ഈശ്വരാ.. ഹരിയേട്ടൻ്റെ മട്ടും ഭാവവുമൊക്കെ കണ്ടിട്ട്, എനിക്ക് സിസ്സേറിയനായിരുന്നു എന്നുള്ള ചിന്തയൊന്നും, പുള്ളിക്കാരനുണ്ടെന്ന് തോന്നുന്നില്ല….

Story written by Saji Thaiparambu

ആദ്യ പ്രസവം കഴിഞ്ഞ് ഞാൻ, ഭർത്താവിൻ്റെ വീട്ടിൽ തിരിച്ചെത്തുമ്പോൾ, വിവാഹം കഴിഞ്ഞ് ആദ്യമായി ആ വീട്ടിൽ വന്ന് കയറുമ്പോഴുണ്ടായൊരു, പ്രതീതിയായിരുന്നു എൻ്റെ മനസ്സിലപ്പോൾ.

രണ്ട് മാസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട്, ഞാൻ ഭർത്താവിൻ്റെ കാര്യവും, വീട്ടിലെ മറ്റ് ജോലികളുമൊക്കെ എങ്ങനെ നോക്കുമെന്ന ഉത്ക്കണ്ഠ യായിരുന്നു എനിക്ക് .

സ്വന്തം വീട്ടിലായിരുന്നപ്പോൾ, കുഞ്ഞിനെയും നോക്കി, അവന് വിശക്കുമ്പോൾ പാലും കൊടുത്ത് ,സമയാസമയങ്ങളിൽ മൂക്ക് മുട്ടെ തിന്ന്, ലേഹ്യവും കഴിച്ച് വെറുതെയിരുന്നാൽ മതിയായിരുന്നു.

ഇവിടെ അത് പറ്റില്ലല്ലോ ,വന്ന് കയറിയ ഉടനെ കുഞ്ഞിനെയുമെടുത്തോണ്ട്, ഇളയ നാത്തൂൻ അയൽക്കാരെയൊക്കെ കാണിക്കാൻ കൊണ്ട് പോയി.

മുറിയിൽ കയറി കതകടച്ചിട്ട്, സാരി അഴിക്കുമ്പോൾ, ഹരിയേട്ടൻ്റെയൊരു വല്ലാത്ത നോട്ടം.

“എന്ത് നോട്ടമാണ് ഹരിയേട്ടാ ഇത്, ആദ്യമായി കാണുന്നത് പോലെ”

ജാള്യതയോടെ ഞാൻ ചോദിച്ചു.

“എങ്ങിനെ നോക്കാതിരിക്കും, നീയിവിടുന്ന് പോയപ്പോൾ വീർത്ത വയറ് മാത്രമേ ആ ശരീരത്തുണ്ടായിരുന്നുള്ളു , ഇപ്പോഴാണ് നീ, ഓജസ്സും തേജസ്സു മുള്ളൊരു സ്ത്രീയായത്”

ഭർത്താവാണെങ്കിലും, എൻ്റെ ശരീരമാകെ അരിച്ച് പെറുക്കുന്ന ഹരിയേട്ടൻ്റെ കണ്ണുകൾക്ക് മുന്നിൽ ഞാൻ ചൂളിപ്പോയി.

“ഒന്ന് പുറത്തോട്ടിറങ്ങിക്കേ, ഞാനീ ഡ്രസ്സൊന്ന് മാറട്ടെ”

ഒടുവിൽ എനിക്കദ്ദേഹത്തെ പുറത്താക്കി കതകടയ്ക്കേണ്ടി വന്നു.

ശരിയാണ് ഹരിയേട്ടൻ പറഞ്ഞത്, പൊതുവേ മെല്ലിച്ച ശരീരമായിരുന്നു എനിക്ക് ,ഗർഭിണിയായപ്പോൾ തുടർച്ചയായുള്ള ഛർദ്ദി കാരണം ശരീരം പിന്നെയും ക്ഷീണിച്ചു.

ഇപ്പോൾ എന്നെ കണ്ടാൽ ആ പഴയ ശ്വേതയാണ് ഞാനെന്ന് ആരും പറയില്ല.

സാരിയും ബ്ളൗസും മാറി പുതിയൊരു നൈറ്റിയെടുത്തിട്ടോണ്ട്, ഞാൻ കതക് തുറക്കുമ്പോൾ, ഹരിയേട്ടൻ വാതിൽക്കൽ തന്നെ നില്പുണ്ട്.

“നീയിതെവിടെ പോകുന്നു, വാ നമുക്ക് കുറച്ച് നേരം മുറിയിലിരിക്കാം”

“അയ്യോ ഹരിയേട്ടാ.. ഞാൻ അടുക്കളയിലോട്ട് ചെല്ലട്ടെ, ഇനി മുതൽ ഞാനിവിടെ തന്നെയുണ്ടല്ലോ? ഇപ്പോൾ അകത്ത് കയറി മുറിയടച്ചിരുന്നാൽ, മറ്റുള്ളവർ എന്ത് വിചാരിക്കും”

“എന്ത് വിചാരിക്കാൻ ,നീയെൻ്റെ ഭാര്യയല്ലേ? അല്ലാതെ ഞാൻ തല്ക്കാലത്തേക്ക് കൊണ്ട് വന്ന സെറ്റപ്പ് ഒന്നുമല്ലല്ലോ?

“ഹരിയേട്ടന് അങ്ങനെയൊക്കെ പറയാം, അമ്മയുടെയും മറ്റുള്ളവരുടെയും മുഖത്ത് നോക്കണ്ടത് ഞാനാണ്”

എന്നെ വാരിപ്പുണരാനൊരുങ്ങിയ ഹരിയേട്ടൻ്റെ കൈകളെ തട്ടിമാറ്റിക്കൊണ്ട്, ഞാൻ അടുക്കളയിലേക്ക് ചെന്നു.

അവിടെ അമ്മയുടെ അനുജത്തി ശ്രീദേവി ചിറ്റയും ,സുഭദ്രാമ്മായിയുമൊക്കെ ചേർന്ന് ഗൗരവതരമായ ചർച്ചയിലായിരുന്നു.

“ഒരു മാസം കൂടി കഴിഞ്ഞിട്ട് ശ്വേതയെ കൊണ്ട് വന്നാൽ പോരായിരുന്നോ ചേച്ചീ .. വേറൊന്നുമല്ല, അവൾക്ക് സിസ്സേറിയനല്ലായിരുന്നോ? മൂന്ന് മാസമെങ്കിലു മാകാതെ അവര് ഒരുമിച്ച് കഴിയുന്നത് പന്തിയാണോ”

“ഞാനും ശാരദയോട് അത് പറഞ്ഞു ഇപ്പോഴത്തെ പിള്ളേരാണ്, അവർക്ക് നിയന്ത്രണമൊന്നുമുണ്ടാവില്ലന്ന്”

അമ്മായി, അർത്ഥം വച്ച് ചിരിച്ച് കൊണ്ട്, ചിറ്റയെ പിന്താങ്ങുന്നത് ഞാൻ അടുക്കളയിലേക്ക് കയറുന്നതിന് മുമ്പ് തന്നെ കേട്ടു .

“എന്ത് പറയാനാ സുഭദ്രേ… ഹരി സമ്മതിക്കണ്ടേ ,അവൻ്റെ നിർബന്ധം കൊണ്ടാണ് ഇപ്പോഴേ ഇങ്ങ് കൊണ്ട് വന്നത്”

അത് ശരി അപ്പോൾ ഹരിയേട്ടനായിരുന്നു ,താനിങ്ങോട്ട് വരാൻ ധൃതിവച്ചത്.

ഈശ്വരാ.. ഹരിയേട്ടൻ്റെ മട്ടും ഭാവവുമൊക്കെ കണ്ടിട്ട്, എനിക്ക് സിസ്സേറിയനായിരുന്നു എന്നുള്ള ചിന്തയൊന്നും, പുള്ളിക്കാരനുണ്ടെന്ന് തോന്നുന്നില്ല.

രാത്രിയിലെ കാര്യമോർത്തപ്പോൾ, എനിക്ക് ശരീരമാകെ തരിക്കുന്നത് പോലെ തോന്നി, ഹരിയേട്ടൻ നിയന്ത്രണം വിട്ട് എന്നോട് പെരുമാറുമോ എൻ്റീശ്വരാ…

ഉള്ളിലെ ഭയം മറച്ച് വച്ച് ,ഞാൻ അടുക്കളയിലേക്ക് കയറി ചെന്നു.

“ങ്ഹാ ,മോള് വന്നോ? കുറച്ച് റെസ്റ്റ് എടുക്കാൻ വയ്യായിരുന്നോ? അത്താഴമാകുമ്പോഴേക്കും അമ്മ വന്ന് വിളിച്ചേനയല്ലോ?

ഹരിയേട്ടൻ്റെ അമ്മയുടെ സ്നേഹം പൊതിഞ്ഞ സംസാരം കേട്ടപ്പോൾ, എനിക്ക് വല്ലാത്തൊരാശ്വാസം തോന്നി.

“ങ്ഹാ ശാരദേ .. ശ്വേതയെ കൊണ്ട് കുറെ നാളത്തേക്ക് കഠിനമായ ജോലിയൊന്നും ചെയ്യിക്കണ്ടാട്ടോ?

സുഭദ്രാമ്മായി, എനിക്ക് വേണ്ടി വാദിച്ചു.

“അത് പിന്നെ ഞാൻ ചെയ്യിക്കുമോ നാത്തൂനെ, ശ്വേതയെ റെസ്റ്റെടുപ്പിക്കാനാ ഞാൻ വിജി മോളേ ഇങ്ങോട്ട് വിളിപ്പിച്ചത് ,അവള് രണ്ട് മാസം ഇവിടെ കാണും ,ശ്വേത മോള് കുഞ്ഞിൻ്റെ കാര്യം മാത്രം നോക്കിയാൽ മതികെട്ടോ ,വീട്ട് ജോലിയൊക്കെ അമ്മയും വിജിയും കൂടി ചെയ്തോളാം”

അമ്മായി അമ്മയുടെ വാക്കുകൾ കേട്ട് ഞാൻ ശരിക്കും അമ്പരന്ന് പോയി ,എൻ്റെ മനസ്സിലെ പാതി ഉത്ക്കണ്ഠ അതോടെ മാറി, പക്ഷേ, നേരം ഇരുട്ടും തോറും, ഹരിയേട്ടനിൽ നിന്നും എങ്ങനെ രക്ഷപെടും, എന്ന ചിന്ത, എന്നെ അലട്ടിക്കൊണ്ടിരുന്നു.

“കുഞ്ഞ് ഉറങ്ങിയെങ്കിൽ, അതിനെ തൊട്ടിലിൽ കിടത്തിയിട്ട് ,നീ ഇവിടെ വന്നിരിക്ക് ശ്വേതേ..”

കട്ടിലിൽ കിടന്നോണ്ട്, ഹരിയേട്ടൻ എന്നെ വിളിച്ചപ്പോൾ, എൻ്റെ ശരീരത്തിന് വിറയലനുഭവപ്പെട്ടു.

പേടി കാരണം എൻ്റെ കൈവെള്ള തണുത്ത് ഐസ് പോലെയായി.

“ഹരിയേട്ടാ… ഞാനൊരു കാര്യം പറയട്ടെ”

ഒടുവിൽ ധൈര്യം സംഭരിച്ച് ഞാനത് പറയാൻ തന്നെ തീരുമാനിച്ചു.

അടുക്കളയിൽ വച്ച് അമ്മായിയും ചിറ്റയും അമ്മയോട് സംസാരിച്ചത് ഞാൻ ഹരിയേട്ടനോട് പറഞ്ഞു .

“അത് ശരി, അപ്പോൾ ആ പേടി കൊണ്ടാണ് നീയിത് വരെ എൻ്റെയടുത്തേക്ക് വരാതിരുന്നത്,

എൻ്റെ ശ്വേതേ… ഞാൻ നിന്നെ ഇത്ര പെട്ടെന്ന് കൂട്ടിക്കൊണ്ട് വന്നത്, എനിക്ക് മുട്ടി നിന്നിട്ടൊന്നുമല്ല ,നീ ഇവിടുന്ന് പോയപ്പോൾ മുതൽ, ഞാനനുഭവിക്കുന്ന ഒരു ഫീലിംങ്ങ്സ്, അത് പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല ,ഇന്നാണ് എനിക്കൊരു സമാധാനമായത് ,നീയെൻ്റെ അടുത്ത് ഇത് പോലെ ഉണ്ടായാൽ മാത്രം മതി, അതിനപ്പുറമൊന്നും ഞാൻ ചിന്തിച്ചിട്ടില്ല ,അതിനൊക്കെ നിൻ്റെ മനസ്സും ശരീരവും എന്ന് പ്രാപ്തമാകുന്നു, അപ്പോൾ മാത്രമേ ഞാൻ നിന്നെ ,ഗാഡമായി ഒന്ന് ചുംബിക്കുക പോലുമുള്ളു പോരെ”

ഹരിയേട്ടൻ്റെ ആ വാക്കുകൾ, എൻ്റെ മനസ്സിലെ എല്ലാ ഉത്ക്കണ്ഠകളയും നിഷ്പ്രഭമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *