ഇവൻ ഒരു ദിവസം പോലും തികച്ചു നിൽക്കില്ല എന്ന് കരുതിയിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ഇന്ന് രാവിലെ പണിക് പോകാമെന്നും പറഞ്ഞു……

എഴുത്ത്:- നൗഫു ചാലിയം

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“പണിക്കിടയിൽ ആയിരുന്നു…കൂടെ യുള്ള നസീക് കാല് രണ്ടും കൂട്ടി പിടിച്ചു ഞെരി പിരി കൊള്ളുന്നതായി കണ്ടത്…

ഡ്രൈവിംഗിനിടയിൽ ഇടത് ഭാഗത്തെ സൈഡ് ഗ്ലാസിലേക് ഇടക്കിടെ നോക്കുന്നത് കൊണ്ട് തന്നെ അവന്റെ മുഖവും വലിഞ്ഞു മുറുകിയതായി കണ്ടു..

എന്താടാ എന്ത് പറ്റി…”

അവന്റെ പിരിമുറുക്കം കണ്ടു ഞാൻ ചോദിച്ചു..

“ഹേയ് ഒന്നുമില്ല ഇക്കാ…”

അവൻ എന്റെ മുഖത്തേക് നോക്കി സ്വഭാവിക ഭാവം മുഖത് വരുത്താനായി ശ്രമിച്ചു കൊണ്ട് പറഞ്ഞു…

“നിനക്ക് മുള്ളാൻ (മൂത്രമൊഴിക്കാൻ) മുട്ടുന്നുണ്ടോ…? “

അവന്റെ കള്ളത്തരം ഞാൻ കണ്ടു പിടിച്ചത് പോലെ അവന്റെ മുഖത് പെട്ടന്ന് തന്നെ ജാള്യത നിറഞ്ഞു..

“ഹേയ്…

ഹ്മ്മ്.. “

ഇല്ല എന്നും ഉണ്ട് എന്നുമുള്ള രണ്ടുത്തരം ആയിരുന്നു അവന്റെ ഉള്ളിൽ നിന്നും വന്നത്…

“എനിക്ക് ചിരി വന്നു പോയി…

ഇന്നലെയാണ് അവൻ എന്റെ വണ്ടിയിൽ പണിക്കായി കയറിയത്… എന്റെ അനിയന്റെ പ്രായം പോലും അവനില്ലായിരുന്നു.. 21 വയസ്സ്…

പ്രായം തികഞ്ഞ ഉടനെ ആരോ വിസയും എടുത്തു കയറ്റി വിട്ടതാണ് ചെറുക്കനെ..

എന്റെ ഒരു കൂട്ടുകാരന്റെ ബന്ധു വഴി യായിരുന്നു പണിക് വന്നത്…

ആളെ കണ്ടപ്പോൾ തന്നെ ഇത് എത്ര ദിവസം പോകുമെന്നായിരുന്നു എന്റെ ചിന്ത…

ഈ കൊടും ചൂടത് പത്തു മുന്നൂറ് വെള്ളത്തിന്റെ കേൻ (20ltr) കൊടുത്തു കഴിയുമ്പോയേകും ആളൊരു വഴി ആയിട്ടുണ്ടാവും..

ഒപ്പ മുള്ള പാട്ണർ വളരെ അത്യാവശ്യമായി നാട്ടിൽ പോയതിന് ശേഷം രണ്ടു മൂന്നു ചെറുക്കന്മാർ പണിക് കയറിയെങ്കിലും ചൂടും… എല്ലു മുറിയുന്ന പണിയും കാരണം വൈകുന്നേരം റൂമിൽ എത്തിയാൽ കുളിക്കുക പോലും ചെയ്യാതെ പെട്ടിയും ചട്ടിയും എടുത്തു നിൽക്കുന്നത് കാണാം.. അവർക്ക് മതിയായെന്ന്…

ഇത് കൊറേ കണ്ടത് കൊണ്ട് തന്നെ അന്നത്തെ കൂലിയും കൊടുത്തു അവരെ പറഞ്ഞു വിടും…

അതിന്റെ സ്ഥാനത്താണ് ഇപ്പൊ എല്ലു മാത്രം കാണുന്ന പുതിയൊരാൾ വന്നത്…ഇവൻ ഒരു ദിവസം പോലും തികച്ചു നിൽക്കില്ല എന്ന് കരുതിയിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ഇന്ന് രാവിലെ പണിക് പോകാമെന്നും പറഞ്ഞു വിളിച്ചുണർത്തിയത് പോലും ഇവനായിരുന്നു…

നാട്ടിൽ എന്തേലും സാമ്പത്തിക പ്രശ്നം ഉണ്ടാവും അതാവും സഹിച്ചു നിൽക്കുന്നതെന്ന് തോന്നുന്നു..പാവം.. “

“ആരോ പണിക് ഇറങ്ങുന്നതിനു മുമ്പ് തന്നെ പറഞ്ഞു കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു.. നല്ലോണം വെള്ളം കുടിച്ചോളാൻ…

വിയർത്തു പോകുന്നത് കൊണ്ട് തന്നെ അത് ശരിയും ആയിരുന്നു..

രാവിലെ ഒരു ഹോട്ടലിൽ കയറിയപ്പോൾ അഞ്ചോ ആറോ ഗ്ലാസ്‌ വെള്ളം അവൻ കുടിക്കുന്നത് ഞാൻ കണ്ടിരുന്നു.. പക്ഷെ ആള് അവിടുന്ന് മുള്ളാൻ മറന്നു പോയി.. അതാണ് ഈ ഇടങ്ങേറ്…

ഞാൻ അന്നേരമേ അവനോട് പറഞ്ഞിരുന്നു ബാത്‌റൂമിൽ പോകാൻ ഉണ്ടേൽ പോകാനായിട്ട്.. അതായിരിക്കാം എന്നോട് മുള്ളാൻ മുട്ടിയത് പറയാൻ മടി ആയത്..”

“ഇനി ആണേൽ അര മണിക്കൂർ ഓടിയാൽ മാത്രമേ ബാത്രൂം പുറത്തുള്ള ഒരു കസ്റ്റമറുടെ അടുത്തു എത്തു.. ഞാൻ അവനോട് കുറച്ചു നേരം കൂടെ പിടിച്ചു നിൽക്കാൻ പറഞ്ഞു..”

“അവിടെ എത്തിയതും ഞാൻ അവന് ബാത്രൂം കാണിച്ചു കൊടുത്തു..

അവൻ കേട്ട പാതി കേൾക്കാത്ത പാതി അങ്ങോട്ട് ഓടി…

അവിടെ വെള്ളം ഉണ്ടോ എന്ന് നോക്കാൻ പറയാൻ പോലും കാത് നിൽക്കാതെ..”

“ഞാൻ വെള്ളം കൊടുക്കുന്നതിനു ഇടയിലാണ് ഉമ്മാ എന്നുള്ള ഒരു കരച്ചിൽ കേൾക്കുന്നത്…ബാത്‌റൂമിന്റെ ഉള്ളിൽ നിന്നായിരുന്നു..

ഞാൻ പെട്ടന്ന് തന്നെ അങ്ങോട്ട് ഓടി പോയി നോക്കി..

ഇനി ബാത്‌റൂമിന്റെ ഡോർ ലോക് ആയി പോയോ എന്നായിരുന്നു എന്റെ പേടി..”

“എന്താടാ എന്ത് പറ്റി..”

“ഇക്കാ..

പൊള്ളുന്നു ഇക്കാ.. എനിക്ക് കുറച്ചു വെള്ളം കൊണ്ട് വന്നു തരി..”

“ഓ..

ചൂടുള്ള വെള്ളം പറയാൻ പറ്റാത്ത സ്ഥലത്ത് ഒഴിച്ചതാവും എന്ന് കരുതി ഞാൻ ഒരു പാത്രമെടുത്തു കുറച്ചു തണുത്ത വെള്ളവുമായി ബാത്‌റൂമിലേക്ക് കൊടുത്തു..”

“ഇക്കാ.. ഇത് പോരാ.. എനിക്ക് നല്ലോണം നീറുന്നുണ്ട്…”

“നീറെ.. ശരിക്കും എന്താണ് പറ്റിയത് ..”

“ഇക്കാ..

ഞാൻ ഇവിടെ പൈപ്പ് തിരിച്ചപ്പോൾ വെള്ളം ഇല്ലാത്തത് കൊണ്ട് മതിലിനു മുകളിൽ ഉണ്ടായിരുന്ന കുപ്പിയിലെ വെള്ളം എടുത്തു കഴുകി…

അതിൽ ഉണ്ടായിരുന്നത് ടിന്നർ ആണെന്ന് തോന്നുന്നു…

എനിക്ക് പൊള്ളുന്നു ഇക്കാ..”

എന്നും പറഞ്ഞു ചെക്കൻ ആർത്തു കരയാൻ തുടങ്ങി…

“പടച്ചോനെ ഇനി എന്ത് ചെയ്യും..

ടിന്നർ തന്നെ ആണോടെ… ആസിഡ് ഒന്നും അല്ലല്ലോ…”

ഞാൻ പുറത്തു നിന്നും വിളിച്ചു ചോദിച്ചു..

” അതൊന്നും അറിയില്ല ഇക്കാ.. എനിക്ക് നല്ലോണം നീറുന്നുണ്ട്… “

ഞാൻ ഉടനെ അവിടെ കണ്ട ബക്കറ്റും എടുത്തു പുറത്തേക് ഓടി.. പുറത്തുണ്ടായിരുന്ന ടാങ്കിൽ നിന്നും വെള്ളവുമെടുത്തു അവന്റെ അടുത്തേക് എത്തി..

ടാ വാതിൽ തുറക്ക്…”

ഞാൻ പുറത്തു നിന്നും അവനോട് പറഞ്ഞു..

“ഇക്കാ ഞാൻ കഴുകി കോളാം ഇക്ക വെള്ളം തന്നാൽ മതി..”

“നീ കളിക്കാതെ വാതിൽ തുറന്നെ.. നിന്റെ ഔറത് (കാണാൻ പാടില്ലാത്ത സ്ഥലം ) ഞാൻ കണ്ടെന്നും കരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ല.. ഒരാവശ്യം വന്നാൽ അതൊക്കെ നമ്മൾ കാണേണ്ടി വരും.. നീ വേഗം വാതിൽ തുറക്ക്..”

ഞാൻ അവനോട് പറഞ്ഞപ്പോൾ ഒരു മടിയോടെ ആണെങ്കിലും അവൻ വാതിൽ തുറന്നു..

ഉള്ളിലേക്കു കയറി ഞാൻ വെള്ളം ഒഴിച്ചു കൊടുത്തു.. അവൻ നല്ലത് പോലെ കഴുകി വൃത്തിയാകുകയും ചെയ്തു..

******************

“അവിടുന്ന് വണ്ടിയെടുത്തു പോകുന്നതിന് ഇടയിലും അവൻ ഇടക്കിടെ അങ്ങോട്ട്‌ നോക്കുന്നുണ്ടായിരുന്നു..

ചെറിയ നീറ്റൽ ഇപ്പോഴും ഉണ്ടെന്ന് തോന്നുന്നു…”

“ഇക്കാ…

ഈ ടിന്നർ അവിടെ ആയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ.. എന്റെ വൈവാഹിക ജീവിതത്തിന് എന്തേലും തടസം നേരിടുമോ??..”

“എന്തോന്ന്…?”

ഞാൻ അവൻ പറഞ്ഞത് മനസിലാകാതെ ചോദിച്ചു..

“അല്ല എന്റെ കല്യാണം നടന്നാൽ ദാമ്പത്യ ജീവിതത്തിൽ എന്തേലും പ്രശ്നം നേരിടേണ്ടി വരുമോ എന്ന്…”

അമ്പട വീരാ.. നീ ശരിക്കും മലപ്പുറത്തുക്കാരൻ തന്നെ കല്യാണം കഴിക്കാനായി മാത്രമാണ് ഗള്ഫിലേക് വന്നതെന്ന് തോന്നുന്നു..

അവൻ എന്നെ നോക്കി ഒരു ഇളിഞ്ഞ ചിരി ചിരിച്ചു..

എന്നിട്ട് പറഞ്ഞു…

“ഇങ്ങള് കോഴിക്കൂട്ടുകാരും മോശമല്ല…

നമ്മൾ ബായി ബായിയല്ലേ “

അതും ശരിയാണ്…

“ആ നീ ഏതായാലും ചോദിച്ചത് കൊണ്ട് ഞാൻ പറയാം…

(അവൻ നല്ലോണം പേടിച്ചുണ്ടെന്ന് എനിക്ക് മനസിലായിരുന്നു)

നീ ചില ചെ റ്റകൾ മരത്തിനു അടിയിൽ പെട്രോളോ ഡീസലോ ഒഴിക്കുന്നത് കണ്ടിട്ടുണ്ടോ…ആ മരം മൊത്തമായും ഉണങ്ങി ഇല്ലാതെ ആകുവാൻ.. അത് പോലെ തന്നെ യാണ് ഈ ടിന്നറും മിക്കവാറും നീ വൈവാഹിക ജീവിതത്തിന് ഒരുങ്ങുന്നതിന് മുമ്പ് മൂടോടെ ഇല്ലാതെ ആവും…

“അപ്പൊ ഞാൻ പെണ്ണാവുമോ…???”

“പെണ്ണാകുമോ എന്നൊന്നും എനിക്കറിയില്ല എന്തേലും ഒരു മാറ്റം ഉണ്ടാവും നിന്റെ ജീവിതത്തിൽ…ഉള്ളിൽ ചിരിച്ചു കൊണ്ട് തന്നെ ഞാൻ പറഞ്ഞു…”

പക്ഷെ ചിരി നിയന്ത്രിക്കാൻ കഴിയാതെ പുറത്തേക് വന്നു…

“ഇക്ക എന്തിനാ ചിരിക്കൂന്നേ…”

അവൻ എന്റെ ചിരി കണ്ടു ചോദിച്ചു…

“ഹേയ് ഞാൻ നീ പറഞ്ഞത് ഓർത്തു പോയതാണ്…”

“എന്ത്…”

“അല്ല നിനക്ക് രൂപ മാറ്റം സംഭവിച്ചു നീ ഒരു പെണ്ണാകുന്നതും… പിന്നെ വേറെ ഒരു കാര്യം കൂടി ഓർത്തു പോയി..”

“വേറെ എന്ത് കാര്യം..”

“ഞാൻ ഇന്നലെ കണ്ട ഒരു വീഡിയോയിലെ നായിക യായി നിന്നെ കണ്ടതാണ്.. “

കാര്യം മനസിലാകാതെ എന്നെ തന്നെ നോക്കി നിൽക്കുന്ന അവനോട് ഞാൻ തുടർന്നു കൊണ്ട് പറഞ്ഞു…

“അല്ല..

നീ ഒരു പെണ്ണായി…

നിന്റെ കല്യാണമൊക്കെ കഴിഞ്ഞു ഭർത്താവിന്റെ മുന്നിൽ പോയി…

ഏട്ടായീ……………

കോഫി.

എന്നും പറഞ്ഞു നിൽക്കുന്നത് ….”

“ഹ ഹ ഹ ഹ ഹ ..

എന്റെ പൊന്നിക്ക ഇങ്ങളെ ഞാൻ ഇന്ന് തല്ലി കൊ ല്ലുമെന്നും പറഞ്ഞു തുടരെ തുടരെ അവൻ എന്റെ കൈയിൽ അടിക്കാനായി തുടങ്ങി..

ജിദ്ദ മക്ക ഹൈവേയിലൂടെയാണ് വണ്ടി പോകുന്നതെന്ന് കൂടെ ഓർക്കാതെ “

അവസാനിച്ചു…

ബൈ

🌹

Related Posts

Leave a Reply

Your email address will not be published. Required fields are marked *