Story written by Saji Thaiparambu
ഇതാരാ സുകുവേട്ടാ.. കൂടെ?
ജോലി കഴിഞ്ഞ് രാത്രി വൈകിയെത്തിയ ഭർത്താവിനൊപ്പം അപരിചിതനായ മറ്റൊരു പുരുഷനെ കണ്ട് ജിജ്ഞാസയോടെ ലിസ്സി ചോദിച്ചു.
ഞാൻ ചില ദിവസങ്ങളിൽ വൈകി വരാറുള്ളപ്പോൾ നിന്നോട് പറയാറില്ലേ? കൂട്ടുകാരൻ്റെയൊപ്പം ബീച്ചിൽ പോയിരുന്നു, ഡിന്നർ കഴിക്കാൻ പോയിരുന്നു, സിനിമയ്ക്ക് പോയിരുന്നു എന്നാക്കെ ,ആ കൂട്ടുകാരനാണിത് പേര് സുമിത്രൻ
നമസ്തേ ചേച്ചി
സുകു പരിചയപ്പെടുത്തുന്നതിനിടയിൽ അയാൾലിസ്സിയുടെ നേർക്ക് കൈകൂപ്പി.
അയാളുടെ അംഗചലനങ്ങളും മുഖത്തെ സ്ത്രൈണഭാവവും കണ്ടപ്പോൾ , അയാളൊരു പൗരുഷമില്ലാത്ത പുരുഷനാണെന്ന് ലിസിക്ക് മനസ്സിലായി.
എങ്കിൽ കൂട്ടുകാരനുമായി കൈകഴുകി ഇരുന്നോളു, ഞാൻ അത്താഴം വിളമ്പാം
ഹേയ്, ഞങ്ങൾക്ക് കഴിക്കാൻ ഒന്നും വേണ്ട ലിസ്സി, നല്ല ക്ഷീണമുണ്ട്, ഒന്ന് കിടക്കണം. നീ വാതിലടച്ച് പോയി കിടന്നോ? ഞാനിന്ന് സുമിത്രനോടൊപ്പം മുകളിലെ മുറിയിലാ കിടക്കുന്നത്
കുട്ടുകാരൻ്റെ കൈ പിടിച്ച് സ്റ്റെയർകെയ്സ് കയറി പോകുന്ന ഭർത്താവിനെ നോക്കി ,ലിസ്സി പകച്ച് നിന്നു.
സുകുവേട്ടനെന്തിനാ ഇങ്ങനെയൊരാളുമായി സൗഹൃദം സ്ഥാപിച്ചത് ,തനിക്കറിയാവുന്ന എത്രയോ പുരുഷൻമാരുണ്ട് അദ്ദേഹത്തിന് കൂട്ടുകാരായിട്ട്, എന്നിട്ട് ഇന്നേവരെ അവരെ ആരെയും, വീട്ടിൽ കൂട്ടികൊണ്ട് വന്നിട്ടില്ല, ആദ്യമായാണ് ഇത്തരമൊരു പ്രവൃത്തി ,അദേഹത്തിൽ നിന്നുണ്ടാവുന്നത് .
ഭർത്താവിൻ്റെ അസാധാരണമായ പെരുമാറ്റത്തിൽ പകച്ച് പോയ ലിസ്സി ,തൻ്റെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഉറക്കം വരാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.
ഒടുവിൽ തൻ്റെ ഉത്കണ്ഠകൾക്ക് ഒരു പരിഹാരം കാണാനായി ,കൂട്ടുകാരിയെ തന്നെ ആശ്രയിക്കാൻ അവൾ തീരുമാനിച്ചു.
എന്താ ലിസീ ഈ രാത്രിയിൽ എനി പ്രോബ്ളം?
ഉറങ്ങാനായി കിടക്ക വിരിക്കുമ്പോൾ, അസമയത്ത് വന്ന കൂട്ടുകാരിയുടെ കോള് കണ്ട നീരജ ,ആകാംക്ഷയോടെ ചോദിച്ചു.
ലിസി തൊട്ട് മുമ്പ് നടന്ന കാര്യങ്ങളൊക്കെ, നീരജയോട് പറഞ്ഞു
ഓഹ് അത് ശരി, അപ്പോൾ സുകുവും അത്തരമൊരു ബാഡ് ഹാബിറ്റിലേക്ക് പോയിട്ടുണ്ടാവണം
കൂട്ടുകാരിയുടെ മറുപടി കേട്ട്, ലിസ്സിക്ക് പരിഭ്രാന്തിയുണ്ടായി.
ബാഡ്ഹാബിറ്റോ ? നീരു നീയെന്താ ഉദ്ദേശിക്കുന്നത്?
ലിസ്സി കൂൾ, ഞാൻ പറയുന്നത് സംയമനത്തോടെ നീ കേൾക്കണം, സുകു, ഈയിടെയായി നിന്നോട് എന്തേലും അകൽച്ച കാണിച്ചിരുന്നോ?
എന്ന് ചോദിച്ചാൽ… കുറച്ച് ദിവസമായി ഞങ്ങളുടെ ഇടയിൽ ഒന്നും നടന്നിട്ടില്ല ,അത് പക്ഷേ ഓവർടൈം ഡ്യൂട്ടിയുള്ളത് കൊണ്ട് അദ്ദേഹം ഒരുപാട് ലേറ്റായാണ് വീട്ടിലെത്താറ് ,പിന്നെ ആഹാരം കഴിച്ചിട്ട് ക്ഷീണമാണെന്നും പറഞ്ഞ്, ഉടനെ കിടന്ന് ഉറങ്ങാറുണ്ട്, അല്ലാതെ എന്നോട് സ്നേഹ കുറവൊന്നും കാണിച്ചിട്ടില്ല
ങ്ഹാ അത് തന്നെയാണ് ഇതിൻ്റെ ലക്ഷണം ,ചില മാഗസിനുകളിലൊക്കെ ഇതിനെ കുറിച്ചുള്ള വാർത്തകളൊക്കെ ഞാൻ വായിച്ചിട്ടുണ്ട്
നീയൊന്ന് തെളിച്ച് പറ നീരൂ.. എനിക്കൊന്നും മനസ്സിലാകുന്നില്ല
എടീ..സുകുവിന് അയാളുമായി അവിഹിത ബന്ധമുണ്ടെന്ന് ,ചില പുരുഷൻമാർ ഭാര്യമാരെ മടുത്ത് തുടങ്ങുമ്പോൾ ,ഇത്തരം പ്രകൃതി വിരുദ്ധ സെ ക്സുകളിൽ അഭയം തേടാറുണ്ട്, നീ പറഞ്ഞത് വച്ച് നോക്കുമ്പോൾ ,സുകുവിലും അത്തരമൊരു മാറ്റമുണ്ടായിരിക്കുന്നു എന്ന് വേണം നമുക്കനുമാനിക്കാൻ
ഛെ! എന്തൊക്കെയാ നീ പറയുന്നത്
അതെ ലിസ്സി, ഈ ലോകത്ത് നമുക്ക് ഉൾക്കൊള്ളാൻ പറ്റാത്ത പല കാര്യങ്ങളും നടക്കുന്നുണ്ട്, എടുത്ത് ചാട്ടം ഒന്നിനും ഒരു പരിഹാരമല്ല ,നാളെ ചിലപ്പോൾ അയാൾ തിരിച്ച് പോകുമായിരിക്കും ,അതിന് ശേഷം നീ സുകുവിനോട് നയത്തിൽ കാര്യങ്ങൾ ചോദിച്ചറിയണം ,നമ്മുടെ ഊഹം ശരിയാണെങ്കിൽ, ഏത് വിധേനയും ഈ ബന്ധം ഇല്ലാതാക്കണം, അതിനുള്ള വഴിയൊക്കെ നാളെ ഞാൻ നിനക്ക് പറഞ്ഞ് തരാം, നിനക്കെന്തായാലും ഇന്നിനി ഉറങ്ങാൻ കഴിയില്ലെന്നെനിക്കറിയാം, മധുവേട്ടൻ വിളിക്കുന്നുണ്ട് ,ഞാനങ്ങോട്ട് ചെല്ലട്ടെ ഗുഡ് നൈറ്റ്
ഫോൺ കട്ടായപ്പോൾ, അവളെ വിളിക്കേണ്ടിയിരുന്നില്ല എന്ന് ലിസ്സിക്ക് തോന്നിപ്പോയി.
