സ്വർഗ്ഗം
Story written by Dhanya shamjith
ഇന്നെന്താ വാസ്വേട്ടാ…. ചെമ്മീൻ ചമ്മന്തിയാണോ നല്ല മണം വരണ്ടല്ലോ?ഉച്ചപ്പൊതി തുറന്ന് കഴിക്കാനിരുന്ന വാസു അത് കേട്ട് ചിരിച്ചു.അതേടാ…. നല്ല ചക്കക്കുരുക്കറീം ഒണ്ട് നെനക്ക് വേണോ? അയാൾ പൊതി നീക്കിവച്ചു.ഒരു സദ്യയ്ക്കൊള്ള ഐറ്റം ഒണ്ടല്ലോ? പൊതിയിൽ നിന്നും ലേശം ചമ്മന്തിയെടുത്ത് സേതു പാത്രത്തിലേക്കിട്ടു. ഓ, അത്രയ്ക്കൊന്നും ഇല്ലടാ, ഒര് ചമ്മന്തി, ഒഴിച്ചുകറി, ലേശം ഇഞ്ചിത്തൈര്…. ഉപ്പിലിട്ടതും, വറ്റലും.. പിന്നെ വീട്ടി പതിവാ… അയാൾ ആസ്വദിച്ച് കുഴച്ചുണ്ണുന്നതിനിടയിൽ പറഞ്ഞു. ആ, മതീലോ…. നിങ്ങള് വയറ്റ് ഭാഗ്യോള്ളോനാ വാസ്വേട്ടാ.. ദേ എന്റെ പാത്രത്തി നോക്കിയേ, പരിപ്പ് കറീം ഇന്നലത്തെ പാവയ്ക്കേം. ഇതൊക്കെ കഴിക്കാനാണോ ബാക്കിയൊള്ളോര് നട്ട വെയിലത്ത് പണീട്ക്കണേ… സേതു വല്ലായ്മയോടെ ഒരുരുള വായിലേക്കിട്ടു.
”മൊതലാളി നല്ല ബിരിയാണി വാങ്ങിത്തരാന്ന് പറഞ്ഞതല്ലേ, ഇങ്ങക്കപ്പം പറ്റൂല്ല…. അനുഭവിച്ചോ “ബഷീറിന് അരിശം വരുന്നുണ്ടായിരുന്നു. ” വയറ്റി പിടിക്കണങ്കി പൊരേന്ന് തന്നെ കൊണ്ടരണം, കണ്ണികാണണ ഹോട്ടലീന്ന് കിട്ടണത് വാങ്ങിത്തിന്നാ തടി കേടാവേ ഒള്ളൂ”വാസു ഇലപ്പൊതി ചുരുട്ടി എഴുന്നേറ്റു..ഈർച്ചപ്പണിക്കാരാണ് വാസ്വേട്ടനും സേതുവും ബഷീറും… രാവിലെ വെയിലുദിക്കുന്നതിന് മുൻപേ ഈർച്ച തുടങ്ങിയാൽ കൃത്യം ഒരു മണിയ്ക്ക് ഉച്ചയാഹാരത്തിന് ഇരിക്കും.. പണി ചെയ്യിക്കുന്നവർ ചെലവും കൂടി കൊടുക്കാമെന്ന് പറഞ്ഞാലും വാസ്വേട്ടൻ സമ്മതിക്കാറില്ല, വീട്ടിലെ ഭക്ഷണമാണ് നല്ലത് എന്നാണ് പുള്ളിയുടെ നിലപാട്..
കാര്യോക്കെ ശരിയാ, അത് വീട്ടിലൊള്ളോരും കൂടെ മനസ്സിലാക്കണ്ടേ, എന്നും ഈ പരിപ്പും തോരനും കൂട്ടി മടുത്തു, അവള്മാർക്ക് എന്തേലും കാട്ടിക്കൂട്ടിയാ മതി കഴിക്കണത് നമ്മളല്ലേ സേതു കൈ കഴുകുന്നതിനിടയിൽ ബഷീറിനെ നോക്കി. അത് നീ പറഞ്ഞത് കറക്റ്റാ, അവളുമാര് എന്തേലും കുത്തിക്കുറുക്കിയിണ്ടാക്കി വക്കും ന്നിട്ട് സീരിയലും കണ്ടിരിക്കും… പണീം കഴിഞ്ഞ് കേറിച്ചെല്ലുമ്പം ഒരു കാലിച്ചായ കിട്ടണെങ്കി കാല് പിടിക്കണം.. എന്തേലും പറഞ്ഞ് പോയാ പിന്നെ മോന്തേം കേറ്റി വീട്ടിലൊള്ള പാത്രം മുഴോനും ഞളുക്കും”ബഷീറിനും അതേ അഭിപ്രായമായിരുന്നു.അല്ല വാസ്വേട്ടാ…. നിങ്ങടെ വീട്ടി ഇങ്ങനത്തെ കൊഴപ്പോന്നും ഇല്ലല്ലേ, എന്നും വെറൈറ്റി കറികളൊക്കെ ആയോണ്ട് ചോദിച്ചതാ കേട്ടോ ” സേതു അയാളെ നോക്കി.
ഓ…. ഇല്ലടാ, അവള് വെളുപ്പിന് തന്നെ എണീക്കും ചായക്ക് വെള്ളം വയ്ക്കും.. അപ്പഴേക്കും ഞാനും എണീക്കും അവള് പലഹാരൊക്കെണ നേരത്ത് ഞാൻ കറിക്ക് കഷ്ണങ്ങളൊക്കെ നുറുക്കും, തേങ്ങ ചുരണ്ടി വയ്ക്കും…. അതിനിടേല് ഓള് മുറ്റമടീം പാത്രം കഴുകലുമൊക്കെ തീർത്ത് പിള്ളാർക്ക് വേണ്ടതൊക്കെ ചെയ്തിട്ടുണ്ടാവും… ഒരു ഗ്ലാസ് ചായ ഞാനും എടുക്കും അവക്കും കൊടുക്കും… പിന്നെ അത്യാവശ്യം വേണ്ട ചില്ലറ പണികളൊക്കെയേ ഉണ്ടാവു… അവൾക്കും സന്തോഷം എനിക്കും സന്തോഷം അയാൾ ചിരിച്ചു. എടാ മക്കളെ, അടുക്കളാന്ന് പറയണത് വീട്ടിലെ പെണ്ണുങ്ങൾക്ക് മാത്രം ഒള്ളതല്ല, അവിടെയാണ് ഒരു ഗ്ലാസ് കട്ടനീന്ന് ജീവിതം തുടങ്ങണത് തന്നെ… അവരവിടെ കെടന്ന് ഓടിപ്പാഞ്ഞ് എന്തേലും കാട്ടിക്കൂട്ടി നമ്മടെ വയറ് നിറക്കുമ്പം നിങ്ങള് ഓർക്കേണ്ട ഒരു കാര്യോണ്ട്.. പലപ്പഴും അവര്ടെ വയറ് നെറയാറില്ല എന്ന്..
വെറുതെയെങ്കിലും അവര് പണീട്ക്കുമ്പോ ഒന്ന് ചെന്ന് കൊച്ചുവർത്താനം പറയുകയോ, ഒരിത്തിരി ചമ്മന്തിക്കൊള്ള തേങ്ങ ചുരണ്ടുകയോ ചെയ്ത് നോക്യേ…. ഉച്ചത്തെ പൊതീലെ ചോറിന് നല്ല രുചിയായിരിക്കും കാരണമെന്താന്നോ, അവര് അതില് നെറയെ സ്നേഹം കൂടി ചേർത്തിട്ടുണ്ടാവും അതൊന്ന് മതിയാവും വെറും ചോറായാലും രുചിയോടെ കഴിക്കാൻ .. ആണായാലും പെണ്ണായാലും ഒത്തൊരുമയോടെ നിന്നാ വീട് സ്വർഗ്ഗാ..
പക്ഷേ ചെലോർക്കൊന്നും അത് മനസിലാവൂല, അവര് കുറ്റോംപറഞ്ഞ് പോക്കറ്റിലെ കാശും മൊടക്കി വെഷം തിന്ന് അസുഖങ്ങളെ കൂടെ കൂട്ടും….മനസിലാക്കിയവരാണെങ്കിലോ ഉള്ള കഞ്ഞീന്റേം മൊളകൊടച്ചതിന്റേം കൂടെ സ്നേഹോം കൂട്ടി സന്തോഷായി ജീവിക്കും, ഞാൻ രണ്ടാമത്തെ കൂട്ടത്തിലാ…. അതോണ്ടന്നെ ഇങ്ങളീ പറയണ പ്രശ്നങ്ങളൊന്നും ഞങ്ങക്കില്ല. “ചിരിയോടെ പറഞ്ഞു കൊണ്ട് അയാൾ ഈർച്ചപ്പുരയിലേക്ക് നടന്നു.ഒരു നിമിഷം അതും നോക്കി നിന്നിട്ട് ബഷീർ പതിയെ സേതുവിനെ തോണ്ടി,” അപ്പോ എങ്ങനാ സേത്വേ , നാളെ നേരത്തേ എണീക്കാലേ? ” വൈകിട്ട് ലേശം മാന്തള് വാങ്ങിക്കൊണ്ടോണം, അവക്ക് ഭയങ്കര ഇഷ്ടാ….” അതും പറഞ്ഞ് സേതു ബഷീറിനെ നോക്കി ചിരിച്ചു…. കൂടെ അവനും….