ഇവൻ മറ്റേ പെണ്ണുമായി മുടിഞ്ഞ പ്രേമത്തിലായി.. അതിനനുസരിച്ച് ശ്രീജയുമായുള്ള വഴക്ക് കൂടിക്കൂടി വന്നു.. ശ്രീജയെ ഒഴിവാക്കിയാൽ കെട്ടിയോനെയും……..

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ്

നല്ലതിനും ചീത്തയ്ക്കുമൊക്കെ ഒരേപോലെ കൂടെ നിക്കുന്ന ചില ചങ്കുകളുണ്ട്.. കുഞ്ഞിലേ മുതൽ അങ്ങനെ ചേർന്ന് നിക്കുന്ന ഒരുത്തനുണ്ട്.. വെളുക്കാൻ വേണ്ടി എന്ത് കുന്തം വേണേലും അരച്ച് വാരി മുഖത്ത് തേക്കുന്ന,, ശരീരസൗന്ദര്യത്തിൽ അമിതമായി ശ്രദ്ധിയ്ക്കുന്ന ഒരുത്തൻ.. അവനോട് തോന്നുന്ന പോലൊരു അടുപ്പവും സ്നേഹവുമൊന്നും വേറെയാരോടും തോന്നിയിട്ടില്ല.. നിവേദ്യം സിനിമയിറങ്ങിയ കാലത്തെങ്ങാണ്ട്”നിന്നെ കണ്ടാൽ വിനു മോഹന്റെ മുഖച്ഛായയുണ്ടെന്ന് “ലവനോട് ഞാൻ പറഞ്ഞ് .. ആ ഒരൊറ്റ വാചകത്തിൽ അവൻ അടിമുടി മാറിപ്പോയി.. വിനുമോഹന്റെ ബാധ കേറിയപോലെയായി പിന്നെ നടപ്പും ഇരിപ്പും സിരിപ്പും എല്ലാം.. ബ്യൂട്ടിപാർലറിലെങ്ങാണ്ട് പോയി മുടിയൊക്കെ ചുരുട്ടി ഒരു വശത്തേയ്ക്ക് ചീകിയൊതുക്കി,, കണ്ണിൽ കണ്ടതെല്ലാം വാരി വലിച്ചു തിന്ന് കൊറച്ചു തടിയൊക്കെ വെച്ചിട്ട് ജൂനിയർ വിനു മോഹനായി പുള്ളി വിലസി നടക്കുന്ന കാലം.. സംസാരത്തിലൊക്കെ വിനു മോഹനെപ്പോലെ ഭയങ്കര എളിമയാണ്..

അങ്ങനിരിക്കെ ഒരൂസം രാവിലെ ലവനെന്നെ വിളിക്കുന്നു..

“ടീ,, ഫേസ്ബുക്കിൽ നിന്നൊരു പെണ്ണിനെ പരിചയപ്പെട്ടു.. എന്ത് ഗ്ലാമറാടീ ആ കൊച്ചിനെ കാണാൻ..അവളോടൊന്ന് സംസാരിക്കണം.. നമ്മള് വേറെ ലോകത്തിലെത്തിയപോലാ.. മുഖത്തോട്ട് നിക്കുമ്പോ ഹെന്റെ പൊന്ന് സാറേ,,നമ്മള് പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല.. എന്തൊരു ചൈതന്യം..എടുത്ത് ചാടി മുന്നേ ശ്രീജയെ കല്യാണം കഴിച്ചത് അബദ്ധമായിപ്പോയി..ഇപ്പോഴെങ്ങാനുമാരുന്നെങ്കി ഈ കൊച്ചിനെ കെട്ടാവാരുന്നു..