തൻ്റെ നെഞ്ചിലെ കനലണയ്ക്കാനാണ്, അവളെ വിളിച്ചത്, പകരം എരിതീയിൽ എണ്ണയൊഴിച്ചിട്ട് അവൾ പോയി.
പലവിധ ചിന്തകളുമായി ഉറങ്ങാതെ ലിസ്സി നേരം വെളുപ്പിച്ചു.
ഏഴ് മണിയായിട്ടും, ഭർത്താവ് ഇറങ്ങി വരാതെയിരുന്നപ്പോൾ, ലിസ്സി സ്റ്റെയർകെയ്സ് കയറി മുകളിലെത്തി, മുറിയുടെ വാതിലിൽ തട്ടി വിളിച്ചു.
ഇന്നെന്താ ഓഫീസിൽ പോകുന്നില്ലേ?
ഉറക്കച്ചടവോടെ വന്ന് വാതിൽ തുറന്ന സുകുവിനോട് ,ലിസ്സി ചോദിച്ചു.
ഓഹ് ഇന്നൊരു മൂഡില്ല ,ലീവെടുക്കാമെന്ന് വിചാരിച്ചു
കൂട്ടുകാരൻ ഇന്ന് തന്നെ പോകുമല്ലോ അല്ലേ ?അതോ സ്ഥിരം ഇവിടെത്തന്നെയങ്ങ് കൂടുമോ?
നീരജ പറഞ്ഞത് മനസ്സിലിരിക്കുന്നത് കൊണ്ട്, തെല്ല് ഈർഷ്യയോടാണ് അവൾ ചോദിച്ചത്.
ഇല്ല ചേച്ചി.. ഞാൻ ഉടനെ ഇറങ്ങുവാ ,എനിക്ക് രാവിലെ ജോലിക്ക് കയറേണ്ടതാ, ഇന്നലെ സുകുവേട്ടൻ നിർബന്ധിച്ചത് കൊണ്ടാ, ഞാനിങ്ങോട്ട് വന്നത്
അയാളുറക്കമാണെന്ന് കരുതിയ ലിസിയുടെ മുന്നിലേക്ക്, കുളിച്ചൊരുങ്ങി വന്ന കൂട്ടുകാരനെ കണ്ട്, അവൾ ചൂളിപ്പോയി
ഞാൻ പറഞ്ഞതാ ,ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് പോകാമെന്ന് ,പക്ഷേ അവന് ഭയങ്കര ധൃതി
സുകു അവനെ നോക്കി പരിഭവത്തോടെ പറഞ്ഞപ്പോൾ, ലിസ്സി തൻ്റെ അമർഷം കടിച്ചമർത്തി.
ഗേയ്റ്റ് വരെ കൂട്ടുകാരനെ കൊണ്ടാക്കിയിട്ട് തിരിച്ച് വന്ന ഭർത്താവിനെ, ലിസ്സി വാതിൽക്കൽ തടഞ്ഞ് നിർത്തി.
സുകുവേട്ടാ.. ആരാണയാൾ ?എന്തിനാണയാളെ ഇന്നലെ രാത്രി ഇവിടെ കൊണ്ട് കിടത്തിയത്, നിങ്ങൾ തമ്മിലുള്ള ബന്ധമെന്തുവാ?
