ഇരുപത്തിരണ്ട് വയസ്സെ ഉള്ളു എനിക്ക്…രാത്രിയാണെങ്കിൽ കുട്ടി ഒറങ്ങാണ്ട് അതിനെ എടുത്ത് ഇരിക്കാ ഞാൻ. പകല് ആണെങ്കിൽ പണിയോട് പണി…

Story written by NAYANA SURESH

അപ്പിയിട്ട് കുഴച്ചു കളിച്ച പാറൂനെ പുറത്തെ പൈപ്പിന്റെ ചുവട്ടിൽ കൊണ്ടു നിർത്തി ഈർക്കില പൊട്ടിച്ച് അവളൊന്നു കൊടുത്തു . വെളുത്തുരുണ്ട കുഞ്ഞി തു ടയിൽ നീളത്തിലൊരു വര വന്നു

ഒന്നുമറിയാത്ത അതിനെ കുളിപ്പിച്ചെടുക്കുന്നതിനിടക്ക് അവളുടെ വേവലാതികൾ പിറുപിറുത്തു കൊണ്ടിരുന്നു ..

അകത്തെ സോഫയിൽ കുട്ടിയെ ഇരുത്തി മുറ്റത്തു നിന്ന് ഇല പൊട്ടിച്ച് അകം വൃത്തിയാക്കുമ്പോഴാണ് പ്രദീപ് കോണിയിറങ്ങി വന്നത് ..

എന്തൊരു നാറ്റാത് … നീ ഈ കുട്ടി ഇത്രയും തേച്ചു വെക്കുന്നത് കണ്ടില്ലെ

ഇല്ല കണ്ടില്ല … നിങ്ങള് എവടെയാരുന്നു … എനിക്ക് വയ്യ ഒക്കെ കൂടി … തുണി അലക്കുന്നതിനിടക്ക് വന്ന് നോക്കുമ്പോഴാ ഇത് കണ്ടത് .. ദേ ,, ഇനി നിങ്ങടെ അമ്മടെ വകയുണ്ടാവും റൂമില്… രാവിലെ തൊട്ട് വൈകുന്നേരം വരെ എല്ലാരടേം കോരലാ എന്റെ പണി

പിന്നെ എന്റെ അമ്മേ നീയല്ലാണ്ട് ആര് നോക്കാനാ

നിങ്ങൾക്ക് എടക്കൊന്നു നോക്കിക്കുടെ … ഈ ചെറിയ കുട്ടീനെ വെച്ച് എനിക്ക് ഒക്കെ കൂടി പറ്റണില്ല

അവൾടെ കണ്ണ് നിറഞ്ഞു

നിന്റെ ഒന്ന് പറഞ്ഞ രണ്ടാമത്തെനുള്ള കരച്ചില് ആദ്യം നിർത്ത്

എനിക്ക് വയ്യാണ്ടാ സങ്കടം വരണെ … ഇരുപത്തിരണ്ട് വയസ്സെ ഉള്ളു എനിക്ക് … രാത്രിയാണെങ്കിൽ കുട്ടി ഒറങ്ങാണ്ട് അതിനെ എടുത്ത് ഇരിക്കാ ഞാൻ ..പകല് ആണെങ്കിൽ പണിയോട് പണി … ഈ തളർന്ന് കിടക്കണ അമ്മേനെ ഒറ്റക്ക് നോക്കാൻ എനിക്ക് പറ്റണില്ല .. തിരിച്ച് കിടത്താനും ഇരുത്താനും പറ്റാതെ ഞാൻ കിടന്ന് പാട് പെടാണ് …

പിന്നെ നിന്നെ എന്തിനാ ഇങ്ങട്ട് കൊണ്ടന്നെ … എന്റെ അമ്മെ ഞാൻ വൃദ്ധ സദനത്തിൽ കൊണ്ടാക്കാനോ , അല്ലെങ്കിൽ നോക്കാൻ ഹോംനേഴ്സിനെ വെക്കാനോ തീരുമാനിച്ചിട്ടല്ല … എനെറല് അതിനുള്ള കാശില്ല , അതൊക്കെ നീ തന്നെ നോക്കണം. ഇല്ലെങ്കിൽ കല്യാണം കഴിഞ്ഞ് വരുബോ അതിനുള്ള പൊന്ന് കൊണ്ടുവരണം .. ചുമ്മാ കൈ വീശി വന്നതല്ലെ…

പൊന്നൊന്നും വേണ്ടാന്ന് നിങ്ങളല്ലെ പറഞ്ഞെ

എന്നു കരുതി എട്ട് പവനും കൊണ്ടാണോ വരാ…

എന്റെ ഏട്ടനും സ്ത്രീധനം ചോദിച്ചിട്ടല്ല കെട്ടിത് .എന്നിട്ടും വീട്ടുകാര് ഏട്ടത്തിക്ക് എത്ര സ്വർണ്ണം കൊടുത്തു ..അതാണ് അന്തസ്സ് …

