Story written by Rivin Lal
പതിമൂന്നു വർഷങ്ങൾക്കു മുൻപുള്ള ഒരു പ്ലസ് ടു ക്ലാസ് മുറി.. ബാക്ക് ബെഞ്ചിലിരുന്നു ഇംഗ്ലീഷ് പിരീഡിൽ ഞാനും രോഹനും കള്ളനും പോലീസും പേപ്പറുമായി കളിക്കുകയാണ്. ക്ലാസിൽ നടക്കുന്നതൊന്നും അറിയുന്നേ ഇല്ലാ. അപ്പോളാണ് നമ്മുടെ ടീച്ചറുടെ പെട്ടെന്നുള്ള വിളി കേൾക്കുന്നത്. “ആരാടാ അവിടെ ക്ലാസ്സിൽ കുറുകി സംസാരിക്കുന്നത്. ആ ലാസ്‌റ് ബെഞ്ചിലെ ഏബലും രോഹനും ഒന്ന് എണീറ്റെ.!!” ചോദ്യം ഞങ്ങൾക്ക് നേരെയാണെന്നു മനസിലായപ്പോൾ രണ്ടു പേരും എണീറ്റു നിന്നു. എന്തിനാടാ നീയൊക്കെ രാവിലെ തന്നെ ഒരുങ്ങി പുറപ്പെട്ടു ഇങ്ങോട്ടു വരുന്നേ..??” നീയൊക്കെ അവിടെ എന്തൊക്കെയാ കളിക്കുന്നത് എന്ന് എനിക്കറിയാം.
ഈ പോക്ക് പോയാൽ രണ്ടിന്റെയും ഭാവി വെള്ളത്തിൽ വരച്ച വര പോലെയാകും. ഇവിടെ മുന്നിൽ ഇരിക്കുന്ന അവിനാഷിനെ ഒക്കെ കണ്ട് പടിക്ക്. അവി ഇംഗ്ലീഷിൽ നിനക്കെത്രയാ മാർക്ക്.?? ടീച്ചർ അവനോടു ചോദിച്ചു. “അമ്പതിൽ നാല്പത്തെട്ടു ടീച്ചർ.!” അവൻ അഭിമാനത്തോടെ മറുപടി പറഞ്ഞു. “കേട്ടോടാ നീയൊക്കെ.. ?” അങ്ങിനെ വേണം നീയൊക്കെ പഠിക്കാൻ. നിനക്കൊക്കെ മാർക്ക് രണ്ടക്കം കടന്നിട്ടുണ്ടോ.! ടീച്ചർ ഞങ്ങളെ എല്ലാരുടെ മുന്നിൽ വെച്ച് നാറ്റിച്ചു എന്ന് വേണേൽ പറയാം. പിന്നെ എല്ലാ ക്ലാസിലും ഒരു പഠിപ്പിസ്റ്റ് ഉണ്ടാവുമെന്നതിനാലും ഞങ്ങൾ രണ്ടു പേർക്കും അല്പം തൊലികട്ടി കൂടുതൽ ഉള്ളത് കൊണ്ടും അന്ന് അതങ്ങു സഹിച്ചു.!”
പഠിക്കാൻ മോശം ആയതിനാലും സാമ്പത്തിക പ്രശ്നം കൊണ്ടും അത്യാവശ്യം തട്ടി മുട്ടി പ്ലസ് ടു പാസ്സ് ആയി കഴിഞ്ഞു അടുത്ത ഒരു വർഷം ഞങ്ങൾ രണ്ടു പേരും കൂലി പണിക്കു പോയി തുടങ്ങി. അവിനാഷ് നല്ല മാർക്കോടെ എഞ്ചിനീറിങ്ങിനും ചേർന്നു. ഒരു വർഷം കഴിഞ്ഞാണ് തുടർന്ന് പഠിക്കണം എന്ന തിരിച്ചറിവ് ഞങ്ങൾക്കും വന്നത്. അങ്ങിനെ രോഹൻ ഹോട്ടൽ മാനേജ്മെന്റിനും ഞാൻ ഡിഗ്രിക്കും ചേർന്നു. കഷ്ടപ്പെട്ടു ആത്മാർത്ഥമായി തന്നെ ഡിഗ്രി കഴിഞ്ഞു പിജിയും എടുത്തു. ആ സമയത്തു പല സ്ഥലത്തും ക്ലാസ് എടുക്കാൻ ഞാൻ പോയിരുന്നു. രോഹൻ കോഴ്സ് കഴിഞ്ഞു കൊച്ചിയിലും ഗോവയിലും ഫൈവ് സ്റ്റാർ ഹോട്ടലിൽ ജോലി ചെയ്യുക ആയിരുന്നു.
അപ്പോളാണ് ഞങ്ങൾ പ്ലസ് ടു ടീം ഒരു ഗെറ്റ് ടുഗെതർ വെക്കുന്നത്. അന്ന് എല്ലാവരും പങ്കെടുത്തു. നമ്മൾ പഠിച്ച സ്കൂളിന് വേണ്ടി നമ്മൾ എന്തേലും ചെയ്യണം എന്ന് തോന്നി ഞങ്ങൾക്ക്. അങ്ങിനെ ആ വർഷം മുതൽ ആ സ്ക്കൂളിലെ പ്ലസ് ടുവിലെ ഏറ്റവും പാവപെട്ട കുട്ടിയുടെ പഠിപ്പിന്റെ മുഴുവൻ ചിലവും ഞങ്ങളുടെ ബാച്ച് ഏറ്റെടുത്തു. എല്ലാ വർഷവും ഓഗസ്റ്റ് 15 ന് ആ പണം സ്കൂൾ അസ്സെംബ്ലിയിൽ കൊടുക്കാൻ ആയിരുന്നു പ്ലാൻ. അന്ന് ചിലർ ജോലി കിട്ടി കേറുന്നേ ഉള്ളൂ. മറ്റു പലരും പഠിച്ചു തീരുന്നേ ഉള്ളൂ. അത് കൊണ്ട് തന്നെ കയ്യിൽ ഉള്ളത് കൂട്ടി കൂട്ടി ആദ്യ വർഷത്തെ സ്വരൂപിച്ച പണം വളരെ ചെറിയ തുക ആയിരുന്നു. എങ്കിലും അത് എല്ലാ വർഷവും തുടരാൻ ഞങ്ങളുടെ ബാച്ച്തീ രുമാനിച്ചു.
പിജി കഴിഞ്ഞു ബി എഡും അതും കഴിഞ്ഞപ്പോൾ M. Phil കൂടി എടുക്കാൻ എനിക്കൊരു മോഹം. അങ്ങിനെ എം. ഫിൽ കൂടി കഴിഞ്ഞപ്പോൾ ഗൾഫിൽ നല്ലൊരു സ്കൂളിൽ എനിക്ക് അധ്യാപകനായി ജോലി കിട്ടി. രോഹൻ ഗോവയിൽ നിന്നും മുംബൈയിലും അവസാനം അമേരിക്കയിലെ ഒരു ആഡംബര യാത്ര കപ്പലിൽ പാചക വിഭാഗത്തിൽ നല്ല ഉയർന്ന ശമ്പളത്തിൽ ജോലിയും കിട്ടി പറന്നു. വർഷങ്ങൾ കടന്നു പോയി…
ഓരോ വർഷം കഴിയുമ്പോളും എല്ലാരും കൂട്ടി സ്വരൂപിക്കുന്ന തുക കൂടി കൂടി വന്നു. കാരണം എല്ലാവരും ജോലിയിൽ ഉയരുന്നതോടൊപ്പം സംഭാവനയും കൂടി വന്നു. ആദ്യത്തെ എട്ടു വർഷം നന്നായി പോയെങ്കിലും കുടുംബവും കുട്ടികളുമൊക്കെ ആയതോടെ പിന്നീട് പലരും പിന്മാറാൻ തുടങ്ങി. പക്ഷെ അപ്പോളും മുടങ്ങാതെ ഞാനും രോഹനും ഒന്ന് രണ്ടു സുഹൃത്തുക്കളും എല്ലാ വർഷവും പണമോ ചെക്ക് ലീഫോ ടീച്ചറുടെ അഡ്രസിലേക്കു അയച്ചു കൊണ്ടിരുന്നു. ആരാണ് അയക്കുന്നത് എന്ന് മാത്രം വെക്കില്ല. പകരം “ടീച്ചറുടെ പ്ലസ് ടു കുട്ടികൾ” എന്ന് മാത്രം ഒരു വാക്ക് കവറിൽ ഉണ്ടാകും. അത് ഞങ്ങളുടെ ബാച്ച് അയക്കുന്നതാണെന്നു മാത്രമേ ടീച്ചർക്ക് അറിയുമായിരുന്നുള്ളു..
