Story written by NIKESH KANNUR
ഡീ,, കാന്താരി,,
കുടിക്കാനിത്തിരി വെള്ളം ചോദിച്ചിട്ട് നീയെന്തിനാ ബെഡ്‌റൂമിലേക്ക് അമ്മയുടെ കൈയിൽ വെള്ളം കൊടുത്തു വിട്ടത്,, നിന്നോടല്ലേ ഞാൻ വെള്ളം കൊണ്ട് വരാൻ പറഞ്ഞത്,, ഞാനാകെ ചമ്മി നാശമായി,,
കിച്ചണിൽ രാത്രിയിലേക്കുള്ള കറിക്കരിഞ്ഞു കൊണ്ടിരിക്കുന്ന നീതുവിന്റെ പിന്നിൽ വന്നു കെട്ടിപിടിച്ചു നന്ദൻ കാതിൽ ഒരു മന്ത്രണം പോലങ്ങനെ പറഞ്ഞപ്പോൾ അവന്റെ ചുടു നിശ്വാസം തന്റെ കാതിനു പിന്നിൽ പതിച്ചപ്പോളുണ്ടായ ഇക്കിളിയോടെ,,ഒരു കൃത്രിമ ദേഷ്യത്തോടെ അവന്റെ പിടിയിൽ നിന്നും കുതറി മാറിക്കൊണ്ടവൾ അകത്തേയ്ക്കു വിളിച്ചു കൂവി,,
ദേ, അമ്മേ നന്ദേട്ടന് പിന്നേം കുടിക്കാൻ ചൂടു വെള്ളം വേണമെന്ന്,,
പെട്ടന്ന് അകന്നു മാറിയ നന്ദൻ അമ്മ കിച്ചണിലേക്ക് വരുന്നുണ്ടോയെന്നു പാളി നോക്കിയ ശേഷം അവളെ തന്നെ തുറിച്ചു നോക്കിക്കൊണ്ടങ്ങിനെ നിന്നു,,
ങ്ങാ,, ആ കലത്തോടെയവന് എടുത്തു കൊട് മോളെ,, അല്ലെങ്കിലുമീയിടെയായി അവനൊരിത്തിരി ദാഹം കൂടുതലാ,,
അകത്തെ മുറിയിൽ നിന്നും അമ്മയുടെ ഒരുമാതിരി ആക്കിയുള്ള ഡയലോഗ് കൂടെ ആയപ്പോൾ നന്ദന്റെ മുഖം വിളറി.. അവൻ വളരെ ദയനീയമായി നീതുവിനെ നോക്കി,,
പുറത്തേയ്ക്കു വന്ന ചിരി കടിച്ചമർത്തി അവൾ നന്ദനോടായി പറഞ്ഞു,,,
ഉം,, ഇവിടെ ഇനിയിങ്ങനെ നിന്നിട്ട് ഒരു കാര്യവുമില്ല,, പൊന്നുമോൻ ചെന്നാട്ടെ,,
കുറച്ചു ദിവസമായി കടിഞ്ഞാൺ പൊട്ടിയ കുതിരയെപ്പോലെ പകൽ നേരത്തും എന്നെ ചുറ്റിപറ്റി ഇവിടെയൊക്കെ കറങ്ങി നടക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു മോനെ,,ഈ ദാഹം, ഒരുമാതിരി സൈക്കോളജിക്കൽ ദാഹമാണെന്നു എനിക്ക് നന്നായറിയാം ട്ടാ,
ഉച്ചക്ക് റൂമിലേക്ക് പൊന്നുമോന് വെള്ളവുമായി വന്നാൽ പിന്നെ വന്ന കോലത്തിൽ തിരിച്ചു വരാൻ പറ്റില്ലെന്നറിയാവുന്നത് കൊണ്ട് തന്നെയാ മനഃപൂർവം ഞാൻ നമ്മുടെ പാവം അമ്മയുടെ കൈയിൽ തന്നെ വെള്ളം കൊടുത്തയച്ചത്,,
ഏതായാലും എന്റെ പൊന്നുമോൻ മറ്റന്നാൾ ഗൾഫിലേക്ക് പോകാനിരിക്കുവല്ലേ,,
