ഇവിടെ ആളുകളുടെ പേരിനു ഇനി പ്രസക്തിയില്ലെന്നു രാജീവോർത്തു. ഇനി, ഓരോ വ്യക്തിയും ടോക്കൺ നമ്പറുകളാണ്. പത്തൊൻപതാണ് കൈവശമുള്ള ടോക്കൺ നമ്പർ…..

ചുവന്ന സന്ധ്യകൾ.

എഴുത്ത്ര :- രഘു കുന്നുമക്കര പുതുക്കാട്

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

തൃശൂർ നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിക്കു നേരെ എതിർവശത്തുള്ള, വലിയ വീടിന്റെ ഗേറ്റു കടന്ന്, സന്ധ്യയും രാജീവും മുറ്റത്തേക്കു പ്രവേശിച്ചു. പടിപ്പുരയിലെ വലിയ ബോർഡിൽ, നല്ല വലുപ്പത്തിൽ എഴുതിയ പേര്, സന്ധ്യ ഒരാവർത്തി കൂടി വായിച്ചു. ‘ഡോക്ടർ ദീപക് കൃഷ്ണൻ ഫിസിഷ്യൻ ജനറൽ മെഡിസിൻ’ അതിനു താഴേക്കു നിരയിട്ടു നീളുന്ന, ബിരുദങ്ങളുടെ ചുരുക്കെഴുത്തുകൾ.

ഇടത്തരം വലുപ്പമുള്ള മുറ്റത്ത്, ധാരാളം ചെടികൾ പൂക്കൾ ചൂടി നിൽപ്പുണ്ടായിരുന്നു. മുല്ലയും, ചെത്തിയും, മന്ദാരവും, നന്ത്യാർവട്ടവുമെല്ലാം, കാഴ്ച്ചയ്ക്കു പകരം തരുന്നത് ഗ്രാമവിശുദ്ധിയുടെ ശാലീനതയാണ്..ചെറു പുൽത്തകിടിയിലൂടെ കടന്നുപോകുന്ന നടപ്പാതയവസാനിക്കുന്നത്, ചെറിയൊരു ആമ്പൽക്കുളത്തിലേക്കാണ്..പല വർണ്ണങ്ങളിലുള്ള കുമുദിനികളുടെ ചേല്. ഒപ്പം, കുളത്തിലെ തെളിനീറ്റിൽ നീന്തിത്തുടിയ്ക്കുന്ന വർണ്ണമത്സ്യങ്ങളുടെ ചെറുചലനങ്ങൾ. ചില ചെടികളേയോ പൂക്കളേയോ ഇരുവർക്കും പരിചയം തോന്നിയില്ല. അവയെല്ലാം, കളിമൺചട്ടികളിലും, ഫൈബർ പോട്ടുകളിലുമൊക്കെയായി കാറ്റിലുലഞ്ഞു വിരാജിച്ചു. പുത്തൻ ചായം പൂശിയ വീടിനു, ഏറെയാണ്ടുകളുടെ ഭൂതകാലമുണ്ടെന്നു, തറയിലെ മൊസേക്കു മിനുക്കം പറയാതെ പറഞ്ഞു.

കൗണ്ടറിലെ പെൺകുട്ടിയ്ക്കു കാർഡു കാണിച്ചു കൊടുത്തു. അകത്തു കയറി, ഡോക്ടറെ കാത്തിരിക്കാൻ, അവൾ സൗമ്യമായി മൊഴിഞ്ഞു. ഇരുവരും അകത്തളത്തിലേക്കു പ്രവേശിച്ചു. നിരയിട്ട കസേരകളിൽ, ഏതാനും ആളുകൾ ഡോക്ടർക്കായി കാത്തിരിക്കുന്നുണ്ട്. അവസാന നിരയിൽ ബാക്കിയായ കസേരകളിലായി അവരും ഇരിപ്പുറപ്പിച്ചു.