അങ്ങിനെ പതിമൂന്നാമത്തെ വർഷം ഞാനും അവനും മാത്രമായി. അവൻ പറഞ്ഞു. “എടാ… ഈ ആഴ്ചയാണ് പണം കൊടുക്കേണ്ട തിയ്യതി. മറക്കണ്ട.”
“അതെ.. ഇത്തവണ നമുക്കു നേരിട്ടു കൊടുക്കണം. എന്തായാലും ഈ ആഴ്ച രണ്ടാളും നാട്ടിൽ ലീവിന് പോവല്ലേ”. ഞാൻ അവനോടു ചോദിച്ചു.എന്നാൽ അങ്ങിനെയാക്കാം എന്ന് അവനും സമ്മതിച്ചു. ആ വർഷത്തെ ഓഗസ്റ്റ് പതിനഞ്ചു രാവിലെ സമയം 8.30… ഞാനും രോഹനും കാറുമായി സ്കൂൾ മുറ്റത്തെത്തി. പഴയ ഓർമ്മകൾ ഞങ്ങളെ ഓരോന്നായി ഓർമിപ്പിച്ചു. അവസാന ബെഞ്ചിലെ മടിയന്മാർ ജീവിതത്തിൽ വിജയിച്ചു വന്ന സന്തോഷം രണ്ടാളുടെയും മനസിൽ ഉണ്ടായിരുന്നു. ടീച്ചർ അന്ന് നേരത്തെ വന്നിരുന്നു. ആ പഴയ ടീച്ചർ പ്രിൻസിപ്പൾ ആയിട്ടുണ്ടായിരുന്നു അപ്പോളേക്കും. ഞങ്ങൾ വാതിൽ മുട്ടി. “എസ്ക്യൂസ് മീ മാം..!” “യെസ്.. കം ഇൻ..!” ടീച്ചർ മൂക്കിന് മുകളിലെ കണ്ണട അല്പം മുകളിലേക്കാക്കി പറഞ്ഞു. ഞങ്ങൾ അകത്തു കടന്നു.
ടീച്ചർക്ക് ഞങ്ങളെ ഓർമ്മയുണ്ടോ.. ടീച്ചറുടെ കുറച്ചു പഴയ സ്റ്റുഡന്റസ് ആണ്.??
“ഇല്ലാ.. ഓർമ്മ കിട്ടുന്നില്ല.!!” ടീച്ചർ ഓർത്തെടുക്കാൻ ശ്രമിച്ചു.”ടീച്ചറുടെ ഒരു ബെസ്റ്റ് സ്റ്റുഡന്റ് അവിനാഷിനെ ഓർമ്മയുണ്ടോ.??” ഞാനാണ് ചോദിച്ചത്. “യെസ് യെസ്.. ഓർമയുണ്ട്.പക്ഷെ അവന് പഠിപ്പും ബുദ്ധിയും കൂടി കൂടി മയക്കു മരുന്നിനൊക്കെ അടിമയായി പോലീസ് കേസ് ആയതൊക്കെ പേപ്പറിൽ കണ്ടിരുന്നു. കഷ്ടം. അതൊക്കെ ഓർക്കുമ്പോൾ ഒരു വിഷമമാണ്.!” ടീച്ചർ വല്ലാണ്ടായി പെട്ടെന്ന്. “ടീച്ചർ.. എല്ലാ വർഷവും ആ ബാച്ചിലെ കുട്ടികൾ ഇവിടെ പണം ഏല്പിക്കാറില്ലേ”. ഞാൻ വീണ്ടും ചോദിച്ചു. “അതെയതെ. ഈ വർഷത്തെ ഫണ്ട് ഇത് വരെ ആരും തന്നിട്ടില്ല. കുറച്ചു കഴിഞ്ഞാൽ അസംബ്ലി തുടങ്ങും. എന്താ ചെയ്യേണ്ടേ എന്ന് ഞാൻ ആദി പിടിച്ചു ഇരിക്കുമ്പോളാ നിങ്ങൾ ഇപ്പോൾ വന്നേ.!” പുറത്തു ചെറുതായി മഴ പെയ്തു തുടങ്ങിയിരുന്നു..
“ടീച്ചർ.. ആ ബാച്ചിലെ പലരും ഇന്ന് പല സ്ഥലത്താണ്. ജീവിതത്തിന്റെ പല വഴിക്കു പോയി. ഇന്ന് ഈ ചടങ്ങു മുടങ്ങരുത് എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. കാരണം കഷ്ടപ്പെട്ടു പഠിക്കുന്നതിന്റെ വിഷമം നന്നായി അനുഭവിച്ചു അറിഞ്ഞവരാണ് ഞങ്ങൾ രണ്ടു പേരും. അത് കൊണ്ട് ഇത് ടീച്ചർ വാങ്ങണം. ഇത്തവണത്തെ അസ്സംബ്ലിയിൽ ഇത് കൊടുക്കണം. അതും പറഞ്ഞു ഞങ്ങൾ ഒരു വലിയ തുകയുടെ നോട്ട് കെട്ട് അടങ്ങിയ എൻവലപ് കവർ ടീച്ചറുടെ കയ്യിൽ കൊടുത്തു.” ടീച്ചർ അത് വാങ്ങുമ്പോൾ അതിശയത്തോടെ ഞങ്ങളുടെ രണ്ടു പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി കൊണ്ടിരുന്നു. “നിങ്ങളെ എനിക്കിപ്പോളും മനസിലായില്ല കുട്ടികളേ.!!” പറയൂ നിങ്ങൾ ആരാണ്.. ടീച്ചർ അതിശയത്തോടെ ചോദിച്ചു. പുറത്തു അപ്പോളേക്കും മഴ ശക്തമായി തകർത്തു പെയ്തു തുടങ്ങിയിരുന്നു..!!
“കുറച്ചു നിശബ്ദതയ്ക്കു ശേഷവും ആരാണെന്നു പറയാതെ ഞങ്ങൾ ഒരു ചെറു പുഞ്ചിരിയോടെ തിരിഞ്ഞു നടന്നു..!! മഴയത്തൂടെ ഓടി കാർ എടുത്തു ഗ്രൗണ്ടിലൂടെ പുറത്തേക്കു ഓടിക്കുമ്പോൾ ആ പഴയ പ്ലസ് ടു ക്ലാസിന്റെ ലാസ്‌റ് ബെഞ്ചിന്റെ പിന്നിലത്തെ ജനവാതിലിനു അടുത്ത് രോഹൻ ഒന്ന് ബ്രേക്ക് ചവിട്ടി നിർത്തി. ഒരു നിമിഷം മഴ തുള്ളികൾ വീഴുന്ന കാറിന്റെ ഗ്ലാസ് അല്പം താഴ്ത്തി ആ പഴയ ക്ലാസിലേക്കു നോക്കിയിരുന്നു രണ്ടു പേരും. ആ മഴത്തുള്ളികൾക്കൊപ്പം അല്പം കണ്ണ് നീരും അറിയാതെ കണ്ണിൽ നിന്നും വീണു. അവിടുന്ന് കാർ എടുത്തു പോകുമ്പോൾ കാറിന്റെ റിയർ വ്യൂ മിററിലൂടെ ഞാൻ കണ്ടു, ടീച്ചർ ഞങ്ങൾ കൊടുത്ത പണത്തിന്റെ കവറിന്റെ മുകളിൽ നോക്കി ഞങ്ങളെ തന്നെ വരാന്തയിൽ നിന്നും അതിശയത്തോടെ നോക്കി നിൽക്കുന്നത്. ആ കവറിൽ ഇത്ര മാത്രം എഴുതിയിരുന്നു. “സ്നേഹത്തോടെ ടീച്ചറുടെ ബാക്ക് ബെഞ്ചേർസ്..!”