Story written by Saji Thaiparambu
ആറ് മണിക്ക് അലാറം അടിച്ചപ്പോൾ അയാൾ മൊബൈൽ ഓഫ് ചെയ്തിട്ട്, കിടന്ന് കൊണ്ട് തന്നെ ജനാല വിരിമാറ്റി, പുറത്തേക്ക് നോക്കി.
പുറത്ത് കോരിച്ചൊരിയുന്ന മഴ,അന്തരീക്ഷമാകെ ഇരുണ്ട് മൂടി കിടക്കുന്നു, ഉറക്കത്തിൻ്റെ ആലസ്യം വിട്ട് മാറാതെ, അയാൾ പുതപ്പിനുള്ളിലേയ്ക്ക് തന്നെ ഊളിയിട്ടു .
ഇന്ന് തിങ്കളാഴ്ചയാണ്ഓ?ഫീസിൽ പോകണ്ടേ?
അയാളോടൊപ്പം ഉറക്കമെഴുന്നേറ്റ ഭാര്യ, അഴിഞ്ഞ് കിടന്ന മുടിയിഴകൾ വാരിയെടുത്ത് ഉച്ചിയിലേക്ക് കെട്ടി വച്ചിട്ട് ,ജിജ്ഞാസയോടെ ചോദിച്ചു
ഓഹ്, ഞാനിന്ന് ലീവാണ്, ഈ മഴയും തണുപ്പുമായിട്ട്എ ങ്ങനെ പോകാനാണ്?
അയാളൊന്ന് കൂടി പുതപ്പിൻ്റെ അറ്റമെടുത്ത് തലവഴി മൂടി.
അത് കണ്ടിട്ട് അവൾക്ക്അ സൂയ തോന്നി .
ഈ തണുപ്പത്ത് എഴുന്നേല്ക്കാൻ തനിക്കും തോന്നുന്നില്ല ,പക്ഷേ താൻ കിടന്നാൽ കുട്ടികളെ സ്കൂളിൽ വിടണ്ടെ ? അവർക്ക് കഴിക്കാനും സ്കൂളിൽ കൊടുത്ത് വിടാനും ഭക്ഷണം തയ്യാറാക്കണം, യൂണിഫോം ഇസ്തിരിയിടണം , ഒൻപത് മണിക്ക് സ്കൂൾ ബസ്സ് വരുന്നതിന് മുമ്പ് ,കുട്ടികളെ ഒരുക്കി റോഡിലെത്തിക്കണം ,അത് കഴിഞ്ഞ് വന്നിട്ട് വേണം വീട്ടിലെ ദൈനംദിന ജോലികൾ തുടങ്ങാൻ അതോർത്തപ്പോൾ അവളുടെ ഉറക്കക്ഷീണം എങ്ങോട്ടോ പോയി.
☆☆☆☆☆☆☆☆☆☆☆☆
രാത്രിയിൽ അത്താഴം കഴിച്ചിട്ട് അയാൾ നേരത്തെ കിടന്നു .
അവൾ കുട്ടികൾക്ക് ഭക്ഷണം കൊടുത്തിട്ട്, അവരെ ഉറക്കാനായി, കൂടെ കിടന്ന് പാട്ട് പാടിക്കൊടുത്തു, പക്ഷേ, പകൽ മുഴുവൻ ചെയ്ത ജോലികളുടെ ക്ഷീണം കാരണം, അവളും ഉറങ്ങി പോയി.
പിന്നീടെപ്പോഴോ ദു:സ്വപ്‌നം കണ്ടവൾ ഞെട്ടി ഉണർന്നു.
അപ്പോഴാണോർത്തത്, അടുക്കളയിലെ സിങ്കിൽ എച്ചിൽപാത്രങ്ങൾ കുന്ന്കൂടി കിടപ്പുണ്ട് ,രാവിലെ കഴിക്കേണ്ട ദോശയ്ക്കുള്ളത് ,അരച്ച് വച്ചിട്ടില്ല, ഗ്യാസ്ഓഫ് ചെയ്തിട്ടില്ല, അടുക്കള വാതിലടച്ചിട്ടില്ല ,അവൾ വേഗം ചാടിയെഴുന്നേറ്റു.
ആ സമയം തൊട്ടപ്പുറത്ത്യാ തൊരു ടെൻഷനുമില്ലാതെ അയാൾ നന്നായി കൂർക്കം വലിച്ചുറങ്ങുന്നുണ്ടായിരുന്നു.
വീണ്ടും അവൾക്ക് അയാളോട് അസൂയ തോന്നി
അടുത്ത ജന്മത്തിൽ പുരുഷനായി ജനിച്ചിട്ട് വേണം നന്നായിട്ടൊന്നുറങ്ങാൻ
നെടുവീർപ്പിട്ട് കൊണ്ട് അവളെഴുന്നേറ്റു.