എടോ എന്റെ മോൻ എന്നോട് മിണ്ടിയിട്ട് എത്ര ദിവസമായി എന്ന് അറിയാമോ ശനിയാഴ്ച വൈകിട്ട് വന്നാൽ അവൻ തിങ്കളാഴ്ച രാവിലെ പോകും അതിനിടയിൽ എന്റെ അടുത്ത് ഒന്ന് വരാറ് പോലുമില്ല…..

എഴുത്ത്:-അഞ്ചു തങ്കച്ചൻ

ഈ ജീവിതം മടുത്തെടോ അയാൾ സ്നേഹിതന്റെ തോളിലേക്ക് ചാഞ്ഞു.

എന്താടോ എന്താ പറ്റിയത്?

ജോണി ദേവനോട് ചോദിച്ചു.

മരിക്കാൻ തോന്നുന്നു ,എനിക്ക് ആരുമില്ല.ഗൗരി പോയതോടെ ഞാൻ ഒറ്റക്കായി.
ജോണിയുടെ തോളിൽ ദേവന്റെ കണ്ണുനീർ പടർന്നു. അയാൾ ഒന്നും മിണ്ടിയില്ല, കരയട്ടെ കരച്ചിലിന് സങ്കടങ്ങളെ അല്പമെങ്കിലും തുടച്ചു കളയാനാകും.

നിമിഷങ്ങൾ കഴിഞ്ഞ് അയാൾ തല ഉയർത്തി. ഇനി പറ എന്താ തന്റെ പ്രശ്നം? ജോണി സ്നേഹിതന്റെ കൈകൾ മുറുക്കിപ്പിടിച്ചു.

എടോ എന്റെ മോൻ എന്നോട് മിണ്ടിയിട്ട് എത്ര ദിവസമായി എന്ന് അറിയാമോ ശനിയാഴ്ച വൈകിട്ട് വന്നാൽ അവൻ തിങ്കളാഴ്ച രാവിലെ പോകും അതിനിടയിൽ എന്റെ അടുത്ത് ഒന്ന് വരാറ് പോലുമില്ല.എനിക്ക് അവൻ മാത്രല്ലേ ഉളളൂ

ഇന്ന് എന്റെ മരുമകൾ പറയുവാ ഭക്ഷണംകഴിച്ച പാത്രം കഴുകി വച്ചൂടെ അച്ഛൻ ചുമ്മാ ഇരിക്കുവല്ലേ എന്ന്.അതും എന്റെ കൊച്ചുമക്കളുടെ മുന്നിൽ വച്ച്.

ഇത്തിരി ചൂടുവെള്ളം ചോദിച്ചപ്പോൾ ഫ്ലാസ്കിൽ ഇരുപ്പുണ്ട് എടുത്ത് കുടിച്ചോളാൻ. എന്റെ ഭാര്യ ഉണ്ടായിരുന്നപ്പോൾ എനിക്ക് ഇതുപോലെ ആരോടും കെഞ്ചേണ്ടി വന്നിട്ടില്ല. എനിക്കറിയാം ഞാനവർക്ക് ഒരു ഭാരമാണെന്ന്. അധികം വൈകാതെ അവർ എന്നെ വല്ല ശരണാലയത്തിലും കൊണ്ടാക്കും

പറഞ്ഞു കഴിഞ്ഞതും കൊച്ചുകുഞ്ഞിനെ പോലെ അയാൾ പൊട്ടിക്കരഞ്ഞു.

ദേവാ താൻ കരയാതെ, മതി കരഞ്ഞത്.

സത്യത്തിൽ ഞാനും താനും ഒക്കെ നല്ല ഒന്നാന്തരം മടിയന്മാരായിരുന്നൂ, കാരണമെന്തെന്നറിയാമോ, നമ്മുടെ ഭാര്യമാർ നമുക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കിയൂട്ടി, നമ്മൾ കഴിച്ച പാത്രങ്ങൾ കഴുകി,നമ്മുടെ മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കിത്തന്നു,കുഞ്ഞുങ്ങളെ നോക്കി,അടുക്കും ചിട്ടയോടെയും വീട് നോക്കി.നമ്മുടെ അച്ഛന്റേയും അമ്മയുടെയും അവസാനകാലത്ത് അവരുടെ മലവും മൂത്രവും എടുത്ത് അവരെ നോക്കി,ഒരായുസ്സ് മുഴുവൻ അവർ നമുക്കായി മാറ്റിവച്ചു

സ്വന്തം അടിവസ്ത്രം പോലും സ്വയം കഴുകാതെ അതുവരെ ഭാര്യയെ കൊണ്ട് നമ്മൾ ചെയ്യിച്ചു ഞാനും താനും ഒക്കെ എല്ലാ ഉത്തരവാദിത്തങ്ങളും അവരുടെ തലയിൽ കെട്ടി വയ്ക്കുകയായിരുന്നു. അങ്ങനെയുള്ള നമുക്ക് നമ്മുടെ ഇണ നഷ്ടപ്പെട്ടപ്പോൾ കൂടെ നഷ്ടമായത് നമ്മുടെ മുഴുവൻ സന്തോഷങ്ങളും കൂടെയാണ്. ശരിക്കും പറഞ്ഞാൽ നമ്മൾ അവരെ എപ്പോഴെങ്കിലും സ്നേഹിച്ചിട്ടുണ്ടോ . അവരെ അവർ ആഗ്രഹിക്കുന്ന രീതിയിൽ കരുതലോടെ ചേർത്ത് നിർത്തിയിട്ടുണ്ടോ? ഇല്ലെടോ നമുക്കതിനു കഴിഞ്ഞിട്ടില്ല.നമ്മുടെ കാര്യങ്ങൾ നടത്തിത്തരാനുള്ള ഒരാൾ മാത്രമായിട്ടേ നമ്മൾ അവരെ കണ്ടിട്ടുള്ളൂ..

ജോണി തുടർന്നു..

ഒരു തരത്തിൽ പറഞ്ഞാൽ നീ ഭാഗ്യവാനാണ് ദേവാ നിനക്ക് മോനുണ്ട് മരുമകൾ ഉണ്ട് പേരക്കുട്ടികൾ ഉണ്ട്. എനിക്ക് ഒരു മോനുള്ളത് ഭാര്യയും കൊച്ചുങ്ങളും ആയി അങ്ങ് കാനഡയിൽ. വീട്ടിൽ ചെല്ലുമ്പോൾ ആരും ഇല്ലെടോ.

ഒന്ന് വഴക്ക് പറയാൻ എങ്കിലും ആരെങ്കിലും എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ കൊതിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോൾ. നിന്നോട് എനിക്ക് അസൂയയാണ് ദേവാ.

നമ്മൾ കരുതും പോലെയല്ല.ഒരു പെണ്ണ് കുടുംബം നോക്കുന്നതുപോലെ നമുക്ക് പറ്റില്ലടോ. ശരി നമുക്ക് നാളെ കാണാം. ഒക്കെ ശരിയാകുമെടോ ജോണി യാത്ര പറഞ്ഞു.

ദേവൻ വീട്ടിലെത്തി അല്പം കഴിഞ്ഞതും പേരക്കുട്ടികൾ വീട്ടിലെത്തി എൽക്കേജിക്കാരി ആമീയും ഒന്നാം ക്ലാസുകാരൻ കാശിയും.

വന്നതുംബാഗും വലിച്ചെറിഞ്ഞു രണ്ടുപേരും കളി തുടങ്ങി

ദേവൻ അടുക്കളയിൽ എത്തി ഫ്രിഡ്ജിൽ നിന്ന് പാലെടുത്ത് തിളപ്പിച്ച് ബൂസ്റ്റും ചേർത്ത് കുഞ്ഞുങ്ങൾക്ക് കൊടുത്തു. രാവിലത്തെ ചോറ് ഇരുന്നത് ചൂടാക്കി വെണ്ണ ചേർത്ത് ഉരുളകളാക്കി അവർക്ക് കൊടുത്തു. കുസൃതികൾ സകല സാധനങ്ങളും എടുത്ത് നിരത്തി വീടിനകമാകെ അലങ്കോലമാക്കുന്നത് കണ്ടപ്പോഴാണ് അയാൾക്ക് മനസ്സിലായത് മരുമകൾ ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോൾ എന്ന് മാത്രം ജോലികളാണ് ഈ വീട്ടിലും അവൾക്കുണ്ടായിരുന്നതെന്ന്.

ബസിൽ യാത്ര ചെയ്താണ് അവൾ എത്തുന്നത് അതും വൈകുന്നേരത്തെ ബസിലെ തിരക്ക് താൻ കാണാറുള്ളതാണ് വീടണയാൻ കാത്തിരിക്കുന്ന മനുഷ്യരുടെ തിരക്ക് കാണുമ്പോൾ തന്നെ ഒരു മടുപ്പ് തോന്നും

വീട്ടിൽ എത്തിയാലും ജോലി തന്നെ,രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കൽ, വീട് വൃത്തിയാക്കി, കുഞ്ഞുങ്ങളെ കുളിപ്പിച്ച് അവരെ പഠിപ്പിക്കാൻ ഇരുത്തി.
ചൂടോടെ ഭക്ഷണം വിളമ്പി, പാത്രങ്ങൾ കഴുകി,അടുക്കളയും വീടും ഒതുക്കി…

അവൾ എന്തുമാത്രം മടുത്തിട്ടുണ്ടാവും. ഇതൊക്കെ സ്ഥിരം കണ്ടിട്ടും താൻ ഒന്നും മനസിലാക്കാതിരുന്നതു എന്താണ്? കൂട്ടുകാരൻ വേണ്ടി വന്നോ തന്നെ പറഞ്ഞ് മനസിലാക്കാൻ?

അവൻ പറഞ്ഞത് ശരിയാണ് ഒരേസമയം എന്തൊക്കെയാണ് ഒരു സ്ത്രീ ചെയ്യുന്നത്. എന്റെ കാര്യങ്ങളും നോക്കുന്നത് അവൾ തന്നെയല്ലേ,പോകും മുൻപ് എനിക്കുള്ള ബ്രേക്ഫാസ്റ്റ് എടുത്ത് വച്ചിട്ടു കുളിക്കാൻ ഓടുന്നത് കാണാം. ഒരിക്കൽ പോലും അവൾ കഴിച്ചോ എന്ന് ചോദിച്ചിട്ടില്ല. അവൾ മരുമകൾ ആയതുകൊണ്ടാണോ, എനിക്കൊരു മകൾ ഉണ്ടെങ്കിൽ അവളെ കണ്ടില്ലെന്നു നടിക്കാൻ തനിക്ക് സാധിക്കുമായിരുന്നോ? അയാൾക്ക്‌ സ്വയം പുച്ഛം തോന്നി.

           *****************

ഗായത്രി വീട്ടിൽ വന്നപ്പോൾ കുഞ്ഞുങ്ങൾ രണ്ടാളും ഇരുന്ന് പഠിക്കുന്നു അച്ഛൻ മിടുക്കൻ മിടുക്കി എന്നൊക്ക പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട് അതുകൊണ്ടാവും രണ്ടാളും കുസൃതി യൊന്നും കാട്ടാതെ ഇരിക്കുന്നു.

ഗായത്രി അച്ഛന്റെ അരികിൽ ഇരുന്നു.

എന്താമോളെ? ഇന്ന് ഓഫീസിൽ ഇരുന്നിട്ട് എനിക്കൊരു സമാദാനവും ഇല്ലാരുന്നു അച്ഛാ..എന്തുപറ്റി?

അച്ഛനോട് ഞാൻ രാവിലെ കയർത്തു സംസാരിച്ചു. കുഞ്ഞുങ്ങളോട് വല്ലാതെ ദേഷ്യപ്പെട്ടു. എനിക്ക് പറ്റുന്നില്ല അച്ഛാ, ഞാൻ നന്നായി ഒന്ന് ഉറങ്ങിയിട്ട് എത്ര ദിവസം ആയി എന്ന് അറിയോ. കുഞ്ഞുങ്ങളേം, വീട്ടുകാര്യങ്ങളും, ജോലിക്ക് പോക്കും എല്ലാം കൂടെ ഒറ്റയ്ക്ക് വയ്യാ അച്ഛാ. ഗൗതം ആണെങ്കിൽ കൂടെ ഇല്ല..
എനിക്കിങ്ങനെ ഒറ്റയ്ക്ക് ഓടി മടുത്തു. കുഞ്ഞുങ്ങളെയും അച്ഛനെയും നന്നായി നോക്കാൻ പോലും എനിക്ക് പറ്റുന്നില്ല. ഞാൻ ജോലി ഉപേക്ഷിക്കുകയാണ് അച്ഛാ. അവൾ അച്ഛന്റെ തോളിലേക്ക് തല ചായ്ച്ചു വച്ചു. അയാളിലെ അച്ഛനപ്പോൾ ഉള്ളുലഞ്ഞു കരയുകയായിരുന്നു. അവൾ തീർത്തും നിസ്സഹായയായ കൈകുഞ്ഞാണെന്നും, അവൾ അച്ഛന്റെ നെഞ്ചിൽ ആശ്രയം തേടുകയാണെന്നും അയാൾക്ക്‌ തോന്നി. അവളുടെ നിറുകയിൽ അയാൾ പതിയെ തലോടി. എന്റെ കുഞ്ഞേ നിന്റെ കഷ്ടപ്പാടുകൾ മനസിലാക്കാൻ എനിക്ക് കഴിയാതെ പോയല്ലോ

നീ എന്റെ മരുമകൾ മാത്രമാണെന്ന് ഞാൻ ചിന്തിച്ചിരുന്നുവോ ഒരു സ്ത്രീയുടെ മുഴുവൻ സന്തോഷങ്ങളെയും ചവിട്ടിയരച്ചിട്ടാണോ ഒരു വീട് മുഖഭംഗിയോടെ തലയുയർത്തി നിൽക്കുന്നത്?? മോളെ നമുക്ക് ഒരു ജോലിക്കാരിയെ വച്ചാലോ?
വേണ്ടച്ഛാ ഒരാളെ നിർത്താൻ നമുക്കിപ്പോൾ പറ്റുമോ. വീട് പുതുക്കി പണിതതോടെ ഗൗതമിന്റെ കൈയിലെ കാശൊക്കെ തീർന്നു. സാധാരണക്കാരയ നമുക്ക് നമ്മുടെ കാര്യങ്ങൾ നടന്നു പോകുമെന്നല്ലാതെ ഒന്നും സമ്പാദിക്കാൻ പറ്റിയില്ലല്ലോ.

സാരമില്ലച്ഛാ ഒക്കെ ശരിയാകും അച്ഛൻ വാ ചായ ഇട്ട് തരാം. ഞാൻ ചായ ഉണ്ടാക്കി മോളെ നിനക്കുള്ളത് ഫ്ലാസ്കിൽ ഒഴിച്ചു വച്ചിട്ടുണ്ട്. ചെല്ല് പോയി കുടിക്ക്. അവൾ അത്ഭുതത്തോടെ അച്ഛനെ നോക്കി.വിളമ്പി കൊടുത്തില്ലെങ്കിൽ എടുത്ത് കഴിക്കുക പോലും ചെയ്യാത്ത അച്ഛൻ തന്നെയാണോ ഇത്

ദേവൻ അപ്പോൾ ഓർത്തത്‌ ഭാര്യ ഗൗരിയെകുറിച്ചാണ്ഗൗ രിയും ഈ വീട്ടിൽ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും. ഒരിക്കൽ പോലും ഒന്നിനും താൻ അവളെ സഹായിച്ചിട്ടില്ല. ഞാൻ മാത്രമല്ല അമ്മയും അവളെ സഹായിച്ചിരുന്നില്ലല്ലോ. വീട്ടിൽ വരുന്ന മരുമകൾ വേണം എല്ലാം ചെയ്യാൻ എന്ന ചിന്താഗതിയായിരുന്നു അമ്മക്ക്. അവൾക്ക് ഒന്നിനും പരാതി ഇല്ലായിരുന്നു. അല്ലാ പരാതിപ്പെയിട്ടും കാര്യമില്ല എന്നറിഞ്ഞു മിണ്ടാതിരുന്നതാകും അവൾ.

**************

മാസങ്ങൾ അതിവേഗം കടന്നു പോയി ഇപ്പോൾ ദേവൻ സന്തോഷവാനാണ്.
കൊച്ചുമക്കളുടെ കുസൃതിയിൽ വീടുണരുന്നു.

മകനു സ്ഥലമാറ്റം കിട്ടിയിരിക്കുന്നു.അവനിപ്പോൾ എന്നും വീട്ടിൽനിന്നാണ് ജോലിക്ക് പോകുന്നത്.

അവനെ അടുത്ത് വിളിച്ച് തന്നെപ്പോലെ ഒരു പരാജയപ്പെട്ട ഒരു ഭർത്താവ് ആകരുത് നീയെന്നു പറഞ്ഞു. അവന്റെ അമ്മയുടെ കഷ്ടപ്പാടുകൾ കണ്ട് വളർന്നത് കൊണ്ടാകും അവന് പെട്ടന്ന് കാര്യങ്ങൾ മനസിലായി.

ഇപ്പോൾ അവർ ഒരുമിച്ചാണ് ജോലിക്ക് പോകുന്നത്. പങ്കാളികൾ സുഖങ്ങൾ മാത്രമല്ല ദുഃഖങ്ങളും പങ്ക് വയ്ക്കേണ്ടവർ ആണല്ലോ. ഇപ്പോൾ മരുമകളുടെ മുഖത്ത് സന്തോഷമുണ്ട്. അവളെ മനസിലാക്കാൻ പരിഗണിക്കാൻ അവളുടെ ഭർത്താവ് കൂടെയുണ്ട്.

അടുക്കളകാര്യങ്ങളിൽ മകൻ സഹായിക്കാൻ തുടങ്ങി.. പറ്റുന്നത് പോലെ ഒക്കെ സഹായിക്കാൻ താനും ശ്രെമിക്കാറുണ്ട്. ണ്ടാളും ജോലിക്ക് പോയിക്കഴിഞ്ഞാൽ, കുഞ്ഞുങ്ങളെ സ്കൂൾ ബസിൽ കയറ്റി വിട്ടിട്ട് അയാൾ പറമ്പിൽ അത്യാവശ്യം വേണ്ടുന്ന പച്ചക്കറികൾ ഒക്കെ നാട്ടുണ്ടാക്കി. ഉച്ചയുറക്കം കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം പുറത്തൊക്കെ പോയി. സ്വയം സന്തോഷിക്കാനും കുടുംബത്തിലുള്ളവരെ വേദനിപ്പിക്കാതിരിക്കാനും അയാൾക്കറിയാം. അത് അയാൾ തന്റെ മകനോടും പറഞ്ഞിട്ടുണ്ട്. അല്ലെങ്കിലും മനസ്ഥിതി മാറിയാൽ പരിസ്ഥിതി മാറുമെന്നാണല്ലോ അല്ലേ…

*****************

Leave a Reply

Your email address will not be published. Required fields are marked *