ഇവിടെ ആളുകളുടെ പേരിനു ഇനി പ്രസക്തിയില്ലെന്നു രാജീവോർത്തു. ഇനി, ഓരോ വ്യക്തിയും ടോക്കൺ നമ്പറുകളാണ്. പത്തൊൻപതാണ് കൈവശമുള്ള ടോക്കൺ നമ്പർ. അഞ്ചാം നമ്പറാണ്, ഡോക്ടറുടെ മുറിയകത്തേക്കു കയറിപ്പോയിരിക്കുന്നത്. അതിനർത്ഥം, കാത്തിരിക്കാൻ ഇനിയുമേറെ യുണ്ടെന്നാണ്. അകത്തളത്തിലെ, തീരെ ചെറിയ ജനലുകളെ മറച്ച നീലവിരികൾ, ഫാനിന്റെ കാറ്റിൽ ഉലഞ്ഞുകൊണ്ടിരുന്നു. എതിർവശത്തേ ടീപ്പോയിൽ , ആരോ മറിച്ചു നോക്കി, താളുകൾ സ്ഥാനം മാറ്റി ചുളുക്കി വച്ച വർത്തമാനപത്രം കിടക്കുന്നുണ്ട്. ഒപ്പം, ആരൊക്കെയോ വായിച്ചു തീർത്ത ഏതാനും ആരോഗ്യമാസികകളും.

ഡോക്ടറുടെ മുറിയകത്തേക്കു കയറിപ്പോയവരിൽ ചിലരെല്ലാം വൈകിയാണു പുറത്തേക്കു വന്നത്.
മറ്റു ചിലർ, വേഗത്തിലും വന്നു. കാത്തിരിപ്പിന്റെ മുഷിച്ചിലുകളിൽ നിന്നും വിടുതൽ നേടാൻ, പലരും മൊബൈൽ ഫോണിന്റെ ചതുരങ്ങളിൽ പുതുലോകങ്ങളും, കാഴ്ച്ചകളും തേടിക്കൊണ്ടിരുന്നു. രണ്ടു മണിക്കൂർ കഴിഞ്ഞാണ്, പത്തൊൻപതാം നമ്പറിലേക്ക് എത്തിയത്. രാജീവിനൊപ്പം സന്ധ്യയും മുറിയകത്തേക്കു പ്രവേശിച്ചു. വാതിൽ, മെല്ലെ ചാരി. ഡോക്ടറുടെ എതിർവശത്തായുള്ള കസേരകളിൽ അവരിരുന്നു. ഡോക്ടറുടെ മിഴികൾ, ഫയലിലേക്കു നിരങ്ങി നീങ്ങി. രക്തപരിശോധനയുടെ ഫലം ഒന്നുകൂടി വീക്ഷിച്ച ശേഷം, അദ്ദേഹം, നോട്ടം അവർക്കു നേരെ നീട്ടി.

“രാജീവ്, ഇപ്പോളെങ്ങനേ പനിയുണ്ടോ?”

ചോദ്യത്തിനിടയിൽത്തന്നേ, ഡോക്ടർ കയ്യുപയോഗിച്ചു പനി പരിശോധിച്ചു.

“പനി, തീരെയില്ല ഡോക്ടർ, വല്ലാത്തൊരു ക്ഷീണമാണിപ്പോൾ; ശരീരത്തിനു ഒട്ടും ബലമില്ലാത്ത പോലെ, ഭ്ങ്കര തളർച്ച”

രാജീവ്, പറഞ്ഞു നിർത്തി. മച്ചിലെ, പഴയ ഫാനിന്റെ ശബ്ദം മാത്രം തെല്ലുനേരത്തേക്കു ശേഷിച്ചു.

“രാജീവ്, പനിയ്ക്കു ഏറെ മരുന്നുകൾ മിനിയാന്നു തരാഞ്ഞത്, ഈ രക്തപരിശോധനയുടെ ഫലം കൂടി കിട്ടാൻ വേണ്ടിയായിരുന്നു. ഇപ്പോൾ, എലിപ്പനിയുടെയും ഡെംഗുവിന്റെയും കാലമല്ലേ, അതിനാണു വിശദപരിശോധനയ്ക്കു ശേഷം, മരുന്നിലേക്കു കടക്കാൻ തീരുമാനിച്ചത്.Nരക്തം പരിശോധിച്ചതിൽ നിന്നും, സാധാരണ പനിയെന്നു ബോധ്യപ്പെട്ടു.

