അന്നവൻ ഇറങ്ങി പുറപ്പെട്ടത്. കൂടെ ചെല്ലാൻ ഇറങ്ങിയ തന്നെ പന്തലിടാൻ ആള് വരുമ്പോ നീയുണ്ടാവണം എന്ന വാക്കിൽ വീട്ടിൽ നിർത്തി പോവുമ്പോൾ അറിഞ്ഞിരുന്നില്ല അതൊരു അവസാനയാത്രയാണെന്ന്. ഏതോ വാഹനത്തിന്റെ ഓട്ടപ്പാച്ചിലിൽ തിരികെയെത്തിയത് അവന്റെ ജീവനില്ലാത്ത ശരീരമായിരുന്നു.

സ്തംഭിച്ചു പോയിരുന്നു നാടടക്കം.. അവളുടെ നിലവിളിയേക്കാൾ ഹൃദയം നുറുക്കിയത് അച്ഛനെന്ന ഓർമ്മ പോലും കിട്ടാത്ത കുഞ്ഞിമോളുടെ കരച്ചിലായിരുന്നു.

അവനില്ലാത്ത വീട്, അവന്റെ ശബ്ദ മോ ചിരിയോ മുഴങ്ങാതെ നിശ്ചലമായി കിടന്നു മാസങ്ങളോളം. കുഞ്ഞിമോൾ പിച്ചവയ്ക്കാൻ തുടങ്ങിയതോടെ പതിയെ പതിയെ വീടുണരുകയായിരുന്നു. അവനില്ലാത്ത കുറവ് നികത്താൻ കഴിഞ്ഞിരുന്നില്ലെങ്കിലും നിഴലുപോലെയുണ്ടായിരുന്നു അവൾക്കും മോൾക്കുമരികിൽ..

ഇവളെ നിന്റെ പെങ്ങളായി കാണണം ട്ടോ… എന്ന അവന്റെവാക്ക് കാതിലെന്നും ഉണ്ടായിരുന്നു. എന്നിട്ടാണിപ്പോൾ….കണ്ണന്റെ മനസ് നീറിപ്പുകഞ്ഞു.

താഴെ അവളുടെ വീട്ടുകാരുണ്ട്, മറ്റൊരു വിവാഹം എന്ന ചിന്തയിൽ എല്ലാവരും ആദ്യമോർത്തത് തന്നെയാണ്. അതാവുമ്പോ അവൾക്കും മോൾക്കും സുരക്ഷിതത്വമുണ്ടാവും എന്ന്. പെങ്ങളായി കണ്ടവളെ ഇനി മുതൽ ഭാര്യയായി കാണാൻ..

അവളെ പ്രാണനായിരുന്നു തനിക്കും, ഉണ്ണിയെയാണ് ഇഷ്ടം എന്നവൾ അറിയിച്ചപ്പോൾ ചങ്കിലൊരു കത്തിയിറക്കിയ വേദനയായിരുന്നു. എങ്കിലും ഉറ്റ ചങ്ങാതി അവനു വേണ്ടി അതൊക്കെ മറന്നു.ഇപ്പോ അവനില്ല..

അവളെ തള്ളിക്കളയാൻ തനിക്കു കഴിയില്ല…

കണ്ണൻ തലയൊന്ന് കുടഞ്ഞു. പിന്നെയെന്തോ തീരുമാനിച്ചുറപ്പിച്ച മട്ടിൽ താഴേക്ക് ചെന്നു.

അവനെ കണ്ടതും എല്ലാവരും ഒരു നിമിഷം നിശബ്ദരായി.. അവന്റെ കണ്ണുകൾ ചുറ്റും പരതി., അവിടെ തന്നെയുണ്ട്. വാതിലിന്റെ മറവിൽ കുഞ്ഞിമോളുമായി അവൾ ” ബാല”.. കണ്ണുകൾ തമ്മിലൊന്നിടഞതും അവൻ മിഴികൾ പെട്ടന്ന് പിൻവലിച്ചു.

മോൻ ഒന്നും പറഞ്ഞില്ല, ബാലമോൾ ചെറുപ്പാണ് ഉള്ളതൊരു പെൺകുട്ടീം, ഇനിയും ഇങ്ങനെ നിന്നാ നാട്ടാര് വല്ലതുമൊക്കെ പറഞ്ഞുണ്ടാക്കും. അതിനു മുൻപേ നമുക്കിത് നടത്തണം..

കണ്ണനൊന്ന് നോക്കി, ശേഖരനച്ഛനാണ് ബാലയുടെ അമ്മാവൻ..

ഞങ്ങൾക്കറിയാം നിങ്ങടെ മനസ്, പക്ഷേ ജീവിതം ഇനിയും ബാക്കിയാ രണ്ടാൾക്കും. ഇനി വരുന്നവർ നിങ്ങളുടെ ബന്ധം അംഗീകരിക്കണമെന്നില്ല. അതു കൊണ്ടാ ഞങ്ങൾ ഈ തീരുമാനത്തിലെത്തിയത്.

അയാൾ കണ്ണനെ നോക്കി.

ശരിയാണ് ശേഖരമ്മാമ്മേ, പറഞ്ഞതെല്ലാം സത്യം തന്നെയാ….കണ്ണന്റെ വാക്കു കേട്ട് അവർ പ്രതീക്ഷയോടെ അവനെ നോക്കി.

ഇവളെന്റെ കൂട്ടുകാരന്റെ ഭാര്യയാ, ദാ ഇതവന്റെ മോളും…

വാതിലിനു പുറകിൽ നിന്നിരുന്ന ബാലയുടെ കൈയ്യിൽ നിന്ന് കണ്ണൻ മോളെ എടുത്തു.

എനിക്കിവളെ ഇഷ്ടമാണ്, അല്ല എന്ന്നുണ പറയാൻ എനിക്കാവില്ല..

അതു കേട്ടതുംബാല ഞെട്ടലോടെ അവനെയൊന്നു നോക്കി.

സത്യമാണ് ബാലേ.. ഉണ്ണിയേക്കാൾ നിന്നെ സ്നേഹിച്ചത് ഞാനാണ്..പക്ഷേ, നീ സ്നേഹിച്ചത് അവനെയായിരുന്നു.

അവനു വേണ്ടി നിന്നോടുള്ള ഇഷ്ടം ഞാൻ മറക്കുകയായിരുന്നു, ഇപ്പോൾ അവനില്ല. നിന്നെ സ്വീകരിക്കാൻ എനിക്ക് മടിയുമില്ല… പക്ഷേ…..

കണ്ണനൊന്ന് നിർത്തി.

ചുറ്റുമുള്ളവരുടെ കണ്ണുകൾ അവനിലേക്കായിരുന്നു..അവനെന്താണ് പറയാൻ പോകുന്നതെന്നറിയാൻ.

പക്ഷേ…. ഞാൻ, ഞാനതിന് ഒരുക്കമല്ല. നിങ്ങൾ എന്നെയും ഇവളെയും പറ്റി മാത്രമേ ചിന്തിച്ചുള്ളൂ. ഉണ്ണി, അവനെ പറ്റി ഓർത്തില്ല.

അവന്റെ ശരീരമേ ഇവിടെ ഇല്ലാതുള്ളൂ, മനസ് ഇപ്പോഴും ഇവിടെ തന്നെയുണ്ട്. ഓരോരോ കാര്യങ്ങൾ അവനു പകരം ഞാൻ ചെയ്യുമ്പോഴും എന്റെ കൂടെ തന്നെയുണ്ടായിരുന്നു ആ മനസ്. അവനങ്ങനെ എന്നെ വിട്ടു പോവാൻ കഴിയില്ല. കാരണം ഞാൻ കൊടുത്ത വാക്ക്, അതാണ് അവന്റെ വിശ്വാസം.

ബാലയെ കൂടപ്പിറപ്പിനെപ്പോലെ നോക്കിക്കോളാം എന്ന് ഞാൻ അവനു കൊടുത്ത വാക്കാണ് ഇന്നും അവൻ എന്നോടൊപ്പം ഉണ്ടാവാൻ കാരണം.

ആ വാക്ക് തെറ്റിയാൽ ഇല്ലാതാവുന്നത് അവനാണ്.. ഞാനതാ ഗ്രഹിക്കുന്നില്ല, മനസുകൊണ്ടെങ്കിലും എന്നും അവൻ വേണം എനിക്ക്..

ബാല, അവളെയും മോളേയും ഞാൻ നോക്കും മരണം വരെ ഒരു സഹോദരനായി..എന്റെ തീരുമാനം ഇതാണ്.

തല്ലിയലച്ച ചിന്തകളെ വാക്കുകളായി പുറത്തേക്കിട്ട ആശ്വാസത്തിൽ കണ്ണനൊരു കിതപ്പോടെ ബാലയെ നോക്കി.

നിറഞ്ഞു തൂവിയ മിഴികൾക്കിടയിലൂടെ അവൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടുകൾ മെല്ലെ അവനെ നോക്കി വിളിച്ചു.

കണ്ണേട്ടാ……

ആ വിളിയിലുണ്ടായിരുന്നു ഒരു കൂടപ്പിറപ്പിനോടുള്ള സ്നേഹം മുഴുവനും.. അതേ സ്നേഹത്തോടെ കണ്ണനും അവളെ നോക്കുമ്പോൾ തൊട്ടു തഴുകിയൊരു കാറ്റ് അവന്റെ കാതോരം മന്ത്രിച്ചു…

ടാ.. അളിയാ…….

Leave a Reply

Your email address will not be published. Required fields are marked *