അനാഥ
Story written by NAYANA VYDEHI SURESH
അനാഥാലയത്തിലെ പെണ്ണിനെ ഓടിപ്പോയാലൊന്നും കെട്ടാൻ പറ്റില്ല .അതിന്റെ പിന്നിൽ നൂറ് നൂലാമാലകളുണ്ട് …
അതിനെന്താ അതൊക്കെ അന്വേഷിച്ചറിയാം
നിനക്കെന്താ … ,,എപ്പ ഉണ്ടായതാ , എങ്ങനെ ഉണ്ടായതാ അങ്ങനെ വല്ലതും അറിയോ ? എന്തായാലും നേരെ ചൊവ്വെ ഉണ്ടായതാവില്ല … എങ്ങനത്തെ സ്വഭാവാന്ന് ആർക്കറിയാം ,തന്തേടെം തള്ളേടേം ഗുണം കുറച്ചെങ്കിലും കിട്ടാതിരിക്കോ കണ്ണാ
ഒന്ന് മിണ്ടാതിരുന്നെ അമ്മാവാ … എല്ലാം നോക്കി കെട്ടിയിട്ട് എത്ര ആലോചന നേരെയാവുന്നുണ്ട് ..
നീ എന്നെ തിന്നാൻ വരണ്ട ഞാൻ പറഞ്ഞുന്നേയുള്ളു
അനിയന്റെ കല്യാണം ശരിയായി … എനിക്കിനി പെണ്ണ് അന്വേഷിക്കാൻ കേരളത്തിലൊരിടവും ബാക്കിയില്ല , അനാഥാലയവുമ്പോ ജാതകം …തേങ്ങ …മാങ്ങ … എന്നൊന്നും പറഞ്ഞ് ആരും വരില്ല … ഒത്ത് വരാണെങ്കിൽ അവന്റെ തിയതി നിശ്ചയിച്ച അന്ന് എന്റെയും നടത്താം ,ഏട്ടനെ നിർത്തി അനിയൻ കെട്ടി എന്ന ചീത്തപ്പേര് അവനും ഉണ്ടാവില്ല .. എങ്ങനീണ്ട്
ഹാ … നീ എന്താച്ഛാൽ ച്ചെയ്യ്
………………. ……….
നിറയെ പൂക്കളുള്ള ഒരിടം ,,, കവാടത്തിന്നു പുറത്ത് മറിയം ഓർഫനേജ് എന്ന് എഴുതി വെച്ചിരിക്കുന്നു .കയറിച്ചെന്നാൽ വലിയ ഹാളാണ് ,ഇടത്ത് വശത്ത് നിരനിരയായി മേശയും ബഞ്ചും ഇട്ട ഊണുമുറി ..
ലോഹിയിട്ട് യവ്വനത്തിൽ നിന്നും വാർദ്ധക്യത്തിലേക്ക് കടക്കുന്ന ഒരാൾ മുന്നിൽ വന്നിരുന്നു ..
”ഞാൻ പറഞ്ഞില്ലെ , അനാഥാലയത്തിൽ നിന്ന് കല്യാണം കഴിക്കുമ്പോൾ ഈ നിബന്ധനകൾ പാലിക്കണം , അത് ആ പെൺകുട്ടിയുടെ സേഫ്റ്റിയെ കരുതിയാണ് .തയ്യാറാണോ ?
തയ്യാറാണ് …. ആദ്യം പെൺ കുട്ടിയെ കാണണം ,
വിളിക്കാം
ഇളം റോസ് നിറത്തിലുള്ള ചുരിദാറിട്ട ഒരു പെൺകുട്ടി അവന്റെ മുന്നിലേക്ക് കടന്നു വന്നു .പൊട്ടോ , പൗഡറോ , കൺമഷിയോ കാണാത്ത മുഖം ,,, പരവശം നിറഞ്ഞ മുഖഭാവം …. ഒന്നും മിണ്ടാതെ അവൾ ഗ്രില്ലു ചാരി നിന്നു
അവൻ അവളെ നോക്കി
എന്താ പേര്
നയന
അത്ര മാത്രം പറഞ്ഞു പിന്നീട് അവൾ തിരികെ നടന്നു പോകുമ്പോ അറിയാതെ ഉള്ള് അവളെ നോക്കി പാവം എന്നു പറഞ്ഞു പോയി …
എനിക്ക് ഇഷ്ടായി … ആ കുട്ടിക്ക് ഇഷ്ടായാൽ നടത്താം .. അനിയന്റെയും എന്റെയും ഒരുമിച്ച് നടത്താനാ പ്ലാൻ
ഹാ .. നമുക്ക് നടത്താം … ഈ കുട്ടിയുടെ പേര് നയന , ഇപ്പോ ഇരുപത്തിരണ്ട് വയസ്സ് … അച്ഛനും അമ്മയും ഒന്നും ആരാന്നറിയില്ല .. പണ്ട് ഇവൾ പൊടി കുഞ്ഞാകുബോൾ റെയിൽവേ ട്രാക്കിൽ നിന്ന് കിട്ടീതാ കിട്ടിയ ദിവസം പിറന്നാളാക്കും ഞങ്ങൾ … തന്റെ പേര് വരുൺ എന്നല്ലെ ?
അതെ .. എല്ലാവരും കണ്ണൻ എന്നാ വിളിക്കാ
ആയിക്കോട്ടെ .. ഞാനും അങ്ങനെ വിളിക്കാം …
………………………………………………
ദിവസങ്ങൾ കടന്നു പോയി ….
രണ്ടു പേരുടെയും കല്യാണം ഒറ്റ ദിവസം …അനിയൻ രാത്രിയോ പകലോ ഇല്ലാതെ ഭാവി ഭാര്യയോട് സംസാരിക്കുന്ന കേൾക്കുമ്പോൾ കണ്ണന് അസൂയ തോന്നും … ഓർഫനേജിൽ മൊബൈൽ അനുവദിക്കില്ലാത്രെ …എങ്കിലും തന്റെ ഭാര്യയായി അവൾ വരുമ്പോൾ നയനക്ക് ഒന്നിനും കുറവുണ്ടാകരുതെന്ന് അവനു തോന്നി ..അറിയുന്ന പോലെ ഓരോന്നും അവൻ വാങ്ങിക്കൂട്ടി ഉറങ്ങുമ്പോഴൊക്കെ അവളുടെ മുഖം മനസ്സിൽ ഓടിയെത്തും ..അനാഥാലയത്തിലെ ഒറ്റപ്പെടലിന്റെ വേദനയെ കുറിച്ച് ഓർക്കുമ്പോൾ അവന്റ കണ്ണു നിറയും ,
ഒരു പാട് ആളുകളുള്ള ഒരു വലിയ വീട്ടിൽ നിന്നാണ് അനിയന്റ ഭാര്യ വരുന്നത് …
……………………………………………………
കല്യാണ ദിവസായി
നയനയുടെ ബന്ധുക്കൾ എന്നു പറയാൻ എഴുപതു പേരാണ് ആകെ വന്നത് .. എല്ലാവരും അനാഥാലയത്തിലെ കുട്ടികൾ ,
കണ്ടാൽ പാവം തോന്നും … എങ്കിലും പുതിയ സാരിയും മാലയും പൂവും ഒക്കെ കൂടി അവൾ സുന്ദരിയാണെന്ന് തെളിച്ചു തന്നു … ഫോട്ടോ എടുക്കുമ്പോഴെല്ലാം അവളെ കണ്ണൻ മുറുകെ പിടിച്ചു … തണുത്ത് വിറക്കുന്ന ശരീരമാണവൾക്ക് …
ഒറ്റപ്പെടൽ ആദ്യമായിട്ടല്ലെങ്കിലും അനാഥാലയം വിട്ട് വന്ന ദുഖം കണ്ണിൽ തളം കെട്ടി … അനിയന്റെ ഭാര്യയെ ഒരു പാട് പേരുകൂടി തന്റെ വീട്ടിൽ കൊണ്ടു വിടുബോൾ …ഒരിക്കൽ പോലും മിണ്ടാത്ത തന്നെ വിശ്വസിച്ച് തന്നെ മാത്രം കൂട്ടുപിടിച്ച് അവൾ ഒറ്റക്ക് ….
രണ്ടു മരിമക്കളെയും അമ്മ വിളക്ക് കൊടുത്ത് കയറ്റി …. ഒരു വീടിന്റ അന്തരീക്ഷം അവൾക്ക് ആദ്യമായിട്ടാണ്.
വീട്ടുകാർ തിരികെ പോകുമ്പോൾ അനിയന്റെ ഭാര്യ ഉറക്കെ കരഞ്ഞു … അമ്മയും അച്ഛനും അവളെ ചേർത്തു പിടിക്കുമ്പോൾ അവർ എല്ലാവരും ഒരുപോലെ കരയുകയായിരുന്നു …
ആ കണ്ണുനീരുകൾക്കിടയിൽ ആരും ചേർത്തു പിടിക്കാനില്ലാത്ത കണ്ണും പതിയെ നിറയുന്നത് കണ്ണൻ കണ്ടു
‘എന്തിനാ എന്റെ നയനു കരയണെ ‘
എന്റെ അമ്മയും അച്ഛനും എവിടെയാവോ ?
ദേ .. ഇങ്ങ് നോക്ക് … ഈ നെഞ്ചിൽ ..
അവൾ അവന്റെ കണ്ണിൽ നോക്കി
ഞാനില്ലെടി നിനക്ക് …പിന്നെ നിന്റെ അമ്മനിം അച്ഛനിം എനിക്ക് കൊണ്ടന്നു തരാൻ പറ്റില്ല … പക്ഷേ നമ്മളെ അമ്മേ , അച്ഛാ എന്നു വിളിക്കാനുള്ള ആള് വന്നാ പോരെ .. അതിനുള്ള വഴിയൊക്കെ എന്റെലുണ്ട് …
അതു പറഞ്ഞപ്പോൾ നിറഞ്ഞ കണ്ണുകളോടെ അവൾ ചിരിച്ചു ..
എടി ;കള്ളി നിനക്ക് നുണക്കുഴിയുണ്ടല്ലെ .. ഇപ്പോഴാ കണ്ടെ, ഇങ്ങുവാ …അവൻ അവളെ മുറുകെ കെട്ടിപ്പിടിച്ചു ..കണ്ണുകളടച്ച് അവളും അവനോട് ചേർന്നു നിന്നു ..സ്വന്തമെന്നു പറയാവുന്ന ഒന്ന് എന്തോ അവളിൽ ആദ്യമായി നിറഞ്ഞു …