നീയെന്താ ലിസ്സീ ഒരു മാതിരി പോലീസുകാരെ ചോദ്യം ചെയ്യുന്ന പോലെ ,അതെൻ്റെ കൂട്ടുകാരനാണെന്ന് ഞാനിന്നലെ തന്നെ പറഞ്ഞല്ലോ?
ഇവിടെ ഞാൻ ഉള്ളപ്പോൾ, നിങ്ങൾ കൂട്ടുകാരനൊപ്പം പോയി കിടന്നത് എന്തിനാണെന്നെനിക്കറിയണം
അവനൊരു കൂട്ടാവട്ടെയെന്ന് കരുതി
കൂട്ട് കിടക്കാൻ അയാളെന്താ കൊച്ച് കുട്ടിയെങ്ങാനുമാണോ? അതോ അയാളെ കെട്ടിപ്പിടിച്ച് കിടന്നുങ്ങാനുള്ള പൂതി കൊണ്ടായിരുന്നോ?
ലിസ്സീ…
അതൊരലർച്ചയായിരുന്നു.
നിൻ്റെ ചോദ്യത്തിലെ ധ്വനി എന്താണെന്ന് എനിക്ക് മനസ്സിലായി ,കാരണം അവന് മറ്റ് പുരുഷൻമാരെ പോലെ പൂർണ്ണതയില്ല ,അത് അവൻ്റെ തെറ്റല്ല ,ജന്മനാ ഉള്ളതാണ് ,പിന്നെ ഇന്നലെ ഞാനവനെ നിർബന്ധിച്ച് കൂടെ കൊണ്ട് വന്നില്ലായിരുന്നെങ്കിൽ, ഒരു പക്ഷേ അവനിപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നില്ല ,ആത്മഹത്യയുടെ വക്കിൽ നിന്നാണ് ഞാനവനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത് ,അതിനായ് ഇന്നലെ ഒരു പാട് നേരം ഉറക്കമിളച്ച് എനിക്കവനെ ഉപദേശിക്കേണ്ടി വന്നു
അല്ലാ.. എന്തിനാ അവൻ ആത്മഹത്യ ചെയ്യാനൊരുങ്ങിയത്?
ലിസ്സി ,പരിഹാസത്തോടെ ചോദിച്ചത്.
അതൊരു വലിയ കഥയാണ് ,അവൻ ഫെയ്സ് ബുക്കിലൂടെ ഒരു പെൺ കുട്ടിയെ പരിചയപ്പെടുകയും ,പിന്നീട് അവർ തമ്മിൽ ഇഷ്ടത്തിലാവുകയും ചെയ്തു ,പരസ്പരം നേരിൽ കാണാത്ത അവർ, മുൻ നിശ്ചയപ്രകാരം ഇന്നലെ ബീച്ചിൽ വച്ച് ആദ്യമായി കണ്ട്മുട്ടി, നേരിട്ടവനെ കണ്ടപ്പോൾ ,അവൾക്ക് അവൻ്റെ കുറവിനെ അംഗീകരിക്കാൻ കഴിഞ്ഞില്ല, അതോടെ അവനോടവൾ ഗുഡ് ബൈ പറഞ്ഞ് പോയപ്പോൾ, അവന് സഹിക്കാൻ കഴിഞ്ഞില്ല, അവർ തമ്മിൽ കണ്ട് മുട്ടിയോ എന്നറിയാനുള്ള വ്യഗ്രതയിൽ, പല പ്രാവശ്യം അവനെ വിളിച്ചിട്ട് ഫോൺ എടുക്കാതായപ്പോൾ, ഞാൻ നേരെ അവൻ്റെ വീട്ടിലേക്ക് ചെല്ലുകയായിരുന്നു ,ഞാൻ ചെന്നത് കൃത്യസമയത്തായിരുന്നു, അപ്പോൾ ഞാനവിടെ ചെന്നില്ലായിരുന്നെങ്കിൽ, ഫാനിൽ കെട്ടിയ കയറിൽ അവൻ തൂങ്ങുമായിരുന്നു
അല്ലാ… അതവൻ്റെ വിധിയാണെന്ന് കരുതണമായിരുന്നു , നിങ്ങളെന്തിനാ അവനോടിത്ര സിമ്പതി കാണിക്കുന്നത്, മറ്റ് കൂട്ടുകാരോടൊന്നും നിങ്ങൾ ഇത്രയും സ്നേഹം കാണിച്ചിട്ടില്ലല്ലോ, ഇവനെന്താ ഇത്ര പ്രത്യേകത
ഒന്നും പറയേണ്ടെന്ന് ഞാൻ കരുതിയിരുന്നതാ ,പക്ഷേ പറയാതിരുന്നാൽ നിൻ്റെ മനസ്സിൽ എന്നെ കുറിച്ച് ഒരു തെറ്റിദ്ധാരണ എന്നുമുണ്ടാവും ,അത് കൊണ്ട് മാത്രം ഞാൻ പറയാം ,മറ്റ് കൂട്ടുകാരെ പോലെ അവൻ എൻ്റെ വെറും കൂട്ടുകാരൻ മാത്രമല്ല ,എൻ്റെ അമ്മയുടെ വയറ്റിൽ പിറന്ന സ്വന്തം കൂടപ്പിറപ്പാണ് ,കൗമാര പ്രായമായപ്പോൾ, അവൻ്റെ കുറവുകളെ നാട്ടുകാർ ഒന്നടങ്കം പരിഹസിച്ചു ,നാട്ട്കാരുടെയും ബന്ധുക്കളുടെയും മുന്നിൽ തല ഉയർത്താനാവാൻ കഴിയാതെ, അച്ഛനും അമ്മയും കൂടി ഒരു ദിവസം അവനെ ഒരു പാട് വഴക്ക് പറഞ്ഞു, ആ വിഷമം താങ്ങാനാവാതെ, അന്നവൻ നാട് വിട്ടതാണ്, അതിന് ശേഷം കുറച്ച് നാൾ മുമ്പാണ് ,ഓഫീസിൽ നിന്നും ഒരു ഔദ്യോഗിക പരിപാടിക്ക്, ബാംഗ്ളൂരിലെത്തിയ ഞാൻ അവനെ അവിടെ വച്ച്കണ്ട് മുട്ടുന്നത്, എൻ്റെ നിർബന്ധപ്രകാരമാണ്, ഇവിടെ ടൗണിലൊരു ഷോപ്പിലേക്ക് അവൻ ജോലിക്ക് വന്നതും ,ഇവിടെ തന്നെ സ്ഥിരതാമസമാക്കിയതും, അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ലാത്തത് കൊണ്ട്, അവന് ഞാൻ മാത്രമേ സ്വന്തമെന്ന് പറയാനുള്ളു ,ഇങ്ങനെയൊരു കുറവുണ്ടായത് കൊണ്ട്, എനിക്കവനെ ഉപേക്ഷിക്കാൻ കഴിയില്ല ,കല്യാണം കഴിഞ്ഞ സമയത്ത് ഞാനിതൊന്നും നിന്നോട് പറയാതിരുന്നത്, അച്ഛനും അമ്മയും സമ്മതിക്കാതിരുന്നത് കൊണ്ടായിരുന്നു, പിന്നെ, ഞാനും അവനെ മറന്ന് തുടങ്ങിയിരുന്നു പാവം!
അയാൾ ,കുറ്റബോധത്തോടെ പറഞ്ഞ് നിർത്തിയപ്പോൾ ,ലിസ്സിക്കും അതൊരു സഹിക്കാനാവാത്ത നൊമ്പരമായി മാറിയിരുന്നു.