ചങ്ക് പറിയുന്നൊരു നെടുവീർപ്പോടെ അവൻ പറഞ്ഞു നിർത്തി.. ഈ വേട്ടാവളിയൻ ആറ് കൊല്ലം ശ്രീജയുടെ പൊറകെ നടന്ന് അവളെ വളച്ചെടുത്തു കല്യാണം കഴിച്ചതാണ്..അവക്കിഷ്ടവല്ലെന്ന് പറഞ്ഞപ്പോ അവള് ഇവനെ കല്യാണം കഴിച്ചില്ലെങ്കിൽ റയിൽവേ ട്രാക്കിന് അവന്റെ തല സമർപ്പിക്കുമെന്ന് ഇവനവളെ പറഞ്ഞു പേടിപ്പിച്ചു.. ആ പാവം അവന്റെ പീച്ചണി കേട്ട് പേടിച്ചിട്ട് മാത്രവാ വീട്ടുകാരേം ഉപേക്ഷിച്ചിട്ട് ഈ മാക്രിയുടെ കൂടെ എറങ്ങി വന്നത്..ഒരു കൊച്ചൊക്കെയായപ്പോ അവന്റെ സകല ആവിയും വെപ്രാളോം തീർന്ന്..എന്നും കുന്നും വഴക്കും അടിയും..

അവനവളെ കല്യാണം കഴിക്കാൻ മുട്ടി നിന്നപ്പോ “ടാ ഈ കല്യാണം എന്ന് പറയുന്നത് കൊച്ചുള്ളി തൊലിച്ച പോലെയാ.. തൊലിച്ചു ചെല്ലുമ്പോ ഉള്ളിലൊന്നുമുണ്ടാവത്തില്ലെടാർക്കാ,, വെറുതെ കണ്ണ് നീറുന്നതേ മെച്ചം “.. എന്ന് ഞാൻ അവനോട് പറഞ്ഞയാ..

“നീ തൊലിച്ച പോലെ എനിക്കും കൊച്ചുള്ളി തൊലിയ്ക്കണമെടീ,, എനിക്കും കണ്ണ് നീറി കരയണം… എന്നാ അന്ന് ഈ തൊലിയാർ മണിയൻ എന്നോട് പറഞ്ഞത്..ഇപ്പോളെ കെട്ടേണ്ടെന്ന് ഞാൻ പറഞ്ഞിട്ട് അന്ന് അവനത് കേട്ടില്ല..

ഇവൻ മറ്റേ പെണ്ണുമായി മുടിഞ്ഞ പ്രേമത്തിലായി.. അതിനനുസരിച്ച് ശ്രീജയുമായുള്ള വഴക്ക് കൂടിക്കൂടി വന്നു.. ശ്രീജയെ ഒഴിവാക്കിയാൽ കെട്ടിയോനെയും മൂന്ന് പിള്ളേരെയും ഉപേക്ഷിച്ച് കാമുകി ഇവനൊപ്പം എറങ്ങി വരാമെന്ന് സമ്മതിച്ചിട്ടുണ്ട്..ശ്രീജയില്ലെങ്കിൽ റയിൽവേ ട്രാക്കിന് തല സമർപ്പിക്കുമെന്ന് പറഞ്ഞോണ്ട് നടന്നവൻ,, അവള് ഒഴിഞ്ഞു കൊടുത്തില്ലെങ്കിൽ ആത്മഹ ത്യ ചെയ്യുമെന്ന് വരെ പറഞ്ഞു..എന്തൊക്കെ അടവെടുത്തിട്ടും ശ്രീജ വീട് വിട്ട് പോകാൻ കൂട്ടാക്കിയില്ല..ഞാൻ ശ്രീജയുടെ സൈഡ് പിടിച്ചോണ്ട് അവന് എന്നെയും ദൃഷ്ടിയ്ക്ക് കണ്ടൂടാതായി..

