ഈശ്വരാ മനസ്സിൽ പോലും നിനയ്ക്കാത്ത കാര്യങ്ങൾ ആണല്ലോ എല്ലാരും ചികഞ്ഞെടുക്കുന്നത്. പട്ടിണികിടക്കുന്നതിനും അന്തസ് ഉണ്ട്…

ആരോ മറന്നത്😊

Story written by Indu Rejith

കോളേജിൽ ഓണാഘോഷം തകർക്കുകയാണ്…. സെറ്റ് സാരി ഉടുത്തത്, ചുരിദാർ ഇട്ടത്, ജീൻസ് ഇട്ടത് എന്ന് വേണ്ടാ… പെൺകുട്ടികളൊക്കെ അടിമുടി തിളക്കത്തിലാണ്…. പുതിയത് എന്ന് പറഞ്ഞ് കൂട്ടുകാരെ പരിചയ പെടുത്താൻ ഒന്നില്ലാത്തത് കൊണ്ട് മാത്രമല്ല എന്തോ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു…

അമ്മ ഇന്ന് കോളേജിൽ വരും ഓണഘോഷം കാണാൻ ആണെന്ന് തെറ്റിധരിക്കണ്ട ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല…. കൂടെ അനിയനും ഉണ്ടാവും അവൻ കുഞ്ഞാണ്… അവനും അച്ഛനും ഒരു പോലെയാണ് രണ്ടുപേർക്കും ഇത്‌ വരെ കാലുറച്ചിട്ടില്ല…അപ്പോ കുടുംബ പശ്ചാത്തലം പിടികിട്ടി കാണുമല്ലോ

രാപ്പകലില്ലാതെ അമ്മ ജോലി ചെയ്യുന്നു… എന്താണ് ജോലി എന്ന് ചോദിച്ചാൽ മാത്രം അമ്മയ്ക്കും ഉത്തരമില്ല… നാലാള് കുറ്റം പറയാത്ത ഏത് ജോലി ചെയ്യുന്നതും അഭിമാനമാണ് എന്നാണ് പറയാറ്…. ഗതികേട് കൊണ്ട് പറയുന്നതന്നെങ്കിലും പലപ്പോഴും എന്റെ ആത്മവിശ്വാസം ആ വാക്കിനെ ചുറ്റിപ്പറ്റിയാണ് നടക്കാറ്…..

സ്റ്റേജിൽ കലാപരിപാടികൾ നടക്കുന്നത് കാണാനല്ല….അമ്മയും കണ്ണനും വരുന്നത് ദൂരെ നിന്നേ കാണാനാണ് ഞാൻ പുറകിലെ പൊക്കം കൂടിയ ബെഞ്ചിൽ സ്ഥാനം പിടിച്ചത്….അവനെയുമെടുത്ത്‌ അമ്മ വരുന്നത് കണ്ടപ്പോഴേ ഞാൻ ഓടിയിറങ്ങി…

കുഞ്ഞിനെ ഞാൻ എടുക്കാമമ്മേ….

ആദ്യം അമ്മ പോയി എന്താ എന്റെ ജോലിന്ന് തിരക്കീട്ട് വരട്ടെ… മോൾ കുഞ്ഞിനെ പിടി….

കോളേജ് വരാന്തയിലൂടെ മുന്നോട്ട് പോയ നൂല് പോലുള്ള ആ ശരീരം ആണ് ഒരു കുടുംബത്തിന്റെ അത്താണി….അമ്മ തിരികെ വന്നത് കൈയിൽ ഒരുചൂലും ബക്കറ്റുമായിട്ടായിരുന്നു..

മൂത്രപ്പുര ഒന്ന് കഴുകി വൃത്തിയാക്കിയാൽ മതിമോളേ….ഓണം ഉണ്ണാനുള്ള വക ഈശ്വരൻ തരുമെന്ന് അമ്മ പറഞ്ഞില്ലേ…മോള് കുഞ്ഞിനെ നോക്കിക്കോ ഉച്ചയ്ക്ക് നമുക്ക് ഒരുമിച്ച് ഉണ്ണാം….

ഏതോ നല്ല കുടുംബത്തിൽ പിറന്നതായിരുന്നു അമ്മ പ്രായത്തിന്റെ തുടിപ്പിൽ തോന്നിയ അവിവേകം…. പ്രണയം എന്ന് പറഞ്ഞ് അമ്മയും പുച്ഛിച്ചു തള്ളാറാണ് പതിവ്….വീടുപേക്ഷിച്ച് അച്ഛനോടൊപ്പം പോന്നതാണ് ബാക്കി ജീവിതം ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു.. ഒരു നേരത്തെ അന്നത്തിനായി അന്യന്റെ വിസർജ്യം കോരുന്നത് പോലെ ഗതികേട് മറ്റൊന്നില്ല…..അത് എന്റെ കോളേജിൽ വന്നിട്ടാകുമ്പോൾ….ഞാൻ എത്രതോളം നീറിയെന്ന് എനിക്ക് പോലും അറിയില്ല… കൂട്ടുകാരികൾ കണ്ടാൽ ആക്കി ചിരിക്കാൻ വേറെയൊന്നും വേണ്ടാ…അമ്മയോട് ചെയ്യണ്ടെന്ന് പറയാനും എനിക്ക് ആയില്ല… കുഞ്ഞിന് ഓണത്തിന് ഊണ് കൊടുക്കണ്ടേ… അമ്മ അവിടം വൃത്തിആക്കുന്നത് വരെ ആരും അവിടേക്ക് പോകല്ലെന്ന്‌ മാത്രമായിരുന്നു എന്റെ പ്രാർത്ഥന…. അറിയാവുന്ന ദൈവലാതിനൊക്കെ ആവുന്ന തരത്തിൽ നേർച്ചയും പറഞ്ഞു…കൊടുക്കാനുള്ള ഗതി എനിക്കില്ലെന്ന് മൂപ്പർക്ക് അറിയാം അതുകൊണ്ട് ആള് കൈമലർത്തി…

ടി നിന്റെ അമ്മയാണോ ബാത്‌റൂമ് ക്ലീൻ ചെയ്യുന്നത്..

കണ്ണനെ ചേർത്ത് പിടിച്ച് ഞാൻ പറഞ്ഞു… അതെ അതിനെന്താണ് നാണക്കേട്….

നിനക്ക് നാണക്കേട് ഉണ്ടാവില്ല നല്ലകുടുംബത്തിൽ പിറന്നവർ തെണ്ടാൻ പോയാലും അന്യന്റെ തീ ട്ടവുംമൂത്രവും കോരില്ല….അവളുടെ ഡ്രസ്സ്‌ പോലെ പളപളാ മിന്നുന്ന ഒരു ചിരിയും പാസ്സാക്കി അവൾ നടന്നുപോയി….എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല….

വേറൊരുത്തി വന്ന് ചോദിച്ചു ഉച്ചയ്ക്ക് ഓസിനുണ്ണാനാണോ കുടുംബ സമേതം ഇങ്ങ് പോന്നത്…

ഈശ്വരാ മനസ്സിൽ പോലും നിനയ്ക്കാത്ത കാര്യങ്ങൾ ആണല്ലോ എല്ലാരും ചികഞ്ഞെടുക്കുന്നത്…പട്ടിണികിടക്കുന്നതിനും അന്തസ് ഉണ്ട്… അമ്മയെ വിളിച്ച് ഇപ്പോ തന്നെ വീട്ടിൽ പോണം അല്ലെങ്കിൽ നാണംകെട്ട് തൊലിയേഴും പൊളിയും….കുഞ്ഞിനെയുമെടുത്ത്‌ കൂട്ടുകാരുടെ കണ്ണുവെട്ടിച്ച് ഞാൻ ബാത്ത്റൂമിന്റെ അടുത്തെത്തി…

ബക്കറ്റ്റിൽ വെള്ളം നിറച്ച് അവിടൊക്കെ കഴുകുകയാണമ്മ…. ഉണങ്ങിയ രക്തക്കറപുരണ്ട പാ ഡുകൾ ചത്തപ്രാവിന്റെ തൂലവിൽ രക്തം പുരണ്ടത് പോലെ അവിടൊക്കെ കിടന്നിരുന്നു….മൂക്കുപൊത്തി പിടിച്ച് അമ്മയതൊക്കെ പറക്കിയെടുക്കുന്നത് നിറഞ്ഞകണ്ണോടെ ഞാൻ നോക്കിനിന്നു… അശുദ്ധമായ ഒന്ന് കൈകൊണ്ട് എടുത്തതിന്റെ ദുഖത്തിലല്ല ഗതികേടിന്റെ തീവ്രതഓർത്തിട്ടാവണം അമ്മ പലപ്പോഴും കണ്ണുതുടയ്ക്കുന്നത് ഞാൻ കണ്ടു…

എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല…. കൈകളിൽ പറ്റിയ പച്ചരക്തം അമ്മ മുന്നണിയിലയിൽ തേയ്ക്കുന്നത് കണ്ടപ്പോൾ രക്തം പൊടിഞ്ഞത് എന്റെ ഹൃദയത്തിലായിരുന്നു… ഞാനടക്കമുള്ള പെൺകുട്ടികൾ അശ്രദ്ധമായി ചെയ്യുന്ന ഈ പ്രവർത്തി ഇത്രത്തോളം നീചമായിരുന്നുവോ….ആർത്തവം അശുദ്ധമല്ല ഏഴു ദിവസത്തെ ചുമന്ന കൂട്ടുകാരിയുടെ കനിവിൽ അമ്മയാകാൻ കൊതിക്കുന്നവളാണ് ഞാനും…എങ്കിലും മറയ്ക്കണ്ടത് മറയ്ക്കുകയും മറവുചെയ്യുകയും വേണമെന്ന് ആരോ എന്നോട് പറയുന്നത് പോലെ….പെണ്ണാണെന്ന് കാണിക്കാൻ രക്തം മുങ്ങിയ പാഡ് നാട്ടുകാരെ കാണിക്കണോ അതോ പേരറിയാത്ത ഒരു പെണ്ണിനെ കൊണ്ടതിനെ തോണ്ടി എടുപ്പിക്കണോ…

നമ്മുടെ അഹങ്കാരരവും വൃത്തിശൂന്യതയും കാണിക്കണ്ട ഇടം പലപ്പോഴും ഞാനടക്കക്കമുള്ളവർ മറന്നുപോകുന്നതിന്റെ ഇരയായി തീർന്നത് എന്റെ അമ്മ തന്നെ ആണല്ലോ…. ഒടുവിൽ അമ്മ ജോലി തീർക്കുന്നത് വരെ ശവം കണക്കെ ഞാനവിടെ നിന്നു….

ഉച്ചയായപ്പോൾ ഓണസദ്യ ആരംഭിക്കുന്നതായി അന്നൗൺസ്‌മെന്റ് വന്നു….ഞങ്ങൾ അവിടേക്ക് പോയില്ല മൂന്നുപേർക്ക് ഉണ്ണാനുള്ളത് വാട്ടിയ ഇലയിൽ പൊതിഞ്ഞ് അമ്മ കൊണ്ടുവന്നിട്ടുണ്ടായിരുന്നു……സോപ്പിട്ട് പലതവണ കഴുകിയെങ്കിലും അമ്മ കൈ പിന്നെയും പിന്നെയും മണത്തു നോക്കി കൊണ്ടിരുന്നു….

എനിക്ക് വിശപ്പില്ല നിങ്ങൾ കഴിക്ക്…

ഉടുത്തിരുന്ന സാരിയിലും മൂത്രത്തിന്റെ ഗന്ധം ഉണ്ടെന്ന് അറിഞ്ഞതോടെ അമ്മ അവിടെ നിന്ന് എഴുന്നേറ്റു…. ഞങ്ങൾ ഉണ്ണുന്നത് നോക്കി ദൂരെ മാറിയിരുന്നു….

കുഞ്ഞിനേയും എടുത്ത് ചോറ് പൊതി മടക്കി അമ്മയുടെ അടുത്തേക്ക് തന്നെ പോയി…. എന്റെ കൈ നിറയെ ചോറ് വാരി അമ്മയ്ക്ക് നീട്ടി… അമ്മ ഇടം മറന്ന് പൊട്ടിക്കരഞ്ഞത് പോലെ ഞാനും കരഞ്ഞോ എന്തോ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല….

ശുചിമുറികൾ വൃത്തിയാക്കാൻ വരുന്ന പലരും ഇതുപോലെയൊക്കെ ആവും…അവരിലും ഒരമ്മ, മകൾ, സഹോദരി അങ്ങനെ നമുക്കുള്ളത് പോലെ പല പല കടമകളും ബന്ധങ്ങളും ഉണ്ടാവും….അവരെ നമ്മുടെ വിസർജ്യം തീറ്റിക്കാതിരിക്കുക..പറ്റുന്നത് പോലെ വ്യക്തി ശുചിത്വം പാലിക്കുക…ഒരുനേരത്തെ അന്നത്തിനു വേണ്ടിയല്ലേ അവർ നീണ്ട ചൂലും ഒഴിഞ്ഞ ബക്കറ്റുമായി നമ്മുടെ വിഴുപ്പ് കോരാൻ എത്തുന്നത്…. കനിവ് കാട്ടുക, അഭിമാനത്തോടെ ജോലിചെയ്യാൻ അനുവദിക്കുക…. നിറഞ്ഞ മനസ്സോടെ അവരും കുടുംബവും ആഹാരം കഴിക്കട്ടെന്നെ….😊

Related Posts

Leave a Reply

Your email address will not be published. Required fields are marked *