എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ഇരുപത്തിയഞ്ച് പവനെങ്കിലും ഇല്ലാതെ ഈ പടി കടക്കില്ലായെന്ന് ഞാൻ പറഞ്ഞു. അച്ഛൻ ഉണ്ടായിരുന്നുവെങ്കിലെന്ന് കൂടി ചേർത്തപ്പോൾ എനിക്ക് നേരെ നീട്ടിയ കല്ല്യാണക്കത്തിന്റെ സാമ്പിൾ മേശയിലേക്ക് ഇട്ട് ഏട്ടൻ പുറത്തേക്ക് തന്നെ പോകുകയായിരുന്നു.
അമ്മ നോക്കി നിൽക്കെ ഞാൻ എന്റെ മുറിയിൽ കയറി കതകടക്കുകയും ചെയ്തു. എന്നിട്ടും ചെറുക്കന്റെ വീട്ടുകാർ യാതൊന്നും ആവിശ്യപ്പെട്ടില്ലല്ലോയെന്ന അമ്മയുടെ ശബ്ദം ഏതോ പഴുതിലൂടെ എന്റെ കാതുകളിൽ വീണിരുന്നു.
ശരിയാണ്. എന്നെ കണ്ടുപോയ ചെറുക്കന്റെ വീട്ടിൽ നിന്ന് ഒരു തരി പൊന്നും പോലും ആവിശ്യപ്പെട്ടിട്ടില്ല. എന്നാലും എന്തെങ്കിലുമൊക്കെ ഇല്ലാതെ എങ്ങനെയാണ് ഒരു വീട്ടിലേക്ക് പോകുക. ഞാൻ ആഗ്രഹിക്കുന്ന പോലെയൊരു ജീവിതം എനിക്ക് അവിടെ ലഭിച്ചില്ലെങ്കിൽ എന്തു ചെയ്യുമെന്ന ചിന്തയിലാണ് ധൈര്യത്തിന് ഇത്തിരി സ്വർണ്ണമെങ്കിലും വേണമെന്ന് എനിക്ക് പറയേണ്ടി വന്നത്.
എനിക്ക് ആകെയുള്ളത് അമ്മയും സഹോദരനുമാണ്. അച്ഛന്റെ മരണ ശേഷം ഏട്ടന്റെ ചുമലിൽ തന്നെയാണ് ഈ കുടുംബമെന്നതിലൊന്നും എനിക്ക് മറുവാക്കില്ല. വിവാഹാലോചനകൾ വരുന്നെണ്ടെന്നും നോക്കട്ടേയെന്നും എന്നോട് ചോദിച്ചത് ഏട്ടനാണ്. ബിഎഡ് പൂർണ്ണമാക്കിയ വർഷമായത് കൊണ്ട് ആയിക്കോട്ടെയെന്ന് ഞാനും പറഞ്ഞു.
അല്ലെങ്കിലും ജോലിക്ക് പോകാനുള്ള താല്പര്യമൊന്നും എനിക്കില്ല. കല്ല്യാണം കഴിഞ്ഞാൽ ജീവിതം സുഖമായിരിക്കും. കുറച്ചുകൂടി സുഖം വേണമെങ്കിൽ എനിക്ക് അവിടെയൊരു വിലയുണ്ടാകണം. തീയതിയും തീരുമാനിച്ച് കല്ല്യാണക്കത്തും അടിച്ചതുകൊണ്ട് ഏട്ടനും അമ്മയും എന്തെങ്കിലുമൊക്കെ ചെയ്യാതിരിക്കില്ല. ഇരുപത് പവനെങ്കിലും സങ്കടിപ്പിക്കുമായിരിക്കും. എന്നെ കെട്ടാൻ പോകുന്ന സുന്ദരനായ എഞ്ചിനീയർ ചെറുക്കനെ സ്വപ്നം കണ്ടാണ് ഞാൻ അന്ന് ഉറങ്ങിയത്.
‘നിനക്ക് ഈടെയുള്ളോരെ പറ്റി എന്തെങ്കിലുമൊരു ചിന്തയുണ്ടോ? പെറ്റ എന്നെ ഓർക്കണ്ട. ഇത്രേം കാലം നിന്നെയൊരു കുറവും വരുത്താതെ നോക്കിയ നിന്റെ ഏട്ടനെക്കുറിച്ചെങ്കിലും നിനക്ക് ഓർത്തൂടെ.. മനസാക്ഷിയില്ലാത്തോള്. നീ എങ്ങനെയാണ് എന്റെ വയറ്റിൽ കുരുത്തതെന്റെ ഈശ്വരാ….!’
എന്റെ തലവട്ടം കണ്ടപ്പോൾ അടുക്കളയിൽ നിന്ന് അമ്മയെന്നെ ശപിക്കുകയാണ്. ഇന്നലെ രാത്രിയിൽ ഇറങ്ങിപ്പോയ ഏട്ടൻ ഇതുവരെയായി തിരിച്ചുവന്നില്ലെന്നും കൂടി അമ്മ പറഞ്ഞപ്പോൾ എനിക്ക് വിഷമമായി. ഫോണിൽ വിളിച്ചപ്പോൾ എവിടെയാണെന്നൊന്നും അമ്മയോട് ഏട്ടൻ പറഞ്ഞില്ല. വരാമെന്ന് മാത്രം പറഞ്ഞുപോലും…
തിരുത്താൻ പോലും പറ്റാത്തയൊരു മഹാപാപം ചെയ്തുവോയെന്ന് എന്റെ തല സംശയിച്ചു. അവിടെ എനിക്ക് സുഖമായി കഴിയാൻ പറ്റുമെന്നതിൽ എന്താണ് ഉറപ്പ് അമ്മേയെന്ന് ചോദിച്ചാണ് ഞാൻ എന്നെ ന്യായീകരിക്കാൻ ശ്രമിച്ചത്. അപ്പോഴും നിന്റെ സുഖം തന്നെ നിനക്ക് മുഖ്യമെന്ന് പറഞ്ഞ് അമ്മ കാറി. ഏട്ടനുള്ളത് കൊണ്ടാണ് ഇത്രേം കാലം സുഖമായി നിനക്ക് ജീവിക്കാൻ പറ്റിയെതെന്നും പറഞ്ഞ് അമ്മയൊരു പത്രമെടുത്ത് താഴേക്ക് എറിഞ്ഞു. ഞാൻ ഭയന്നുപോയി. അതീവ സങ്കടത്തോടെ മുറിയിലേക്ക് കയറി പോകുമ്പോൾ അച്ഛൻ ഉണ്ടായിരുന്നുവെങ്കിലെന്ന് വെറുതേ ഞാൻ ആശിക്കുകയായിരുന്നു.
എന്റെ പത്താമത്തെ പ്രായത്തിലാണ് അച്ഛൻ മരിക്കുന്നത്. അന്ന് ഏട്ടൻ പ്രീഡിഗ്രീക്ക് ചേർന്നതേ ഉണ്ടായിരുന്നുള്ളൂ. ചെറിയൊരു ഓർമ്മയേ ഉള്ളൂവെങ്കിലും അച്ഛൻ എനിക്ക് ഏറെ സമ്മാനങ്ങൾ വാങ്ങി തന്നിരുന്നു. ഏട്ടനോടും അമ്മയോടും ഉള്ളതിനേക്കാളും സ്നേഹം അച്ഛന് എന്നോടായിരുന്നു. എന്തുചെയ്യാം! അത് നിരന്തമായി അനുഭവിക്കാനുള്ള യോഗം മാത്രം എനിക്ക് ഇല്ലാതായി പോയി. എങ്ങനെയെങ്കിലും കെട്ടിച്ച് വിട്ടാൽ ശല്ല്യം തീർന്നുവെന്നേ അമ്മയ്ക്കും ഏട്ടനുമുള്ളൂവെന്ന് എനിക്ക് ആ നേരം തോന്നി. പിന്നീടുള്ള എന്റെ നാളുകൾക്ക് മൗനവൃതമായിരുന്നു.
ഏട്ടൻ വന്നു. അതുപോലെ പോകുകയും ചെയ്തും. രണ്ടുപേരും എന്നോട് യാതൊന്നും മിണ്ടുന്നില്ല. കല്ല്യാണത്തിന്റെ മറ്റ് ഒരുക്കങ്ങളൊക്കെ നടക്കുന്നുണ്ടെന്ന് വീട് പെയിന്റടിച്ചപ്പോൾ മനസ്സിലായി. ഒരുനാൾ മേശപ്പുറത്ത് അടച്ചു വെച്ച ഭക്ഷണമെടുത്ത് കഴിക്കുമ്പോൾ എന്നാലും നീയെന്റെ മോന്റെ ഉറക്കം കളഞ്ഞില്ലെടീയെന്ന് അമ്മ പറഞ്ഞു. അതുകേട്ടപ്പോൾ എനിക്ക് ദേഷ്യമായി. ആരും എനിക്ക് വേണ്ടിയൊന്നും ചെയ്യേണ്ടായെന്ന് പറഞ്ഞ് കഴിപ്പ് നിർത്തി ഞാൻ എഴുന്നേൽക്കുകയായിരുന്നു.
വിതുമ്പലോടെ പഴം പുരാണം പറയാൻ അമ്മ തുടങ്ങുകയും ചെയ്തു. മുറിയുടെ കതക് അടക്കാത്തത് കൊണ്ട് എന്റെ കാതുകളിലും അത് വീഴുന്നുണ്ടായിരുന്നു.
അച്ഛന്റെ മരണശേഷം പഠിത്തം നിർത്തിയ ഏട്ടൻ ബസ്സിന്റെ ക്‌ളീനർ ആയിട്ടാണെന്ന് ആദ്യമായി ജോലി ചെയ്യുന്നത്. പിന്നീട് ടാക്സി ഡ്രൈവറായി. സ്വന്തമായി കാറ് വാങ്ങി ഓട്ടാൻ തുടങ്ങിയിട്ട് ഇപ്പോൾ അഞ്ചാറ് വർഷമേ ആയുള്ളൂ… അച്ഛൻ മരിക്കുമ്പോൾ വീടിന്റെ മേലെയുണ്ടായിരുന്ന വായ്പ തീർത്തത് മുതൽ എന്നെ പഠിപ്പിക്കാൻ ഏട്ടൻ ചിലവാക്കിയ കണക്ക് വരെ അമ്മ പറഞ്ഞു. ഒന്നും എന്റെ തലയിൽ കയറിയില്ല. ചെന്ന് കയറുന്ന വീട്ടിൽ എനിക്കുള്ള സ്ഥാനത്തെ പറ്റി മാത്രമായിരുന്നു അപ്പോഴും ഞാൻ ചിന്തിച്ചിരുന്നത്.
അന്ന് കല്ല്യാണ തീയതിയിലേക്ക് എത്താൻ മൂന്നുനാൾ മാത്രമായിരുന്നു ബാക്കി. രാത്രിയേറെ വൈകിയിട്ടും ഏട്ടൻ വീട്ടിലേക്ക് എത്തിയില്ല. വാശിയും ദേഷ്യവും മറന്ന് വിളിച്ച് നോക്കെന്ന് അമ്മയോട് ഞാൻ പറഞ്ഞു. നിനക്ക് തരാനുള്ള ഇരുപത്തിയഞ്ച് പവൻ അവൻ ശരിയാക്കിയിട്ടുണ്ടെന്ന് അമ്മ എന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. എന്റെ മോള് പേടിക്കണ്ടായെന്നും അമ്മ ചേർത്തു. ആ മറുപടി ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പത്ത് പവനെങ്കിലും കിട്ടിയാൽ മതിയെന്നേ തൊട്ടുമുമ്പ് വരെ എനിക്ക് ഉണ്ടായിരുന്നുള്ളൂ..
‘അത്രയും പണം ഏട്ടന് എങ്ങനെ കിട്ടി…?’
ആകാംഷയോടെ ഞാൻ ചോദിച്ചു. അറിഞ്ഞിട്ട് നീയെന്ത് ചെയ്യാനാണെന്നും പറഞ്ഞ് അമ്മയുടെ മുഖം മുറിഞ്ഞു. വിടാതെ ചോദിച്ചപ്പോൾ വീണ്ടും ഈ വീട് പണയപ്പെടുത്തിയെന്ന് അമ്മ മൊഴിഞ്ഞു. തികയാതെ വന്നപ്പോൾ ഓന്റെ കാറും വിറ്റെന്ന് അമ്മ പറയുമ്പോഴേക്കും മുറ്റത്തേക്കൊരു ഓട്ടോ വന്നു നിന്നിരുന്നു. അതീവ സന്തോഷത്തോടെ അതിൽ നിന്ന് ഇറങ്ങി വന്നത് ഏട്ടനായിരുന്നു. രണ്ട് കൈകളുടെ വിരലുകളിലും ടെക്സ്റ്റയിലിലേയും ജ്വല്ലറിയിലേയും സഞ്ചികൾ നിറഞ്ഞിരുന്നു.
‘ഇതാ.. നീ ആവിശ്യപ്പെട്ടതെല്ലാമുണ്ട്. ഇരുപ്പത്തിയഞ്ചല്ല. മുപ്പത് പവൻ തന്നെയുണ്ട്.’
അതുകേട്ടപ്പോൾ അമ്മ വിങ്ങിപൊട്ടി ആ തറയിൽ ഇരുന്നു. കല്ല്യാണക്കത്ത് നീട്ടിയപ്പോൾ വാങ്ങാതിരുന്ന ഞാൻ സഞ്ചികളെല്ലാം ഏട്ടന്റെ കൈയ്യിൽ നിന്നും വാങ്ങി. നെഞ്ച് പൊട്ടിയ വേദനയിലും ഏട്ടൻ എന്നോട് ചിരിച്ചു. സന്തോഷമായില്ലേയെന്ന് ചോദിച്ചു. ആയെന്ന് പറഞ്ഞപ്പോൾ തനിക്ക് അതുമതിയെന്ന് പറഞ്ഞ് ഏട്ടൻ തന്റെ മുറിയിലേക്ക് പോകുകയായിരുന്നു.
ഓർക്കുമ്പോൾ ശരിയാണ്. എന്റെ സന്തോഷം തന്നെയാണ് ഏട്ടന് വലുത്. എന്റെ ആഗ്രഹം പോലെ ടീച്ചറാകാനുള്ള യോഗ്യതയിലേക്ക് എന്നെ എത്തിച്ചതെല്ലാം ഏട്ടൻ തന്നെയാണ്. തനിച്ച് ജീവിക്കേണ്ടി വന്നാലും പിടിച്ചുകയറാനുള്ള വിദ്യാഭ്യാസം എനിക്ക് ഏട്ടൻ തന്നതല്ലേയെന്ന് തോന്നിയപ്പോൾ ഞാനും കരഞ്ഞുപോയി.
ഏട്ടന്റെ കൈയ്യിൽ നിന്ന് വാങ്ങിയ സഞ്ചികളെല്ലാം എന്റെ വിരലുകളിൽ നിന്നും ഊർന്ന് വീണു. എന്നോട് ക്ഷമിക്കമ്മേയെന്ന് പറഞ്ഞുകൊണ്ട് ആ തറയിൽ ഞാനും മുട്ടുകുത്തിയിരുന്നു. ക്ഷമിക്കാൻ അമ്മ തയ്യാറായിരുന്നില്ല. ആയിരുന്നുവെങ്കിൽ ഞാൻ തകർന്ന് വീണ ആ നേരം അമ്മ എഴുന്നേറ്റ് പോകില്ലായിരുന്നു.
അമ്മ പറഞ്ഞത് തന്നെയാണ് ശരി. എനിക്ക് എന്റെ കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റേയും അമ്മയുടേയും സുഖ ജീവിതത്തിന് വേണ്ടി വളയം പിടിക്കുമ്പോൾ തനിക്കുമൊരു കുടുംബം വേണമെന്ന് ഏട്ടൻ ചിന്തിച്ചിരുന്നില്ല. നീ കെട്ടടായെന്ന് അമ്മ പറയുമ്പോഴൊക്കെ ഇവൾക്കൊരു ജീവിതമുണ്ടാകട്ടെയെന്നേ ഏട്ടൻ പറയാറുള്ളൂ..
ആ ഏട്ടനെയാണ് അച്ഛനില്ലാത്ത വിഷമം പറഞ്ഞ് ഞാൻ സങ്കടപ്പെടുത്തിയത്. അതേ പ്രയാസം ഏട്ടനും ഉണ്ടാകില്ലേയെന്ന് പോലും ചിന്തിക്കാനുള്ള ബുദ്ധി എനിക്ക് ഇല്ലാതായിപ്പോയി. നമുക്ക് വേണ്ടി ജീവിക്കുന്നവരെ കണ്ടെത്താനുള്ള ശേഷി മനുഷ്യരുടെ കണ്ണുകൾക്ക് ഇല്ലെന്ന് തോന്നിയപ്പോൾ അവകളെ ഞാൻ ബലമായി അടച്ചു.
കൃത്യം ആ നേരത്താണ് പുറത്ത് നിന്നൊരു കാറ്റ് ശക്തമായി ഞാൻ മുട്ടുകുത്തിയിരിക്കുന്ന ഹാളിലേക്ക് അടിച്ചത്. അതിന്റെ കുളിരിൽ കണ്ണുകൾ തുറന്നപ്പോൾ കറന്റും പോയി. ആ ഇരുട്ടിൽ നിന്നും ഭയമെന്നെ കയറിപ്പിടിച്ചു. ഞെട്ടലോടെ ഞാൻ എഴുന്നേറ്റ് തിരിയുമ്പോഴേക്കും ഒരു മെഴുകുതിരി വെട്ടവുമായി ഏട്ടൻ എന്റെ മുന്നിലേക്ക് എത്തിയിരുന്നു….!!!