അവന്റെ കാമുകിയുടെ പേര് നൂർജ്ജഹാൻ എന്നാരുന്നു.. അവന്റെ നൂറ.. വിനു മോഹന്റെയും നൂർജ്ജഹാന്റെയും പ്രണയം എങ്ങനെയോ അവള്ടെ അമ്മച്ചി കണ്ടു പിടിച്ചു.. ഇവന്റെ ഫോട്ടോയും ചാറ്റുമൊക്കെ അമ്മച്ചി കയ്യോടെ പൊക്കി.. ഇവനെ വിളിച്ചു കൊറേ ചീ ത്തയൊക്കെ പറഞ്ഞു.. ഇനി മേലിൽ ആവർത്തിച്ചാൽ പോലീസിൽ കേസ് കൊടുക്കുമെന്ന് അവർ പേടിപ്പിച്ചു.. അന്ന് മൊത്തം രണ്ടുപേരും മിണ്ടാതിരുന്നിട്ട് പ്രണയ നദി പിറ്റേന്നും പതിവുപോലെ ഒഴുകാൻ തുടങ്ങി..

ഒരൂസം ഞാൻ കൊട്ടാരക്കര നിക്കുമ്പോ ഇവൻ വിളിക്കുന്ന്..

“ടീ,, എവിടാ,, എന്തുവാ വിശേഷങ്ങൾ..

ഞാൻ കൊട്ടാരക്കരയുണ്ടെന്ന് പറഞ്ഞപ്പോ..

“ഞാനും നൂറയും കൊട്ടാരക്കരയുണ്ട്.. നീയെവിടെ നിക്കുവാ,, ഇങ്ങോട്ട് വാ.. നൂറയെ പരിചയപ്പെടുത്തിത്തരാം..

അത്രേം നാളും അവന്റെ വാക്കുകളിൽ കൂടെ മാത്രം കേട്ടറിഞ്ഞിട്ടുള്ള പ്രകാശം പരത്തുന്ന ആ പെൺകുട്ടിയെ കാണാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു.. ഞാനൊക്കെ തടിയും വെച്ച് വയറും ചാടി വെറും ചക്കപ്പോത്തിനെപ്പോലെ യാണിരിക്കുന്നതെന്നാ അവനെപ്പോഴും പറയുന്നത്.. നൂറ സീറോ സൈസാണെന്ന്.. അന്ന് മുതൽ നൂറയോട് വല്ലാത്തൊരു കുശുമ്പുമുണ്ടായിരുന്നു..

അവനും നൂറയും കൂടെ ഞാൻ നിക്കുന്നിടത്തേയ്ക്ക് വന്നു… യാതൊരു വളവുമില്ലാത്ത സൂചിയുടെ കനം പോലുമില്ലാത്തൊരു പെങ്കൊച്ച്.. കുഞ്ഞു മുഖം.. അത് പകുതീം ഷാൾ കൊണ്ട് പൊതിഞ്ഞു വെച്ചേക്കുവാ..കഴുത്തിൽ കാണുന്ന എല്ല് തെളിഞ്ഞു നിക്കുന്ന കുഴിയിൽ ഒരു കപ്പ് വെള്ളം സുഖമായി തങ്ങി നിക്കും.. ഒരു തുള്ളി പോലും വെളീൽ പോകത്തില്ല.. മെലിഞ്ഞുണങ്ങി അസ്ഥികൂടത്തിനേക്കാൾ കഷ്ടമായിട്ടൊരു ശരീരം.. കരളും കൊടലും ഹൃദയവും ആമാശയവും അന്നനാളവുമൊക്കെ ഈ ഇച്ചിരീമൊള്ള ശരീരത്തിൽ എവിടിരിക്കുന്നെന്നാ..ഈ കൊച്ച് മൂന്ന് പെറ്റെന്ന് പറഞ്ഞാ വല്യ അതിശയമാ..

“ടാ,, ഈ പെണ്ണ് സീറോ സൈസാണെന്നല്ലേ നീ പറഞ്ഞത്.. എന്നിട്ടിത് മൈനസ് ഡിഗ്രിയ്ക്കും താഴെയാണല്ലോ.. സോമാലിയാക്കാരിയാന്നോ..

ഞാനവന്റെ ചെവീലോട്ട് പതുക്കെ ചോയ്ച്ചു..

