ഈ നാശം ഒന്ന് ചത്തുകിട്ടിയാൽ മതിയായിരുന്നു, എന്റെ ഉയിരെടുക്കാനായിട്ട് മാത്രം എന്തിനീ….

താളം

Story written by Arun Karthik

“പുതുവീടിന്റെ ഉമ്മറത്തു നിന്നാണ് ആ നിലവിളി കേട്ടത്.. “

അരുതാത്തതൊന്നും സംഭവിച്ചു കാണരുതേയെന്നുള്ള പ്രാർത്ഥനയിൽ തന്നെ യാണ് ദ്രുതഗതിയിൽ ഞാനാ വീട്ടിലേക്ക് ഓടിച്ചെന്നു കയറിയതും. ..

കോളേജിൽ പഠിക്കുന്ന ആൺകുട്ടിയുടെ ഇരുകരങ്ങളിലും പിടുത്തമിട്ടു ഉച്ചത്തിൽ പൊട്ടിച്ചിരിക്കുകയായിരുന്നു എന്റെ അമ്മയപ്പോൾ..

“നിന്റെ വിവാഹത്തിന് ഞാനാ..ഞാനാ വളയിടുന്നതെന്ന് “പറഞ്ഞമ്മ ക്രൂരമായ നേത്രങ്ങളാൽ അവന്റെ കരങ്ങളിൽ തുറിച്ചു നോക്കുമ്പോൾ ഭയചകിതനായി അവൻ ചുറ്റുപാടും നോക്കുന്നുണ്ടായിരുന്നു..

പിടുത്തം വിടുവിച് അവനോട് മാപ്പ് പറഞ്ഞു അമ്മയുമായി തിരികെ നടക്കുമ്പോൾ ആ വീട്ടിലെ ഗൃഹനാഥൻ ദേഷ്യത്തോടെ വിളിച്ചു പറയുന്നത് ഞാൻ കേട്ടു . .

.”ഭ്രാന്ത് ആണെങ്കിൽ വല്ല ചങ്ങലക്കും ഇട്ടുകൂടെ ഇതിനെയൊക്കെ “?

“അതേ എന്റെ അമ്മയ്ക്ക് ഭ്രാന്താണ്..”

മരുന്ന് മുടങ്ങിപോയത്കൊണ്ട് കൂടിയ ഭ്രാന്ത്. പക്ഷേ ചങ്ങലയ്ക്കിടാൻ മാത്രം ഈ ജന്മം എനിക്ക് സാധിക്കില്ല..

പറയാൻ വന്നതൊക്കെ എന്റെ തൊണ്ടയിൽ തന്നെ തങ്ങിനിന്നു.

ത്രിസന്ധ്യക്ക് ഞാൻ നിലവിളക്ക് കത്തിക്കുമ്പോൾ മുറ്റത്തെ പൊടി പാറിച്ചു ദൈവങ്ങൾക്ക് നേരേയെറിഞ്ഞു അട്ടഹസിക്കുന്ന അമ്മയുടെ ചെയ്തിയെ കണ്ടില്ലെന്നു നടിച്ചിട്ടുണ്ട് ഞാൻ.

ചോറ് വയ്ക്കാൻ കോരി വച്ച കുടത്തിലെ വെള്ളം തലവഴി കമഴ്ത്തി അടുക്കളയിൽ ചിതറി വീഴിക്കുമ്പോഴും, ശേഷം പൊട്ടിച്ചിരിക്കുമ്പോഴും, മറുത്തൊന്നും ഉരിയാടാതെ വീണ്ടും വെള്ളമെടുക്കാനായ് നടന്നുനീങ്ങാറുണ്ട് ഞാൻ..

പഞ്ചസാരപാത്രവും തേയിലപാത്രവും ഞാൻ കാണാതെ രാത്രികളിൽ അമ്മ വലിച്ചെറിയുമ്പോൾ, വടക്കേ പറമ്പിൽ നിന്നും ദിനം തോറും രാവിലെ പെറുക്കിയെടുത്തുവന്ന് കാപ്പി ഇട്ടുകൊടുക്കാറുണ്ട് ഞാൻ..

കഴിക്കാൻ കൊടുക്കുന്ന മരുന്ന് ഞാൻ കാണാതെ പുറത്തേക്ക് തുപ്പിയിട്ട് പണി കഴിഞ്ഞു വരുന്ന എന്റെ നേർക്ക് ചരൽവാരി എറിഞ്ഞു ഉച്ചത്തിൽ കൈ കൊട്ടി ചിരിക്കുമ്പോഴും ചിതറി വീഴുന്ന അമ്മയുടെ നാവിലെ ജല്പനങ്ങൾ അത്രയും കേട്ടിരുന്നിട്ടേയുള്ളു ഞാൻ.

കാരണം, ഭ്രാന്ത് ആണെങ്കിലും അത് എന്റെ അമ്മയാണ്.. ദൈവതുല്യമല്ലെങ്കിലും എനിക്കീ ഭൂമിയിൽ ആകെയുള്ള കൂട്ട്..

ഇങ്ങനെ ഒന്നുമായിരുന്നില്ല ഒരുകാലത്തു എന്റെ അമ്മ….

അമ്മന്ന് പറഞ്ഞു ഒരുരുള ചോറ് തന്നിരുന്ന, എന്നെ മടിയിലിരുത്തി പാട്ട് പാടി ഉറക്കിയിരുന്ന കാലത്തിനു പക്ഷേ, അച്ഛന്റെ അപകടമരണത്തിന് അമ്മ സാക്ഷിയാകും വരെ മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.

പിറ്റേന്ന് നേരം പുലർന്നപ്പോൾ നിറകുടവുമായി മുറിയിലേക്ക് വന്നപ്പോൾ അമ്മയെ അവിടെങ്ങും കാണാതെ പരിഭ്രാന്തിയോടെ ഞാൻ പുറത്തേക്കിറങ്ങി..

അയൽവീട്ടിലെ ജനൽ ഗ്ലാസ്‌ കല്ലെറിഞ്ഞു പൊട്ടിച്ചിട്ട് വടക്കേപറമ്പിലെ തേക്ക്മരത്തിനു പിന്നിൽ ഒളിഞ്ഞിരിന്നു പൊട്ടിച്ചിരിക്കുകയായിരുന്നു എന്റെ അമ്മ..

പുതിയ ജനൽഗ്ലാസ്‌ മേടിച്ചു തരാമെന്ന് അനുനയിപ്പിച്ചു അമ്മയെ കൂട്ടി തിരികെ നടക്കുമ്പോൾ പുതുവീട്ടുകാർ മുറ്റത്തു നിന്ന് ഞങ്ങളെ വീക്ഷിക്കുന്നുണ്ടായിരുന്നു . ഭ്രാന്തിയും മകനും അന്നാട്ടിൽ കലഹം പതിവാണെന്ന വിചേന.

അയൽവാസികളെ മൊത്തം വെറുപ്പിച്ചു വച്ചതിനാൽ അമ്മയും ഞാനും മാത്രമുള്ള ആ വീട്ടിലേക്കു ഒരാൾ പോലും തിരിഞ്ഞു നോക്കാൻ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

അയലത്തെ പുതുവീട്ടിൽ നിന്നും ഓടികിതച്ചു കൊണ്ടമ്മ വീടിനു പിന്നാമ്പുറത്തു പോയി തീപ്പെട്ടി ഉരച്ചപ്പോൾ സംശയം തോന്നിയ കൊണ്ടാണ് ഞാൻ പിന്നാലെ ചെന്ന നോക്കിയത്..

എന്റെ നിഴൽ വെട്ടം കണ്ടതും കയ്യിലിരുന്നതെല്ലാം നിലത്തു കുടഞ്ഞെറിഞ്ഞു അമ്മ വടക്കേ പറമ്പിലേക്ക് ഓടിമറഞ്ഞപ്പോൾ എന്റെ സംശയം ഇരട്ടിച്ചുവന്നു..

നിലത്ത് വീണുകിടക്കുന്നവയെല്ലാം പെറുക്കിയെടുത്തു കടലാസ്സിൽ പൊതിയുമ്പോൾ ഒരുനിമിഷം ഭൂമിപിളർന്നു ഇല്ലാതായെങ്കിൽ എന്നെനിക്കു തോന്നിപോയി. ,,

അമ്മയെടുത്തു കത്തിക്കാൻ കൊണ്ടുവന്ന അടിവസ്ത്രമുള്ള കടലാസ്പൊതി പുതുവീട്ടിലെ പെൺകുട്ടിക്ക് വച്ചു നീട്ടി തല താഴ്ത്തി നിൽക്കുമ്പോൾ നാണം കൊണ്ട് ഈ പതിനേഴുകാരന്റെ തൊലിയുരിഞ്ഞു പോയിരുന്നു.

അപ്പോഴും മറുത്തൊന്നും പറയാതെ ആ ഗൃഹത്തിലുള്ളവർ എന്നെ വിചാരണ ചെയ്യാതെ പോകാൻ അനുവദിക്കുമ്പോൾ നിറഞ്ഞു വന്ന മിഴികൾ അടക്കി വയ്ക്കാൻ ഞാൻ നന്നേ പാടുപെട്ടു. ..

ദുഃഖത്തിൽ നിന്നും ക്രോധത്തിന്റെ പരമോന്നതിയിൽ ഞാൻ തിരികെ യെത്തുമ്പോൾ മുറ്റത്തെ പേരമരത്തിന്റെ മുകളിലെ കമ്പിൽ കയറി നിൽക്കുകയായിരുന്നു അമ്മ..

ചെന്ന പാടെ വീടിനുമൂലയിലെ തടിമരതൂണിൽ തോർത്തിനാൽ അമ്മയുടെ കൈകൾ കെട്ടിയിട്ടു മൗനമായി ഉമ്മറപ്പടിയിൽ അരമണിക്കൂർ കുത്തിയിരുന്നാണ് ഞാൻ എന്റെ ദേഷ്യം തീർത്തത്..

അന്നൊരു വിഷുദിനംആയിരുന്നു,

ഉച്ചക്ക് പുതുവീട്ടിലെ രാഹുൽ വലിയൊരു പൊതിച്ചോർ എന്റെ കയ്യിൽ കൊണ്ട് വന്നു തരുമ്പോൾ അറിയാതെ എന്റെ ഇരുമിഴികളും നിറഞ്ഞു വന്നു.. കാരണം, അന്നൊരു നാഴി അരിപോലും വിശപ്പടക്കാനായ് കലത്തിൽ ബാക്കി ഉണ്ടായിരുന്നില്ല എന്നതാണ് സത്യം..

ആർത്തിയോടെ അമ്മ അത് തട്ടി പറിച്ചെടുത്ത് ഒരുരുള വായിലാക്കുന്ന സമയം ഉണ്ണാനുള്ള വ്യഗ്രതയിൽ കൈ കഴുകാനുള്ള ആവേശത്തിൽ പിന്നിലേക്ക് പോയതായിരുന്നു ഞാൻ..

മടങ്ങി വന്ന ഞാൻ കണ്ടത് തന്ന പൊതിച്ചോറ് പറമ്പിലേക്ക് വലിച്ചെറിഞ്ഞു എച്ചിൽകൈ അവന്റെ മുഖത്തും കുപ്പായത്തിലും തൂക്കുന്ന അമ്മയെയാണ്..

പെരുവിരലിൽ നിന്നിരച്ചു കയറിയ ദേഷ്യത്താൽ കൈ അടർത്തി മാറ്റി അമ്മയെ പിടിച്ചു മുറ്റത്തേക്ക് കുതറിയെറിയുമ്പോൾ അലറി കരഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു..