അവൾ കുഞ്ഞിനെയെടുത്ത് തോളിലിട്ടു ….അമ്മയില്ലാണ്ട് പാട് പെട്ടാ ഞങ്ങളെ അച്ഛൻ വളർത്തീത് .. ആ എട്ട് പവൻ ഇണ്ടാക്കാൻ പെട്ടത് ഞങ്ങൾക്കറിയാം

അപ്പ വിലയ വർത്താനം പറയണ്ട …. ഇവിടുത്തെ പാട് സഹിച്ച് ഇവിടെ നിൽക്കാ…

കുറച്ച് സ്നേഹത്തില് മിണ്ടിക്കൂടെ നിങ്ങൾക്ക്…

എനിക്ക് ഇത്രെ സൗകര്യം ഉള്ളു …. ഇഷ്ടല്ലെങ്കിൽ പൊക്കോ ..

അവളൊന്നും പറയാതെ അവനെ നോക്കി നിന്നു .. പഠിക്കണ പ്രായത്തില് കല്യാണം കഴിഞ്ഞ് വന്നതാണ് ..പഠിപ്പ് മുഴുവനാക്കാൻ പിന്നീട് പറ്റിയില്ല …മെലിഞ്ഞൊണങ്ങി ഇല്ലിച്ച് പോയി അവള് .

എന്റെ ഗതി എന്നും ഇതാണ് … ഡിഗ്രി മുഴുവനാക്കാനുള്ള അപ്ലിക്കേഷൻ ഇന്ന് കൊടുക്കണം … ഇന്നലെ ചോദിച്ചപ്പോ ഒന്നും പറഞ്ഞില്ലല്ലോ …

അതൊന്നും വേണ്ട … പഠിപ്പിനും കൂടിയുള്ള നേരം എവടാ നിനക്ക്

എനിക്ക് പഠിക്കണം എന്നുണ്ട്

അതൊക്കെ വീട്ട്കാര് ഓർക്കണം എത്ര ചെറിയ കുട്ടി ആയാലും കെട്ട് കഴിഞ്ഞ ഭാര്യയാണ് … പിന്നെ ഭർത്താവിന്റെ വീട്ടുകാരടെ സൗകര്യത്തിന് ജീവിക്കണം..

ദേവോ ……

എന്താമ്മെ

അവൾ അമ്മയുടെ മുറിയിലേക്ക് നടന്നു … തളർന്നതിനു കിടപ്പായപ്പോൾ അമ്മ നല്ലോണം തടിച്ചു …

എന്തെ വിളിച്ചെ അമ്മേ

മൂത്രം മുണ്ടില് പോയി മോളെ

സാരില്ല്യ ഞാൻ മാറ്റിത്തരാം

മോളെ

ഉം

എത്ര കഷ്ടപ്പെട്ടാലും മോള് പഠിക്കണം … പഠിപ്പില്ലെങ്കിൽ പെണ്ണിനെ ഒന്നിനും കൊള്ളില്ല… നല്ല കാലത്ത് ഊണും ഉറക്കും ഇല്ലാതെ പണിയെടുത്തിട്ടാ അമ്മ കിടപ്പിലായെ ,,, ഇവിടെ മോള് ഉള്ളോണ്ട് അമ്മക്ക് സുഖാ … പക്ഷേ നാളെ നിനക്ക് ഇങ്ങനെ വന്നാ ആരാ നോക്കാ ….മോളെ നമ്മടെ പാറൂനെ ജോലിയൊക്കെ കിട്ടി കല്യാണം കഴിച്ച് കൊടുത്താ മതി ….കേട്ടോ ,, മോള് വിഷമിക്കണ്ട

എനിക്ക് സങ്കടം ഇല്ല അമ്മേ …. അമ്മയെങ്കിലും ഉണ്ടല്ലോ എന്നെ മനസ്സിലാക്കാൻ

അവൾ അമ്മയുടെ നെഞ്ചിൽ തലവെച്ചു കിടന്നു …

നമുക്ക് പഠിക്കാട്ടോ മോളെ…. അമ്മ കിടപ്പിലായാലും എന്റെ മോൾടെ ആഗ്രഹമൊന്നും ഇല്ലാതാവില്ല ..

ഉം … അവൾടെ കണ്ണ് നിറഞ്ഞു …

ദേ …. കരയണ പെണ്ണിനെയല്ല … എന്തും നേരിടുന്ന പെണ്ണിനെയാണ് വീടിനാവശ്യം . എന്തും നേടിയെടുക്കണം ,കരഞ്ഞിട്ടല്ല തന്റേടത്തോടെ നിന്നിട്ട് .. അവൾ കണ്ണുകൾ തുടച്ച് അമ്മയെ ചേർത്തു പിടിച്ചു … തിരിച്ചമ്മയും …

(പെൺകുട്ടികൾ പഠിക്കട്ടെ …. സ്വപ്നങ്ങൾ നിറവേറ്റട്ടെ ..)

Leave a Reply

Your email address will not be published. Required fields are marked *