“അസൂയയ്ക്കും കുശുമ്പിനും മരുന്നില്ല…

അവൻ പുച്ഛത്തോടെ എന്നോട് പറഞ്ഞു..ആ പെണ്ണിനോട് ഇച്ചിരി കാര്യം പറഞ്ഞിട്ട് ഞാനിങ്ങു പോന്നു..

കുറച്ചു ദിവസം കഴിഞ്ഞ് ഒരു വണ്ടി നിറയെ പോലീസുകാർ ഇവനെ തിരക്കി ഇവന്റെ വീട്ടിൽ വന്നു.. നൂർജ്ജഹാനെ കാണാനില്ല.. ഇവനുമായുള്ള ബന്ധം ഭർത്താവറിഞ്ഞ് അവളെ അടിയ്ക്കുകയോ വഴക്ക് പറയുകയോ ചെയ്‌തെന്ന്.. ആ വാശിയ്ക്ക് ഫോൺ പോലുമെടുക്കാതെ അവള് ഇളയ കുഞ്ഞിനെയുമെടുത്തോണ്ട് വീട്ടിൽ നിന്നുമിറങ്ങിപ്പോയി..ചാറ്റിന്റെ തീവ്രത കണ്ടപ്പോ അവൾ സ്വാഭാവികമായും ഇവനടുത്തേയ്ക്ക് തന്നെ വന്നു കാണും എന്ന് അവരുറപ്പിച്ചു.. പോലീസിൽ കേസും കൊടുത്തു.. വിശദമായ അന്വേഷണത്തിന് വേണ്ടി അവളുടെ ഫോൺ പോലീസുകാർ കൊണ്ട് പോയി..

പോലീസെത്തുമ്പോ ജൂനിയർ വിനു മോഹൻ എറണാകുളത്ത് എന്തോ ആവശ്യത്തിന് പോയേക്കുവാരുന്നു.. അവനും നൂറയും കൂടെ ഒളിച്ചോടിയെന്ന് ഞാനും ശ്രീജയും വരെ ഉറപ്പിച്ചു.. ശ്രീജ കരഞ്ഞതേയില്ല.. ഒന്നും കഴിക്കാതെ ഒരേയിരുപ്പ്.. ഞാനും കരഞ്ഞില്ല.. പക്ഷേ ചോറുണ്ട്…

അവൻ വീട്ടിലെത്തിയാൽ സ്റ്റേഷനിൽ എത്താൻ പറഞ്ഞിട്ട് പോലീസുകാർ തിരിച്ചു പോയി..പിറ്റേന്ന് വൈകുന്നേരത്തോടെ വീട്ടിലെത്തിയ അവൻ കാര്യങ്ങളറിഞ്ഞ് അന്തംവിട്ട് പോയി..നൂറയുമായി വേറെയൊരു ബന്ധവുമില്ലെന്ന് അവൻ ആണയിട്ടിട്ടും ശ്രീജ കമന്നൊരാക്ഷരം “ഏ ഹേ ” മിണ്ടുന്നില്ലെടെ..

പിറ്റേന്ന് രാവിലെ രണ്ട് പാർട്ടിക്കാരെയും കൂട്ടി ഇവൻ പോലീസ് സ്റ്റേഷനിൽ ചെന്നു.. പല പ്രായത്തിൽ പെട്ട ഒരുപാട് ആളുകൾ സ്റ്റേഷന്റെ മുറ്റത്തും പരിസരത്തുമായി ഒറ്റയ്ക്കും ഇരട്ടയ്ക്കുമൊക്കെ നിക്കുന്നുണ്ട്..

“എസ്, ഐ സാറ് വന്നിട്ടുണ്ടോ സാറേന്ന്,, ചോദിച്ചോണ്ട് അവൻ തിണ്ണയിലോട്ട് കേറിയതും..

“നീയെന്റെ കൊച്ചിനെ എവിടെ കൊണ്ട് കളഞ്ഞെടാന്നും” ചോയ്ച്ച് നൂറയുടെ അമ്മ ഓടി വന്ന് ഇവന്റെ കരണത്തൊരടിയടിച്ചു..അവളെ അവനെടുത്തോട്ടെ,, പൊടിക്കൊച്ചിനെ തിരിച്ചു കൊടുക്കാനാ അവര് പറയുന്നേ.. പോലീസുകാർ ആ അമ്മച്ചിയെ പിടിച്ചു മാറ്റി..

“നീയങ്ങോട്ടെറങ്ങി നിക്കടാ.. നിന്നെപ്പോലെ അവള്ടെ ഫേസ്ബുക് കാമുകന്മാരാ ആ നിക്കുന്നവരെല്ലാം.. എല്ലാ ജില്ലയിൽ നിന്നുമുണ്ട്.. ഏതവനാ കൊണ്ട് പോയതെന്ന് വെച്ചാൽ അവളെ തിരിച്ചു കൊണ്ട് വന്നോ.. വെറുതെ സാറിന്റെ കയ്യിൽ നിന്ന് വാങ്ങിച്ചു കൂട്ടാതെ..

സ്റ്റേഷന്റെ മുറ്റത്ത് നിക്കുന്ന ആണുങ്ങളെ കണ്ട് അവൻ സ്തംഭിച്ചു പോയി.. ഇരുപത് മുതൽ അറുപതു വരെയുള്ള പ്രായത്തിലുള്ള ആളുകൾ…

“അമ്മാവന്റെ സ്ഥലമെവിടാ..

തൂണും ചാരി നിക്കുന്ന തല മൂത്ത കാമുകനെ നോക്കി അവൻ ചോയ്ച്ചു..

“കന്യാകുമാരീലാ.. വെളുപ്പിനെ വന്നതാ.. പ്രഷറും ഷുഗറുമൊക്കെയുള്ളതാ..ഒരു ചായ പോലും കുടിച്ചിട്ടില്ല..

അങ്ങേര് നെടുവീർപ്പോടെ പറഞ്ഞു..

എസ് ഐ വന്ന് എല്ലാവരെയും തിരിച്ചും മറിച്ചും ചോദ്യം ചെയ്തിട്ടും നൂറയെ കണ്ടെത്താനായില്ല.. രണ്ട് ദിവസങ്ങൾക്കു ശേഷം തെങ്കാശിയിലുള്ള ഒരു പാണ്ടിയുടൊപ്പം അവളെ പോലീസുകാർ കണ്ട് പിടിച്ചു.. അവള്ടെ കയ്യിൽ നിന്നും കുഞ്ഞിനെ വീട്ടുകാർ തിരിച്ചു വാങ്ങി,, കെട്ടിയോനെ വേണ്ടെന്ന് പറഞ്ഞിട്ട് അവളാ പാണ്ടിയ്ക്കൊപ്പം തന്നെ തെങ്കാശിയ്ക്ക് പോയി..

പ്രശ്നങ്ങൾക്കൊക്കെയൊടുവിൽ ശ്രീജയ്‌ക്കൊപ്പം വിനുമോഹൻ മര്യാദരാമനായി കഴിയുന്നുണ്ട്.. അവളൊരു വര വരച്ചാൽ അവൻ ചലിക്കത്തില്ല..അടുത്തിടെ കണ്ടപ്പോ ഞാനവനോട് പറഞ്ഞു…

“നിന്നെ കണ്ടാൽ സുരേഷ് ഗോപി ചേട്ടന്റെ മോന്റെ ഒരു ഷേയ്പ്പുണ്ട്.. കാണാനൊക്കെ മുടിഞ്ഞ ഗ്ലാമറായല്ലോടാ..

അവനെന്നെയൊന്ന് നോക്കി.. എന്നിട്ട് ഒരക്ഷരം മിണ്ടാതെ ഒറ്റപ്പോക്ക്.. ഞാനേതാണ്ട് ചെയ്ത പോലെ.. സത്യം പറയുന്നവർക്ക് അല്ലെങ്കിലും ഇപ്പൊ കാലമില്ലല്ലോ.. ല്ലേ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *