വിഷു
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട്
അരുതുകളുടെ കത്രികപ്പൂട്ടിൽ നിന്നും, നാടു വിമുക്തി നേടിയതു വിഷുദിനത്തിലാണ്. മൂന്നാഴ്ച്ച നീണ്ടുനിന്ന ലോക്ഡൗൺ പാരതന്ത്ര്യങ്ങളെ തുടച്ചു നീക്കി, മേടസൂര്യൻ കതിരൊളി ചിതറി നിന്നു. ആർക്കും അനുകൂലമല്ലാത്ത വിഷുഫലങ്ങളുടലെടുത്ത കാലം. മാതാപിതാക്കൾക്കും, ഭാര്യയ്ക്കും, കുട്ടികൾക്കും സഹോദരിയുടെ കുട്ടികൾക്കും വിഷുക്കൈനീട്ടം കൊടുത്താണ് ഉദയൻ്റെ വിഷുദിനമാരംഭിച്ചത്.
ഉച്ചയൂണും കഴിഞ്ഞ് സഹധർമ്മിണിയോടു കൂടെയൊന്നുറങ്ങിയെണീറ്റപ്പോൾ, വെയിൽ പടിഞ്ഞാട്ടു നീളാൻ തുടങ്ങിയിരുന്നു. ഉദയൻ, പതിയേയെഴുന്നേറ്റു. ശ്രീദേവി നല്ലയുറക്കമാണ്. ഒരു ചായ കിട്ടിയിരുന്നെങ്കിൽ, ഒന്നുഷാറായേനേ. ഉദയൻ, ചരിഞ്ഞു കിടന്ന് ശ്രീദേവിയുടെ ചുമലിൽ പിടിച്ചു പതിയേ കുലുക്കി. അവളെന്തോ പിറുപിറുത്തുകൊണ്ട് ഉദയനേ അരികിലേക്കു വലിച്ചുകിടത്തി, ഇറുകേ പുണർന്നു. ഉദയൻ പിടിവിടുവിച്ചെഴുന്നേറ്റു. ശ്രീദേവിയപ്പോൾ ചുവരരികിലേക്കു ചേർന്നു തിരിഞ്ഞുകിടന്നു. ഉദയനതു കണ്ടപ്പോൾ ചിരിയാണു വന്നത്. പാവം, നല്ല ഉറക്കമാണ്. തോണ്ടി വിളിച്ചപ്പോൾ, രാക്കാലമെന്നു കരുതിയാകും ഉടലിൽ പടരാൻ ശ്രമിച്ചത്. കട്ടിലിൽ നിന്നെഴുന്നേറ്റു.
അന്തമില്ലാതെയുറങ്ങുന്ന കൂടെപ്പൊറുക്കുന്നവളുടെ സ്ഥാനഭ്രംശം സംഭവിച്ച ഉടയാടകൾ നേരെ വിടർത്തിയിട്ട്, ചാരിയിട്ട വാതിൽ തുറന്ന്അ കത്തളത്തിലേക്കു വന്നു.
അച്ഛനും, അമ്മയും, പത്തുവയസ്സുകാരൻ ജ്യോതിഷും ടെലിവിഷനിൽ സിനിമ കാണുകയാണ്. വിഷു പ്രമാണിച്ച്, ‘അഞ്ചാം പാതിര’യാണു സിനിമ..ജ്യോതിഷ് സിനിമയിൽ അലിഞ്ഞു ചേർന്നിരിക്കു കയാണ്, അച്ഛനുമമ്മയും അതേയവസ്ഥയിൽ തന്നേ. ശ്ശോ, ഇതറിഞ്ഞിരുന്നു വെങ്കിൽ വാതിൽ കുറ്റിയിട്ടു കിടക്കാമായിരുന്നു. വെറുതേയുറങ്ങി ഒന്നൊന്നര മണിക്കൂർ കളഞ്ഞു. പുട്ടിനു തേങ്ങായെന്നപോൽ നിറയേ പരസ്യങ്ങൾ, പിന്നേയും സിനിമ. അതങ്ങനേ, തുടർന്നു പോയ്ക്കൊണ്ടിരുന്നു.
വീണ്ടും, കിടപ്പുമുറിയിലേക്കു തന്നെ തിരിച്ചുകയറി. കുളിച്ചു വസ്ത്രം മാറി, പുറത്തേക്കു പോകാനൊരുങ്ങി. മുറിക്കത്തെ ചലനങ്ങളിൽ ശ്രീദേവിയുണർന്നു. എന്നേത്തെയും കണക്കേ, ചുവരിലെ ക്ലോക്കിലേക്കു മിഴിച്ചുനോക്കി,
“ഈശ്വരാ, ഇത്ര നേരായോ? ഒന്നു കണ്ണടച്ചപ്പോളേക്കും, ഒന്നു വിളിക്കായിരുന്നില്ലേ, ഉദയേട്ടാ.. ഇന്നലെ, വീടും മുറ്റം നാലുപുറവും വൃത്തിയാക്കി അടിതുടകളൊക്കെ കഴിഞ്ഞ് കിടന്നപ്പോ പാതിരയായില്ലേ,എന്നിട്ട്, എന്നെ ഉറങ്ങാൻ സമ്മതിച്ചോ..? എല്ലാം കഴിഞ്ഞു കിടന്നുറങ്ങിയപ്പോൾ ഒരു മണിയാവാറായിരുന്നു. ഉദയേട്ടന് അമ്മ ചായ തന്നോ?ഇല്ലെങ്കിൽ, ഞാൻ വച്ചു തരാം. അഞ്ചു മിനുറ്റ് മതി.”
ശ്രീദേവി, അഴിഞ്ഞുലഞ്ഞ മുടി വലിച്ചു ചുറ്റിക്കെട്ടി വേഗമെഴുന്നേറ്റു.
“ചായ വേണ്ടെടി, ഞാനൊന്നു ടൗണിൽ പോയിട്ടു വരാം. വിഷുവല്ലേ, എല്ലാ കടകളും തുറന്നിട്ടുണ്ട്. ഒന്നു പുറത്തിറങ്ങിയിട്ട് എത്ര നാളായി. നാളെ, മാർക്കറ്റിൽ ചുമടെടുക്കുമ്പോൾ കിതക്കുമോയെന്തോ, നീ, നോക്ക്യേ…. ഞാനിത്തിരി തടിച്ചില്ലേ?”
ശ്രീദേവിക്കു ചിരി വന്നു.
” ഇല്ല, മിസ്റ്റർ ലോഡിംഗ്കാരൻ, നിങ്ങളിപ്പോളും കട്ടമസിലുകാരൻ തന്നേ, കിതപ്പും, കുന്തോമൊന്നുമില്ല, എനിക്കറിഞ്ഞൂടെ”
അതിലെ ഫലിതമാസ്വദിച്ച്, ഉദയൻ ഉമ്മറത്തേക്കു വന്നു. ബൈക്ക് സ്റ്റാർട്ടു ചെയ്തു. ശ്രീദേവിയുടെ കൈവീശലിനു പ്രത്യഭിവാദ്യം ചെയ്തു, ബൈക്കു മുന്നോട്ടു നീങ്ങി. നഗരത്തിലേക്ക്.
പച്ചക്കറി മാർക്കറ്റ് അടഞ്ഞുകിടക്കുകയാണ്. അതിർത്തികൾ കടന്നു ചരക്കുലോറികൾ വരാനിരിക്കുന്നതേയുള്ളൂ. നാളെ മുതൽ ജോലിയുണ്ടാകും. പുലർച്ചക്കു ടൗണിലെത്തണം.ഉച്ചക്കു മുൻപേ, ലോഡുകളിറക്കി മടങ്ങും. നല്ല അദ്ധ്വാനമുണ്ട്, അതുപോലെ തന്നേ നല്ല വരുമാനവും. നല്ല സീസണുകളിൽ, ഗസറ്റഡ് ഉദ്യോഗസ്ഥരേക്കാൾ ശമ്പളം ലഭിക്കാറുണ്ട്.
ടെക്സ്റ്റൈൽഷോപ്പുകൾ തുറന്നിട്ടുണ്ട്..നഗരത്തിലെ, മുന്തിയ വസ്ത്ര വ്യാപാരസ്ഥാപനത്തിൽ തന്നെ കയറി. ഓണത്തിനും, വിഷുവിനും കുടുംബാംഗങ്ങൾക്കു പുതുവസ്ത്രങ്ങളെടുക്കുക പതിവാണ്. ഇത്തവണയിത്തിരി കഷ്ടതയിലാണെങ്കിലും പതിവു മുടക്കുന്നില്ല. അച്ഛനുമമ്മയ്ക്കും പ്രായമേറുകയാണ്. അടുത്ത വിഷുവിന് ആരൊക്കെയുണ്ടാകു മെന്നാർക്കറിയാം. പലരും, തികച്ചും അപ്രതീക്ഷിത മായാണ് ഭൂമിയിൽ നിന്നും, മാഞ്ഞുപോകുന്നത്. പ്രായ ലിംഗഭേദങ്ങളില്ലാതെ.
