ഉമയെ കോരിയെടുത്ത് രാഘവന്‍ റൂമിലെക്ക് നടന്നു.. അയാളുടെ ഉളളിലിരിപ്പ് എന്താണെന്ന് ഉമക്ക് മനസിലായില്ല…..

രാഘവന്‍റെ പെണ്ണിടങ്ങള്‍

എഴുത്ത്:- ആദി വിഹാൻ

പതിവില്ലാതെ ഉച്ചയൂണിന് രാഘവന്‍ വീട്ടിലേക്ക് കയറിവരുമ്പോള്‍ കട്ടിലില്‍ കിടക്കുന്ന ഉമയേയാണ് കാണുന്നത്.. അവള്‍ അ ടിവയറില്‍ കൈ അമര്‍ത്തി വേദന കടിച്ചമര്‍ത്തി കിടന്ന് പുളയുകയായിരുന്നു..

”എന്താടീ ഈ സമയത്ത് കിടന്നുറങ്ങുന്നത്.. കഞ്ഞിവിളമ്പെടി എ രണം കെട്ടവളെ.”

രാഘവന്‍റെ കനത്ത ശബ്ദംകേട്ട ഉമ കട്ടിലില്‍ നിന്നും പിടഞ്ഞെഴുന്നേറ്റു.. അവള്‍ക്ക് നിവര്‍ന്നുനില്‍ക്കാന്‍ ആവതുണ്ടായിരുന്നില്ല.. വേദനമൂലം അ ടിവയര്‍ അമര്‍ത്തിപ്പിടിച്ച് അവള്‍ കുനിഞ്ഞു നിന്നു.. പി രീഡ് സമയം നേരത്തെ എത്തിയതായിരുന്നു അവള്‍ക്ക്…

”എനിക്കിന്ന് തീരെ വയ്യായിരുന്നു ഏട്ടാ.. കിടക്കായിരുന്നു.. അതോണ്ട് കഞ്ഞിവച്ചിട്ടില്ല..”

പറഞ്ഞ് തീര്‍ന്നതും ഉമയുടെ മുഖമടച്ച് രാഘവന്‍ ഒന്നു കൊടുത്തു.. അടികൊണ്ട് ഉമ നിലവിളിയോടെ താഴെവീണു..

”പിന്നെ നിന്‍റെ ത ന്തവന്ന് ഇവിടുത്തെ കാര്യംനോക്കുമോടി..? നാലുനേരവും നിനക്ക് നക്കാന്‍ ഞാന്‍ കൊണ്ട്വന്ന് തരുന്നില്ലേ.. വെട്ടിവിഴുങ്ങുകയല്ലാതെ നിനക്ക് വെറെ പണിഒന്നും ഇല്ലല്ലോ ഇവിടെ.”

രാഘവന്‍ പതിവുപോലെ ഭരണിപ്പാട്ട് തുടങ്ങിയത് കേട്ട് വഴിയെപോകുന്ന ചിലര്‍ പിറുപിറുത്തു..

”അലവലാതി.. ഏത് നേരത്താണോ ഈ പെണ്ണിന് ഇവന്‍റെകൂടെ ഇറങ്ങിപ്പോരാന്‍ തോന്നിയത്.. മനുഷ്യപറ്റില്ലാത്ത ജന്തു..”

അടികൊണ്ട് താഴെവീണ ഉമ ഇടത് കൈകൊണ്ട് വായ് പൊത്തി നിലത്ത് ചുരുണ്ടുകൂടി..

രാഘവന്‍ കാലുയര്‍ത്തി ഉമയെ ഒരു തൊഴി കൊടുത്തു..

”നിര്‍ത്തെടി നിന്‍റെ അഭിനയം.. ഞാന്‍ മേല്‍കഴുകി വരുമ്പോളേക്കും ഇവിടെ കഞ്ഞിയായിട്ടില്ലെങ്കില്‍ നിന്‍റെ ശവമടക്ക് ഞാനിന്ന് നടത്തും ഓര്‍ത്തോ..”

രാഘവന്‍ പ്രാകിപ്പറഞ്ഞ് തൊട്ടടുത്തുളള അരുവിയിലേക്ക് മേല്‍കഴുകാനായി ഇറങ്ങിനടന്നു..

രാഘവന്‍ തിരിച്ചുവരുമ്പോളേക്കും അരി അടുപ്പത്തിട്ട് വേവിക്കണം.. അല്ലെങ്കില്‍ അയാള്‍ വീണ്ടും കണ്ണില്‍ചോരയില്ലാതെ തന്നെ ഉപദ്രവിക്കുമെന്ന് ഉമക്കറിയാമായിരുന്നു..

ഉമ നിലത്തുനിന്നും കൈകുത്തി എഴുന്നേറ്റു.. വീണിടത്ത് തറയില്‍ അല്‍പം രക്ത പ്പാട് അവള്‍ കണ്ടു… അടികൊണ്ട് ചുണ്ട് പൊട്ടിയിട്ടുണ്ട്.. പക്ഷേ ഇത് അതല്ല.. അവള്‍ വലത് കൈകൊണ്ട് മാക്സിയുടെ പുറക് വശം തടവിനോക്കി.. അതെ അതുതന്നെ നനവ് പടര്‍ന്നിട്ടുണ്ട്.. വലത് കൈയില്‍ രക്തം പറ്റിപ്പിടിച്ചിട്ടുണ്ട്.. അവള്‍ ഇടത് കൈയിലേക്ക് നോക്കി… ചുണ്ടുപൊട്ടിയൊലിച്ച രക്തം ഇടതുകൈയിലും പറ്റിപ്പിടിച്ചിട്ടുണ്ട്…

രക്തംപുരണ്ട ഇരു കൈകളിലേക്കും അവള്‍ മാറിമാറിനോക്കി.. അടിവയറ്റിലും വേദന ചുണ്ടിലും അസഹ്യമായനീറ്റല്‍… അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.. ഒരു ആണായി ജനിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ എന്ന് അവള്‍ ആഗ്രഹിച്ചു..

ആരോടുപറയും തന്‍റെ വേദനകള്‍.? കേള്‍ക്കാനെങ്കിലും ഒരാളുണ്ടായിരുന്നെങ്കില്‍.. അവള്‍ തലയുയര്‍ത്തിനോക്കി.. ചുമരില്‍ ആരാധനാമൂര്‍ത്തിയായ ദേവി പുഞ്ചിരിച്ചു നില്‍ക്കുന്നു..

രക്തവര്‍ണ്ണമായ ഇരു കൈകളും അവള്‍ ദേവിയുടെ നേരെ നീട്ടി.. അവളുടെ കണ്ണുകള്‍ ചാലിട്ടൊഴുകിയിരുന്നു…

”കണ്ടില്ലേ.. ആരുമില്ലാത്തവളായത് കൊണ്ടല്ലെ..? ഇത്രകാലമത്രയും നിന്നോട് എന്‍റെ വേദനകള്‍ പറഞ്ഞിട്ടും എന്നെ നീ ഒന്ന് തിരിഞ്ഞ് നോക്കിയില്ലല്ലോ.. എന്നെ നോക്കാത്ത നിന്നെ എനിക്കും വേണ്ട..”

വാശിയോടെ ഉമ ചുമരില്‍ നിന്നും ദേവിയുടെ ഫോട്ടോ പറിച്ചെടുത്ത് വീടിന്‍റെ മൂലയിലേക്കെറിഞ്ഞു… പിന്നെ അരി അടുപ്പത്തേക്കിടാനായി അടിവയര്‍ അമര്‍ത്തിപ്പിടിച്ച് അവള്‍ അടുക്കളയിലേക്ക് കൂനിക്കൂടിനടന്നു..

ആണിയില്‍ നിന്നും ദേവിയുടെ ഫോട്ടോ പറിച്ചെടുക്കുമ്പോള്‍ ഉമയുടെ വലത് കൈയിലെ രക്തക്കറ ദേവിയുടെ പുഞ്ചിരിക്കുന്ന മുഖത്തെ വിരൂപമാക്കിയിരുന്നു..

ഈ സമയം മേല്‍ കഴുകാന്‍ പോയ രാഘവന്‍ ഉടുമുണ്ടും വിയര്‍പ്പുപറ്റിയ ഷര്‍ട്ടും അഴിച്ച് അരുവിയിലേക്ക് ഇറങ്ങിയിരുന്നു.. ഉച്ചവെയിലിന്‍റെ ചൂടില്‍ ശരീരത്തെ തണുത്തവെളളം പൊതിഞ്ഞപ്പോള്‍ രാഘവന്‍ നിര്‍വൃതിയോടെ കണ്ണടച്ചു.. അല്‍പനേരം വെളളത്തില്‍ ആഴ്ന്നുകിടന്നതിന് ശേഷം തലയുയര്‍ത്തിനോക്കിയ രാഘവന്‍ പകച്ചുപോയി..

അപ്പോള്‍ രാഘവന്‍ ദൂരെയുളള മറ്റൊരുനാട്ടില്‍ പെണ്ണുങ്ങളുടെ കടവിലാണുണ്ടായിരുന്നത്… പരിചിതമല്ലാത്തയിടത്തില്‍ മുങ്ങിനിവര്‍ന്ന രാഘവനെ കുളിക്കടവിലെ പെണ്ണുങ്ങളെല്ലാം തുറിച്ചുനോക്കി..

കൂട്ടത്തിലുളള വയസ്സായ ഒരു സ്ത്രീ അതിശയഭാവത്തില്‍ ചോദിച്ചു..

”പെട്ടെന്നെങ്ങനെ പൊട്ടിമുളച്ചുവന്നെടീ നീ.. ആട്ടെ ന്താ നിന്‍റെ പേര്.. കണ്ടിട്ടില്ലല്ലോ ഇവിടെ.?”

ചോദ്യംകേട്ട് രാഘവന്‍ പുറകിലേക്ക് തിരിഞ്ഞുനോക്കി.. പുറകില്‍ മറ്റാരുമില്ല തന്നോടാണ് ചോദ്യം…

”രാഘവന്‍..”

അത് കേട്ട് കടവിലെ പെണ്ണുങ്ങളെല്ലാം ആര്‍ത്തുചിരിച്ചു.. ചിലര്‍ രാഘവനെ നോക്കി പിറുപിറുത്തു..

”കിലുങ്ങിയ കേസാ.. അതാണ് ഇങ്ങനെയൊക്കെ പറയുന്നത്..”

അടക്കംപറച്ചില്‍ കേട്ട രാഘവന്‍ പെണ്ണുങ്ങളുടെ കുളിക്കടവില്‍നിന്നും ഒഴിഞ്ഞ് പോകാനായി വെളളത്തില്‍ നിന്നും എഴുന്നേറ്റു.. പക്ഷേ ഉടനെതന്നെ നിലവിളിച്ചുകൊണ്ട് അയാള്‍ തന്‍റെ ശരീരം വെളളത്തില്‍ ഒളിപ്പിച്ചു…

രാഘവന്‍ തന്‍റെ മുഖത്തും ശരീരഭാഗങ്ങളിലൂടെയും വേവലാതിയോടെ തടവിനോക്കി… ഇതെങ്ങനെ സംഭവിച്ചു..? താന്‍ സ്വപ്നം കാണുകയാണോ.. എല്ലാംമാറിമറിഞ്ഞിരിക്കുന്നു.. അരയും തലയും മു ലയുമൊത്ത ഒരു പെണ്ണായിമാറിയിരിക്കുന്നു താനെന്ന് രാഘവന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല..

രാഘവന്‍ പരിഭ്രാന്തനായി.. തന്‍റെ അവസ്ഥ ഓരോന്നായി കടവിലെ മറ്റുപെണ്ണുങ്ങളെപ്പറഞ്ഞ് വിശ്വസിപ്പിക്കാന്‍ അയാള്‍ ശ്രമങ്ങള്‍നടത്തി.. പക്ഷേ അയാളുടെ പെണ്ണുടല്‍ അതില്‍ പരാജയപ്പെട്ടു..

പരസ്പരബന്ധമില്ലാതെ സംസാരിക്കുന്ന പെണ്ണിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് മറ്റുളളവര്‍ കണക്കാക്കി.. സഹതാപം തോന്നിയ അവര്‍ അവള്‍ക്ക് ഉടുവസ്ത്രങ്ങള്‍ നല്‍കി…

ധൈര്യമെല്ലാം ചോര്‍ന്ന്പോയ രാഘവന്‍ ഒരു സാധാരണപെണ്ണിന്‍റെ മാനസീക നിലയിലേക്കെത്തിയിരുന്നു..

ഏതാണ് സത്യം ഏതാണ് മിഥ്യ എന്നറിയാതെ രാഘവന്‍ തന്‍റെ അസ്ഥിത്വംതേടി അലഞ്ഞു.. തന്നെ ഈ അവസ്ഥയില്‍ അറിയുന്നവര്‍ ആരെങ്കിലുമുണ്ടോയെന്ന് അയാള്‍ അന്വേഷിച്ചു.. അവളെ അറിയുന്നവര്‍ ആരുംതന്നെയുണ്ടായിരുന്നില്ല ആ നാട്ടില്‍..

വൈകുന്നേരമായി…

എങ്ങനെയെങ്കിലും തന്‍റെ വീട്ടിലെത്തിയിരുന്നെങ്കിലെന്ന് രാഘവന്‍റെ മനസ്സ് കൊതിച്ചു… പക്ഷേ പതിയെ പതിയെ നാടും വീടും പഴയ ഓര്‍മ്മകളും അയാളെ വിട്ടൊഴിഞ്ഞിട്ടുണ്ടായിരുന്നു..

കൈയിലാണെങ്കില്‍ ചില്ലിക്കാശില്ല.. റോഡിലൂടെ ഒറ്റക്ക് നടക്കാനും അവള്‍ ഭയപ്പെട്ടു.. നിരത്തില്‍ ഒറ്റക്കായിപ്പോയ അവളെ ചിലര്‍ പിന്‍തുടര്‍ന്നു.. റേറ്റ് എത്രയാണെന്ന് ചോദിച്ച് ച ന്തിക്കിട്ട് ചിലര്‍ മുട്ടിയുരുമ്മി.. രാഘവന് അവരോട് അറപ്പും വെറുപ്പുംതോന്നി പക്ഷേ പ്രതികരിക്കാന്‍ രാഘവന്‍റെ പെണ്‍മനസിന് ഭയമായിരുന്നു..

ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിയപ്പോള്‍ പിന്‍തുടര്‍ന്ന ചിലര്‍ അവളെ ബ ലാല്‍ക്കാരമായി കയറിപ്പിടിച്ചു…

രാഘവന്‍ ഭയന്ന് നിലവിളിച്ചോടി..

ഭയന്നോടുമ്പോള്‍ മുന്‍പില്‍കണ്ട ഓരാളോട് അവള്‍ സഹായമഭ്യാര്‍ത്ഥിച്ചു..

പോകാന്‍ ഒരിടമില്ലെന്ന് പറഞ്ഞപ്പോള്‍ രക്ഷകനായ അയാള്‍ അവള്‍ക്ക് ജീവിതത്തിലേക്കും ഒരു തുണയായി.. അയാല്‍ തന്‍റെ വീട്ടിലേക്ക് അവളെ കൂട്ടി കൊണ്ടുപോയി.. ആപത്തില്‍ സഹായിച്ച അയാളൊട് രാഘവന്‍റെ പെണ്ണിടങ്ങള്‍ക്ക് ഇഷ്ടംതോന്നി…

അവര്‍ക്കിടയില്‍ ദിനങ്ങള്‍കഴിഞ്ഞുപോയി..

രാഘവന്‍ മാനസികമായും ശാരീരികമായും ഒരു പെണ്ണായിമാറി… അവള്‍ കണ്ണെഴുതി, പൊട്ടുതൊട്ടു, കാതില്‍ കമ്മലിട്ടു.. തന്‍റെ മേനിയഴകില്‍ അവള്‍ അഭിമാനം കൊണ്ടു.. വീട്ടുജോലികളില്‍ അവള്‍ തന്‍റെ സന്തോഷങ്ങളെ കണ്ടെത്തി..

അഭയം നല്‍കിയ ആള്‍ ആദ്യകാലങ്ങളില്‍ അവളോട് സ്നേഹത്തോടെ പെരുമാറിയെങ്കിലു പിന്നീട് അയാളുടെ സ്വഭാവം പൂര്‍ണ്ണമായും മാറി..

വര്‍ഷം രണ്ട് കഴിഞ്ഞുപോയി.. രാഘവന്‍റെ പെണ്‍ജീവിതം നരകതുല്ല്യമായി രാഘവന്‍റെ പെണ്ണുടലിനെ അനുവാദമില്ലാതെ ബലമായി അയാള്‍ കീ ഴ്പെടുത്തികൊണ്ടിരുന്നു.. പ്രതികരണശേഷിയില്ലാതെ കിഴടങ്ങിനില്‍ക്കുക എന്നുളളത് ഒരു ഓപ്ഷന്‍ മാത്രമാണ് അവള്‍ക്കുണ്ടായിരുന്നത്..

രാഘവന്‍റെ പെണ്‍ശരീരത്തെ അയാള്‍ ആവശ്യമില്ലാത്ത കാര്യത്തിന്പോലും ശകാരവാക്കുകളോടെ മര്‍ദ്ദിച്ചു..

രാഘവന്‍റെ ആര്‍ത്തവദിനങ്ങള്‍ കഠിനമായിരുന്നു… അടിവയര്‍ അമര്‍ത്തി വേദനയോടെ അവള്‍ കട്ടിലില്‍ കിടന്നു പുളഞ്ഞു.. ഒരു തലോടലിനും ഒരു സ്വാന്ത്വന വാക്കിനുമായി അവള്‍ കൊതിച്ചു.. തന്‍റെ തലവിധി ഒാര്‍ത്ത് അവള്‍ വിലപിച്ചു..

വര്‍ഷം അഞ്ചുകഴിഞ്ഞു.. രാഘവന് ഭര്‍ത്താവില്‍ ഒരു പെണ്‍കുഞ്ഞുപിറന്നു… കുഞ്ഞിന് മറ്റാരുടേയോ ഛായയാണെന്ന് പറഞ്ഞായിരുന്നു പിന്നെയുളള മര്‍ദ്ദനം.. ഭര്‍ത്താവിന് കാരണങ്ങള്‍കണ്ടെത്തി ഉപദ്രവിക്കാനുളള ഒരു ഉപകരണം മാത്രമായി അവള്‍..

ജീവിതം കുഞ്ഞിനുവേണ്ടി അവള്‍ മാറ്റിവച്ചു… അവളുടെ പുഞ്ചിരികളില്‍ രാഘവന്‍റെ പെണ്‍മനസ് ആനന്ദം കണ്ടെത്തി…

യാദൃശ്ചികമായി ഒരിക്കല്‍ അവള്‍ ഭര്‍ത്താവിന്‍റെ ഒരു കുടുംബവീട്ടില്‍ പോയി… വീടിന് അടുത്തുളള അരുവി കണ്ടപ്പോള്‍ രാഘവന് അരുവിയില്‍ ഇറങ്ങാന്‍ അതിയായ ആഗ്രഹമുണ്ടായി..

കുഞ്ഞിനെ മറ്റൊരാളുടെ കൈയില്‍കൊടുത്ത് രാഘവന്‍ അരുവിയിലേക്കിറങ്ങി.. വല്ലാത്ത ക്ഷീണംതോന്നിയ അവള്‍ അല്‍പം ആശ്വാസത്തിനായി അരുവിയില്‍ മുങ്ങി അല്‍പസമയത്തിന് ശേഷം വെളളത്തില്‍നിന്നും ഉയര്‍ന്ന രാഘവന്‍ ഒരു നിമിഷത്തേക്ക് പരിഭ്രമിച്ചുപോയി..

ആറ് വര്‍ഷംമുന്‍പ് രാഘവന്‍ കുളിക്കാനിറങ്ങിയ കുളിക്കടവിലാണ് ഉളളതെന്ന് അയാള്‍ക്ക് മനസിലായി..

പെണ്ണുടലിന് പകരം തനിക്ക് തന്‍റെ ആണ്‍ശരീരം തിരികെലഭിച്ചത് രാഘവനെ അതിയായി ആഹ്ളാദിപ്പിച്ചു.. അവിടെ നിന്നാല മറ്റെന്തെങ്കിലും സംഭവിക്കുമോയെന്ന് ഭയപ്പെട്ട് കടവില്‍നിന്നും രാഘവന്‍ കരക്ക് കയറി..

കുളിക്കാനിറങ്ങിയ സമയത്ത് അയാള്‍ ഊരിയിട്ട ഉടുമുണ്ടും ഷര്‍ട്ടും കരക്ക് മണലില്‍കിടക്കുന്നുണ്ടായിരുന്നു..

ആറുവര്‍ഷത്തിനിടക്ക് വീട്ടില്‍ എന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്നറിയാന്‍ രാഘവന്‍ വേവലാതിയോടെ വീട്ടിലേക്ക് ഓടി…

”ഉമേ.. ഉമേ.. എവിടെയാണ് നീ.?”

അല്‍പം മുന്‍പ് മേല്‍കഴുകാനായി കടവിലേക്ക് പോയ ഭര്‍ത്താവിന്‍റെ ശബ്ദം കേട്ട ഉമ പരിഭ്രമിച്ചു.. അടുപ്പത്തിരിക്കുന്ന കഞ്ഞി ഇനിയും വേവായിട്ടില്ല.. ഭയപ്പാടോടെ അവള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അടുപ്പിലേക്ക് കൂടുതല്‍ വിറകുകള്‍ വച്ച് ശക്തിയായി ഊതി.. പുക ശ്വസിച്ച അവള്‍ കൊക്കിക്കുരച്ച് അടിവയര്‍ അമര്‍ത്തിപ്പിടിച്ച് നിലത്തിരുന്നു..

അപ്പോളേക്കും രാഘവന്‍ ഉമയെ അന്വേഷിച്ച് അടുക്കളയിലേക്ക് ഓടിക്കയറിവന്നിരുന്നു.. നിലത്ത് കൂനിക്കൂടി ഇരിക്കുകയായിരുന്ന ഉമ രാഘവനെകണ്ട് പിടഞ്ഞെഴുന്നേറ്റു..

കഞ്ഞിവേവാത്തതിന് രാഘവന്‍ തന്നെ ഉപദ്രവിക്കുമെന്ന് ഉറപ്പുളള അവള്‍ ഭയക്കുന്ന കണ്ണുകളോടെ ചുമരിലേക്ക് ചാരിനിന്നു.. ഭയന്ന് വിറക്കുന്ന ചുണ്ടുകളോടെ അവള്‍ പിറുപിറുത്തു..

”കഞ്ഞി.. കഞ്ഞിവേവായിട്ടില്ല ഏട്ടാ..”

ഉമയുടെ നില്‍പ്പും ഭയന്നമുഖവും നിസ്സാഹായാവസ്ഥയും കണ്ട രാഘവന് വേദനതോന്നി.. ഒരു നിമിഷത്തേക്ക് തന്‍റെ പെണ്ണവസ്ഥകള്‍ രാഘവന്‍റെ മനസിലൂടെ മിന്നിമറഞ്ഞു.. താന്‍ കണ്ടതും അനുഭവിച്ചതും വെറും ഒരു സ്വപ്നം മാത്രമല്ല മറ്റെന്തൊക്കെയോ ആണെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു..

രാഘവന്‍ ഉമയെ ചേര്‍ത്തുപിടിക്കാനായി സ്നേഹത്തോടെ കൈ ഉയര്‍ത്തി.. തന്നെ ഉപദ്രവിക്കാനാണെന്ന് കരുതിയ ഉമ ഭയന്ന് കണ്ണുകള്‍ ചിമ്മി ചൂളി നിന്നു.. പക്ഷേ അവളുടെ പ്രതീക്ഷകള്‍ക്കപ്പുറം രാഘവന്‍ അവളെ നെഞ്ചോട് ചേര്‍ത്ത് നെറുകയില്‍ ഒരു മുത്തംനല്‍കി..

രാഘവന്‍റെ പ്രവൃത്തിയില്‍ ഉമക്ക് പ്രത്യേകമായ വികാരങ്ങളൊന്നും തോന്നിയില്ല.. അവള്‍ ഒരു ശിലപോലെ രാഘവന്‍റെ നെഞ്ചില്‍ ഒട്ടിനിന്നു.. കിടപ്പറയിലെ വന്യമായ വികാരതളപ്പിലെ ചില സയങ്ങളില്‍ മാത്രമാണ് അയാളില്‍ നിന്നും അങ്ങിനെയുളള കലാപരിപാടികള്‍ ഉമ കണ്ടിട്ടുളളത്..

ഉമയെ കോരിയെടുത്ത് രാഘവന്‍ റൂമിലെക്ക് നടന്നു.. അയാളുടെ ഉളളിലിരിപ്പ് എന്താണെന്ന് ഉമക്ക് മനസിലായില്ല.. ഈ വയ്യാത്ത സമയത്ത് അയാള്‍ തന്നെ കീഴ്പെടുത്താനാണോയെന്ന് ഉമ ഭയപ്പെട്ടു..

ഉമയെ കട്ടിലിലേക്ക് കിടത്തി ഒന്നും പറയാതെ രാഘവന്‍ തിരികെ അടുക്കളയിലേക്ക് നടന്നു.. തന്‍റെ കെട്ട്യോന്‍റെ പെരുമാറ്റം ഉമയില്‍ അങ്കലാപ്പുണ്ടാക്കി… കട്ടിലില്‍ നിന്നും എഴുന്നേറ്റ അവള്‍ അടുക്കളയിലേക്ക് എത്തിനോക്കി…

രാഘവന്‍ അടുപ്പില്‍ കഞ്ഞിക്ക് തീ കത്തിക്കുന്നതും കറിക്കായുളളത് നുറുക്കുന്നതും കണ്ട് ഉമക്ക് വല്ലായ്മതോന്നി.. അവള്‍ രാഘവന്‍റെ അരികിലേക്ക് ചെന്നുകൊണ്ട് പറഞ്ഞു..

”ഏട്ടാ അതെല്ലാം ഞാന്‍ ചെയ്യാം.. ഏട്ടനിത് എന്താണ്പറ്റിയത്..?”

ഉമയുടെ സ്നേഹത്തോടെയുളള ചോദ്യം രാഘവനെ വേദനിപ്പിച്ചു.. താന്‍ കാര്യമില്ലാതെ ഉമയെ എത്രമാത്രം ദ്രോഹിച്ചിരുന്നു എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് അതിയായ കുറ്റബോധം തോന്നി..

”നീ ഭയക്കേണ്ട പെണ്ണെ.. എനിക്ക് ഒന്നും പറ്റിയില്ല.. ചില തിരിച്ചറിവുകള്‍ വൈകിയാണെത്തുക.. നീ കിടന്നോളൂ.. ഭക്ഷണം തയ്യാറായിട്ടു ഞാന്‍ വിളിക്കാം..”

അടിവയര്‍ അമര്‍ത്തി രാഘവനെ സഹായിക്കാന്‍ അടുക്കളയില്‍ തന്നെ നില്‍ക്കുന്ന ഉമയെ കണ്ട രാഘവന്‍ അവളെ രൂക്ഷമായൊന്നു നോക്കി..

”എന്നെ ദേഷ്യംപിടിപ്പിക്കാന്‍ നില്‍ക്കരുത്.. അകത്തുപോയി കിടന്നോ അതാണ് നിനക്ക് നല്ലത്..”

രാഘവനെ ശരിക്കറിയാവുന്ന ഉമ വേഗം അടുക്കളയില്‍ നിന്നും പുറത്തുകടന്നു.. കട്ടിലില്‍ കിടക്കുമ്പോള്‍ അവളുടെ ചിന്തകള്‍ മുഴുവനും രാഘവന്‍റെ അസ്വഭാവികമായ പെരുമാറ്റത്തെകുറിച്ചായിരുന്നു..

കഞ്ഞിയും കറികളും റെഡിയായ സമയം രാഘവന്‍ ഉമയെവിളിച്ചു.. ഭര്‍ത്താവിന്‍റെ കറിക്കൂട്ടിന്‍റെ രുചിയും സ്നേഹത്തോടെയും കരുതലോടേയുമുളള പരിചരണവും ഉമയുടെ അത്ഭുതപ്പെടുത്തി..

ദിനങ്ങള്‍കഴിഞ്ഞുപോയി..

രാഘവന്‍റെ പുതിയ ഒരാളായിമാറി.. പെണ്ണുടലിന്‍റെ ഓര്‍മ്മകള്‍പേറുന്ന രാഘവന്‍ ഉമയെ സ്നേഹത്തോടെയും കാരുണ്യത്തോടേയും നെഞ്ചോട് ചേര്‍ത്തുപിടിച്ചു..

പ്രണയിക്കപ്പെട്ട പെണ്ണിന്‍റെ കണ്ണുകള്‍ക്ക് തിളക്കം കൂടി.. കവിളുകള്‍ തുടുത്തു.. ദിനങ്ങള്‍ കഴിയുന്നതിനനുസരിച്ച് ഉമ കൂടുതല്‍ സുന്ദരിയായിവന്നു..

ഉമയുടെ വീട്ടിലെ ദിവസേനയുളള വഴക്ക് ഒരു ദിവസംകൊണ്ട് അവസാനിച്ചത് അയല്‍ക്കാരേയും അത്ഭുതപ്പെടുത്തി..

രാഘവന്‍റെ മനസിലെ ഒരു വലിയ രഹസ്യം പുറംലോകമറിയാതെ ചുരുളഴിയാത്ത ഒരു രഹസ്യമായിതന്നെ നിലകൊണ്ടു..

(ആശയം ഒരു പുരോഹിതന്‍റെ നരകത്തെ കുറിച്ചുളള പ്രസംഗത്തില്‍നിന്നും കടമെടുത്തത്.)

Related Posts

Leave a Reply

Your email address will not be published. Required fields are marked *