എടീ എങ്കിൽ സൂക്ഷിക്കണം ഇപ്പോൾ മദ്ധ്യവയസ്കരാണ് കൂടുതലും ചാറ്റിങ്ങിലൂടെ ഇത്തരം അവിഹിത ബന്ധങ്ങൾ തേടി പോകുന്നത് ഇണയുമായുള്ള മാനസിക ബന്ധത്തിൽ വിള്ളലുകളുണ്ടാകുമ്പോഴാണ് അവർ ഇങ്ങനെയൊരു സാഹസത്തിന് മുതിരുന്നത്……

Story written by Saji Thaiparambu

അച്ഛൻ എപ്പോഴും വാട്ട്സാപ്പിൽ ചാറ്റിങ്ങാണെന്നും പറഞ്ഞ് സ്ഥിരമായി വഴക്ക് കൂടിയിരുന്ന അമ്മ, എന്നോട് കഴിഞ്ഞ ദിവസം വാട്ട്സ്ആപ്പ് വേണമെന്ന് പറഞ്ഞപ്പോൾ, എനിക്ക് അമ്പരപ്പാണ് തോന്നിയത്.

ഇനി അച്ഛനോടുള്ള വാശി തീർക്കാൻ വേണ്ടി ,അമ്മയും ഫുൾ ടൈം വാട്ട്സ്ആപ്പിൽ മുഴുകിയിരിക്കാനാണോന്ന് ഞാൻ സംശയിച്ചു.

എന്തായാലും ,പ്ളേസ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്തിട്ട്, ചാറ്റ് ചെയ്യുന്നത് എങ്ങനെയാണെന്നൊക്കെ, ഞാനമ്മയ്ക്ക് പഠിപ്പിച്ച് കൊടുത്തു.

അന്ന് രാത്രി വീട്ട് ജോലിയൊക്കെ നേരത്തെ ഒതുക്കിയിട്ട് ഫോണുമെടുത്ത് കൊണ്ട് അമ്മ ബെഡ് റൂമിൽ കയറി കതകടച്ചു.

ഞാനാകെ പരിഭ്രമിച്ചു, അമ്മയ്ക്കിതെന്ത് പറ്റി ,ഇത് വരെയില്ലാത്ത പുതിയ ശീലങ്ങൾ, വാട്ട് സാപ്പിൽ അക്കൗണ്ട് എടുക്കുക, എന്നിട്ട് ചാറ്റിങ്ങിനായി മുറിയിൽ കയറി കതകടക്കുക.

മുറിയടച്ചിട്ട് ചാറ്റ് ചെയ്യാൻ മാത്രം, രഹസ്യ ബന്ധങ്ങൾ വല്ലതും അമ്മയ്ക്ക് ഈ പ്രായത്തിലുണ്ടായോ? എന്ന് വരെ ഞാൻ സംശയിച്ചു.

അച്ഛനിപ്പോൾ ടിവിയുടെ മുന്നിലിരുന്ന് വാർത്ത കാണുകയാണ്, എന്തായാലും ടിവി ഓഫ് ചെയ്ത് അച്ഛൻ ബെഡ് റൂമിലേക്ക് ചെല്ലുമ്പോൾ, പതിനൊന്ന് മണിയെങ്കിലുമാകുമെന്ന് അമ്മയ്ക്കറിയാം, ആ ഒരു ധൈര്യത്തിലാണ് അമ്മ അകത്ത് കയറി കതകടച്ചിരിക്കുന്നത്.

ഈശ്വരാ.. പാവം അച്ഛനെ അമ്മ വഞ്ചിക്കുകയാണോ? അച്ഛൻ എത്ര നേരം ചാറ്റ് ചെയ്താലും, അതൊക്കെ ഞങ്ങളുടെയൊക്കെ മുന്നിലിരുന്നാണ് ചെയ്യാറുള്ളത്.

പക്ഷേ, അമ്മയുടെ ഈ ഒളിച്ച് കളി എന്തിനാണെന്നാ മനസ്സിലാവാത്തത്, എന്തായാലും അമ്മ ഇറങ്ങി വരട്ടെ, അപ്പോൾ ചോദിക്കാമെന്ന് കരുതി ഞാനെൻ്റെ റൂമിലേക്ക് പോയി .

ടെക്സ്റ്റ് തുറന്ന് വച്ച് വായിച്ചെങ്കിലും, ഒന്നും എൻ്റെ മനസ്സിലോട്ട് കയറുന്നില്ലായിരുന്നു, എന്തോ ഒരു ഭീതി, എൻ്റെ മനസ്സിനെ പിടികൂടിയിരുന്നു.

അച്ഛൻ്റെയും, അമ്മയുടെയും പ്രണയ വിവാഹമായിരുന്നു, കുറെ നാളുകൾക്ക് മുമ്പ് വരെ, അച്ഛനും അമ്മയും തമ്മിൽ എന്തൊരു സ്നേഹമായിരുന്നു.

പിന്നീടെപ്പോഴോ അവരുടെ ഇടയിൽ നേരിയ അകൽച്ചയുണ്ടായി ,അച്ഛൻ മൊബൈൽ ഫോണിനെ കൂടുതലായി ആശ്രയിച്ച് തുടങ്ങിയപ്പോഴായിരുന്നു, അങ്ങനെ സംഭവിച്ചത്.

അച്ഛൻ്റെയടുത്തിരുന്ന് അമ്മ എന്തെല്ലാം വിശേഷങ്ങൾ പങ്ക് വച്ചാലും, അതിനൊക്കെ അച്ഛനൊന്ന് മൂളുന്നതല്ലാതെ, ഒരു മറുപടിയും പറയില്ലായിരുന്നു.

കാരണം, അച്ഛൻ്റെ ശ്രദ്ധ മുഴുവൻ കയ്യിലിരിക്കുന്ന മൊബൈൽ ഫോണിലേക്കായിരുന്നു, ഒടുവിൽ അമ്മയ്ക്ക് തന്നെ മനസ്സിലായി അച്ഛൻ അമ്മയെ തീരെ ശ്രദ്ധിക്കുന്നില്ലെന്ന് ,അങ്ങനെയാണ് അമ്മ അച്ഛനെയും മൊബൈൽ ഫോണിനെയും കുറ്റം പറയാൻ തുടങ്ങിയത്.

ഈ മൊബൈൽ കണ്ട് പിടിച്ചവൻ്റെ തലയിൽ ഇടിത്തീ വീഴണേ ഈശ്വരാ … എന്നു വരെ അമ്മ പ്രാകിയിട്ടുണ്ട്.

ആ അമ്മയാണിപ്പോൾ ,മുറിയടച്ചിട്ട് രഹസ്യമായി ആരോടോ ചാറ്റ് ചെയ്യുന്നത്, അച്ഛനോട് പറഞ്ഞാലോ, എന്ന് ഞാൻ പല പ്രാവശ്യം ആലോചിച്ചു.

പക്ഷേ എനിക്കൊരു പേടി ,അമ്മയുടെ രഹസ്യബന്ധം കണ്ട് പിടിച്ച് അച്ഛൻ , അമ്മയുമായി ബന്ധം വേർപെടുത്തിയാലോ?

ആരോടെങ്കിലും ഇക്കാര്യം പറഞ്ഞിട്ട് ,എൻ്റെ മനസ്സിലെ ഭാരമൊന്നിറക്കി വയ്ക്കാൻ ഞാനാഗ്രഹിച്ചു.

അപ്പോഴാണ് കൂട്ടുകാരി സോനയുടെ കാര്യം എനിക്കോർമ്മ വന്നത് .

ഉടൻ തന്നെ മൊബൈലെടുത്ത് ഞാൻ അവളെ വിളിച്ച് കാര്യം പറഞ്ഞു .

എടീ എങ്കിൽ സൂക്ഷിക്കണം ,ഇപ്പോൾ മദ്ധ്യവയസ്കരാണ് കൂടുതലും ചാറ്റിങ്ങിലൂടെ ഇത്തരം അവിഹിത ബന്ധങ്ങൾ തേടി പോകുന്നത്, ഇണയുമായുള്ള മാനസിക ബന്ധത്തിൽ വിള്ളലുകളുണ്ടാകുമ്പോഴാണ് അവർ ഇങ്ങനെയൊരു സാഹസത്തിന് മുതിരുന്നത് ,അത് കൊണ്ട് നീ അമ്മ, മുറി തുറന്നാലുടനെ തന്നെ ഫോൺ വാങ്ങി ചെക്ക് ചെയ്യണം ,താമസിച്ചാൽ ചിലപ്പോൾ അമ്മ അതെല്ലാം ഡിലിറ്റ് ചെയ്താലോ?

ഹേയ്, അമ്മയ്ക്ക് ഡിലിറ്റ് ചെയ്യാനൊന്നും അറിയില്ലെടീ ..

സോനയുടെ ഉപദേശം എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.

പക്ഷേ ,അമ്മയോട് ഫോൺ ചോദിച്ചാൽ, ഞാനെല്ലാമറിയുമെന്ന് കരുതി, അമ്മ ചിലപ്പോൾ ഫോൺ തന്നില്ലെങ്കിലോ?

അത് കൊണ്ട് അമ്മ മുറിയിൽ നിന്നിറങ്ങിയിട്ടും ,ഞാനൊന്നും ചോദിക്കാൻ പോയില്ല .

പക്ഷേ, മുറിയിൽ നിന്നിറങ്ങി വന്ന അമ്മയുടെ മുഖത്ത്, അത്വരെയില്ലാതിരുന്ന ഒരു മന്ദസ്മിതം നിറഞ്ഞ് നിന്നിരുന്നു.

കുറച്ച് കഴിഞ്ഞ് ഞാൻ വെള്ളം കുടിക്കാനായി അടുക്കളയിൽ ചെല്ലുമ്പോൾ, അമ്മ ,ഏതോ പഴയ ഒരു മൂളിപ്പാട്ടും പാടി കൊണ്ട് നിന്ന് പാത്രം കഴുകുന്നു .

മൊബൈല് ഫ്രിഡ്ജിന് മുകളിലിരിക്കുന്നത് കണ്ടെങ്കിലും, എനിക്കത് എടുത്ത് നോക്കാൻ തോന്നിയില്ല ,കാരണം എനിക്ക് സ്വന്തമായി ഫോണുള്ളത് കൊണ്ട്, ഞാനിത് വരെ അമ്മയുടെ ഫോണെടുത്തിട്ടില്ല ,അത് കൊണ്ട് ഇപ്പോൾ ചോദിച്ചിട്ട് എടുക്കാനും കഴിയില്ല.

സാരമില്ല, അമ്മ അടുക്കള ഒതുക്കിയിട്ട്, ദേഹം കഴുകാനായി കുളിമുറിയിൽ കയറുന്ന സമയത്ത്, ഫോൺ പരിശോധിക്കാമെന്ന് ഞാൻ തീരുമാനിച്ചു.

അമ്മ കുളിമുറിയിൽ കയറാനായി അക്ഷമയോടെ ഞാൻ കാത്തിരുന്നു.

ബാത്റൂമിലെ ഷവറിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടയുടനെ, ഞാനോടി ച്ചെന്ന് അമ്മയുടെ ഫോണെടുത്ത് വാട്സ് ആപ് ഓപ്പൺ ചെയ്ത് നോക്കി.

അതിൽ അമ്മയുടെ കുറച്ച് കസിൻസിൻ്റെ പേരുകളും, പിന്നെ ഒരു ഗ്രൂപ്പുമാണ് എനിക്ക് കാണാൻ കഴിഞ്ഞത്.

അസ്വാഭാവികമായിട്ട് എനിക്കതിലൊന്നും കാണാൻ കഴിഞ്ഞില്ല.

പക്ഷേ, ആ ഗ്രൂപ്പിൽ റീഡ് ചെയ്യാത്ത കുറെ മെസ്സേജുകൾ കണ്ടപ്പോൾ, അതെന്ത് ഗ്രൂപ്പാണെന്നറിയാനുള്ള വ്യഗ്രതയിൽ ഞാനത് ഓപ്പൺ ചെയ്തു വായിച്ച് നോക്കി.

അത് 92 ബാച്ചിലെ പത്താം ക്ളാസ്സുകാരുടെ റീയൂണിയൻ ഗ്രൂപ്പായിരുന്നു ,അതിൽ അമ്മയും സഹപാഠികളുമായി പഴയ ഓർമ്മകൾ പങ്ക് വച്ചതും, പുതിയ വിശേഷങ്ങൾ പറഞ്ഞതുമൊക്കെയുണ്ടായിരുന്നുഅമ്മയുടെ ഏതോ ഒരു കൂട്ടുകാരി ഷെയറ് ചെയ്ത ഒരു ബ്ളാക്ക് ആൻ്റ് വൈറ്റ് ഫോട്ടോ കണ്ടപ്പോൾ എനിക്കത്ഭുതം തോന്നി.

അമ്മ എന്ത് സുന്ദരിയായിരുന്നു,ആ ചാറ്റിങ്ങ് മുഴുവൻ വായിച്ച് കഴിഞ്ഞപ്പോൾ ,എനിക്കൊരു കാര്യം മനസ്സിലായി ,കൂട്ടുകാരുടെ പ്രിയപ്പെട്ടവളായിരുന്നു എൻ്റെ അമ്മ എന്ന്.

ചുമ്മാതല്ല അമ്മയുടെ മുഖത്ത്, പതിവില്ലാത്ത സന്തോഷം ,പഴയ കൂട്ടുകാരെയൊക്കെ കണ്ടപ്പോൾ അമ്മ തൻ്റെ കൗമാരത്തിലേക്ക് തിരിച്ച് പോയിട്ടുണ്ടാവും, അപ്പോൾ പിന്നെ അമ്മയെന്തിനാ, മുറിയടച്ചിരുന്ന് ചാറ്റ് ചെയ്തതെന്ന ചോദ്യം പിന്നെയും എന്നെ ചിന്താകുലയാക്കി.

എന്തിനാ വിധു.. നീയെൻ്റെ ഫോണെടുത്തത്?

അമ്മയുടെ ചോദ്യം കേട്ടാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്.

അല്ലമ്മേ …ഈ പഴയ കൂട്ടുകാരുമായി ചാറ്റ് ചെയ്യാനാണോ, അമ്മ മുറിയടച്ച് അകത്തിരുന്നത്

രണ്ടും കല്പിച്ച് ഞാനമ്മയോട് ചോദിച്ചു

അതേ.. എന്താ നീയങ്ങനെ ചോദിച്ചത്.

ഇല്ല ഒന്നുമില്ല, ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളു

ഉം .. എനിക്ക് മനസ്സിലായി ,ഞാൻ പതിവില്ലാതെ ഫോണിൽ വാട്ട്സാപ്പും കയറ്റി, മുറിയടച്ച് കുറച്ച് നേരമിരുന്നപ്പോൾ, നിനക്ക് ജിജ്ഞാസയുണ്ടായല്ലേ? ആ സമയം കൊണ്ട്, നീ ഒരു പാട് കാര്യങ്ങൾ ചിന്തിച്ചും കാണുമല്ലോ? അത് കൊണ്ടല്ലേ, ഞാൻ ബാത്റൂമിൽ കയറിയ തക്കം നോക്കി, നീയെൻ്റെ ഫോൺ ചെക്ക് ചെയ്തത്, ഇപ്പോൾ നിനക്ക് മനസ്സിലായില്ലേ ? പ്രായപൂർത്തിയായ മക്കൾ ഇത് പോലെ ഫോണുമായി മുറിയടച്ചിരിക്കുമ്പോൾ, മാതാപിതാക്കൾക്കും ഒരു പാട് ടെൻഷന ഉണ്ടാകുമെന്ന്, അത് നിന്നെയൊന്ന് മനസ്സിലാക്കിത്തരാൻ വേണ്ടി മാത്രമാണ്, ഞാൻ മുറിയടച്ചിട്ടത്,

ഞാനെന്തായാലും തെറ്റൊന്നും ചെയ്തില്ലെന്ന് നിനക്ക് ബോധ്യമായല്ലോ?ഇനി മുതൽ ഞാൻ നിൻ്റെയൊപ്പമിരുന്നേ ചാറ്റ് ചെയ്യുകയുളളു ,കാരണം എനിക്ക് നിങ്ങളുടെ മുന്നിൽ മറച്ച് പിടിക്കാൻ രഹസ്യങ്ങളൊന്നുമില്ല കെട്ടോ?

അത് കേട്ട് ഞാൻ അമ്മയുടെ മുന്നിൽ ആകെ ചൂളിപ്പോയിരുന്നു, എനിക്കും മറച്ച് വയ്ക്കാനൊന്നുമില്ലാത്തത് കൊണ്ട്, പിന്നീടുള്ള ദിവസങ്ങളിൽ ഫോൺ ഉപയോഗിക്കുമ്പോൾ, ഞാനും മുറിയുടെ വാതിൽ അടയ്ക്കാറില്ലായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *