പകർപ്പ്
Story written by Adarsh Mohanan
” ആദീ വിളമ്പി വെച്ച ചോറിനു മുൻപിൽ നിന്നും എണീറ്റ് പോകല്ലേടാ ഉണ്ണീ”
അമ്മയത് പറഞ്ഞു മുഴുവിപ്പിക്കും മുൻപെ ഞാനാ പത്തായപ്പടിയിറങ്ങി പ്പോന്നിരുന്നു
തരി വിശപ്പു പോലും തോന്നിയിരുന്നില്ലന്നേരം , ഒരു നേരത്തേ ഭക്ഷണത്തേക്കുറിച്ചായിരുന്നില്ല മറിച്ച് മനസ്സിൽ ജീവിത ലക്ഷ്യത്തിന്റെ ആദ്യപടിയിലേക്കുള്ള ചുവടുവെയ്പ്പിനെക്കുറിച്ച് മാത്രമായിരുന്നു ചിന്ത, എങ്ങയെങ്കിലും രാമചന്ദ്രൻ സാറിനെ കാണണം എന്റെ തിരക്കഥയൊന്നദ്ദേഹം വായിച്ചു നോക്കാനുള്ള സന്മനസ്സു കാണിച്ചാൽ മാത്രം മതി എന്നായിരുന്നു ഉള്ളിലെ പ്രാർത്ഥന
പടവരാട് പള്ളിഹാള് ലക്ഷ്യം വെച്ച് ഞാനെന്റെ പടക്കുതിരയിൽ പായുമ്പോഴും എന്റെ ആദ്യത്തെ സിനിമ എന്നുള്ള ഒരേ ഒരു ലക്ഷ്യം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളോ
ഉള്ളിൽ ചെറിയൊരു ഭയം ഉളവായിരുന്നു, എന്നെക്കണ്ടാലദ്ദേഹം അറിയാത്ത ഭാവം നടിച്ചു കളയുമോ എന്ന കലശലായ ചിന്ത എന്നെ വല്ലാതെ അലട്ടി, ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്നാണല്ലോ കണക്ക്, അദ്ദേഹത്തിന്റെ കഴിഞ്ഞ സിനിമയ്ക്ക് തുച്ഛമായ ചിലവിൽ സെറ്റ് ഒപ്പിച്ചു കൊടുത്തത് ഞാനായിരുന്നതുകൊണ്ടുതന്നെ മനസ്സിൽ നേരിയ പ്രതീക്ഷയുണ്ടായിരുന്നു
സാഹിത്യ സംഗമം എന്ന ഏതോ വലിയൊരു യൂണിറ്റിയുടെ ഉദ്ഘാടന നിർവ്വഹണത്തിനായാണ് അദ്ദേഹം നാട്ടിലെത്തുന്നത്
ഹാളിലേക്ക് പ്രവേശിക്കും വഴി ഉമ്മറത്തു തന്നെ അവശനായ ഒരു വൃദ്ധനെ ഞാൻ ശ്രദ്ധിച്ചു, കാലിനു സ്വാധീനമില്ലാത്തയാൾ യാചനാർത്ഥത്തിൽ എനിക്കു നേരെ കൈകൾ നീട്ടുമ്പോഴും ശൂന്യമായയെന്റെ പോക്കറ്റിലേക്കൊന്നു നോക്കാൻ കൂടി കഴിഞ്ഞില്ലെനിക്ക്, അയാളെ കണ്ടിട്ടും കാണാത്ത ഭാവം നടിച്ച് ഉള്ളിലേക്ക് നടക്കുമ്പോഴും മനസ്സിൽ എന്തോ ഒരുതരം തരുതരുപ്പാണുളവായതും
ധൃതിയിൽ ഞാനാ പള്ളി ഹാളിന്റെ കവാടത്തിനു മുൻപിലേക്ക് നടന്നടുത്തു , പാസ്സ് ഇല്ലാത്ത കാരണം ഉള്ളിൽ കടക്കാൻ സാധിക്കാത്തതിനാൽ അദ്ദേഹം വരുന്നത് വരെ പുറത്തു തന്നെ കാത്തിരുന്നു
നീണ്ടയൊരു കാത്തിരിപ്പിനു ശേഷം പുറത്തേക്കിറങ്ങി വന്ന അദ്ദേഹത്തിനു ചുറ്റും തിരക്കിന്റെ പൊടിപൂരം തന്നെയായിരുന്നു, മനസ്സിലെ പ്രതീക്ഷ തെറ്റിപ്പോകുമോ എന്നു മാത്രമായിരുന്നു ചിന്തയപ്പോൾ
അകലെ നിന്ന് അദ്ദേഹം എന്നെക്കണ്ടതും മുഖം തിരിച്ച് മറ്റുള്ളവരുമായ് കുശലാന്വേഷണത്തിലേർപ്പെട്ടത് കണ്ടപ്പോൾ തെല്ലു ദേഷ്യം ഉള്ളിൽ ത്തോന്നിയിരുന്നു
തിരക്കൊഴിഞ്ഞിട്ട് അദ്ദേഹത്തേ കാണാമെന്നു കരുതി പാന്റ്സ് ന്റെ പോക്കറ്റിൽ നിന്നും ഒരു സിഗറെറ്റും എടുത്ത് കത്തിച്ച് പുറത്തേക്കിറങ്ങി
അപ്പോഴും ആ വൃദ്ധനായ മനുഷ്യൻ എനിക്കു നേരെ കൈകൾ നീട്ടിക്കൊണ്ടെന്നോട് പറയുന്നുണ്ടായിരുന്നു
” എന്തെങ്കിലും തരണം സർ, രണ്ടു ദിവസമായി വല്ലതുമൊക്കെ കഴിച്ചിട്ട് ” എന്ന്
പേഴ്സ് എടുക്കാൻ മറന്ന എന്നെത്തന്നെ സ്വയം പ്രാകിയ നിമിഷങ്ങളായിരുന്നു അത് , ആ ഓട്ട വീണ അലുമിനിയം പാത്രത്തിലേക്ക് നിസ്സഹായതയോടെയൊന്ന് നോക്കി നിൽക്കാൻ മാത്രേ എനിക്ക് കഴിഞ്ഞുള്ളോ ഒപ്പം വിളമ്പി വെച്ച കുത്തരിച്ചോറിന്റെ മുൻപിൽ നിന്നും അത് കഴിക്കാതെയെണീറ്റു വന്ന എനിക്ക് എന്നോട് തന്നെ ഒരുപാട് പുച്ഛം തോന്നിയിരുന്നു
തിരക്കുകളൊഴിഞ്ഞ് എനിക്കു നേരെ സാറ് നടന്നടുക്കുമ്പോഴും അദ്ദേഹത്തിന്റെ മുഖം ഗൗരവത്തിലാണ്ടു നിൽക്കുകയായിരുന്നു
എങ്കിലും നാളെ തിരക്കഥയുമായി വീട്ടിലേക്ക് വന്നുകൊള്ളാൻ അദ്ദേഹം പറഞ്ഞപ്പോൾ ലോകം കീഴടക്കിയ പ്രതീതി ആയിരുന്നു ഉള്ളിൽ തോന്നിയത്, മതി ഒന്നു വായിക്കാനുള്ള മനസ്സ് മതി എനിക്കുറപ്പാണ് അദ്ദേഹത്തിനത് ഇഷ്ട്ടപ്പെടും എന്ന്
മനസ്സിൽ ആഹ്ലാദത്തിന്റെ പൂത്തിരി കത്തിച്ച് അവിടുന്ന് തിരിഞ്ഞ് നടക്കുമ്പോൾ പിൻവിളി കൊണ്ടദ്ദേഹമെന്നെത്തടഞ്ഞു കൊണ്ട് ചോദിച്ചു
” കഴിച്ചോ നീ ” ?