ഷോപ്പിൽ തരക്കേടില്ലാത്ത തിരക്കുണ്ടായിരുന്നു. ശ്രീദേവിയേയും കൂടെക്കൂട്ടാമായിരുന്നു. അവളെ കൊണ്ടുവന്നാൽ, നാളെ കഴിഞ്ഞാലും വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പു തീരില്ല. റാക്കിലെ സാരികൾ മുഴുവനും ചിക്കിപ്പെറുക്കി, അതിലൊന്നു തിരഞ്ഞെടുത്തു സെറ്റുമുണ്ടകളുടെ സെക്ഷനിലേക്കു നടക്കുമ്പോളാവും, പ്രതിമയുടുത്ത സാരി കാണുക..ഉടനേ, ആ നേരം വരെ തിരഞ്ഞുകിട്ടിയ സാരിയുപേക്ഷിച്ചു പ്രതിമക്കു പിന്നാലെ പോകും. ഒപ്പം നിൽക്കുന്ന തനിക്കു തലക്കു ഭ്രാന്തു പിടിക്കും. തനിയെ വന്നെടുത്താൽ, അരമണിക്കൂർ കൊണ്ടു സംഗതി തീരും..പാകമാകാത്തതും, ഇഷ്ടപ്പെടാത്തതും ശ്രീദേവി കൊണ്ടുവന്നു മാറിയെടുത്തോളും.
ഇനി ശ്രീദേവിയുടെ അനുജനു കൂടി ഒരു ഷർട്ടെടുക്കണം, റെഡിമെയ്ഡ്. റെഡിമെയ്ഡു സെക്ഷനിലേക്കു നടന്നു..രണ്ടാം നിലയിലാണ്..ഷർട്ടിൻ്റെ വിഭാഗത്തിൽ ഇന്ന് എടുത്തുതരാൻ ആളുകൾ കുറവാണ്..വിഷുവാകാം കാരണം. തനിക്കും, അച്ഛനും ഷർട്ടിനു തുണിയാണു പതിവ്. ശ്രീദേവിക്ക്, അമ്മയും ആങ്ങളയും മാത്രമേയുള്ളു. അച്ഛൻ, ശ്രീദേവിയുടെ കുട്ടിക്കാലത്തേ മരിച്ചു. എന്തോ ആലോചിച്ചു കൗണ്ടറിനരികിലേക്കു നീങ്ങുമ്പോൾ, ഒരു വിളികേട്ടു ഞെട്ടിത്തിരിഞ്ഞു.
“ഉദയൻ, എന്താ ഇത്ര ആലോചന?”
അഹാ, ഗീതേച്ചിയാണ്. ഒപ്പം ജോലി ചെയ്യുന്ന ഷാജുവേട്ടൻ്റെ ഭാര്യ. ഗീതേച്ചി ഈ ഷോപ്പിലാണെന്നോർത്തില്ല,
“എന്താ ഗീതേച്ചി, വിഷുവായിട്ടു അവധിയെടുത്തില്ലേ? ഷാജുവേട്ടൻ എന്തു പറയണൂ? ലോക്ഡൗൺ കാലത്ത് വീട്ടിലുണ്ടായിരുന്നോ?”
ഗീതേച്ചിയുടെ മുഖം, തെല്ലു വിവർണ്ണമായി. ചമയങ്ങളില്ലാതെ, ചന്ദനക്കുറിയിലും രക്തചന്ദനമാലയിലും ആ മുഖം പ്രത്യേകിച്ചൊരു വിശുദ്ധിയാൽ പ്രസരിക്കും പോലെ തോന്നിച്ചു . ലാളിത്യം, ഒരാൾക്കെത്ര അഴകു നൽകാമെന്നതിനു തെളിവാണു ഗീതേച്ചി.
“ഷാജുവേട്ടനുണ്ടോ ലോക് ഡൗൺ, രാവിലെ വീട്ടിൽ നിന്നു പോകും, അന്തിക്കു തിരിച്ചുവരും. വീടിനടുത്തേ പാറമയുടെയരികിൽ ചീട്ടുകളിയാണ്. എല്ലാ ബീവറേജും ബാറും പൂട്ടീന്നു കേൾക്കണൂ, ഷാജുവേട്ടൻ്റെ വൈകുന്നേരങ്ങളിലെ ഗന്ധം മ ദ്യത്തിൻ്റേയും സിഗരറ്റിൻ്റേയുമാണ്. കളിച്ചുകളയാൻ ഇനിയൊന്നുമില്ല. വാടകവീട്, ഈ കരാർ കാലാവധി കഴിഞ്ഞാൽ ഒഴിയാൻ പറഞ്ഞിട്ടുണ്ട്.