മൂന്നു മാസത്തെ ലീവുണ്ടെന്നും പറഞ്ഞു കല്യാണം കഴിഞ്ഞു കൃത്യം ഇരുപതാം നാൾ ദുബായിലേക്കുള്ള റിട്ടേൺ ടിക്കറ്റുമായി നന്ദേട്ടൻ മുന്നിൽ വന്നു പരുങ്ങി നിന്നപ്പോൾ വിശ്വസിക്കാനാവാതെ ഒരു ഞെട്ടലിൽ നിന്ന നിൽപ്പിൽ താൻ ബോധം കെട്ടുവീണത് മുതലുള്ള കാര്യങ്ങൾ നീതുവിന്റെ മനസ്സിലേയ്ക്കോടിയെത്തി,,
കല്യാണം കഴിഞ്ഞീ വീട്ടിൽ വലതു കാൽ വച്ചു കയറിയത് മുതൽ കൂടെക്കൂടെ മൂളിപ്പാട്ടും റോമൻസുമായി തന്നെ ചുറ്റിപ്പറ്റി വന്നിരുന്ന നന്ദനെ ആ സംഭവത്തിന് ശേഷം താൻ ഓരോരോ കാരണങ്ങളുണ്ടാക്കി മനഃപൂർവ്വം അകറ്റി നിർത്തിയിരിക്കുവായിരുന്നു,,
ലീവിന്റെ യഥാർത്ഥ കാര്യം മറച്ചു വച്ച് നന്ദൻ തന്നെ പറ്റിക്കുകയായിരുന്നുവെന്ന തോന്നൽ മനസ്സിൽ
ഒരു ദുഃശീലമോ,, തന്നോട് സ്നേഹക്കുറവോ ഒന്നുമില്ലാത്ത നന്ദനോട് തനിക്കും ഉള്ളിന്റെള്ളിൽ വെറുപ്പൊന്നുമില്ല,,നിറഞ്ഞ സ്നേഹം മാത്രം,, എങ്കിലും ഒരിക്കൽ പോലും മനസ്സ് തുറന്നിടപഴകാൻ പറ്റുന്നില്ല,,എല്ലാം തികച്ചും യന്ത്രികമായിപ്പോകുന്നു,,
നീതു വീണ്ടും നന്ദനോടായി തുടർന്നു,,എന്നെയിവിടെ തനിച്ചാക്കി എത്രയും വേഗം തിരിച്ചു പോകാനല്ലേ നന്ദേട്ടന് തിടുക്കം,,ഉം,, ചെന്നാട്ടെ,, ചെന്നാട്ടെ,, ചെന്ന് അറബിയെയും മാനേജരെയും നല്ലോണം സേവിക്കൂ,,
ഞാൻ എത്ര തവണ ആ കാലുപിടിച്ചു കെഞ്ചി പറഞ്ഞു ലീവൊന്നു നീട്ടാൻ,,
ഒരു മാസം കൂടെ,, ഒരേയൊരു മാസം കൂടെയല്ലേ എന്റെ കൂടെ ഇവിടെ നിൽക്കാൻ ചോദിച്ചുള്ളൂ,,
തല്ക്കാലം എന്നെ കൂടെ കൂട്ടിയില്ലേലും നന്ദേട്ടൻ ഒരു വർഷം കഴിഞ്ഞു തിരിച്ചു വരുന്ന വരെയും ഞാനൊരു പരാതിയും പരിഭവവും പറയാതെ ഇവിടെ കാത്തിരുന്നോളാന്നു പറഞ്ഞിട്ടും സമ്മതിച്ചില്ലാന്നു മാത്രമല്ല,, ലീവിന് കൊടുത്തതുമില്ല..
ങ്ങാ,, എന്നെക്കാളും വലുത് ഏട്ടന് മറ്റെന്തൊക്കെയോ ആണ്..
അതൊക്കെ പോട്ടെ,, മോൻ ഇപ്പോൾ അപ്പുറത്തേയ്ക്ക് ചെന്നാട്ടെ,, അല്ലേൽ എന്റെ അടുത്ത വിളിയ്ക്ക് അമ്മയിപ്പോ ഇങ്ങോട്ട് വരും,,
അതേ, ഇനിയും സൈക്കോളജിക്കലായി ചൂടുവെള്ളം പോലെ വല്ലതും വേണേൽ ഇങ്ങോട്ട് വിളിച്ചു കൂവിയാൽ മതി ട്ടാ,, ഞാൻ അമ്മയുടെ കൈയിൽ തന്നെ കൊടുത്തു വിട്ടോളാം..
ഡീ,, ദുഷ്ട്ടത്തീ,, നിനക്കു ഞാൻ വച്ചിട്ടുണ്ടെടീ.. നിന്നെ ഫ്രീയായി എന്റെ കൈയിൽ കിട്ടുമല്ലോ അപ്പോൾ കാണാം..
സങ്കടവും ദേഷ്യവും കൊണ്ട് വല്ലാതായ നന്ദൻ അവളുടെ അരികിലേക്ക് വീണ്ടും ഒന്നാഞ്ഞപ്പോൾ കൈയിലിരുന്ന കത്തി കൊണ്ട് വായുവിൽ നിഷേധാത്മക ചിത്രം വരച്ചു കൊണ്ടവൾ ശബ്ദം താഴ്ത്തി പറഞ്ഞു,,
ഓഹ്,, ആയ്ക്കോട്ടെ,, അതപ്പോഴല്ലേ,, വരവ് വച്ചു.. ന്നാ സേട്ടൻ ഇപ്പോ ചെന്നാട്ടെ,, എനിക്കിവിടെ ഒരുപാട് ജോലിയുണ്ട്.. ഇല്ലേൽ പിന്നെ അമ്മയെ ഞാനിങ്ങോട്ട് വിളിക്കും,,
മനസ്സില്ലാ മനസ്സോടെ പുറത്തേക്കിറങ്ങിപോയ നന്ദൻ രാത്രിയിൽ ഏറെ വൈകിയാണ് തിരിച്ചു വീട്ടിലേക്ക് വന്നു കയറിയത്,,
ഇതിനിടയിൽ ഒരു നൂറുവട്ടമെങ്കിലും അമ്മയും താനും നന്ദന്റെ മൊബൈലിൽ മാറി മാറി വിളിച്ചു നോക്കിയെങ്കിലും കിട്ടിയിരുന്നില്ല,, മൊബൈൽ സ്വിച്ച് ഓഫായിരുന്നു..
ഇത്രേം നേരം ടെൻഷനടിച്ചിരിക്കുകയായിരുന്ന അമ്മയെയും തന്നെയും മൈൻഡ് പോലും ചെയ്യാതെ നേരെ ബെഡ്‌റൂമിൽ ചെന്നു ബെഡിൽ കമിഴ്ന്നു കിടക്കുകയായിരുന്ന നന്ദന്റെയരികിൽ ചെന്നിരുന്നു നീതു പതുക്കെ ആ ദേഹത്തേയ്ക്ക് പതുക്കെ പറ്റിച്ചേർന്ന് കിടന്നു,,
നാളെ തിരിച്ചു പോകുന്ന സങ്കടം കൊണ്ടാവും പാവം നന്ദേട്ടനിങ്ങനെ,,
പ്രവാസികളുടെ ദുരിതത്തിന്റെയും കഷ്ടപ്പാടിന്റെയും സഹനത്തിന്റെയും ഒരുപാട് കഥകൾ പണ്ട് മുതലേ കേട്ടു കേൾവിയുണ്ടെന്നല്ലാതെ തന്റെ കുടുംബത്തിൽ ആരും പ്രവാസിയല്ലാത്തോണ്ട് നേരിട്ട് തനിക്കൊന്നുമറിയില്ലായിരുന്നു,,
ആ താനാണിപ്പോ സ്വന്തം ജീവിതത്തിൽ അങ്ങനെയൊരവസ്ഥയെ മുന്നിൽ കണ്ടു പതറി നിൽക്കുന്നത്,,
ഇത്രയും ദിവസം താൻ പാവത്തിനെ ഓരോന്ന് പറഞ്ഞു മനഃപൂർവം അകറ്റി നിർത്തി,,
വേണ്ടായിരുന്നു,, എല്ലാം എന്റെ തെറ്റാണ്,,ആകെ കിട്ടിയ കുറച്ചു ദിവസങ്ങൾ വെറുതെ കളഞ്ഞു..ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത വിലയേറിയ നിമിഷങ്ങളാണതെന്നോർത്തപ്പോൾ സങ്കടം സഹിക്കാൻ വയ്യാതെ അവൾ നന്ദനെ കെട്ടിപിടിച്ചു കരഞ്ഞു,,
അവളെ തട്ടിമാറ്റി പിടഞ്ഞെഴുന്നേറ്റ നന്ദൻ നേരെ പുറത്തേയ്ക്കു നടന്നു അമ്മയുടെ കൂടെ സ്വീകരണ മുറിയിൽ ടീവിയ്ക്ക് മുന്നിൽ ചെന്നിരുന്നു..
അമ്മയുമായി രഹസ്യമായി എന്തൊക്കെയോ സംസാരിക്കുന്നത് നിറകണ്ണുകളുമായി പിന്നാലെയെത്തിയ നീതു ദൂരെ നിന്നും നോക്കി നിന്നു..
പിന്നെയവൾ തിരിച്ചു ബെഡ്‌റൂമിലേക്ക് ഓടിച്ചെന്നു ബെഡിൽ വീണു ശബ്ദമടക്കിപ്പിടിച്ചു ഇടനെഞ്ചു നുറുങ്ങും വേദനയോടെ പൊട്ടിക്കരഞ്ഞു..
എത്ര നേരം അങ്ങനെ കരഞ്ഞു കിടന്നുവെന്നു ഓർമ്മയില്ല..
തന്റെ മുടിയിഴകളിലൂടെ ആരോ തഴുകി തലോടുന്നതായി തോന്നിയപ്പോൾ നീതു ഞെട്ടിപ്പകച്ചു കണ്ണു തുറന്നു നോക്കി,,
അത് നന്ദേട്ടന്റെ അമ്മയായിരുന്നു,,അമ്മയുടെ രണ്ടു കൈയും കൂട്ടിപിടിച്ചവൾ വീണ്ടും ഏങ്ങലടിച്ചു കരഞ്ഞു,,
മോളെ,,, മോളു മനസ്സിൽ ധരിച്ചു വച്ചിരിക്കുന്നത് പോലെ എന്റെ മോൻ മോളെയും ഗൾഫിൽ കൂടെ കൂട്ടാമെന്നു വാക്ക് പറഞ്ഞു വഞ്ചിച്ചിട്ടില്ല,,
പറഞ്ഞത് സത്യം തന്നെയാ,, മോൾക്കുള്ള വിസയും റെഡിയായി വരികയായിരുന്നു,
പക്ഷെ പെട്ടന്ന് നന്ദന്റെ ജോലി സ്ഥലത്തു ചില പ്രശ്നങ്ങൾ,,,
കമ്പനിയ്ക്ക് കിട്ടിയ ചില വലിയ കോൺട്രാക്ട്ടുകൾ നഷ്ടമായി,, അതിന് ശേഷം പുതുതായി ചാർജ്ജെടുത്ത ജനറൽ മാനേജർ നന്ദനുൾപ്പടെ കുറേ പേരെ ലോങ്ങ് ലീവിന് വിടാൻ ഹെഡ്ഡോഫീസിലേക്കു റിപ്പോർട്ട് ചെയ്തിരിക്കുകയാ,,
ചിലപ്പോൾ ആളെക്കുറയ്ക്കുന്നതിന്റെ ഭാഗമായി ജോലി നഷ്ട്ടമാകാനും സാധ്യതയുണ്ടെന്ന് സങ്കടത്തോടെ അവനിപ്പൊ എന്നോട് വന്നു പറഞ്ഞു,,
അവൻ ജോലിതേടി ഒരുപാടലഞ്ഞു ആശിച്ചു മോഹിച്ച പോലെ അവന്റെ കഴിവിനൊത്തു കിട്ടിയ നല്ലൊരു ജോലി,, അതിപ്പോ തുലാസിൽ,,
ഈ വിഷയങ്ങളൊക്കെ അറിഞ്ഞിട്ടും ഇവിടെ ആരോടും പറയാതെ സ്വയം മനസ്സിലിട്ട് നമ്മുടെയൊക്കെ മുൻപിൽ സന്തോഷം അഭിനയിക്കുകയായിരുന്നു പാവമെന്റെ മോൻ,,
എത്രയും പെട്ടന്ന് ദുബായ്ക്കു തിരിച്ചു പോയി ജോലി പോകാതിരിക്കാൻ ഓഫീസിൽ ആരുടെയെങ്കിലും കാല് പിടിച്ചെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്നുള്ള ചിന്തയിലായിരുന്നു അവൻ,,
അവൻ ഒരുപാടാശിച്ചു മോഹിച്ചു അവന്റെ കഴിവിനൊത്തു കിട്ടിയ നല്ലൊരു ജോലിയായിരുന്നത്,,
ഒപ്പം ഇത്ര വേഗം നിന്നെയും വിട്ടുപിരിഞ്ഞു പോകുന്നതിലുള്ള മനോവിഷമവും,,
ഒക്കെ അറിഞ്ഞിട്ടും ഉള്ളു നീറി പുറമെ ചിരിച്ചു കൊണ്ട് നമ്മുടെയൊക്കെ മുൻപിൽ നാടകം കളിക്കുകയാരുന്നു മോളെ,,, അവൻ ,
ഒലിച്ചിറങ്ങിയ കണ്ണീർ സാരിത്തലപ്പിനാൽ തുടച്ചുകൊണ്ട് ആ അമ്മ വിതുമ്പി,
ഇത്രയും കേട്ടപ്പോ തന്നെ നീതുവിന്റെ സകല നിയന്ത്രണങ്ങളും വിട്ടുപോയി,,
ഒരു ഭ്രാന്തിയെപ്പോലവൾ അലറിക്കരഞ്ഞു കൊണ്ട് നന്ദന്റെ അരികിലേക്ക് ഓടിച്ചെന്നാ മാറിലേക്ക് വീണു,,
അന്ന് രാത്രി ഇടിയോട് കൂടി തകർത്തു പെയ്ത മഴ ഭൂമിയെ മാത്രമല്ല അവരുടെ മനസ്സിനെയും സങ്കടം വഴിമാറി കുളിരണിയിച്ചു,,
പിറ്റേന്ന് കാലത്ത് നന്ദനെ എയർപോർട്ടിൽ വച്ചു കെട്ടിപിടിച്ചു മുത്തം കൊടുത്തു യാത്രയാക്കുമ്പോൾ രണ്ടു പേരും സ്വയം മറന്നു പുഞ്ചിരിക്കുകയായിരുന്നു,,
ഇതുകണ്ട അമ്മ അത്ഭുതത്തോടെ ഇരുവരെയും മാറി മാറി നോക്കി,,
ഇന്നലെ എന്തായിരുന്നു രണ്ടും കൂടെ കരച്ചിലും ബഹളവും,,അതോക്കെ കണ്ടപ്പോൾ ഇന്ന് അവനെയിവൾ പോകാൻ സമ്മതിക്കില്ലാന്നു തന്നെയാ താനും വിചാരിച്ചിരുന്നത് ,,
ഇതിപ്പോ ഇത്ര പെട്ടെന്നെന്താ അത്ഭുതം സംഭവിച്ചത്,, രണ്ടും ഫുൾ ഹാപ്പിയിലാണല്ലോ യാത്ര പറച്ചിൽ,,
നന്ദനെ യാത്രയാക്കി തിരിച്ചു കാറിൽ വീട്ടിലേക്കു മടങ്ങുമ്പോൾ തൊട്ടടുത്തിരുന്ന് തന്നെത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുന്ന അമ്മായിയമ്മയോടായി നീതു പറഞ്ഞു,,
അമ്മേ,
ഈ പോക്കിൽ ചിലപ്പോൾ നന്ദേട്ടൻ ജോലി നഷ്ടമായി പെട്ടന്ന് തന്നെ തിരിച്ചു വന്നേക്കാം,,
അങ്ങനെ സംഭവിച്ചില്ലെങ്കിൽ,, ഉടനെ തന്നെ അമ്മയെയും എന്നെയും നന്ദേട്ടൻ അങ്ങോട്ട് കൊണ്ട് പോകും,,
അഥവാ ഇനിയെങ്ങാനും ജോലി നഷ്ടമായി തിരിച്ചു വന്നാലും എനിക്കൊരു വിഷമോം ഇല്ലമ്മേ,,
ഉള്ളത് കൊണ്ട് നമുക്ക് രണ്ടാൾക്കും എന്തെങ്കിലും ജോലിയും ചെയ്തു ഇനിയുള്ള കാലം അമ്മയോടൊപ്പം ഇവിടെ തന്നെ കഴിയാന്ന് ഞാൻ നന്ദേട്ടനോട് പറഞ്ഞു,,
എങ്ങിനെയായാലും ഉടനെത്തന്നെ നന്ദേട്ടൻ നമ്മുടെ കൂടെത്തന്നെ ഉണ്ടാവുമമ്മേ,,
ആർഭാടമൊന്നും ഒരിക്കലും ആഗ്രഹിച്ചിട്ടില്ല,, എവിടെയായാലും നന്ദേട്ടനുമൊത്തുള്ള ജീവിതം അത്രേ കൊതിച്ചുള്ളൂ,,
അതിനാണമ്മേ ഞാൻ പാവം നന്ദേട്ടനോട് കുശുമ്പോക്കെ കാട്ടി നടന്നത്,
അവൾ അമ്മയെ കെട്ടിപിടിച്ചു ആ കവിളിലൊരു സ്നേഹ ചുംബനം നൽകി..
കുറച്ചു കാലത്തിനു ശേഷം വീണ്ടും എഴുതാൻ ശ്രമിക്കുകയാണ്,, തെറ്റുകുറ്റങ്ങൾ ഉണ്ടാകും,, ക്ഷമിക്കുമല്ലോ അല്ലേ,, 🙏🙏