എങ്കിലും അവളെ എന്റെ കഷ്ടപ്പാടിലേക്ക് ക്ഷണിക്കാൻ കഴിയാത്തതുകൊണ്ട് ഞാൻ എന്റെ ആഗ്രഹം ഉള്ളിലൊതുക്കി….

പ്രണയസാഫല്യം

എഴുത്ത്: അശ്വനി പൊന്നു

“അജ്മൽ ഇക്ക എന്താ ഇങ്ങനെ നോക്കി ഇരിക്കുന്നത് “

“ഒന്നുമില്ല ലച്ചു ഞാൻ വെറുതെ ഇങ്ങനെ …….”

“വെറുതെ ഇങ്ങനെ ഇരുന്നിട്ടാണോ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് പറ ഇക്ക എന്താ കാര്യം “

“ഒന്നുമില്ലെടീ ഞാൻ എന്റെ പാറുവിനെ കുറിച്ച് ഓരോന്ന് ഓർത്തിരിക്കുകയായിരുന്നു “

“അതാരാ പാറു “

പാറുവിനെ കുറിച്ചറിയാൻ ലച്ചുവിന്റെ കണ്ണിലെ ആകാംക്ഷ കണ്ടപ്പോൾ എനിക്ക് ചിരി വന്നു അതിനു ശേഷം പാറു ആരാണെന്ന് പറയാൻ തുടങ്ങി ……

“എടീ എന്റെ പാറുവിനെ ക്കുറിച്ചോർക്കുമ്പോൾ തന്നെ എന്റെ മനസ്സിൽ തെളിയുന്നത് വർഷങ്ങൾക്ക് മുൻപ് പൂമംഗലത്തെ ഉമ്മറക്കോലായിൽ നിന്നും മുൻവരിയിലെ രണ്ടു പല്ലുകളും പോയി മോണ കാട്ടിചിരിക്കുന്ന എന്റെ പാറുക്കുട്ടിയുടെ മുഖമാണ്…

അന്നൊക്കെ അവളുടെ അമ്മ സുഭദ്ര തമ്പുരാട്ടിക്ക് വലിയ അയിത്തമായിരുന്നു. അതിന്റെ തെളിവായിരുന്നു ആരും കാണാതെ മുസ്ലിം ചെക്കന്റെ കൂരയിൽ കൂടെ കളിക്കാൻ വരുന്നതിനു അവളുടെ കാലിൽ പതിയുന്ന പേരവടിയുടെ പാടുകൾ…

എങ്കിലും അവൾ സമയം കിട്ടുമ്പോൾ എല്ലാം ആരും കാണാതെ എന്റെ അടുത്തേക്ക് ഓടിവരുമായിരുന്നു….അന്നൊക്കെ എന്റെ ഉമ്മ അവളെ വിലക്കുമായിരുന്നെങ്കിലും പേരവടിയുടെ പാടുകൾ കാലിൽ പതിയാൻ അവൾ പിന്നെയും ഓടി വരുമായിരുന്നു

കാലങ്ങൾ കടന്നുപോകവേ അയിത്തവും ആചാരവുമെല്ലാം ഒരു പരിധിവരെ കുറഞ്ഞു അതുകൊണ്ട് തന്നെ എനിക്കും അവൾക്കും ഒരേ ക്ലാസുകളിൽ പഠിക്കാൻ കഴിഞ്ഞു ഞങ്ങൾ ഏറ്റവും അടുത്ത കൂട്ടുകാർ ആയി മാറി

എന്റെയും ഉമ്മയുടെയും കഷ്ടതകൾ നിറഞ്ഞ ജീവിതം മനസിലാക്കാൻ കഴിഞ്ഞ അവൾ പച്ചവെള്ളം കുടിച്ചു വിശപ്പടക്കിയ എന്റെ നാവിൻതുമ്പിലേക്ക് അവളുടെ പൂമംഗലത്തെ പുത്തരിച്ചോറിന്റെയും കുറുക്കുകാളന്റെയും രുചിയറിയിക്കാൻ തുടങ്ങി…..

ഇതിനിടയിൽ എപ്പോഴാണെന്ന് മാത്രം എനിക്കോർമ്മയില്ല അവളുടെ ഓരോ നോട്ടവും എന്റെ നെഞ്ചിൽ തുളച്ചുകയറിയതെന്ന് ഓരോ ചിരിയും എന്റെ മനസിനെ പിടിച്ചു കുലുക്കിയതെന്നും…

എങ്കിലും അവളെ എന്റെ കഷ്ടപ്പാടിലേക്ക് ക്ഷണിക്കാൻ കഴിയാത്തതുകൊണ്ട് ഞാൻ എന്റെ ആഗ്രഹം ഉള്ളിലൊതുക്കി…..

ഒരിക്കൽ അവളെന്നോട് ചോദിച്ചു എനിക്ക് അവളെ ഇഷ്ടമാണോ എന്ന്…..അന്ന് ഞാൻ അവളോട് മറുപടിയൊന്നും പറയാതെ ഒന്നു പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു കാരണം അവളുടെ മുഖത്ത് നോക്കി എനിക്ക് കള്ളം പറയാൻ കഴിയാത്തതുകൊണ്ടായിരുന്നു

വർഷങ്ങൾക്ക് ശേഷവും ഒരു വിവാഹത്തിന് പോലും അവൾ സമ്മതിക്കാത്തതിന്റെ കാരണം ഞാനാണെന്ന് മനസിലാക്കിയപ്പോൾ പൂമംഗലത്തെ തമ്പ്രാക്കന്മാർ എന്റെ നെറ്റിയിൽ തന്ന സമ്മാനം കൊണ്ടത് എന്റെ ഹൃദയത്തിൽ ആയിരുന്നു…..

പിന്നീട് ഒരു ദിവസം എല്ലാവരുടെയും വാക്കുകൾ മറികടന്നുകൊണ്ട് എന്റെ പാറൂട്ടി എന്റെ വീട്ടിലേക്ക് കടന്നു വന്ന ആ സന്ധ്യ സമയം ഞാൻ അനുഭവിച്ച ആനന്ദം പറഞ്ഞറിയിക്കാൻ കഴിയില്ലയിരുന്നു

അന്ന് ഉമ്മ അവളെ പറഞ്ഞു മനസിലാക്കി വീട്ടിലേക്ക് അയക്കാൻ എന്നോട് പറഞ്ഞെങ്കിലും എനിക്കതിനു മനസ് വന്നില്ലടോ … അതെന്റെ സ്വാർത്ഥത ആയിരുന്നു…..

ഞാൻ അജ്മൽ ആയും അവൾ പാർവതി ആയും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു ഞങ്ങൾ ഉമ്മയെയും കൂട്ടി അവിടം വിട്ടു പോയപ്പോൾ അവളുടെയും എന്റെയും ജാതിയുടെയും മതത്തിന്റെയും പേരിൽ ഞങ്ങളുടെ നാട്ടിലെ ഇരുജാതിയിൽ പെട്ട കാട്ടാളന്മാർക്ക് ബലികൊടുക്കേണ്ടി വന്നത് ഓലമേഞ്ഞതാണെങ്കിലും എന്റെ കൊച്ചു കൂരയായിരുന്നു…….

പിന്നീടങ്ങോട്ട് വാശിയായിരുന്നു എല്ലാറ്റിനോടും …. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച പാറുക്കുട്ടിയെ കഷ്ടപെടുത്തരുതെന്നും അവളുടെ വീട്ടുകാരുടെ മുൻപിൽ ജയിക്കാനുമായിരുന്നു എന്റെ പാറൂട്ടിയെ ഉമ്മയുടെ കൈകളിൽ ഏല്പിച്ചുകൊണ്ട് ഞാൻ പ്രവാസജീവിതം തിരഞ്ഞെടുത്തത്…..

എല്ലു മുറിയെ പണിയെടുത്തു ക്ഷീണിക്കുമ്പോൾ അവളുടെ മുഖം ഓർമയിൽ വരും……..പിന്നെ ഒരു ആവേശമായിരുന്നു പണിയെടുക്കാൻ……

നാട്ടിൽ വരുന്ന ഒന്നോ രണ്ടോ മാസം മാത്രാമായിരുന്നു എനിക്ക് എന്റെ കുടുംബത്തോടൊപ്പമുള്ള സ്വർഗമെങ്കിലും ഞാൻ സന്തോഷവാനായിരുന്നു ട്ടോ അന്നൊക്കെയും

അതുകൊണ്ടാണ് എനിക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന സകല സൗഭാഗ്യങ്ങളും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞത്

കാലം കടന്നുപോകവേ ഞങ്ങളുടെ മക്കൾ അലീനയും അഖിലും ജനിച്ചതും ഉമ്മയുടെ വിയോഗവും എല്ലാം എന്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്…..

ഞങ്ങളുടെ മക്കൾക്ക് ജാതിയുടെ കോളം ചേർക്കാതെ തന്നെ അഡ്വക്കറ്റ് അലീന ആകാനും ഡോക്ടർ അഖിൽ ആകാനും സാധിച്ചു അതിലെനിക്ക് നിറയെ അഭിമാനവും ഉണ്ട് ..

എന്റെ പ്രവാസജീവിതം അവസാനിപ്പിച്ചു ഞാൻ എത്തിയപ്പോഴേക്കും എന്റെ പോലെ തന്നെ പാറൂട്ടിയുടെയും മുടികളിൽ നര വീണിരുന്നു…

അവസാനം ഞാൻ കഷ്ടപെട്ടുണ്ടാക്കിയ സ്വത്തുക്കൾ എല്ലാം വീതം വച്ച് കഴിഞ്ഞപ്പോൾ ഞാൻ അറിഞ്ഞില്ല അവർ പാറൂട്ടിയെ അലീനയുടെ കൂടെയും എന്നെ അഖിലിന്റെ കൂടെയുമായി അവർ ഞങ്ങളെയും വീതം വെക്കുമെന്ന് …..

നിനക്കറിയാമോ ലച്ചു അഖിലിന്റെ വീട്ടിൽ എനിക്ക് എല്ലാം സ്വന്തമായുണ്ട് പ്ലേറ്റും ഗ്ലാസും വരെ എന്തിനേറെ പറയുന്നു ഞങ്ങളുടെ പേരക്കുട്ടി പോലും എന്നോട് മിണ്ടാറില്ലയിരുന്നു …

എനിക്ക് ആകെ മടുത്തിരുന്നു അവിടുത്തെ അന്തരീക്ഷവും ഏകാന്തതയും . അവസാനം ഞാൻ അഖിലിന്റെ എതിർപ്പ് വക വെക്കാതെ എന്റെ പാറൂട്ടിയെ കാണാൻ പുറപ്പെട്ടു കാരണം അവൾക്കും എന്റെ ഈ അവസ്ഥ തന്നെ ആയിരിക്കുമെന്ന് എനിക്ക് ഊഹിക്കാമായിരുന്നു കാരണം അവളുടെ ഏങ്ങലുകൾ എനിക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു

അങ്ങനെ ഞാൻ എന്റെ പാറൂട്ടിയെ തേടി ചെന്നു ഇനി ഉള്ള കാലം ഞങ്ങൾക്ക് വേണ്ടി ജീവിക്കണം മരണവസാനം വരെ എന്ന തീരുമാനവുമായി

അതിനായി ഞാൻ ആർക്കും വിട്ടുകൊടുക്കാതെയിരുന്ന ആദ്യമായ് വാങ്ങിയ വീടും സ്ഥലവും വിറ്റുകിട്ടിയ കാശുമായി അവളെയും കൂട്ടി കേണൽ ശ്രീധരന്റെ അടുത്തേക്ക് പോയി

അവിടെ ഞങ്ങളെ പോലെയുള്ളവർക്ക് ജീവിക്കാൻ വൃദ്ധസദനം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ആ വീട്ടിലേക്ക് ….

എല്ലാം ദൈവത്തിന്റെ തീരുമാനം എന്നപോലെ ആയിരുന്നു അതും സംഭവിച്ചത്…

ഞങ്ങൾ സഞ്ചരിച്ച കാർ ആക്സിഡന്റ് ആയതും അവളും ഡ്രൈവറും പുറത്തേക്ക് റോഡിലേക്ക് തെറിച്ചു വീണതും ഞാൻ കാറിന്റെ കൂടെ തന്നെ താഴേക്ക് പതിച്ചതും…..

ബോധം തിരിച്ചു കിട്ടി കണ്ണ് തുറന്ന് നോക്കുമ്പോൾ എനിക്കൊന്നും പറ്റിയിരുന്നില്ല എനിക്ക് ചുറ്റും നിങ്ങളൊക്കെ ഉണ്ടായിരുന്നു…എന്റെ പാറൂട്ടി ഇപ്പൊ ഏതവസ്ഥയിൽ ആണെന്ന് പോലും എനിക്കറിയില്ല…. അവളിപ്പോൾ ഏതെങ്കിലും ഹോസ്പിറ്റലിൽ കിടന്നു നരകിക്കുന്നുണ്ടായിരിക്കും… എങ്കിൽ അവൾ എന്നെ തേടി വരുമെന്നൊരു പ്രതീക്ഷ “”” ഇതും പറഞ്ഞു അജ്മലിന്റെ കണ്ണുകൾ തുളുമ്പാൻ തുടങ്ങി

ഒരു ആശ്വാസവാക്ക് പോലും പറയാനാകാതെ ലച്ചു തിരിഞ്ഞു നടന്നു….

ജീവിതം വഴിമുട്ടിയത് കാരണം ജോലിക്കായി ക്ലിനിക്കിൽ പോകേണ്ടി വന്ന തനിക്ക് അവിടെ വച്ച് തന്നെ ചതിച്ച അഖിൽ ഡോക്ടറുടെ മുഖമായിരുന്നു അവളുടെ മനസ്സിൽ…..

മാലാഖയ്ക്ക് ജനിച്ച പിശാചിനെ കുറിച്ചോർത്തുകൊണ്ട് അവൾ മുൻപോട്ട് നടക്കുമ്പോൾ പ്രവേശനകവാടം പൊടുന്നനെ തുറന്നു. അവൾ തിരിഞ്ഞു നോക്കുമ്പോൾ സന്തോഷം നിറയ്ക്കുന്ന ആ കാഴ്ച്ച കണ്ടു ….

പാറൂട്ടി എന്ന് വിളിച്ചുകൊണ്ടു അജ്മൽ ആ വൃദ്ധ സ്ത്രീയുടെ അടുത്തേക്ക് ഓടിയെത്തുമ്പോൾ ഏറെയകലെ ശ്മശാനത്തിൽ പാറൂട്ടിയുടെ ചിത എരിഞ്ഞമരുന്നുണ്ടായിരുന്നു……

അഭിപ്രായം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും ഒരു വരി കുറിക്കാൻ മറക്കരുതേ

Related Posts

Leave a Reply

Your email address will not be published. Required fields are marked *