മോള്, ഈ വർഷം പത്താംക്ലാസിലേക്കാണ്. ആരോടു പറയാൻ, ഉദയനാണോ ഷർട്ട്? എത്രയാ അളവ്?”
“എനിക്കല്ല ചേച്ചീ, ശ്രീദേവിയുടെ ആങ്ങളയ്ക്കാണ്. എനേക്കാൾ നന്നായി മെലിഞ്ഞിട്ടാണ്. നാൽപ്പത് സൈസ് എടുത്തോ? പാകമായില്ലെങ്കിൽ, ശ്രീദേവി വന്നു മാറ്റിക്കോളും.”
“അതിശയം ഉദയിനിപ്പോഴും ശ്രീദേവിയുടെ വീട്ടുകാർക്ക് വസ്ത്രമെടുക്കാറുണ്ടോ?
ഇവിടെയതു കല്യാണത്തിൻ്റെ ആദ്യവർഷം മാത്രമാണുണ്ടായത്. എത്ര അദ്ധ്വാനിച്ചിട്ടാണ് നിങ്ങൾ പൈസയുണ്ടാക്കുന്നത്. ഷാജുവേട്ടനും, ഒരു ദിവസംപോലും മുടങ്ങില്ലാ, ഉദയനറിയാലോ, എന്നിട്ടും”
ഗീതേച്ചി പറഞ്ഞു നിർത്തി. ശരിയാണ്, ഷാജുവേട്ടൻ അവധികളില്ലാതെ ജോലിക്കു വരും. ശമ്പളദിവസം ഷാജുവേട്ടൻ്റെ പതിവു പഴമൊഴി കേൾക്കാം.
“ഡാ, ഉദയാ.. നമ്മളാർക്കു വേണ്ടിയാ ജീവിക്കണേ? നമ്മള് നമ്മൾക്കു വേണ്ടി ജീവിക്കണം. എല്ലാവരും, സ്വന്തം കാര്യം വരുമ്പോൾ അവനവനേത്തന്നേയേ സ്നേഹിക്കൂ. ഞാൻ, ഉച്ചക്കു ജോലി കഴിഞ്ഞിറങ്ങുമ്പോൾ ബാറിൽക്കേറി ‘ഓ ൾഡ് മങ്ക് റം’ മൂന്നു പെ ഗ് കഴിക്കും. പെഗിനു നൂറുരൂപാ റേറ്റിൽ, ടിപ്പും ഫുഡുമൊക്കെയായി അഞ്ഞൂറു രൂപയാകും. പിന്നേ, സന്ധ്യയ്ക്കു വന്നൊരു മൂന്നെണ്ണം കൂടി. കാശെത്ര വേണമെന്ന്, നീ ആലോചിച്ചു നോക്ക്യേ;.റമ്മേ കഴിക്കൂട്ടാ, കുത്തില്ലാണ്ടിരിക്കാൻ. കാലത്തെഴുന്നേറ്റു പണിക്കു വരണ്ടേ.”
ഗീതേച്ചി, ഷർട്ടുകൾ തിരഞ്ഞെടുത്തു കൊണ്ടേയിരുന്നു. ഏറെ പ്രസന്നമായിരുന്നു അവരുടെ മുഖമെങ്കിലും അടുത്തറിയാവുന്നവർക്കു മാത്രം തിരിച്ചറിയാനാകുന്ന വിധത്തിൽ ആ കൺ തടങ്ങളിൽ വിഷാദം ഘനീഭവിച്ചു കിടന്നു.അതിനിടയിൽ ഉദയനു മാത്രം കേൾക്കാവുന്ന വിധത്തിൽ പറഞ്ഞു.
“ഇതൊന്നും പോരാണ്ട്, ലോട്ടറിയെടുക്കലും. ആരു പറഞ്ഞാലും കേൾക്കില്ല. ആരേയും അനുസരിക്കുകയുമില്ല. പുറത്തേക്ക് ആരോടും കലഹങ്ങൾക്കു പോകില്ല.ചമഞ്ഞേ നടക്കൂ, പക്ഷേ, എൻ്റെ ശമ്പളമില്ലായിരുന്നുവെങ്കിൽ അടുപ്പിൽ തീ പുകയില്ലാന്നു മാത്രം. ഈ മറൂൺ ഷർട്ട് എടുത്തോളൂ. ഉദയൻ്റെ അളിയൻ നന്നായി വെളുത്തിട്ടല്ലേ? ശ്രീദേവിയേ.പോലെത്തന്നേ, ഇതു, ചേരും. ശ്രീദേവിയോടു അന്വേഷണം പറയണം ട്ടാ, എന്തെങ്കിലും എക്സ്ചേഞ്ചു ചെയ്യാനുണ്ടെങ്കിൽ, വരുമ്പോൾ ഞാൻ മുകൾനിലയിലുണ്ടെന്നു പറയണം.