ഈ നാശം ഒന്ന് ചത്തുകിട്ടിയാൽ മതിയായിരുന്നു, എന്റെ ഉയിരെടുക്കാനായിട്ട് മാത്രം എന്തിനീ ഈ ഭ്രാന്തിതള്ളയെന്നു..

അന്നാദ്യമായി അങ്ങനെ ഒരു വാക്കെന്റെ നാവിൽ നിന്നും തെറിച്ചു വീണപ്പോൾ മുറ്റത്തെ മൂലയിലേക്ക് ഇരുന്നു നിരങ്ങുകയായിരുന്നു എന്റെ അമ്മ.

മുഖം വെള്ളത്തിൽ കഴുകി കൊണ്ട് തിരിഞ്ഞു വന്ന് തോളിൽ തട്ടി ആശ്വസിപ്പിക്കാനായ് അവൻ പറഞ്ഞു.

“അങ്ങനെ ഒന്നും പറയരുത് ഉണ്ണി അത് പാപമാണ്.. അമ്മയല്ലേ അറിയാതെ അല്ലെ ന്ന്.. “

“അതേ പാപമാണ്.. “

വിശന്നു പൊരിയുന്ന വയറിൽ പിന്നീട് ഞാൻ പറഞ്ഞതൊക്കെയും മാപ്പർഹിക്കാത്തവയായിരുന്നു..

മുടങ്ങിയ മരുന്നൊന്നു വാങ്ങാൻ, മൂന്നു നേരം എന്തെങ്കിലും ഒന്ന് കഴിക്കാൻ, കിട്ടുന്ന ചെറിയ പണിക്ക് പോലും കൃത്യമായി പോകാൻ സാധിക്കാറില്ല ഈ അമ്മ മൂലം

മുറിയിലേക്ക് വിരൽ ചൂണ്ടി,

രാത്രി പുറത്തിറങ്ങി മറ്റുള്ളവർക്ക് ശല്യം സൃഷ്ടിക്കാതിരിക്കാൻ കതകടച്ചു സാക്ഷയിട്ടു കനമുള്ള മേശ അതിനോട് ചേർത്തിട്ട് അതിന്റെ ചുവട്ടിലാ ഞാൻ ദിനവും ചുരുണ്ടു കൂടാറുള്ളത് . ഈ അമ്മയെ ഓർത്ത്..

രാത്രി അമ്മ ഒഴിച്ചിടുന്ന മൂത്രം കുതിർന്ന തുണിയും തറയും ദിനം തോറും വെള്ളം കൊണ്ടു വന്നു കഴുകിയിടാറുണ്ട് ഞാൻ ഒരു പരാതിയും ഇല്ലാതെ….

മനഃപൂർവം മരുന്ന് കഴിക്കാത്ത ദിനങ്ങളിൽ പാതിനഗ്നമായ ദേഹത്താൽ വടക്കേ പറമ്പിൽ അങ്ങോളമിങ്ങോളം ഓടുമായിരുന്നു അമ്മ കാഴ്ചക്കാർക്ക് മുന്നിൽ എന്നെ നാണം കെടുത്താനായി….

എന്റെ വാക്കുകൾ പൂർത്തിയാക്കും മുൻപേ രാഹുൽ അവിടെ നിന്നും പോയി ക്കഴിഞ്ഞിരുന്നു..

ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാ.. എന്ന വാക്കുകൾ പിന്നെയും മനസ്സിൽ നിറഞ്ഞു വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുമ്പോഴാണ് അവൻ തിരികെ ഓടി വന്നിട്ട് പറഞ്ഞത്..

ഉണ്ണി ഇനി വിഷമിക്കണ്ട, നാളെമുതൽ മരുന്ന് മേടിച്ചു തരാമെന്നും ആവശ്യ മെങ്കിൽ പിന്നീട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കാനുള്ള വഴി ആലോചിക്കുമെന്നും പപ്പാ എനിക്ക് വാക്ക് തന്നുവെന്നു..

വിടർന്ന കണ്ണുകളോടെ നന്ദിസൂചകമായി ഞാൻ അവന്റെ വദനത്തിലേക്ക് നോക്കി കൈകൂപ്പി..

അവൻ തിരിച്ചു പോകുമ്പോൾ ഇരുനാഴി അരിയും ചുട്ടരച്ച ചമ്മന്തിയും ഉമ്മറ തിണ്ണയിൽ വെച്ചിട്ടുണ്ടായിരുന്നു..

രാത്രിയിൽ വിളമ്പിയ കഞ്ഞി ചെറുസ്‌പൂണിൽ അമ്മയ്ക്ക് കോരി കൊടുക്കുമ്പോൾ മോനെ ഉണ്ണി ന്ന് വിളിച്ചു അമ്മ എന്റെ കയ്യിൽ കയറി പിടിച്ചു..

കുറെ വർഷങ്ങൾക്കു ശേഷമുള്ള ആ വിളികേട്ട്, ഒരായിരം വട്ടം കേൾക്കാൻ കൊതിച്ചിരുന്ന വിളികേട്ട് പഴയ കാലത്തിലേക്ക് അറിയാതെ സഞ്ചരിച്ചു പോയി ഞാൻ..

ഒരു നിമിഷം മാത്രം നീണ്ടു നിന്ന ഒരു യാഥാർഥ്യം മാത്രമാണതെന്നു എന്നരികിൽ നിന്നെണീറ്റ് കൈകൊട്ടി പൊട്ടിച്ചിരിച്ചു കൊണ്ടമ്മ ഓടിയപ്പോഴാണ് മനസ്സിലായത്.

കതകിനു സാക്ഷയിടാതെ,ജനൽ പാളികൾ തുറന്നു വച്ച്,, ചന്ദ്രിക അമ്മയുടെ വദനങ്ങളിൽ നോക്കി പുഞ്ചിരി തൂകും പോലെ അന്നാദ്യമായ്… അമ്മയുടെ അരികിൽ ആ ചൂടിൽ പറ്റിച്ചേർന്നു ഞാൻ നിദ്ര പൂകി..

പിറ്റേന്ന് രാവിലെ മരുന്നുമായി അവൻ വീട്ടു മുറ്റത്തേക്ക് കാലെടുത്തു വച്ചപ്പോൾ ഉമ്മറപ്പടിയിലിരുന്ന് കനത്തിൽ ഞാൻ ആക്രോശിച്ചു.

“ഒറ്റ ഒരെണ്ണം ഈ പടി ചവിട്ടി പോകരുത് “

അത്ഭുതസ്തബ്ധനായി തരിച്ചു നിന്ന അവനോടു ഞാൻ വീണ്ടും പറഞ്ഞു.

“അല്ലേലും ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാ”

കാര്യമറിയാതെ അവൻ നടന്നു നീങ്ങുമ്പോൾ നാട്ടുകാരിൽ ഒരാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു തള്ളയുടെ ഭ്രാന്ത് ആ മകനും പകർന്നോന്ന്…

മൂന്നു ദിവസം ഞാൻ ആ ഉമ്മറകോലായിൽനിന്നും ചലിക്കാതിരുന്നതിനാലാവാം പുതുവീട്ടുകാർ പോലീസിനെയും കൂട്ടി ആ ഗൃഹത്തിലേക്ക് വന്നു കയറിയത്..

അകത്തു പക്ഷേ,,

മുറിയ്ക്കുള്ളിൽ നിന്നും അമ്മയുടെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം പുറത്തെടുക്കുമ്പോൾ മരവിച്ച മനസ്സുമായി ഞാൻ അതിലേക്ക് നോക്കി..

എന്റെ മിഴികൾ തെല്ലും നിറഞ്ഞില്ല…

വണ്ട് മൂളണ ശബ്ദം കാതുകളിൽ തുളച്ചു കയറും പോലെ..

ചകിരിനാരു പോലെയുള്ള മുടിയിഴകൾ കോർത്തു വലിച്ചിട്ടും തലയിൽ എന്തോ ഭാരം തങ്ങി നിൽക്കും പോലെ..

മുറ്റത്തെ ചരലിൽ കാലുകൾ തളർന്നു ഞാൻ താഴേക്കു വീണു..

*****************

കണ്ണ് തുറക്കുമ്പോൾ പറമ്പിൽ അമ്മയെ കുഴിച്ചിടാനുള്ള കുഴി വെട്ടുക യായിരുന്നു..

എന്റെ അരികിൽ പുതുവീട്ടിലെ എല്ലാവരും നില്പുണ്ടായിരുന്നു..

പൊടുന്നനെ ഞാൻ കുഴി വെട്ടുന്നിടത്തേക്ക് ഓടി ചെന്നു..

കുഴിക്കുന്നിടം കല്ല് ഉള്ള ഭാഗം ആണ്.. മാറ്റി കുഴിക്കൂ.. അമ്മ കിടക്കുമ്പോൾ വേദനിക്കും. ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.

ശവപ്പെട്ടിയിൽ കുറേ തുളയിടണം.. അമ്മയ്ക്ക് കാറ്റു വേണം, രാത്രിയിൽ ഞാൻ ജനലുകൾ അടയ്ക്കാറില്ലായിരുന്നു..

മുറിയ്ക്കത്തേക്ക് ഓടിചെന്ന് ചുറ്റികയും ആണിയുമായി തിരിച്ചിറങ്ങി വരുന്ന എന്നെ രാഹുൽ പിടിച്ചു മാറ്റി..

“കാറ്റ് വേണം കാറ്റ് വേണം.. നിറയെ കാറ്റ്..”

ഞാൻ ആവർത്തിച്ചു കൊണ്ടിരുന്നു..

പൊടുന്നനെ അഴയിൽ കിടന്ന അമ്മയുടെ തുണികൾ വാരി പെറുക്കി കൊണ്ട് ഞാൻ കത്തിജ്വലിക്കുന്ന സൂര്യപ്രെഭയിലും ആകാശത്തേക്ക് നോക്കി പറഞ്ഞു..

മഴ വരുന്നുണ്ട്.. മഴ വരുന്നുണ്ട്.. ഇതെല്ലാം എന്റെ അമ്മയ്ക്ക് ഉടുക്കാൻ ഉള്ളതാ… ഉള്ളതാ..

വീണ്ടും രാഹുൽ എന്നെ പിടിച്ചു മാറ്റുമ്പോൾ അവന്റെ ഷർട്ടിന്റെ ബട്ടൻസിൽ പിടിച്ചു വലിച്ചു കൊണ്ട് ഞാൻ പറഞ്ഞു..

ഇനി ഞാൻ ദേഷ്യപ്പെടില്ല ന്ന് പറ…. അമ്മയോട് പറ…. അന്ന് ആദ്യമായി അറിയാതെ ദേഷ്യപ്പെട്ടതാ..ഞാൻ ഒറ്റയ്ക്കാന്ന് പറ.. ഞാൻ ഇനി വാതിൽ അടയ്ക്കില്ലന്നു പറ… .ഞാൻ പറഞ്ഞ കേൾക്കും.. എനിക്ക്.. എനിക്ക്.. അങ്ങനെ പറയാൻ എന്റെ അമ്മ മാത്രം ഉള്ളൂ.. എനിക്കായിരുന്നു എനിക്കായിരുന്നു ഭ്രാന്ത്…

മുറ്റത്തു മുട്ടുകുത്തി വീണു കിടക്കുമ്പോൾ ഞാൻ ഒരു ഭ്രാന്തനായി മാറിയിരുന്നോ?????

Related Posts

Leave a Reply

Your email address will not be published. Required fields are marked *