വളരെ വിരളമായ ചോദ്യം ,ഒരു പക്ഷെ എന്റെ അമ്മ മാത്രം എന്നോടു ചോദിച്ചിട്ടുള്ളോ അത് , എരിഞ്ഞാളിയ എന്റെ കാലി വയറിനെ വിഭവസമൃതമായ ആ ചോദ്യത്താൽ നിറക്കുകയായിരുന്നദ്ദേഹം
ആ ചോദ്യം കേട്ടപ്പോൾ ഉമ്മറത്തു നിൽക്കുന്നുണ്ടായിരുന്നയാ വൃദ്ധനിലേക്ക് എന്റെ കണ്ണൊന്നു പാളിയിരുന്നു
വിശപ്പില്ല എന്നയെന്റെ കള്ളം പറച്ചിൽ സാറിന് ദഹിച്ചില്ലായിരിക്കണം ഒപ്പം പാസ്സുണ്ടെങ്കിലെ അവിടുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കു എന്നദ്ദേഹത്തിനറിയാവുന്നതുകൊണ്ടാകണം ആ വലിയ മനുഷ്യൻ തന്റെ കൈയ്യിലുള്ള പാസ്സ് എനിക്കു നേരെ നീട്ടിയിട്ട് പറഞ്ഞു
“നീ പോയ് കഴിച്ചോ എനിക്ക് അടുത്ത ഒരു പ്രോഗ്രാം ഉള്ളതാണ് കഴിക്കാൻ സമയം ഇല്ല” എന്ന്
തിടുക്കത്തിൽ തന്നെ ഞാൻ പാസ്സുമായുള്ളിലേക്ക് ചെന്നു, പാത്രം നിറച്ച് ഇട്ടോ ഇനി ഒരു പ്രാവശ്യം കൂടെ വരണ്ടല്ലോ എന്നു ഞാൻ പറഞ്ഞപ്പോൾ ആ വെയിറ്റർ ചെറുക്കനൊരൽപ്പം മന്ദഹാസത്തോടെയൊന്നു നോക്കി, വിശന്നു വയറെരിയുമ്പോഴും ആ പാത്രം നിറയെ ഭക്ഷണവുമായ് നേരെ ഞാൻ ചെന്നത് ഉമ്മറത്തിരിക്കുന്നുണ്ടായിരുന്ന വൃദ്ധന്റെ അരികിലേക്കായിരുന്നു
ഓട്ട വീണയാ അലുമിനിയം പാത്രത്തിലേക്ക് ഞാനാ ഭക്ഷണം പകർത്തി ക്കൊടുക്കുമ്പോഴും അയാളുടെ കണ്ണുനീരാ പാത്രത്തിൽ തട്ടി ത്തെറിക്കുന്നുണ്ടായിരുന്നു
നിറകണ്ണുകളോടെ എന്നെ നോക്കിയയാൾ ഒന്നേ പറഞ്ഞുള്ളു
“ദൈവം എന്നും നിങ്ങളോടൊപ്പം ഉണ്ടാകും ” എന്ന്
അതിൽ നിന്നും ഒരു തരി വറ്റു പോലും കഴിക്കാതെയയാൾ മുടന്തി മുടന്തി തിടുക്കത്തിൽ നടന്നു പോകുന്നതു കണ്ടപ്പോൾ പയ്യെ പയ്യെ ഞാനയാളെ പിന്തുടരുകയാണ് ചെയ്തത്
പാതയോരത്ത് കീറത്തുണികൊണ്ട് വലിച്ചുകെട്ടിയ ഷെഡ് എത്തിയപ്പോൾ തുണി പൊക്കി മാറ്റി അയാൾ അതിനുള്ളിലേക്ക് കയറിയിരുന്നു
അതിനുള്ളിൽ അഞ്ചും എട്ടും വയസ്സ് പ്രായം തോന്നിക്കുന്ന അയാളുടെ രണ്ട് പെൺമക്കളായിരുന്നു ഉണ്ടായിരുന്നത്
മെലിഞ്ഞുണങ്ങി ശോഷിച്ച ഇരു ശരീരങ്ങളിലെ കൂരച്ച തോളെല്ലുകൾ എക്സ് റേ ഇല്ലാതെത്തന്നെ തെളിഞ്ഞു കാണാമായിരുന്നു, രണ്ടാളുടെയും ശിരസ്സിൽ മാറി മാറിത്തലോടിക്കൊണ്ടയാൾ പറയുന്നുണ്ടായിരുന്നു
” മക്കളെ അച്ഛൻ , അച്ഛനിന്ന് ബിരിയാണി കൊണ്ടന്നിട്ട്ണ്ട് ” എന്ന്
അതു പറയുമ്പോഴും ആ വൃദ്ധന്റെ കുഴിഞ്ഞ കണ്ണുകളിൽ തുളുമ്പാൻ പാകത്തിൽ നീരു കെട്ടി നിൽക്കുന്നുണ്ടായിരുന്നു
മൂത്തവളുടെ അച്ഛൻ കഴിച്ചോ എന്നുള്ള ചോദ്യത്തിന് അച്ഛൻ കഴിച്ചതാ മക്കളെ ഇനി നിങ്ങളു കഴിച്ചോ എന്നുള്ള അയാളുടെ ഉത്തരം സത്യത്തിൽ എന്റെ കണ്ണുകളെ ഈറനണിയിക്കും വിധത്തിലുള്ളതായിരുന്നു
എങ്കിലും ആ പാത്രത്തിൽ നിന്നും ആ കുഞ്ഞുങ്ങൾ ഓരോ ഉരുള വാരിക്കഴിക്കുമ്പോഴും അടുത്ത ഉരുള തന്റെ അച്ഛന്റെ ചുണ്ടുകളിലേക്ക് നീട്ടിക്കൊടുക്കുന്നുണ്ടായിരുന്നു
ഒരു പക്ഷെ അവർക്കറിയാമായിരിക്കും തന്റെ അച്ഛൻ അവരോട് കഴിച്ചു എന്ന്കള്ളം പറഞ്ഞതാണെന്ന്,
അല്ലാ അതു തന്നെയാണ് സത്യം കാരണം അവരുടെ നിറഞ്ഞ കണ്ണുകളിൽ നിന്നും വായിച്ചെടുത്തിരുന്നു ഞാനത്
പറഞ്ഞറിയിക്കാൻ പറ്റാത്തൊരുതരം ആത്മസംപ്തൃപ്തിയിൽ ഞാനവിടെ നിന്നും ഇറങ്ങിപ്പോരുമ്പോൾ മനസ്സിൽ ഞാനെന്നോട് തന്നെ ചോദിച്ചു
” ആദി വിശക്കുന്നുണ്ടോടാ”?
എന്റെ മനസ്സെനിക്ക് സത്യസന്ധമായി മറുപടി തന്നു
” ഇല്ല………….”
” നിറഞ്ഞു, വയറും , മനസ്സും , “
” ഒപ്പം………………… ഒപ്പമെന്റെ കണ്ണും “
എനിക്ക് എന്നോട് തന്നെ മതിപ്പു തോന്നിയപ്പോൾ ഞാൻ മനസ്സിൽ ചിന്തിച്ചു അതിന്റെ ആവശ്യം ഉണ്ടോ എന്ന്
ഇല്ല,
കാരണം എന്റെ അച്ഛൻ ചെറുപ്പം മുതൽക്കേ എന്നെ പഠിപ്പിച്ചത് ഇങ്ങനെയാണ്
” അഷ്ടിക്കു വകയില്ലാത്തവനു മുൻപിൽ ഒരു നേരത്തെ വിശപ്പിനുള്ള അന്നം ത്യജിക്കുന്നവനാണ് യഥാർത്ഥ മനുഷ്യൻ ” എന്ന്