അവളെക്കണ്ടിട്ട്, ഏറെ നാളായി”
ഗീതേച്ചിയോടു യാത്ര പറഞ്ഞിറങ്ങി. അവർ പുഞ്ചിരിയോടെ കൈവീശി. ചമയങ്ങളില്ലാതെയും എത്ര തീഷ്ണസൗന്ദര്യമാണു ചേച്ചിക്ക്. വിഷാദത്തിൻ്റെ സ്ത്രീ ഭാവം. ഗോവണിയിറങ്ങി കാഷ് കൗണ്ടറിലേക്കു നടക്കുമ്പോൾ, ഷാജുവേട്ടൻ്റെ ശബ്ദം കാതുകളിൽ മുഴങ്ങുന്നതായി തോന്നി.
“ഡാ, ഉദയാ, പെണ്ണുങ്ങളെ കാഴ്ച്ചയ്ക്കുള്ള ഭംഗികൊണ്ടു കാര്യമില്ല. നമ്മുടെയൊരു അടുപ്പക്കാരിയുണ്ട്. ഭർത്താവു പുറത്താണ്. ഈയടുത്താണ് ഞാൻ പരിചയപ്പെട്ടത്. അവളെ, കൈ കഴുകി തൊടണം. അത്ര ഭംഗി. കഴിഞ്ഞയാഴ്ച്ച, ഞാൻ അവളുടെ വീട്ടിൽ പോയിരുന്നു. അവളുടെ കാതുകൾക്കു പുറകിലേക്കു മുഖം കൊണ്ടുചെന്നപ്പോൾ, ഒരസഹ്യ ഗന്ധം. കാറിയ വെളിച്ചെണ്ണയുടേയോ, പഴുത്ത ചെവിയുടേയോയെന്നറിയില്ല. എനിക്കു ചർദ്ദിക്കാൻ വന്നു. ഒരു തരത്തിലാണ്, കാര്യങ്ങൾ അവസാനിപ്പിച്ചത്.
അവളിടയ്ക്കു വിളിക്കും, ഞാൻ പോകാറില്ല”
പണം കൊടുത്തു, കവറുകളുമായി ബൈക്കിൽ കയറുമ്പോളും, ഷാജുവേട്ടൻ്റെ വിടലച്ചിരി കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു. ബൈക്ക് ടാർ നിരത്തിലൂടെ മുന്നോട്ടു നീങ്ങി. ഒരിത്തിരി കമ്പിത്തിരിയും മേശപ്പൂവും, തലച്ചക്രവും ലാത്തിരിയുമെല്ലാം വാങ്ങണം. എങ്കിലേ, മോൻ്റെ മുഖത്ത് വെളിച്ചം നിറയൂ.
ഷോപ്പിംഗ് തീർന്നപ്പോൾ സന്ധ്യയാകാറായി. ഉദയൻ വീട്ടിലേക്കു യാത്ര തിരിച്ചു..ശ്രീദേവിയുടെ കയ്യിൽ നിന്നും, കടുപ്പത്തിലൊരു ചായ വാങ്ങിക്കുടിക്കണം. എന്നാലേ ഒരുഷാറുണ്ടാകൂ. ഉറങ്ങാൻ കിടക്കും നേരം ഗീതേച്ചിയെ കണ്ട കാര്യം പറയണം. ഷാജുവേട്ടൻ്റെ ലമ്പടത്വങ്ങളേപ്പറ്റി മൗനം ഭജിക്കാം. വെറുതേയെന്തിന് ഒരാളുടെ പ്രതിരൂപത്തേ തച്ചുതകർക്കണം.
ഉദയൻ യാത്ര തുടർന്നു, കണിക്കൊന്നകൾ പൂത്ത വഴികൾ താണ്ടി, വീടെന്ന സ്വർഗ്ഗത്തിലേക്ക്. അപ്പോളും, ഹൃദയത്തിൽ ഒരു മുഖവും പ്രാർത്ഥനയും ബാക്കിയാകുന്നു. ഗീതേച്ചിയുടെ മുഖവും, അവർക്കു നന്മ വരണമേയെന്ന പ്രാർത്ഥനയും…..