പക്ഷേ,

രാജീവിന്റെ ലിവർ ഫംഗ്ഷൻ ടെസ്റ്റിന്റെ റിസൾട്ട് , അത്ര പന്തിയല്ല. SGOT യും, SGPT യും നോർമ്മൽ ലെവലിനേക്കാളും വളരെ ഉയർന്നാണു നിൽക്കുന്നത്. ടോട്ടൽ ബിലിറൂബിനും കൂടുതലാണ്..രാജീവ്, പതിവായി മ ദ്യപിക്കാറുണ്ടോ?”

രാജീവ്, ഒന്നു പരുങ്ങി. സന്ധ്യയുടെ നോട്ടവും, രാജീവിൽ കേന്ദ്രീകരിച്ചു.

“ഡോക്ടർ, ഞാനൊരു ചുമട്ടുതൊഴിലാളിയാണ്. ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോൾ, കുറച്ചു കഴിക്കും.
പിന്നേ, ഞായറാഴ്ച്ചകളിൽ കൂട്ടുകാർക്കൊപ്പം മ ദ്യപിക്കുമ്പോൾ, അളവൊരൽപ്പം കൂടാറുണ്ട്. എന്തുപറ്റി ഡോക്ടർ, എനിക്ക്?”

രാജീവിന്റെ ചോദ്യത്തിൽ, ഭയവും ഉത്കണ്ഠയും സമന്വയിച്ചു. മുഖം, വിവർണ്ണമായി. സന്ധ്യയുടെ മിഴികളിൽ, നീരു പൊടിഞ്ഞു. അവളുടെ, നിബിഡമായ ഇമകൾ അതിവേഗം ചിമ്മിക്കൊണ്ടിരുന്നു.

“രാജീവിന്റെ കരളിൽ, ധാരാളം കൊഴുപ്പടിഞ്ഞു കൂടിയിട്ടുണ്ട്. മ ദ്യപാനം വരുത്തിയ വിനയാണത്.
ഫാറ്റിലിവർ, പിന്നീട് ലിവർ സീറോസിസിലേക്കു മാറാൻ സാധ്യത കൂടുതലാണ്. രാജീവിനു ഞാൻ മരുന്നെഴുതിത്തരാം.

പക്ഷേ, മ ദ്യപാനം പൂർണ്ണമായി നിർത്തണം. കുടിയോടൊപ്പം, ഈ മരുന്നുകൾ ഫലം ചെയ്യില്ല. വിലയേറിയ മരുന്നുകളാണ്. ഇതെല്ലാം, പറയും വിധം കഴിച്ച്, ഒരു മാസം കഴിഞ്ഞ് എന്നെ വന്നു കാണൂ. ക്ഷീണത്തിനു ഞാൻ, ടാബ്ലറ്റുകൾ കുറിച്ചിട്ടുണ്ട്. അപ്പോൾ, ഒരു മാസം കഴിഞ്ഞ് വീണ്ടും വരിക, വരുമ്പോൾ, ഇന്നത്തേ പോലെ രക്തം പരിശോധിച്ചു വരണം. അതും കൂടി ഞാൻ എഴുതിയിട്ടുണ്ട്..ശരി, അടുത്ത മാസം വരൂ”

അവർ, പുറത്തേക്കു നടന്നു. കാത്തിരുപ്പിന്റെ അക്ഷമ വദനത്തിൽ നിറച്ച്, ഒരാൾ അകമുറിയിലേക്കു കടന്നുപോയി. ഇനിയധികമാളുകൾ അവശേഷിക്കുന്നില്ല. ടീപ്പോയിലെ വർത്തമാനപത്രം ഇപ്പോൾ, കൂടുതൽ ഉലഞ്ഞുപോയിരിക്കുന്നു. ഇടനാഴിയിലൂടെ, ഉമ്മറമുറ്റത്തേക്കു നടന്നു. മുറ്റത്തേ പുതുപൂക്കൾ കാറ്റിലുലഞ്ഞു ചിരിച്ചു. റോഡു കുറുകേക്കടന്ന്, മെഡിക്കൽ ഷോപ്പിലെത്തി. രണ്ടായിരം രൂപായുടെ മരുന്നുകൾ, അവിടെ നിന്നും ചെറിയൊരു പാക്കറ്റിലാക്കി തന്നയച്ചു.

“രാജീവേട്ടാ, നമുക്കൊന്നു മിഥിലയിൽ പോയാലോ? ഒരു കാപ്പി കുടിക്കാൻ തോന്നണു, നമ്മള് ഒത്തിരിയായില്ലേ, മിഥിലേലു വന്നിട്ട്, നമുക്ക് പോയാലോ? കുട്ടികളുടെ അടുത്ത്, അമ്മയുള്ള കാരണം തെല്ലു വൈകിയാലും സാരമില്ല”

രാജീവ്, തല കുലുക്കി. ഓട്ടോയിൽ, വടക്കേ സ്റ്റാൻഡിനരികിലെ ”മിഥില’ യിൽ വന്നിറങ്ങി. പടിക്കെട്ടുകൾ കയറി, അകത്തേക്കു പ്രവേശിച്ചു. ഓരോ, കാപ്പി ഓർഡർ ചെയ്തു. സന്ധ്യയ്ക്ക്, ഏറ്റവും പ്രിയമുള്ള വാഴയ്ക്കാ അപ്പവും. ചുടുകാപ്പി പകരുന്ന രുചിയാസ്വദിക്കാൻ ആവുന്നില്ലെന്നു രാജീവ് തിരിച്ചറിഞ്ഞു. ഉടലിനെയുലച്ച് കടന്നുപോയ പനിയുടെ തീഷ്ണതയിൽ, രുചിമുകുളങ്ങൾ നിർജ്ജീവമായിരിക്കുന്നു. ആദ്യമൊക്കെ ഇവിടേക്കു പതിവായി വരാറുണ്ടായിരുന്നു. അക്കാലത്ത്, മിഥിലയിൽ നിന്നിറങ്ങി, പാറമേക്കാവിനരികിലുള്ള ബസ്സ്റ്റോപ്പിലേക്കു നീങ്ങുമ്പോൾ, വഴിയോരത്തെ പുസ്തക വിൽപ്പനയിടത്തിൽ ഒന്നു നിൽക്കും. അടുക്കി വച്ച , പഴമയുടെ മഞ്ഞനിറം പേറിയ അനേകം പുസ്തകങ്ങൾ. പഠനത്തിനായുള്ള പുസ്തകങ്ങൾ തിരക്കിയെത്തുന്ന ഡിഗ്രിക്കാരായ വിദ്യാർത്ഥികൾ..നോവലോ, കഥാസമാഹാരമോ ഏതെങ്കിലും വാങ്ങാതെ തിരിച്ചുപോകാറില്ല. വീട്ടിലെ, മുകൾനിലയിലെ മുറിയകത്തെ ഷെൽഫിൽ, വലിയൊരു പുസ്തകശേഖരമുണ്ട്.

നേരം,സന്ധ്യയാകാറായിരുന്നു. അസ്തമയത്തിന്റെ വെയിൽ പരന്ന്, നഗരവീഥിയും, കെട്ടിട സമുച്ചയങ്ങളും, വാഹനപ്പെരുക്കങ്ങളുമെല്ലാം തെല്ലു ചുവന്നുപോയിരുന്നു. തണുത്തൊരു കാറ്റു വീശി. സന്ധ്യയുടെ, മുടിയിഴകളെ കാറ്റുലച്ചു.

“രാജീവേട്ടാ”

അവൾ, അയാളെ മൃദുവായി വിളിച്ചു. രാജീവ്, അവൾക്കു നേരെ മിഴികൾ നീട്ടി.

“ഞാനെപ്പോഴും, പറയാറില്ലേ ഏട്ടാ, ഈ കുടി നമുക്ക് വേണ്ടാന്ന്. മ്മടെ കല്യാണം കഴിഞ്ഞിട്ടിപ്പോൾ പതിനഞ്ചു കൊല്ലായില്ലേ, ആദ്യമൊക്കെ ഏട്ടൻ വല്ലപ്പോഴുമേ കഴിക്കാറുള്ളൂ. പിന്നേ, അതിന്റെ ഇടവേളകൾ കുറഞ്ഞുവന്നു. കുപ്പി, വാങ്ങി വയ്ക്കലായി ശീലം. ആദ്യം, ജോലി കഴിഞ്ഞു വരുമ്പോൾ മാത്രേ കഴിക്കാറുള്ളൂ. പിന്നേയതു ജോലിക്കു പോവുമ്പോഴുമായി. ദിവസവും, നാലും അഞ്ചും തവണയായി. ഞായറാഴ്ച്ചകളിൽ, കൂട്ടുകാർക്കൊപ്പം കഴിക്കണേനു കണക്കില്ലാണ്ടായി. ഞാൻ, പറഞ്ഞാൽ നിങ്ങൾക്ക് ദേഷ്യാണ്, വഴക്കാണ്. വെറുതെയെന്തിനാണ്, പിണങ്ങണേന്നു ഞാനും വയ്ക്കും.
അറിവില്ലാത്ത ആളൊന്നുമല്ലല്ലോ”

നഗരത്തെ ചുറ്റി ചീറിപ്പാഞ്ഞ ഒരാംബുലൻസിന്റെ സൈറണിൽ, അവളുടെ വാക്കുകൾ മുറിഞ്ഞു..ഏതോ, പ്രാണനെ വാരിപ്പിടിച്ച്, വാഹനം അകലേക്കു പോയ്മറഞ്ഞു. ആ, വിരക്തി പകരുന്ന ശബ്ദം നേർത്തലിഞ്ഞു. കാപ്പിക്കപ്പിൽ തെരുപ്പിടിച്ചു കൊണ്ട്, സന്ധ്യ, തുടർന്നു.

“രാജീവേട്ടാ, ജീവിതത്തില്, നമ്മള് എവിടെയെങ്കിലും എത്തീട്ടുണ്ടോ? വീടു പണിതേന്റെ ലോൺ, ഇനിയുമുണ്ട്പ തിനഞ്ചു വർഷം. മ്മടെ മക്കള് വലുതാവുകയല്ലേ, അതു മോൾക്കു പതിനൊന്നു വയസ്സായില്ലേ? അവനടുത്ത വർഷം, പത്തിലേയ്ക്കല്ലേ. ഏട്ടനു വല്ലതും സംഭവിച്ചാൽ, ഞങ്ങൾക്കാരുണ്ട് പിന്നേ, ഇത്ര കഠിനമായ പണിയല്ലേ ഏട്ടൻ ചെയ്യണത്. ഈ വഴിയ്ക്ക്, കാശെത്ര ചോരുന്നുണ്ട്. എന്റച്ഛനും, ആദ്യമൊക്കെ ഇത്തിരിയേ കുടിക്കാറുള്ളൂ, പിന്നെയതു വല്ലാണ്ടു കൂടി. നമ്മുടെ കല്യാണത്തിനും മൂന്നു കൊല്ലം മുമ്പാണ് അച്ഛൻ മരിച്ചത്. അമ്പത്തിരണ്ടു വയസ്സേ ഉണ്ടായിരുന്നുള്ളു. കരളു നശിച്ച്, വയറു വീർത്തുന്തി, അമോണിയ തലച്ചോറിലേക്കു ബാധിച്ച്, നാലുമാസത്തോളം അച്ഛൻ കാണിച്ച പരാക്രമങ്ങൾ ഓർക്കാൻ വയ്യ. എന്നെ കാണുമ്പോഴേക്കും വിതുമ്പാൻ തുടങ്ങും. ഒടുവിൽ, ആ വിഷമങ്ങള് കാണാൻ പറ്റാണ്ട്, ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചിട്ടുണ്ട്; അച്ഛനൊന്നു മരിക്കാനായി. മ്മടെ, മോള് അങ്ങനെ പ്രാർത്ഥിക്കാൻ പാടില്ല. ഏട്ടനിതു നിർത്തണം. എനിക്കത്രേ പറയാനുള്ളൂ.

ജോലിക്കു പോണില്ലെങ്കിലും, ഞാനും എത്രയാണ് കഷ്ടപ്പെടണത്. കഴിഞ്ഞ നാലുവർഷമായി, പി എസ് സിയുടെ കോച്ചിംഗ് ക്ലാസ് മുടക്കിയിട്ടില്ല. സോഷ്യൽ മീഡിയാകളിൽ നേരം കളയാറില്ല. പ്രിലിമിനറി ടെസ്റ്റു പാസായി, മെയിൻ പരീക്ഷയും കഴിഞ്ഞ്, റാങ്കു ലിസ്റ്റു വരണതും നോക്കി ഞാനിരിക്ക്യാണ്. ദൈവം, നമുക്ക് നല്ലതേ വരുത്തൂ. ഏട്ടനീ ശീലമൊന്നു മാറ്റണം. ഏട്ടനതു സാധിക്കും”

രാജീവ്, പതിയേ എഴുന്നേറ്റു.

