ഉറങ്ങാൻ കിടക്കുന്നതിനിടയിൽ രേണു ഹരിദേവിനോട് ചോദിച്ചു….

സംസാരിക്കാത്ത രണ്ടാം ഭർത്താവ്

എഴുത്ത്:-ഡോ.റോഷിൻ

കല്യാണം കഴിഞ്ഞ അന്ന് തൊട്ട് രേണു ശ്രദ്ധിക്കുന്നതാണ് തൻ്റെ ഭർത്താവ് തന്നോട് അധികം ഒന്നും സംസാരിക്കുന്നില്ല .

അവൾ വളരെ സ്നേഹത്തോടെ ചെന്നാലും അയാൾ ഒഴിഞ്ഞു മാറുന്നു .

രേണുവിൻ്റെ ആദ്യ കല്യാണമാണിത് ,പക്ഷെ തൻ്റെ ഭർത്താവായ ഹരിദേവിൻ്റെ രണ്ടാമത്തെ കല്ല്യാണവും .

ആദ്യത്തെ കല്യാണം അവർ തമ്മിലുള്ള കുറെ പ്രശ്നങ്ങൾ കൊണ്ട് ഡിവോഴ്സ് ആയിട്ട് ഇപ്പോൾ മൂന്ന് കൊല്ലം കഴിഞ്ഞിരിക്കുന്നു .

പക്ഷെ രേണുവിനു അതൊരു പ്രശ്നമല്ലായിരുന്നു .

പക്ഷെ തൻ്റെ ഭർത്താവ് തന്നോട് സംസാരിക്കാത്തതിൽ അവൾക്ക് വളരെ യധികം വിഷമമുണ്ടായിരുന്നു .

അങ്ങനെയിരിക്കെ ,ഒരു ദിവസം ഹരിദേവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അവൾ അമ്മയോട് ചോദിച്ചു .

രേണു :- എന്താ ഹരിയേട്ടൻ്റെ ആദ്യത്തെ കല്യാണം ശരിയാകാതെ ഇരുന്നത് .

ഈ ചോദ്യത്തിനു അമ്മ മറുപടിയൊന്നും പറഞ്ഞില്ല .

അത് അവൾക്ക് വിഷമമുണ്ടാക്കി , പക്ഷെ അവൾ അതു പുറത്തു കാണിച്ചില്ല .

അന്നു രാത്രിയും ,അവൾ അയാളോട് സംസാരിക്കാൻ ശ്രമിച്ചു ,പക്ഷെ അധികം സംസാരിക്കാതെ …, അയാൾ പെട്ടെന്ന് തന്നെ കിടന്നുറങ്ങി .

ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലൊ ,അവൾ നാത്തൂനെ വിളിച്ച് കാര്യം തിരക്കി .

“എന്താ ഹരിയേട്ടൻ മിണ്ടാത്തത്”…. എന്ന് ?

പക്ഷെ ,നാത്തൂനും അതിനു മറുപടി പറഞ്ഞില്ല .

അവൾക്ക് വീണ്ടും വിഷമമായ് …., മനസ്സ് നീറി .അന്നു രാത്രി ഹരിദേവ് വന്നപ്പോൾ ,അവൾ അവൻ്റെ മുന്നിൽ നിന്ന് പൊട്ടി കരഞ്ഞു .

” എന്നോട് ,എന്താ … മിണ്ടാത്തത് ” ..?!

അവൾ മുഖം തുടച്ചു കൊണ്ട് ചോദിച്ചു .

ഹരിദേവിന് ഇതു കണ്ട് സഹിക്കാൻ പറ്റിയില്ല ,അവൻ അവളോട് സംസാരിച്ച് തുടങ്ങി .

സമയം ,കടന്നു പോയത് അറിഞ്ഞില്ല …..

12 മണി കടന്ന് പോയ് 1 മണിയായ് …

അത് 2 ആയ് …. മൂന്നായ് … അങ്ങനെ നാല് മണിയായ് …

അവൾക്ക് സന്തോഷമായ് .

രേണു :- ഹരിയേട്ടാ .. എനിക്ക് ഉറക്കം വരുന്നു ,നമുക്ക് കിടന്നാലൊ …

ഹരിദേവ്: – ആ … സംസാരിച്ചു കൊതി തീർന്നില്ല ,ബാക്കി നാളെ സംസാരിക്കാം .

രേണുവും ഹരിദേവും ഉറങ്ങാൻ കിടക്കുന്നതിനിടയിൽ രേണു ഹരിദേവിനോട് ചോദിച്ചു.

” ഹരിയേട്ടാ … ആദ്യത്തെ കല്യാണം ശരിയാകാതിരുന്നത് എന്തുകൊണ്ടാ ..??.” .

ഹരിദേവ് മനസ്സ് തുറന്നു .

“എൻ്റെ ആദ്യ ഭാര്യയ്ക്ക് ഭയങ്കര ഉറക്കമായിരുന്നു ,നാല് മണിയാകുമ്പോഴേക്കും അവൾ കിടക്കും” .

രേണു തല പൊക്കി ചോദിച്ചു …

ഏത് വൈകുന്നേരം നാലു മണിക്കൊ? .!

ഹരിദേവ് :- അല്ലെന്നെ … ഞാൻ അവളോടു സംസാരിച്ചിരിക്കും രാത്രി ,പക്ഷെ വെളുപ്പിനെ ഒരു നാല് മണിയാകുമ്പോഴേക്കും കിടക്കണം എന്നു പറയും അവൾ …, എൻ്റെ സംസാരം ഓവറാണെന്നാ അവൾ പറയുന്നത് ,അത് അവൾക്ക് പറ്റുന്നില്ല …. അതാണ് ഡിവോഴ്സിനു കാരണം, എന്നാണ് അവൾ പറയുന്നത് .

അതുകൊണ്ടാണ് നിന്നെ കെട്ടിയപ്പോൾ എൻ്റെ അമ്മയും പെങ്ങളും നിന്നോട് അധികം സംസാരിക്കേണ്ട എന്ന് പറഞ്ഞത്,പക്ഷെ ഇനി കുഴപ്പമില്ലല്ലൊ … നിനക്ക് ഞാൻ സംസാരിക്കുന്നതല്ലെ? ഇഷ്ട്ടം ….!

ഇതൊക്കെ കേട്ട് …. വന്ന ഉറക്കം എങ്ങോട്ടൊ പോയ് കണ്ണ് മിഴിച്ചു നിന്ന രേണുവിനോട് ഹരിദേവ് പറഞ്ഞു .

“വേഗം ഉറങ്ങിക്കൊ , നമുക്ക് നാളെ കുറച്ച് നേരം കൂടി സംസാരിച്ചിരിക്കാം ” .

Related Posts

Leave a Reply

Your email address will not be published. Required fields are marked *