ഇന്ന് വൈകുന്നേരം അച്ചോള് പോവും, അച്ഛന്റെ കല്യാണമായതുകൊണ്ട് വന്നതാണ്…

Story written by NAYANA VYDEHI SURESH

അച്ഛന്റെ കല്യാണം കഴിഞ്ഞ് പിറ്റേ ദിവസം രാവിലെ അച്ഛനും ചെറിയമ്മയും കൂടി പുറത്തേക്കിറങ്ങിയപ്പോൾ കൂടെ അവനും ഓടിച്ചെന്നു

‘മോൻ പോയി അകത്ത് അച്ചോളുടെ കൂടെയിരിക്ക് അച്ഛനും ചെറിയമ്മയും ഇപ്പവരാം’

അവൻ തിരികെ നടന്നു അമ്മ എവിടെ പോവുബോഴും അവനെ കൊണ്ടുവും ബൈക്കിൽ അച്ഛന്റെയും അമ്മയുടെയും നടുവിലിരുന്നാണവൻ പോവാറ് …

‘നിന്നോട് ഞാൻ പറഞ്ഞതല്ലെ കുഞ്ഞുട്ടാ .. അവരുടെ പിന്നാലെ പോണ്ടാന്ന് ‘

ശരിയാണ് .. അച്ചോള് വിളിച്ചതാണ് പക്ഷേ അച്ഛൻ കൊണ്ടുവും എന്നു കരുതി … ഇന്ന് വൈകുന്നേരം അച്ചോള് പോവും ,അച്ഛന്റെ കല്യാണമായതുകൊണ്ട് വന്നതാണ് .. അമ്മ മരിച്ചേ പിന്നെ കുഞ്ഞുട്ടൻ ഏത് നേരോം അച്ഛന്റെ പുറകിൽ തന്നെയായിരുന്നു … അമ്മയില്ലാത്ത സങ്കടമുണ്ടെങ്കിലും അവനതൊന്നും കാണിക്കാറില്ല ..

രണ്ട് ദിവസായി അച്ഛൻ തിരക്കിലാണ് .. അവനെ നോക്കാൻ പോലും നേരല്ല … അന്ന് വൈകുന്നേരത്തോടടുത്താണ് അച്ഛനും ചെറിയമ്മയും വന്നത് … അവരു വന്നുടനെ അച്ചോള് പോയി …

പതിയെ അച്ഛന്റെ മുറിയുടെ വാതിൽ കുഞ്ഞുട്ടൻ തുറന്നു ..

‘എന്താ മോനെ ഇങ്ങനെയാണോ ഒരാൾടെ മുറിയിൽ കയറാ’

അവൻ ചെറിയമ്മയുടെ മുഖത്തേക്ക് നോക്കി

‘ഡോറിൽ തട്ടാതെ അകത്ത് വരരുത് ട്ടോ’

ഉം… അച്ഛനോ ?

അച്ഛൻ കുളിക്കാ … മോൻ അകത്ത് പോയി റ്റിവി കാണ്

അവൻ അകത്തേക്ക് നടന്നു … ആരുമില്ലാത്ത പോലെ .. സാധാരണ ഈ നേരത്ത് അച്ഛനും അവനും കൂടി എന്തേലും കളിക്കായിരിക്കും … പിന്നെ ഒരുമിച്ച് കുളിക്കും ,ഭക്ഷണം കഴിക്കും … പെട്ടെന്നാണ് അവനോർത്തത് അവനിന്ന് കുളിച്ചട്ടില്ലാന്ന്…

കേബിൾ ഉച്ചക്ക് പോയതാണ് … റ്റിവി യിൽ വേറെ ഒന്നും ഇല്ല കാണാൻ … അവൻ ജനൽ തുറന്ന് പുറത്തേക്ക് നോക്കി .. അടുത്ത വീട്ടിലെ രാധചേച്ചി ഉണ്ണിക്കുട്ടന് ചോറ് വാരി കൊടുക്കാണ് … കുഞ്ഞുട്ടനും ഉണ്ണിക്കുട്ടനും ഒരേ ക്ലാസ്സിലാണ് .. അവനാ കാഴ്ച കുറേ കൂടി നേരം നോക്കി നിന്നു …

അച്ഛൻ പുറത്തേക്കു വന്നു

അച്ഛാ നമുക്ക് ചോറുണ്ണാം

അയ്യോ അച്ചന്റെ വയറ് ഫുള്ളാടാ … അച്ഛൻ വിളമ്പാം മോൻ കഴിച്ചോ …

ഒരു പാത്രത്തിൽ ചോറ് വിളമ്പി വെച്ച് അച്ഛൻ മുറിയിലോട്ട് പോയി .. അവിടെ നിന്ന് അച്ഛനും ചെറിയമ്മയും ചിരിക്കുന്നത് അവന് കേൾക്കാമായിരുന്നു …

മുഴുവനുണ്ണാത്ത പാത്രം അടുക്കളയിൽ വെച്ച് അവൻ കൈ കഴുകി

വീണ്ടും ആ മുറിയിലേക്ക് ചെല്ലാൻ അവനെന്തോ പേടി തോന്നി … അടുത്ത മുറിയിലെ കട്ടിലിൽ അവൻ പോയി കിടന്നു ..അച്ഛൻ വരാതിരിക്കില്ല … എന്നെ കെട്ടിപ്പിടിച്ചല്ലെ അച്ഛൻ ഉറങ്ങാറ് … അവൻ അച്ഛന്റെ മുറിയുടെ വാതിലിലേക്ക് നോക്കി കിടന്നു … പതിയെ കണ്ണുകളടഞ്ഞു …പിന്നിടുള്ള രാത്രികളും നിറയാത്ത വയറുമായി അവൻ കാത്തിരുന്നു …. അപ്പോഴും അവന്റെ ജനവാതിലിനപ്പുറം രാധ ചേച്ചി അവന്റെ കൂട്ടുകാരൻ ഉണ്ണിക്കുട്ടനെ ഊട്ടുകയായിരുന്നു ..

വൈദേഹി

Related Posts

Leave a Reply

Your email address will not be published. Required fields are marked *