“നമുക്കു പോകാം സന്ധ്യാ, നേരമിരുട്ടാറായി. അമ്മയ്ക്കും ആശങ്കയായിട്ടുണ്ടാകും. അതു വന്നതു നന്നായി. കുട്ട്യോള് തനിച്ചായില്ല. രണ്ടു ദിവസം കഴിഞ്ഞിട്ടു പോയാൽ മതീന്നു പറയണം. സ്വന്തം മോളുടെ വീട്ടിലല്ലേ, പതുക്കെ തിരിച്ചുപോയാൽ മതി.”

ഇരുവരും, പാറമേക്കാവിനരികിലുള്ള ബസ്സ്റ്റോപ്പിലേക്കു നടന്നു. പുസ്തകം വിൽക്കുന്നിടത്ത് ആളുണ്ട്. ഇറങ്ങിച്ചെന്ന്, അടുക്കുകളിലേക്കു കണ്ണോടിച്ചു. ഏറ്റവും മുകളിലിരുന്ന തടിച്ച പുസ്തകം, രാജീവ് കയ്യിലെടുത്തു. ‘കു ടിയന്റെ കുമ്പസാരം’ ഒരു മ ദ്യാസക്ത രോഗിയുടെ ആത്മകഥ. ജോൺസൺ സാറിന്റെ പുസ്തകം. രാജീവിനു ചിരി വന്നു. പുസ്തകം, വില ചോദിച്ചു വാങ്ങി. അവർ, മുന്നോട്ടു നടന്നു..ദീപപ്രഭയാൽ, പാറമേക്കാവു വിളങ്ങി നിന്നു, രണ്ടുപേരും പുറത്തു നിന്ന്, ഭഗവതിയെ തൊഴുതു..തിരക്കില്ലാത്തൊരു ചാലക്കുടി ബസ് വന്നു നിന്നു. ആ ബസ്സിലേക്കു കയറി. ബസ്, നിരങ്ങി നീങ്ങാൻ തുടങ്ങി.

ഒന്നര വർഷങ്ങൾക്കു ശേഷം. രാജീവ്, ജോലി കഴിഞ്ഞു വരുമ്പോൾ സന്ധ്യയും മക്കളും പൂമുഖത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു. എല്ലാവരുടെ മുഖത്തും, വല്ലാത്തൊരാനന്ദം പ്രസരിക്കുന്നുണ്ട്. രാജീവ്, അകത്തേക്കു കയറി.

“എന്താ ഇത്ര സന്തോഷം? വെ ള്ളമടി നിർത്തിയേന്റെ ഒന്നാം വാർഷികം, മാസങ്ങൾക്കു മുമ്പല്ലേ കഴിഞ്ഞത്? എന്റെ പിറന്നാളാണെങ്കിൽ, അടുത്തയാഴ്ചയാണ്. ഇതൊന്നുമല്ലാതെ പിന്നെന്താണൊരാഘോഷം? കാര്യം പറയൂ”

അവൾ, അയാളുടെ കവിളിൽ ചുംബിച്ചു. പതിയേ പറഞ്ഞു.

“ന്റെ ചെക്കന് അഡ്വാൻസ് പിറന്നാൾ സമ്മാനം; ജോലിക്കുള്ള അഡ്വൈസ് മെമ്മോ വന്നൂട്ടാ, ഇനി, നമ്മള് തോൽക്കില്ല രാജീവേട്ടാ, നമ്മുടെ പ്രാർത്ഥന ദൈവം കേട്ടു.”

രാജീവ്, ഏറെ ഹർഷത്തോടെ അവളെ ചേർത്തുപിടിച്ചു. മ ദ്യം നിർത്തിയ പഴയ നാളുകളിൽ, കൂട്ടുകാരെല്ലാം ഒഴിവാക്കിയപ്പോൾ, അവൾ ചേർത്തുപിടിച്ചതിലും ഗാഢമായി. വീടിന്നകത്തേ സന്ധ്യയും, പുറത്തേ സന്ധ്യയും ഒരുപോലെ ചുവന്നു തുടുത്തു. ഇതുവരെയില്ലാത്ത പോലെ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *